Categories: Articles

പറക്കാനുള്ള സ്വാതന്ത്ര്യം

മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും കൂടിയാണ്...

ഫാ.ജോഷി മയ്യാറ്റിൽ

പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിന് നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു.

‘പറക്കൽ’ എന്നും മനുഷ്യന് കൗതുകമേകിയിട്ടുണ്ട്. പക്ഷേ, അത് ഉത്തരവാദിത്വമേറിയതാണ്. വെറുതെ പറക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. മുന്നൊരുക്കങ്ങള്‍ ആവശ്യമാണതിന്:
(1) ഭാരമുള്ള ഒന്നും മുകളിലേക്ക് പോകുന്നില്ല. ഭാരക്കുറവുണ്ടെങ്കില്‍ പറക്കാന്‍ എളുപ്പമായി.
(2) ചരടുകള്‍ പറക്കലിന് തടസ്സമാകുന്നു. എത്ര വേഗതയുള്ള പക്ഷിയാണെങ്കിലും ഭൂമിയോട് ബന്ധിക്കപ്പെട്ടിരിക്കുകയാണെങ്കില്‍ അതിന് ഉയരങ്ങളിലേക്കു പറക്കാനാവില്ല.
(3) മഴയും മഞ്ഞും മര്‍ദ്ദവ്യത്യാസങ്ങളുമെല്ലാം പറക്കലിനെ സാരമായി ബാധിക്കുന്നവയാണ്. ഉയര്‍ന്നു പോകുന്തോറും ഈ വ്യത്യാസങ്ങളോട് സമരസപ്പെട്ടുപോകാനുള്ള കഴിവും വര്‍ദ്ധിക്കേണ്ടതുണ്ട്.
(4) പറക്കലിന് അത്യന്താപേക്ഷിതമാണ് ഊര്‍ജ്ജം. അതു മതിയാവോളം കരുതുന്നവനാണ് വിവേകി.

സ്വര്‍ഗത്തിലേക്ക് പിടിച്ചുകയറ്റപ്പെട്ടവളാണ് മറിയം. എങ്കിലും പറക്കാനാവശ്യമായ സകല സന്നാഹങ്ങളും ഈ ഭൂമിയില്‍ മറിയം നടത്തിയിരുന്നു. സ്വര്‍ഗാരോപണത്തിനുള്ള മുന്നൊരുക്കങ്ങളുടെ കാലമായിരുന്നു മറിയത്തിന്റെ ഈലോക ജീവിതം:
(1) ഭാരക്കുറവുണ്ടായിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. ‘അഹം ഭാര’വും അതിന്റെ ഉപോത്പന്നങ്ങളും അവളില്‍ തീരെ കാണാനില്ലായിരുന്നു. സ്വയം വിശേഷിപ്പിക്കാന്‍ മറിയം ഉപയോഗിച്ച ഇഷ്ടപദം ‘ദാസി’ എന്നതായിരുന്നല്ലോ (ലൂക്കാ1:38, 48).
(2) ആശാപാശബന്ധനങ്ങളില്ലാതിരുന്നതിനാല്‍ മറിയത്തിന് പറക്കാനായി. നിര്‍മമത്വത്തിന്റെ അനന്തവിഹായിസ്സുകള്‍ സ്വന്തമാക്കാത്തവന് ആകാശം എന്നും അന്യമാണ്. ‘ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ല’ എന്ന ക്രിസ്തുവചസ്സ് (യോഹ 17,14) പറക്കല്‍പരിശീലനത്തിന്റെ ആദ്യപാഠങ്ങളിലൊന്നാണ്.
(3) മറിയത്തിന്റെ ആത്മീയോത്കര്‍ഷത്തിന്റെ പറക്കല്‍അനുഭവങ്ങളില്‍പോലും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായി. പന്ത്രണ്ടുകാരന്റെ വാക്കുകള്‍ മനസ്സിലാകാത്ത അമ്മ മുനിയാകാനാണല്ലോ തീരുമാനിച്ചത്. പുത്രന്റെ സഹനവും മരണവും കര്‍ത്തൃദാസിയെ തളര്‍ത്തിയിരിക്കില്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? പക്ഷേ, ഈ മര്‍ദ്ദവ്യതിയാനങ്ങളിലും മഞ്ഞിലും മഴയിലും ചാരമേഘത്തിലും അവളുടെ പറക്കല്‍ നിന്നുപോയില്ല. സര്‍വസംഗപരിത്യാഗിയായ ഒരു മുനിയെ തടയാന്‍ ഒന്നിനുമാവില്ലല്ലോ.
(4) ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും അക്ഷയനിധിയായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍ അവളുടെ പറക്കല്‍ ആയാസരഹിതവും അവിസ്മരണീയവുമായി. പ്രാരംഭ ശൂരത്വത്തിന്റെ ഇന്ധനക്കമ്മിയില്‍ ആരംഭിക്കുന്ന സംരംഭങ്ങളൊന്നും ശാശ്വതമല്ല.

മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും കൂടിയാണ്. ആകസ്മികമല്ല ഈ ഏകത. ഭാരതം പറക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ടെന്നു ഞാന്‍ കരുതുന്നു. ഗാന്ധിജിയുടെ സ്വപ്നം ഭാരരഹിതവും, ബന്ധനവിമുക്തവും, സമത്വസുന്ദരവും, ആത്മീയോര്‍ജ്ജ പ്രദീപ്തവുമായ ഒരു ഭാരതമായിരുന്നു. സ്വാതന്ത്ര്യച്ചിറകിലേറിയുള്ള ഭാരതത്തിന്റെ പറക്കലിന് പ്രായം 72. നമ്മുടെ മംഗള്‍യാന്‍ ഇപ്പോഴും അന്വേഷണപാതയിലാണ്. “…സ്വാതന്ത്ര്യ സ്വര്‍ഗത്തിലേക്ക്, അല്ലയോ പിതാവേ, ഭാരതീയരെ സ്വന്തം കൈകൊണ്ടു നിര്‍ദ്ദയം കരുപ്പിടിപ്പിച്ച് ഉന്മുഖരാക്കിത്തീര്‍ക്കണമേ” എന്നു ടാഗോറിനൊപ്പം നമുക്കും പാടിയേ തീരൂ.

ഏവര്‍ക്കും നല്ല പറക്കല്‍ നേരുന്നു!

vox_editor

Recent Posts

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

4 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

7 days ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago

സാമ്പത്തിക തിരിമറി നടത്തിയ വൈദികനെ വത്തിക്കാന്‍ ജയിലിലടച്ചു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…

1 week ago

ഇത് കത്തോലിക്കാസഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…

1 week ago