Categories: Articles

പരിശുദ്ധ മറിയവും സഭയും

മറിയം അമ്മ മാത്രമാണ്. തന്റെ ആത്മാവും ശരീരവും പുത്രനു പൂർണമായും നൽകിയവളാണവൾ...

മാർട്ടിൻ N ആന്റണി

സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന ആനന്ദമാണ് ലാവണ്യം. അതുകൊണ്ടാണ് സൗന്ദര്യത്തിന്റെ സ്ഥാനം അത്ഭുതങ്ങളുടെ ഗണത്തിലാണെന്ന് പറയുന്നത്. അങ്ങനെയാകുമ്പോൾ അത്ഭുതമാണ് മറിയം: അത്ഭുതം എന്ന പദത്തിന്റെ തനി അർത്ഥം പകരുന്ന യാഥാർത്ഥ്യം. എന്താണ് അത്ഭുതം? സംസ്കൃതത്തിൽ “സ്മയം” ആണത്. സ്മയത്തിന് പുഞ്ചിരി എന്നും അർത്ഥമുണ്ട്. പുഞ്ചിരി പടർത്തുന്ന കാഴ്ചയാണ് അത്ഭുതം. കണ്ണാടിയിലെ നമ്മുടെ പ്രതിബിംബം നമുക്കു പകർന്നു നൽകുന്ന പുഞ്ചിരിയും ഇതേ അനുഭവം തന്നെയാണ്. എല്ലാ അത്ഭുതങ്ങളുടെയുള്ളിലും ആനന്ദത്തിന്റെ ആൽക്കെമിയുണ്ട്. മറിയം എന്ന സ്ത്രൈണ ലാവണ്യത്തിലും ആ ആനന്ദമുണ്ട്. അതുകൊണ്ട് സഭയിൽ അവൾ പുഞ്ചിരി പടർത്തുന്ന ഒരു കാഴ്ചയാണ്. ആനന്ദദർപ്പണമാണവൾ, ഒപ്പം ഒരു സമസ്യ കൂടിയാണ്.

യഹൂദരുടെ അദൃശ്യമായ സത്യ ദൈവത്തിനും യവനരുടെ വേഷപ്പകർച്ചകളെ ആരാധിക്കുന്ന ചിന്തകൾക്കുമിടയിലെ വിലപേശലിൽ, ക്രൈസ്തവികതയിലെ അത്ഭുതം എന്ന സങ്കല്പത്തിന് അനന്തതയുടെ സാക്ഷാൽക്കാരം എന്നല്ലാതെ മറ്റൊരു മാനവും നൽകാൻ സാധിക്കുകയില്ല. അപരനു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്ന ഒരു ശരീരത്തിനുള്ളിലെ പ്രണയാതുരമായ ആത്മാവിന്റെ നിത്യത പോലെയാണ് ഈ അനന്തത. അപരൻ പുരുഷനാണ്, ശരീരമോ സ്ത്രീയും. സ്ത്രീ ഒരു ശരീരം ആകുമ്പോൾ കാഴ്ചയുടെ ആനന്ദം അനുഭവിക്കുന്നത് പുരുഷൻ മാത്രമാണ്. പലപ്രാവശ്യവും അവന്റെ നോട്ടം തുളയ്ക്കുന്ന നോട്ടമാണ്. എങ്കിലും അവൾ കാണപ്പെടാൻ ആഗ്രഹിക്കുന്നു. കാണുക/കാണപ്പെടുക എന്ന സംവേദനത്തിൽ കാണപ്പെടലിലാണ് സ്ത്രീയുടെ സ്ഥാനം. അവളെ കാണുന്നവനാണ് പുരുഷൻ. ക്രൈസ്തവയുക്തിയിൽ ഈ കാഴ്ച്ച നൽകുന്ന ആനന്ദം വിശ്വാസത്തിന്റെ രണ്ടു തത്വങ്ങളുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്: മനുഷ്യാവതാരവും സ്നേഹവും.
ദൈവത്താൽ കാണപ്പെട്ടവളാണ് മറിയം. അവളിലൂടെയാണ് മനുഷ്യാവതാരം സംഭവ്യമാകുന്നത്. അദൃശ്യനായ ദൈവം ദൃശ്യമായത് അവളുടെ ശരീരത്തിലൂടെയാണ്. ആ ശരീരത്തിലൂടെ സാക്ഷാത്കാരമായത് സ്നേഹാർദ്രമായ മറ്റൊരു ശരീരമാണ്, യേശു. മറിയത്തിന്റേത് ദൈവത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ഒരു ശരീരമായിരുന്നു; ദൈവം ആഗ്രഹിച്ച ശരീരം. അതുകൊണ്ടാണ് മനുഷ്യാവതാരത്തിൽ ആത്മീയവൽക്കരിച്ച ഒരു ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ട് എന്നു പറയുന്നത്. അത് സകലതിനെയും സ്നേഹത്തിന്റെ ഭ്രമണപദത്തിലേക്ക് കൂട്ടിച്ചേർക്കുന്നു. സ്നേഹം മറിയത്തിന്റെ നിയതിയെ നിശ്ചയിക്കുന്നു. എല്ലാ ലാവണ്യത്തോടുകൂടി അവളുടെ വ്യക്തി വൈശിഷ്ട്യത്തിൽ അത് തെളിഞ്ഞുനിൽക്കുന്നു.

സ്ത്രൈണലൈംഗികത അന്തർമുഖവും അദൃശ്യവുമാണ് എന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് ദൈവം അതിനെ സ്നേഹത്തിന്റെ യുക്തിയിലൂടെ കണ്ടെത്തുകയും മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ഈ സ്വർഗ്ഗീയ തനിമയാണ് മനുഷ്യാവതാരം. സ്ത്രൈണലൈംഗികതയുടെ കൂടി ഉയിർത്തെഴുന്നേൽപ്പാണ് അത്. പൗരുഷത്തിന്റെ ആത്മരതിയിലൂടെയല്ല ദൈവം മറിയത്തെ കാണുന്നത്, പരിഗണനയുടെ കാഴ്ചയിൽ നിന്നാണ്. പരിഗണനയാണ് സ്നേഹം. അതിലൂടെയാണ് അവൾ മാതൃത്വത്തിലേക്ക് നടന്നടുക്കുന്നത്. ദൈവത്താൽ പരിഗണിക്കപ്പെട്ടവൾക്ക് നിസ്സംഗയായി ഇരിക്കാൻ സാധിക്കില്ല. ആത്മരതിയുമായി അനുരൂപപ്പെടുകയുമില്ല. അതുകൊണ്ടാണ് അവളെ സുവിശേഷങ്ങൾ കാര്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന ഒരു സ്ത്രീയായി ചിത്രീകരിക്കുന്നത് (ലൂക്കാ 2:39-56, യോഹ 2:1-11).

സഭയിൽ സ്ത്രൈണതയെ സൗന്ദര്യാനുഭൂതിയായി ദർശിക്കാത്ത കാലത്തോളം മറിയത്തിന്റെ മാതൃത്വം ഒരു വിഗ്രഹതുല്യം മാത്രമായിരിക്കും. സ്വർഗ്ഗപിതാവിന്റെ സ്നേഹത്തിനു പാത്രമാവുകയും യേശുവിന്റെ ആദ്യ സക്രാരിയാകുകയും ചെയ്ത സ്ത്രൈണ മൂർത്തിയായാണ് സഭ ഇക്കാലയളവോളം മറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണത്തിൽ വർണ്ണനകളുടെ അതിപ്രസരണമുണ്ട്. ഒപ്പം അവളുടെ ശില്പചാരുതയിൽ കെനോസീസിന് എന്നും പ്രാധാന്യം നൽകിയിട്ടുമുണ്ട്. ശൂന്യവൽക്കരണത്തിന്റെ ഒരു ദൈവശാസ്ത്രം മറിയത്തിനോടു കൂടെയുണ്ട് എന്നത് സത്യമാണ്. പക്ഷേ, ആ സഹനം പുരുഷ കാഴ്ചപ്പാടിലാണ് വർണിച്ചിരിക്കുന്നത്. സ്ത്രീസഹജമായ നൊമ്പരങ്ങൾ വരികൾക്കിടയിൽ മാഞ്ഞുപോയി. അതുകൊണ്ടാണ് പുരുഷഭാവങ്ങൾ ക്രൈസ്തവ പ്രതീകങ്ങളായി മാറിയത്. കുരിശുമരണത്തോളമുള്ള ഈശോയുടെ സ്നേഹം മരണത്തിനോടുള്ള സ്നേഹമല്ല, ജീവനോടുള്ള സ്നേഹമാണ്. അതേ സ്നേഹം തന്നെയാണ് മറിയത്തിന്റെ മാതൃത്വവും പങ്കുവയ്ക്കുന്നത്. കുരിശ് എന്ന പുരുഷസഹനവും മാതൃത്വം എന്ന സ്ത്രൈണാനന്ദവും തമ്മിൽ ഒരു ധാരണയിൽ എത്തിയാൽ മാത്രമേ സ്നേഹം ലാവണ്യമായി സഭയെ സ്പർശിക്കൂ.

പുരുഷലൈംഗികതയുടെ കാഴ്ചപ്പാടിൽ ലാവണ്യമെന്നത് ദൗർബല്യത്തിന്റെ ആവിഷ്കരണമാണ്. അത് സൗന്ദര്യാനുഭൂതിയിൽ മൃദുലത എന്ന സങ്കല്പത്തിന്റെ കൂട്ടിക്കലർത്തലാണ്. അതുകൊണ്ടാണ് സ്നേഹത്തിന്റെ സൂക്ഷ്മഭേദത്തിൽ അധികാരത്തിന്റെ പാതകങ്ങൾ സഹിക്കുകയും ആത്മസംയമനം പാലിക്കുകയും ചെയ്യേണ്ടത് സ്ത്രീയുടെ മാത്രം കടമയാണെന്ന് അവർ പറഞ്ഞുവച്ചത്. അങ്ങനെ സ്ത്രീയ്ക്ക് സഹനവും ആത്മസംയമനവും അഴകായി മാറി. ആ അഴക് പിന്നീട് അനുപമമായി. സഹനം മാതൃത്വത്തെ നിർവചിച്ചു, ആത്മസംയമനം കന്യകാത്വത്തേയും. അങ്ങനെ മറിയം വ്യാകുലയായ ദൈവമാതാവും നിത്യകന്യകയുമായി. അമ്മകന്യ എന്ന വിരോധാഭാസം അവളിൽ സമഞ്ജസമായി സമ്മേളിച്ചു. അഴക് അവളിൽ അഗാപ്പേയായി.

സ്ത്രീശരീരത്തിൽമേലുള്ള പുരുഷന്റെ ഭ്രമകല്പനകളുടെ ഉച്ചസ്ഥായിയാണ് അമ്മകന്യ എന്ന ദൈവീകവിരോധാഭാസം എന്നു പറയാൻ എളുപ്പമാണ്. മറിയത്തിന്റെ കന്യകാത്വമാണ് ഇവിടെ വിഷയം. വിശുദ്ധിയിലേക്കുള്ള പ്രവേശനത്തിന് ലൈംഗികത ഒരു തടസ്സമാണ് എന്ന ചിന്ത ഇവിടെയുണ്ട് എന്നത് ശരിയാണ്. അപ്പോഴും ഓർക്കുക, കന്യക എന്നത് ഒരു വിശേഷണമാണ്. അതിനു ശാരീരികവും മാനസികവും സാമൂഹികവുമായ അർഥതലങ്ങളുണ്ട്. പക്ഷേ മറിയത്തിന് ഈ വിശേഷണം സ്ത്രൈണതയുടെ പൂർണ്ണതയാണ്. ഒപ്പം ഇതൊരു കെണി കൂടിയാണ്. കാതും കണ്ണീരുമായി ചുരുങ്ങിപ്പോകുന്ന ഒരു സ്ത്രീചിത്രമായി സ്ത്രൈണത മാറുന്നു. മറിയം അനുസരണയുടെയും സഹനത്തിന്റെയും മാതൃകയാകുന്നു.

അനുസരണയും സഹനവുമാണ് മറിയത്തെ ക്രൈസ്തവ സ്ത്രൈണതയുടെ പ്രതിനിധിയാക്കുന്നത്. എന്നിട്ടും എന്തേ മറിയം ഒരു വിചിന്തന വിഷയമാകുമ്പോൾ ഭാര്യ എന്ന സങ്കല്പം കടന്നുവരുന്നില്ല? കാരണം, സഭയിൽ മറിയം ഒരു സമർത്ഥമായ പാത്രനിർമ്മിതിയാണ്. അവിടെ പുരുഷനെ അസ്വസ്ഥമാക്കുന്ന സ്ത്രൈണതയുടെ പൂർണ്ണതയല്ല അവൾ, മറിച്ച് പുത്രനെ കുറിച്ചു മാത്രം ചിന്തിക്കുന്ന ഉത്തമ അമ്മയാണ്. അവളുടെ നോട്ടം പുത്രനിൽ മാത്രമാണ്, മറ്റു പുരുഷന്മാരിൽ പതിയുന്നില്ല, ജോസഫിൽ പോലും. അതുകൊണ്ടുതന്നെയാണ് ജോസഫുമായി ബന്ധപ്പെടുത്തിയുള്ള ദമ്പതി എന്ന സങ്കല്പം വരികളിൽ നിന്നും മാഞ്ഞുപോയത്. പുരുഷകേന്ദ്രീകൃത സഭയിൽ ഈ സ്ത്രൈണത വിശുദ്ധമാണ്. കാരണം, മറിയം പലയിടങ്ങളിൽ സഭയുടെ പര്യായമായി മാറുന്നുണ്ട്. ഉദാഹരണത്തിന് യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ അമ്മയെ മറിയം എന്ന് അഭിസംബോധന ചെയ്യുന്നില്ല. അവൾ അവിടെ പേരില്ലാത്ത അമ്മയാണ്. പേരില്ലാത്തതുകൊണ്ട് ഒരു പ്രതിനിധി കഥാപാത്രമാണ്. ആരുടെ പ്രതിനിധി? സഭയുടെ പ്രതിനിധി. അങ്ങനെ ചിന്തിക്കുമ്പോൾ യേശുവിന്റെ അമ്മ സമം സഭ എന്ന അർത്ഥം അവിടെ കടന്നുവരുന്നുണ്ട്.

ഒരു പുരുഷനെയും നോക്കാതെ പുത്രനെ മാത്രം നോക്കുന്ന സ്ത്രൈണ രൂപമാണ് മറിയം എന്ന ചിത്രീകരണം സഭയുടെ തന്നെ സ്ത്രൈണതയും മാതൃത്വവുമാണ് വെളിപ്പെടുത്തുന്നത്. കാരണം, മറിയത്തെയും സഭയേയും യേശുവിന്റെ അമ്മയായിട്ടു മാത്രം കാണാനാണ് സഭ ആഗ്രഹിക്കുന്നത്. മറിയം അമ്മ മാത്രമാണ്. തന്റെ ആത്മാവും ശരീരവും പുത്രനു പൂർണമായും നൽകിയവളാണവൾ. അവളുടെ മാതൃശരീരം ഇല്ലായിരുന്നെങ്കിൽ പുത്രന് ശരീരം ഉണ്ടാകുമായിരുന്നില്ല എന്നതാണ് ഇവിടുത്തെ യുക്തി. ദൈവകൃപയാൽ നിറഞ്ഞ ആത്മാവും ശരീരവുമാണ് അവൾക്കുള്ളത്. അത് ദൈവദൂതൻ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ ദൈവകൃപയാണ് സകല സ്ത്രീകളുടെയും മാതൃത്വത്തിന്റെ അടിസ്ഥാനവും ന്യായീകരണവുമെന്നും വാദിക്കാവുന്നതുമാണ്. അങ്ങനെയാണെങ്കിൽ, സഭാത്മകമായി ചിന്തിക്കുമ്പോൾ ഇവിടെ ഒരു പ്രശ്നം കടന്നുവരുന്നുണ്ട്. സഭ പുരുഷകേന്ദ്രീകൃതമാണെങ്കിലും അതിനുള്ള വിശേഷണം സ്ത്രീലിംഗമാണ്. സഭ സ്വയം വിശേഷിപ്പിക്കുന്നത് മാതാവ് എന്നാണ്. സഭ അമ്മയാണെങ്കിൽ, അവളുടെ മാതൃത്വത്തിന്റെയും സ്ത്രൈണതയുടെയും അടിസ്ഥാനവും ന്യായീകരണവും ദൈവകൃപ മാത്രമാണെന്ന് പ്രഘോഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ? മറിയത്തെ പോലെ ഇതാ, നിന്റെ ദാസി എന്നു ദൈവത്തിനോടും ലോകത്തിനോടും പറയേണ്ടേ?

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

10 hours ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

4 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago