Categories: Articles

മാധ്യമങ്ങളും വിചാരണയും വിധിയും വിശ്വാസവും

മാധ്യമങ്ങളും വിചാരണയും വിധിയും വിശ്വാസവും

ബിജൂ മഠത്തിക്കുന്നേൽ, സി.എസ്.എസ്.ആർ.

“നീ രാജാവാണോ? പീലാത്തോസ് ക്രിസ്തുവിനോട് ചോദിച്ചു… യേശു പറഞ്ഞു. എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കിൽ ഞാൻ യഹൂദർക്ക് എൽപ്പിച്ചു കൊടുക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു.”
……………………………..

ക്രിസ്തുവിന് പന്ത്രണ്ട് ശിഷ്യൻമാരുണ്ടായിരുന്നു. അതിലൊരുവൻ അവിടുത്തെ ഒറ്റിക്കൊടുത്തു. ഒരാൾ മൂന്നുവട്ടം അവനെ തള്ളിപ്പറഞ്ഞു. മറ്റുള്ളവർ ഓടിയൊളിച്ചു. സ്നേഹത്തിന്റെ ചാരുത കൊണ്ടും അടയാളങ്ങൾ കൊണ്ടും അനേകായിരങ്ങളുടെ മുൻപിലൽഭുതമായി നിന്നവൻ അപമാനിതനും തിരസ്കൃതനുമായി ഒറ്റപ്പെട്ടു പോയതിന്റെ തുടർച്ചയായിരിരുന്നു കുരിശുമരണം. ഗരുവും ശിഷ്യരും ഒന്നുപോലെ അപമാനിക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്തതിന് സാക്ഷിയായി പൊതു ജനമുണ്ടായിരുന്നു. ജയ് വിളിക്കാനും കൂക്കുവിളിക്കാനും അവർ പേരില്ലാതെ നിന്നു… വെറുമൊരു ആൾക്കൂട്ടമായി. ഇത് ആൾക്കുട്ടത്തിന്റെ വിധിപ്രസ്താവനകളുടെ സമയമാണ്… ഫെയിസ് ബുക്കിൽ, യൂറ്റ്യൂബിൽ, ഓൺലൈൻ പത്രങ്ങളിൽ. ഫ്രാങ്കോ എന്ന മെത്രാനും ഇരയായി എന്നു പറയപ്പെടുന്ന കന്യാസ്ത്രീക്കും നീതി കീട്ടട്ടെ എന്ന പ്രാർത്ഥനയോടെ തന്നെ വ്യത്യസ്തമായ ഒരു ജീവിത ശൈലി തിരഞ്ഞെടുത്തതിന്റെ പേരിലും സഭാ നേതൃത്വത്തിന്റെ ഭാഗമായി നിൽക്കുന്നതിന്റെ പേരിലും ഒറ്റപ്പെടുത്തപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നവരോട് ചേർന്ന് അപമാനവും ദുഖവും നിറഞ്ഞ് ചിലതു പറയട്ടെ!

ഞാനും ഒരു പുരോഹിതനാണ്. സന്യസ്തനാണ്. വാക്കുകൾ കൊണ്ടും ചിന്തകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഒരു പാടുതവണ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തവൻ. പുരോഹിതനെന്നതിന്റെ പേരിലോ സന്യസ്തനെന്നതിന്റെ പേരിലോ ഒരു മേന്മയും അവകാശപ്പെടാനില്ലാത്തവൻ. പക്ഷേ, നിങ്ങൾ കല്ലെറിഞ്ഞാലും ക്രൂശിച്ചാലും അനുതാപത്തൊടെ തിരിച്ചുവന്നാൽ സ്വീകരിക്കുന്ന ക്രിസ്തുവിനെ ഇനിയും പിഞ്ചെല്ലാൻ ശ്രമിക്കണമെന്നു തന്നെയാണാഗ്രഹം. ജയിക്കണമെന്നോ തോൽക്കണമെന്നോ ഉള്ള ആഗ്രഹം കൊണ്ടല്ല, ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടും, അവന് എന്നോടുള്ള സ്നേഹം കൊണ്ടുമാണത്. അവന്റെ മുഖം വ്യക്തമായി ഞാനും ഞാനുൾപ്പെടുന്ന പുരോഹിത സമൂഹവും, സന്യസ്തരും കാണുന്നുണ്ട്. ചാനൽ ചർച്ചകളിൽ വ്യക്തമായ അജണ്ടയോടെ ക്രൈസ്തവനേതൃത്വത്തെ ആഞ്ഞടിക്കുന്ന അവതാരകരുടെ വാക് വൈഭവമോ, വിജ്ഞാനമോ ഞങ്ങളിലധികം പേർക്കുമില്ല. ഞങ്ങളുടെ മെത്രാൻമാരും സഭാപിതാക്കന്മാരും ശാസ്ത്രസാങ്കേതിവിദ്യയിൽ പ്രാവീണ്യം കുറഞ്ഞവരും ഈ കാലത്തിനനുയോജ്യമാം വിധം പ്രതികരിക്കാനറിയാത്തവരുമാണ്. കാലത്തിന്റെ ഗതിവിഗതികൾക്കിടയിൽ സഭാസംവിധാനങ്ങൾ മാറിമറിഞ്ഞ് ക്രിസ്തുവിന്റെ സ്നേഹത്തെ വേണ്ടവിധം പ്രകാശിപ്പിക്കാത്തവരായി കത്തോലിക്കാ ആശുപത്രികളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, അനാഥാലയങ്ങളും, ഇടവകകളും മാറിയിട്ടുണ്ട് എന്നതും ഞങ്ങൾ സമ്മതിക്കുന്നു. പക്ഷേ ഞങ്ങൾക്ക് നിങ്ങൾ കൊട്ടിഘോഷിക്കുന്ന അത്രയും തിന്മയുടെ മുഖമാണോ? സ്വാർത്ഥതയ്ക്കു വേണ്ടി മാത്രം ഈ ജീവിത രീതി തിരഞ്ഞെടുത്തവരാണോ? മനുഷ്യത്വസഹജമായ പരാജയങ്ങളുടെ മുകളിലുയർന്നു നിന്ന് നിങ്ങൾക്കുവേണ്ടി മേൽപ്പറഞ്ഞ ഇടങ്ങളിലെല്ലാം ജോലി ചെയ്യുന്നത് സമർപ്പണത്തിന്റെ പേരിലാണ്. സ്നേഹത്തിന്റെ പേരിലാണ്.

സന്യാസത്തിന്റെയും പൗരോഹിത്യത്തിന്റെയും സ്വകാര്യതകളിലേയ്ക്ക് കടന്നു വന്ന് മാധ്യമങ്ങൾ ഞങ്ങളെ വിവസ്ത്രാരാക്കിയപ്പോൾ അതിൽ ഗൂഢമായി ചിലർ സന്തോഷിക്കുന്നുമുണ്ട്. കണ്ടല്ലോ, ഞങ്ങൾക്കും ശരീരമുണ്ട്. വസ്ത്രങ്ങൾക്കടിയിൽ സ്ത്രീയും പുരുഷനുമുണ്ട്. ഭക്ഷണത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതുപോലെ ആസക്തിയുടെ മിടിപ്പുകളും ഈ ശരീരങ്ങളിലുണ്ട്. ക്ഷമിക്കണം, മരണം വരെ അത് ഞങ്ങളെ വിട്ടു പോയെന്നുവരില്ല. നിങ്ങൾ തിരഞ്ഞെടുത്ത ജീവിതം പോലെ ഇത് ഞങ്ങൾ തിരഞ്ഞെടുത്ത ജീവിതം തന്നെയാണ്. പക്ഷേ അടിസ്ഥാനപരമായി ഈ തിരഞ്ഞെടുപ്പ് ഞങ്ങൾക്കുവേണ്ടി മാത്രമല്ല എന്ന് നിങ്ങൾ മനസ്സിലാക്കാണമേ..

വീഴ്ചകൾ പറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പിന്നെന്തിനാണ് ഈ പണിക്കു പോയത് എന്നല്ലേ? ഒന്നാമത് ഇത് പണിയല്ലല്ലോ! മാനുഷികതയ്ക്കു മുകളിൽ ദൈവത്തെ തേടാനുള്ള സമർപ്പണമാണ്. അതാവട്ടെ നിരന്തരമായ പരിശ്രമവും. പറ്റില്ലെന്നു തോന്നിയാൽ പിന്നെ ഉപേക്ഷിക്കരുതോ? ഇത് വിജയിക്കുന്നവരുടെ മാത്രം ലോകമാണോ? അപ്പൻമാരും അമ്മമാരും അവരുടെ പരാജയങ്ങളിൽ വിവാഹജീവിതം ഉപേക്ഷിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു! പക്ഷേ, ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ. നിങ്ങൾ വിവാഹിതരോ, യുവാവോ, യുവതിയോ ഏതു ജീവിതാവസ്ഥയിലുള്ളവരോ ആയിക്കൊള്ളട്ടെ. വാക്കിലും ചിന്തയിലും പ്രവൃത്തിയിലും അനാസക്തിയോടെ നിങ്ങളെന്നും പെരുമാറിയിട്ടുണ്ടോ? ഇനി ഒരിക്കലും തെറ്റില്ലന്നു നിങ്ങൾക്കുറപ്പുണ്ടോ? മനുഷ്യനായി ജനിച്ചു പോയ ആർക്കും അതുണ്ടാവില്ല. തെറ്റുപറ്റാത്തവൻ ആദ്യത്തെ കല്ലെറിയട്ടെ എന്ന് പറഞ്ഞ് പാപിനിക്കുമുന്നിൽ കനിഞ്ഞിരിന്ന് നിലത്തെഴുതിയ ക്രിസ്തുവിന്റെ വിരലുകൾ നമുക്ക് മുന്നിലുണ്ട്.

ഇനി വേണ്ടതിത്രകൂടി മാത്രമേ ഉള്ളൂ. ആതുരാലയങ്ങളും, വിദ്യാലയങ്ങളും അനാഥാലയങ്ങളും അടയ്ക്കണം. ഇടവകകളിൽ കുർബാന നിർത്തണം. കുമ്പസാരങ്ങളും കൗൺസിലിംഗുകളും അവസാനിപ്പിക്കണം. ഇനി ഒരച്ചനം കന്യാസ്ത്രീയും അവിഹിത ബന്ധത്തിലേർപ്പെടരുത്. ഒരു മെത്രാനും സ്വന്തം കാറിൽ സഞ്ചരിക്കരുത്. പള്ളികളിൽ പരിവുകളോ, നേർച്ചകളോ അരുത്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളെല്ലാമവസാനിപ്പിച്ച് ഇനി ദൈവത്തോട് നേരിട്ട് ഇടപാടുകളാവാം.

കന്യാസ്തീകളോടും വൈദികരോടും പുച്ഛമുണ്ടാക്കാൻ ഞങ്ങളിൽ ചിലരുടെ വീഴ്ചകളാഘോഷിക്കുന്നതിലൂടെ ചാനലുകാർക്കും പത്രക്കാർക്കും കഴിഞ്ഞു. വൈദികർ സ്പർശിക്കരുതെന്നും കന്യാസ്ത്രീകളെ സൂക്ഷിക്കണമെന്നും മക്കളെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങണം, താമസിയാതെ. ഇത്തരം അച്ചന്മാരും കന്യാസ്ത്രീകളുമുള്ള സഭയായതു കൊണ്ട് ഇനി പള്ളികളിൽ പോകരുത്. മഠങ്ങൾ സന്ദർശിക്കരുത്. അപ്പന്മാർ മക്കളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാർത്തവായിച്ച് ഞടുങ്ങുന്ന പെൺകുട്ടികളേപ്പോലെ, അമ്മമാർ മക്കളെ അന്യവ്യക്തികൾക്ക് കാഴ്ചവച്ചുവെന്ന് ടിവിയിൽ കണ്ട് കരുതലുള്ളവരാകുന്ന മക്കളെപ്പോലെ, ജീവിതപങ്കാളികളുടെ അവിശ്വസ്തതയെക്കുറിച്ച് പത്രങ്ങളിൽ കണ്ട് സ്വന്തം ജീവിത പങ്കാളിയെ സംശയിക്കുന്ന മനുഷ്യരെപ്പോലെ നമുക്കു ചുറ്റിലുമുളള നന്മകളും വിശ്വസ്ത ബന്ധങ്ങളും നമുക്ക് ഭയം കൊണ്ട് തച്ചുടയ്ക്കാം. നമുക്കാരെയും വിശ്വസിക്കാതിരിക്കാം.

സാധാരണക്കാരുടെ അവസാനമാർഗമാണ് ദൈവാലയങ്ങൾ. എല്ലാ മാനുഷിക സംവിധാനങ്ങളും തകരുമ്പോൾ അവർ ആർത്തലച്ചെത്തുന്നത് അൾത്താരയിൽ ദൈവസാന്നിധ്യാടയാളങ്ങളിലാണ്. ബലഹീനരെങ്കിലും ദൈവത്തിനുവേണ്ടി മാറ്റി നിർത്തപ്പെട്ട പുരോഹിതരും സന്യസ്തരുമില്ലാതെ ദൈവാലയങ്ങൾ വെറും കെട്ടിടങ്ങൾ മാത്രമായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. ദൈവാലയങ്ങൾ തകരേണ്ടത് ചിലരുടെ ആവശ്യമാണ്. ദൈവാലയങ്ങളിലില്ലാതാകുന്നതിന്റെ തൊട്ടടുത്ത പടിയാണ് പുരോഹിതരും സന്യസ്തരും ഇല്ലാതാകുന്നത്. ഞങ്ങളിൽ ചിലരുടെ അധാർമികതയ്ക്ക് നീതിപീഠവും ദൈവവും ശിക്ഷവിധിക്കട്ടെ. പക്ഷേ എലിയെ പേടിച്ച് ഇല്ലം ചുടുമ്പോളറിയുക, നിങ്ങൾ തകർത്തെറിയാൻ ശ്രമിക്കുന്നത് ഭാവിതലമുറയുടെ വിശ്വാസത്തിന്റെ അടിവേരുകളാണ്. അതല്ലെന്നുറപ്പുണ്ടെങ്കിൽ വേട്ടയാടിക്കൊള്ളൂ. കാരണം ലോകത്തിന്റ നീറുന്ന പ്രശ്നം ലൈംഗികതയാണല്ലോ. ദാരിദ്ര്യവും സാമ്പത്തിക ചൂഷണവും അഴിമതിയും നമുക്ക് മറക്കാം. രാജ്യത്തിന്റെ ജിഡിപി വളർച്ചയിലഭിമാനിച്ച് കൂലിയെഴുത്ത് നടത്തുന്ന പത്രങ്ങൾ ദരിദ്രജനകോടികളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ വ്യാവസായിക കുത്തകളുടെ അടിമകളാണെന്നത് നമുക്ക് വിസ്മരിക്കാം. 450 ളം ജീവിതങ്ങൾ പൊലിഞ്ഞതും, 20000 കോടിയുടെ ക്ഷീണമേൽപ്പിച്ചതുമായ പ്രളയത്തിനിടയിൽ, മൂന്നു ദിവസങ്ങളുടെ രക്ഷാപ്രവർത്തിന്റെ നന്മയെ വാനോളമുയർത്തി മലയാളി എന്നഭിമാനിക്കാനുതകുന്ന നിന്ന ചില നിമിഷങ്ങൾ നമ്മുടെ മാധ്യമങ്ങൾ നമുക്ക് സമ്മാനിച്ചിരുന്നു. പക്ഷേ കൃത്യമായി തീരുമാനിച്ചുറപ്പിച്ച അജണ്ടയോടെ ബിഷപ്പ് ഫ്രാങ്കുയും ഇരയും കേരളത്തിന്റെ ജീവന്മരണ പ്രശ്നമായി അവതരിപ്പിക്കുന്നതിൽ, മലയാളിയുടെ ആക്രമണത്തിന്റെ ആസുരതയെ ചൂഷണം ചെയ്യുന്നതിൽ, നമ്മുടെ മാധ്യമങ്ങൾ വിജയിച്ചു. ശരാശരി കേരളീയരുടെ വൈകാരികതയെ വ്യഭിചരിച്ചു. മുല്ലപ്പെരിയാറോ, പ്രളയക്കെടുതിയിൽ ഇനിയും കരക്കണയാത്തവരോ, പെട്രോളിന്റെ വിലക്കയറ്റമോ, രാഷ്ട്രീയക്കാരുടെ സ്തീപീഢനമോ ഒന്നും ഫ്രാങ്കോവിഷയത്തോളം പ്രധാനപ്പെട്ടതല്ലല്ലോ. കേരളത്തിന്റെ പ്രശ്നം വൈദിക മേധാവിത്വവും കത്തോലിക്കാസഭയുമാണ്. അതെ അതാണ്, അതു തന്നെയാണ് പ്രശ്നം.

മെത്രാൻ-സന്യാസിനി വിഷയം ഒരാഴ്ചയ്ക്കുള്ളിൽ നിയമനടപടികൾക്കു വിധേയമാക്കാൻ കഴിയുമായിരുന്നിട്ടും, അത് മാധ്യമവിചാരണയിൽ നിലനിർത്തി ആഘോഷിച്ച തത്പരകക്ഷികൾ സാധാരണജനമനസ്സുകളിൽ വിതച്ച വിഷവിത്തുകൾ നിരവധിയാണ്. പുരോഹിതരും സന്യസ്തരും വഴിയിലിറങ്ങുമ്പോൾ അവരുടെ നീണ്ട വസ്ത്രങ്ങൾക്കടിയിൽ ആസക്തിയാൽ ജ്വലിക്കുന്ന ശരീരങ്ങൾ ഉണ്ട് എന്ന് ഓർമപ്പെടുത്തി “സമർപ്പിതജീവിതം” കപടമാണെന്ന് പൊതുജനത്തെക്കൊണ്ട് മനസ്സിൽ പറയിപ്പിക്കുക. സമർപ്പിതജീവിതത്തെക്കുറിച്ചുള്ള വിശ്വാസ്യത ഉടച്ചു കളയുക. ഒന്നു ശ്രമിച്ചാൽ വഴങ്ങുന്ന വിധത്തിൽ ലൈംഗികാഗ്രഹങ്ങൾ അടിച്ചമർത്തി യാന്ത്രികമായ ഒരു ജീവിതരീതിയിൽ പെട്ടു കിടക്കുന്നവരാണവരെന്നു വരുത്തിത്തീർക്കുക. പുരോഹിതരിലും സന്യസ്തരിലും ഒരു പിതാവിനെയോ, മാതാവിനെയോ, സഹോദരനെയോ, സഹോദരിയേയോ, മകനേയോ, മകളെയോ ഇനി ആരും കാണരുത്. അങ്ങനെ അവസാന ആണിയും അടിച്ച് ക്രിസ്തുസാക്ഷികളെന്നവകാശപ്പെടുന്നവരെ മനസ്സിൽ കുഴിച്ചു മൂടുക. ഇനി, ഇടവകകളിൽ, സ്കൂളുകളിൽ, പ്രാർത്ഥനാക്കൂട്ടായ്മകളിൽ അവരുടെ തല ഉയരാത്ത വിധത്തിൽ ഒരു ചിരി കൊണ്ടും, നോട്ടം കൊണ്ടും, ചിലപ്പോൾ ഒരു ചോദ്യം കൊണ്ടും നിങ്ങൾക്കവരെ മുറിപ്പെടുത്താനാകും. കാരണം ചിലർ തെറ്റു ചെയ്തല്ലോ. നിങ്ങളുടെ നീതിയിൽ നിങ്ങൾ ക്രുശിക്കുന്നത് ആരെയാണ്? അഭിമാനത്തിന്റെ വസ്ത്രങ്ങളഴിച്ച് വെച്ച് നടന്നു പോകുമ്പോഴും ഞങ്ങളുടെ നിസ്സഹായതയുടെ കുരിശിൽ ദൈവത്തിന്റെ നേരെ കണ്ണുകളുയർത്താൻ കഴിയണമേ എന്നു മാത്രം ഞങ്ങൾ പ്രാർഥിക്കുന്നു. നീതി നടപ്പാക്കുന്നുവെന്ന് വിചാരിക്കുന്ന ഈ മനുഷ്യർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ലെന്ന് പ്രാർഥിക്കാൻ ഞങ്ങൾക്ക് കഴിയണേ.. മാധ്യമശ്രദ്ധയുടെ മുപ്പത് വെള്ളിനാണയത്തിനു വേണ്ടി, ഫെയ്സ് ബുക്കിലെ ആയിരം ലൈക്കുകൾക്കു വേണ്ടി, സഭയെ ഒറ്റു കൊടുക്കുന്ന സകല മനുഷ്യരും അവർ ചെയ്യുന്നതെന്തെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ…

ക്രിസ്തുവിനെ പീഢാനുഭവത്തിലനുഗമിച്ച ചെറിയ സുഹൃദ് സംഘത്തെപ്പോലെ, ഇതിനെല്ലാമിടയിലും ചിലർ വിളിച്ച് ചോദിക്കുന്നുണ്ട്. അച്ചാ, സുഖമാണോ? അവർ മറ്റൊന്നും പറയാറില്ല. ചോദിക്കാറുമില്ല. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്നറിയാം. എങ്കിലും അവരുടെ ഹൃദയത്തിന്റെ വിങ്ങൽ ഞാനും എന്റെ ഹൃദയത്തിന്റെ വിങ്ങലുകൾ അവരും കാണുന്നുണ്ടെന്ന് എനിക്കറിയാം. അതിനിടയിലെവിടെയോ നിശ്ശബ്ദനായി ക്രിസ്തുവിനെ ഞങ്ങൾ തിരിച്ചറിയുന്നുണ്ട്.

vox_editor

Recent Posts

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

6 days ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

2 weeks ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

3 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

3 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

3 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

4 weeks ago