Categories: Articles

നോമ്പുകാലം കൊറോണയിലൂടെ

സഹനങ്ങളിൽ തളരാതെ ഒരുമിച്ച് പ്രാർത്ഥിക്കാനും, ഭക്ഷിക്കാനും, സംസാരിക്കാനും, മനുഷ്യബന്ധങ്ങളെ ബലപ്പെടുത്താനുള്ള ഒരവസരമായി കരുതാം...

ഫാ.ബെൻബോസ്

COVID 19 വൈറസ് ലോകമാസകലം പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. ഭയവും മരണഭീതിയും നിറഞ്ഞ സാഹചര്യത്തിൽ ക്രൈസ്തവ ജീവിതം കൂടുതൽ പ്രത്യാശാഭരിതവും ജാഗ്രതയും നിറഞ്ഞ ആകണമെന്ന് നമ്മെ പഠിപ്പിക്കുന്നുവെന്നും, ഈ നോമ്പുകാലം കൊറോണയിലൂടെ നൽകുന്നത് ചില ഓർമപ്പെടുത്തലുകളാണെന്നും പഠിപ്പിക്കുകയാണ് വിശ്വാസ പ്രചാരണത്തിനായുള്ള വത്തിക്കാൻ സംഘത്തിന്റെ തലവൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ.

1) കൈകൾ കഴുകുക
ഇതാണ് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി ആദ്യം നൽകുന്ന നിർദ്ദേശം. എന്നാൽ മാർക്കോസിന്റെ (7:1-23) സുവിശേഷത്തിൽ കൈകഴുകാത്തതിന് യേശുവിനെ ഫരിസേയരും നിയമജ്ഞരും കുറ്റപ്പെടുത്തുന്നു: “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യത്തിനു വിപരീതമായി, അശുദ്ധമായ കൈകൊണ്ട് ഭക്ഷിക്കുന്നത് എന്ത്?” ഇവിടെ യേശുനാഥൻ കൈകഴുകി ശുദ്ധിവരുത്തുന്നതിന് എതിരല്ല. മറിച്ച്, ആഴമായ അർത്ഥതലത്തിലേക്ക് പ്രവേശിക്കുകയാണ്. മത്തായി 15:3-ൽ ചോദിക്കുന്നു: “നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരിൽ നിങ്ങൾ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നത് എന്തുകൊണ്ട്?” തുടർന്ന് ആറാം വാക്യത്തിൽ പറയുന്നു: “നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങൾ വ്യർത്ഥമാക്കിയിരിക്കുന്നു”. അധരംകൊണ്ട് ആരാധിക്കുകയും, ഹൃദയംകൊണ്ട് അകലുകായും ചെയ്യുന്ന ജനത!

നിയമാവർത്തനം 8:3-ൽ പറയുന്നു: “അവിടുന്ന് നിങ്ങളെ എളിമപ്പെടുത്തുകയും, വിശപ്പറിയാൻ വിടുകയും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും അപരിചിതമായിരുന്ന മന്ന കൊണ്ട് നിങ്ങളെ സംതൃപ്തരാക്കും ചെയ്തത് അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കിത്തരാൻ വേണ്ടിയാണ്”. ഈയൊരു യാഥാർത്ഥ്യത്തെയാണ് യേശുനാഥൻ ചൂണ്ടിക്കാണിക്കുന്നത്. കാരണം, ദൈവകല്പനകളാണ് നമ്മെ ശുദ്ധീകരിക്കേണ്ടത്; ദൈവവചനമാണ് നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കേണ്ടത്. വീണ്ടും മത്തായി 12:34-ൽ പറയുന്നു: “ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്”. ഹൃദയത്തെ ആരും കഴുകുന്നില്ല, വിശദീകരിക്കുന്നില്ല. ആയതിനാൽ, അധരത്തിലൂടെ വരുന്നത് പരാതികളുടെയും, അസൂയയുടെയും, കുറ്റപ്പെടുത്തലുകളുടെയും, തള്ളിപ്പറയലിന്റെയും, ഒറ്റുകൊടുക്കലിന്റെയും മാരകമായ വൈറസുകളാണ്. കാരണം, ലൂക്കാ 11:39-ൽ പറയുന്നു: “നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ; കവർച്ചയും, ദുഷ്‌ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതേകാര്യം, മത്തായി 23:25-ൽ ആവർത്തിക്കുന്നു: “നിങ്ങൾ പാത്രത്തിന്റെയും, ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാൽ അവയുടെ ഉള്ള് കവർച്ചയും ആർത്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു”. അങ്ങനെ ബാഹ്യമായ കഴുകലിൽ ഒതുങ്ങാതെ, ആത്മീയ-ആന്തരിക കഴുകലിലേയ്ക്ക് ഈ നോമ്പ് നമ്മെ നയിക്കണം.

സങ്കീർത്തനങ്ങൾ 51:1&2 വാക്യങ്ങൾ പ്രാർത്ഥിക്കാം: “ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ”.

2) പീലാത്തോസിന്റെ കൈകഴുകൽ
സുവിശേഷത്തിൽ കാണുന്ന മറ്റൊരു കൈകഴുകലാണ് പീലാത്തോസിന്റെ കൈകഴുകൽ. “പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുൻപിൽ വച്ച് കൈകഴുകിക്കൊണ്ട് പറഞ്ഞു: ഈ രക്തത്തിൽ എനിക്ക് പങ്കില്ല. അത് നിങ്ങളുടെ കാര്യമാണ്” (മത്തായി 27:24). ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന കാഴ്ചപ്പാട്, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന, ഞാനൊന്നുമറിഞ്ഞില്ല എന്നൊക്കെയുള്ള നിലപാട്. എന്നാൽ, യേശുവിന്റെ ‘കഴുകൽ’ പീലാത്തോസിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്ന കരുതലിന്റെ, ശുശ്രൂഷയുടെ മാതൃക അഥവാ സ്നേഹം. യോഹന്നാൻ 9:1-7 -ൽ യേശു നാഥൻ അന്ധനെ സുഖപ്പെടുത്തുന്നു. നിലത്തു തുപ്പി, തുപ്പൽ കൊണ്ട് ചെളി ഉണ്ടാക്കി, കണ്ണുകളിൽ പൂശിയിട്ട്, കഴുകിക്കളയാൻ ആവശ്യപ്പെടുന്നു. ചെളി, മണ്ണ് എന്നത് ‘മനുഷ്യ നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും’ എന്ന ഓർമ്മപ്പെടുത്തലാണ്.

കൊറോണ വൈറസ് ഈ ലോകത്തെ നിശ്ചലമാക്കിയെങ്കിൽ മനുഷ്യൻ അഹങ്കാരം വെടിഞ്ഞ്, നമ്മുടെ കാഴ്ചപ്പാടുകളിലെ അന്ധത കഴുകിക്കളയണം. അയൽക്കാരനെ സ്നേഹിക്കാൻ, മനോഭാവങ്ങൾ മാറാൻ, സഹോദരന്റെ കാവൽക്കാരായി മാറാൻ, ആവശ്യങ്ങളറിഞ്ഞ് ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ, നമ്മുടെ കാഴ്ചപ്പാടുകൾ കഴുകുവാൻ ഈ നോമ്പ് ആഹ്വാനം ചെയ്യുന്നു.

3) കൊറോണ എന്ന കിരീടം
ലത്തീൻ ഭാഷയിൽ ‘കൊറോണ’ എന്ന പദത്തിന് ‘കിരീടം’ എന്നാണ് അർത്ഥം. ഇന്ന് ഇത് പേടിയുടെയും, മരണത്തിന്റെയും ‘COVID കിരീടം’. എന്നാൽ, ചരിത്രത്തിൽ അപമാനത്തിന്റെയും, വേദനയുടെയും, പരിഹാസത്തിന്റെയും മറ്റൊരു മുൾകിരീടം മെടഞ്ഞ് അവർ യേശുവിന്റെ ശിരസിൽ വച്ചു. ശാരീരിക വേദനയെക്കാളും തുളച്ചുകയറുന്ന മാനസിക വേദന (മത്തായി 27:27-31, മാർക്കോസ് 15:16-20, യോഹന്നാൻ 19:1-16). ഇവിടെ ഏശയ്യാ 53-ൽ പറയുന്ന ‘സഹനദാസൻ’ അനാവൃതമാകുന്നു. എന്നാൽ, 1 കൊറിന്തോസ് 1:23-25 വരെ വചനങ്ങൾ നമ്മെ പ്രത്യാശാഭരിതരാക്കുന്നു: “ഞങ്ങളാകട്ടെ, യഹൂദർക്ക് ഇടർച്ചയും വിജാതിയർക്ക് ഭോഷത്തത്വവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവർക്ക് ക്രിസ്തു ശക്തിയും, ദൈവത്തിന്റെ ജ്ഞാനവുമാണ്. എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരേക്കാൾ ജ്ഞാനമുള്ളതും, ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ശക്തവുമാണ്.

“കോവിഡ് 19” എന്ന ഒരു കുഞ്ഞു വൈറസ് ലോകത്തെ വിറപ്പിച്ച്, മനുഷ്യരെ വീട്ടുതടങ്കലിലാക്കി. സഹനങ്ങളിൽ തളരാതെ ഒരുമിച്ച് പ്രാർത്ഥിക്കാനും, ഭക്ഷിക്കാനും, സംസാരിക്കാനും, മനുഷ്യബന്ധങ്ങളെ ബലപ്പെടുത്താനുള്ള ഒരവസരമായി കരുതാം. ഈ നോമ്പുകാലം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ച് “ജപമാല എന്ന കൊറോണ” (CROWN OF ROSES) മുറുകെപ്പിടിച്ച് വിശ്വാസം കാത്തു പാലിക്കാം, പ്രത്യാശയിലും സ്നേഹത്തിലും മുന്നേറാം.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago