Categories: Articles

പ്രളയവും ഗാഡ്ഗിലും പിന്നെ സഭയും; ഒരു വിലയിരുത്തൽ

'എന്തിനും ഏതിനും ക്രിസ്ത്യാനികളെ പഴിചാരുക' ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല...

ഫാ.ജയിംസ് കൊക്കാവയലിൽ

റോമാനഗരം കത്തിയെരിഞ്ഞത് നീറോ ചക്രവർത്തിക്ക് വലിയ ക്ഷീണം ആയിപ്പോയി. അയാളുടെ ഭരണപരാജയമായി അതുവിലയിരുത്തപ്പെട്ടു. തന്റെ കഴിവുകേടുകൾ മറയ്ക്കാൻ അദ്ദേഹം ഒരു കാരണം കണ്ടെത്തി. പുതിയ ദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികൾ പെരുകുന്നത് മൂലം റോമൻ ദേവന്മാർ കോപിച്ചതാണ് തീപിടുത്തത്തിന് കാരണം. പിന്നീടങ്ങോട്ട് വർണ്ണനാതീതമായ പീഡന പരമ്പരകളാണ് അരങ്ങേറിയത്. സഭാചരിത്രത്തിലും പൊതു ചരിത്രത്തിലും അതിന്റെ ഭീകരാവസ്ഥ ആർക്കും വായിക്കാൻ സാധിക്കും.

‘എന്തിനും ഏതിനും ക്രിസ്ത്യാനികളെ പഴിചാരുക’ ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. സഭയുടെ ആരംഭം മുതൽ കാണപ്പെടുന്ന പ്രതിഭാസമാണ്. കേരളത്തിൽ കഠിനമായ മഴപെയ്ത് വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായപ്പോഴും ഇവിടെ പലർക്കും പ്രതിസ്ഥാനത്ത് സഭയാണ്. ഗാഡ്ഗിൽ റിപ്പോർട്ടും ഉയർത്തിപ്പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ്. ‘ഇത് നടപ്പാക്കിയിരുന്നെങ്കിൽ പ്രളയം ഉണ്ടാകുമായിരുന്നില്ല. നടപ്പാക്കാൻ സാധിക്കാതെ പോയത് സഭയുടെ പ്രതിഷേധം നിമിത്തം ആണത്രേ’. അങ്ങനെയാണെങ്കിൽ ബീഹാറിലും ആസാമിലും മഹാരാഷ്ട്രയിലും ഒക്കെ പ്രളയം ഉണ്ടായതിനു കാരണം സഭയാണോ? എത്ര വിദേശരാജ്യങ്ങളിൽ പ്രളയം ഉണ്ടാവുന്നു. ആഗോളതാപനം ആണ് ഈ പ്രളയത്തിന്റെ യഥാർത്ഥ കാരണം. ചൂടുകൂടുമ്പോൾ കടലിൽ നിന്ന് കൂടുതൽ നീരാവി ഉയരുന്നു അങ്ങനെ കൂടുതൽ മേഘങ്ങൾ ഉണ്ടാവുകയും കൂടുതൽ മഴ ഉണ്ടാവുകയും ചെയ്യുന്നു. അതിന് വൻകിട ഫാക്ടറികൾ നടത്തുന്നവർ മുതൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വരെ എല്ലാവരും കാരണക്കാരാണ്. പെട്രോളിയം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ ഇന്ന് ലോകത്തിന് മുൻപോട്ടു പോകുവാൻ സാധിക്കുകയില്ല. ഇവയ്ക്ക് പകരമായി സോളാർ തുടങ്ങിയ സംവിധാനങ്ങൾ കണ്ടെത്തിയെങ്കിലും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. ആ അർത്ഥത്തിൽ നോക്കിയാൽ ഇവ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും അതിൽ കുറ്റക്കാരാണ്. നഗരവാസികൾ ആണ് ഗ്രാമീണരെക്കാൾ അതിന്റെ ഉത്തരവാദികൾ. ഈ സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് ഒരു സമൂഹത്തെ മുഴുവൻ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢശ്രമങ്ങൾ ആണ് തൽപരകക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെ സഭ ശക്തമായി എതിർക്കുന്നു. തുടർന്നും എതിർക്കുക തന്നെ ചെയ്യും. കാരണം അത് കർഷക വിരുദ്ധവും വികസന വിരുദ്ധവുമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ ഇന്ന് കൃഷി സാധ്യമാകുന്നത് എങ്ങനെ? രാസവളങ്ങൾക്കും കീടനാശിനികൾക്കും പകരമായി എന്തു സംവിധാനമാണ് ഗാഡ്ഗിലിന് നിർദേശിക്കാൻ ഉള്ളത്. ഓർഗാനിക് കൃഷികൾ വളരെ ചെലവേറിയതും അപ്രായോഗികവും ആണ്. കൃഷി പൊതുവേ നഷ്ടത്തിലായിരുന്ന ഈ കാലഘട്ടത്തിൽ വളരെ കൂടിയ വിലയ്ക്കു വാങ്ങുന്ന ഓർഗാനിക് വളങ്ങളും കീടനാശിനികളും കൊണ്ട് നാടൻ വിത്തിനങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ശുഷ്കമായ വിളകൾ കൊണ്ട് എന്ത് നേട്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഇതുകൂടാതെ 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ തന്നാണ്ട് വിളകൾ പാടില്ല, പുതുതായി പട്ടയം നൽകരുത്, തടയണകൾ പൊളിച്ചു കളയണം, അഞ്ചു പശുക്കളിൽ കൂടുതൽ വളർത്താൻ പാടില്ല, റോഡ് , റെയിൽ, വൈദ്യുതി, പെട്രോൾ പമ്പ് തുടങ്ങിയവ പുതിയതായി ഉണ്ടാവാൻ പാടില്ല, രാത്രി ഗതാഗതം നിരോധിക്കണം, തുടങ്ങിയ വ്യവസ്ഥകൾ ആർക്കാണ് അംഗീകരിക്കാൻ സാധിക്കുന്നത്. നിലവിൽ തന്നെ റവന്യൂ വകുപ്പിന്റെയും വനംവകുപ്പിന്റെയും ഇടയിൽ കിടന്ന് പശ്ചിമഘട്ടമേഖലയിലെ ആളുകൾ ശ്വാസം മുട്ടുകയാണ്. അപ്പോഴാണ് കൂനിന്മേൽ കുരു എന്ന പോലെ WGRA (western Ghats Regulatory Authority) എന്നൊരു മൂന്നാമതൊരു സംവിധാനം കൂടി ഏർപ്പെടുത്താൻ പോകുന്നത്. ഇതുകൊണ്ടൊക്കെ പ്രയോജനം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മാത്രമാണ്. ഇത് ഈ മേഖലയിൽ താമസിക്കുന്ന 10 ലക്ഷത്തിലധികം ആളുകളുടെ ജീവിത പ്രശ്നമാണ്. വീടും ചുറ്റുപാടുകളും പിന്നെ ആകെപ്പാടെ അറിയാവുന്ന കൃഷി എന്ന തൊഴിലും ഉപേക്ഷിച്ച് അവർ എവിടെ പോകും. സർക്കാർ തന്നെ പ്രോത്സാഹിപ്പിച്ചതിനാൽ സർക്കാരിനെ വിശ്വസിച്ചാണ് ഈ കുടിയേറ്റങ്ങൾ എല്ലാം നടന്നിട്ടുള്ളത.് ഇന്ന് ഇതേ സർക്കാർ സംവിധാനങ്ങൾ തന്നെ യാതൊരു പകരം ക്രമീകരണങ്ങളും ഏർപ്പെടുത്താതെ വിശ്വാസവഞ്ചന കാണിക്കുവാൻ ഒരുങ്ങുമ്പോൾ ജീവിതം വഴിമുട്ടുന്ന ജനലക്ഷങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിച്ചിരിക്കുന്നു. അതിനെ ആരും വിമർശിച്ചിട്ടു യാതൊരു കാര്യവുമില്ല. എന്നു കരുതി ക്വാറികൾ നടത്തുന്നതിനെയൊ വൻകിട കെട്ടിടങ്ങളും റിസോർട്ടുകളും പണിയുന്നതിനെയൊ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കയ്യേറ്റങ്ങൾ നടത്തുന്നതിനെയൊ ഒന്നും സഭ അനുകൂലിക്കുന്നില്ല. മാത്രമല്ല അവയെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ജനലക്ഷങ്ങളുടെ അതിജീവനം മാത്രമാണ് സഭയുടെ പ്രശ്നം. എന്നാൽ ഇവയുടെ പേരിൽ തൽപരകക്ഷികൾ സഭയുടെ മേൽ കുറ്റം ആരോപിക്കുകയും പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്യുന്നു. സത്യത്തിന് നേരെ കണ്ണടച്ചു പിടിച്ചു കൊണ്ടുള്ള ആക്രമണം ആണ് ഇത്.

അതേസമയം ചില ഭരണപക്ഷ എംഎൽഎമാരുടെ അനധികൃത തടയണകൾ പൊളിക്കാനും കായൽ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കോടതിയും കളക്ടറും പരിശ്രമിച്ച് പരിക്ഷീണിതരാകുന്നു. അനേകം പാറമടകളുടെ ഉടമസ്ഥനായ ഒരു എംഎൽഎ ഇപ്പോൾ ഉരുൾ പൊട്ടും എന്ന് പറഞ്ഞ നിലവിളിക്കുന്നു. ഒരു സ്വയംപ്രഖ്യാപിത നന്മമരം ആയ ലോകപ്രസിദ്ധ മുതലാളിയുടെ തോട് കയ്യേറ്റം ജനങ്ങൾ നേരിട്ടെത്തി പൊളിച്ചു നീക്കിയത് ഈ പ്രളയ ദിനങ്ങളിലാണ്. വലിയ കുന്നുകൾ ഇടിച്ചുനിരത്തി മന്ത്രി പുത്രന്മാരുടെ റിസോർട്ടുകളും ടൂറിസവും വന്നുകൊണ്ടിരിക്കുന്നു. കരിമണൽഖനനം പോലെയുള്ള വൻകിട പരിസ്ഥിതി ആഘാത പ്രവർത്തനങ്ങൾ സർക്കാർ ആഭിമുഖ്യത്തിൽ തന്നെ നടക്കുന്നു ആലപ്പാട് ഭൂസമരം പോലെയുള്ള പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങൾ ദയനീയമായി പരാജയപ്പെടുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ മുതലാളിത്വ സ്ഥലങ്ങളിലെ അഴിമതിക്കെതിരെ പ്രതികരിക്കാതെ വൻകിട മാഫിയകൾക്കെതിരെ ശബ്ദം ഉയർത്താതെ സഭയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കപട പരിസ്ഥിതി വാദികളും മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളും ഒരുകാര്യം ഓർത്തിരിക്കുന്നത് നല്ലതാണ് പ്രളയവും പ്രകൃതിദുരന്തങ്ങളും ഒക്കെ വർഗീയവിഷം ചീറ്റാനുള്ള അവസരങ്ങൾ അല്ല. ഒരുമയോടെ കൈകോർക്കേണ്ടതും പരസ്പരം കൈത്താങ്ങാകേണ്ടതുമായ സമയങ്ങളാണ്.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

2 days ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

2 days ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

6 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago