Categories: Kerala

തീരദേശത്തിന് ശക്തിപകർന്നുകൊണ്ട് തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ ഇടയലേഖനം; ജൂലൈ 26 ഞായറാഴ്ച ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുമണിക്കൂർ ആരാധന

ജൂലൈ 26 ഞായറാഴ്ച ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുമണിക്കൂർ ആരാധന...

ജോസ് മാർട്ടിൻ

തിരുവനതപുരം: തിരുവനന്തപുരത്തെ തീരദേശങ്ങളിൽ കോവിഡ് 19-ന്റെ സമൂഹവ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ ജൂലൈ 18 അർധരാത്രി മുതൽ ജില്ലാ ഭരണകൂടം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് ശക്തിപകരുന്നതിനായാണ് ആർച്ച് ബിഷപ്പ് തന്റെ അജഗണത്തിന് ഇടയലേഖനം നൽകിയത്. തീരദേശങ്ങളെ ഗ്രസിച്ചിരിക്കുന്ന വ്യാധിയെ ഓർത്ത് താൻ വേദനിക്കുന്നതായും, ഈയവസരത്തിലും ഉത്തരവാദിത്വപ്പെട്ടവർ നൽകുന്ന നിർദേശങ്ങളുമായി വിശ്വാസികൾ സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പിതാവ് കുറിക്കുന്നു. അതേസമയം പലയിടത്തുനിന്നും ഉയർന്ന പരാതികളും, വിമർശനങ്ങളും വേദനയനുഭവിക്കുന്നവരുടെ സ്വാഭാവിക പ്രതികരണങ്ങളാണെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

നിശബ്ദതയിൽ തളർന്നുപോകാതെ ദൈവകരുണയിൽ ആശ്രയിച്ചു മുന്നോട്ടുപോകുവാനുള്ള ആഹ്വാനമായി ആർച്ച് ബിഷപ്പ് നൽകിയിരിക്കുന്നത് ഫ്രാൻസിസ് പാപ്പ ഇറ്റലിയിലെ ജനങ്ങൾക്ക് നൽകിയ സന്ദേശം തന്നെയാണ്. ജൂലൈ 26 ഞായറാഴ്ച ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുമണിക്കൂർ ആരാധന നടത്തുവാനും നിർദേശിച്ചിട്ടുണ്ട്.

ഇടയലേഖനത്തിന്റെ പൂർണ്ണ രൂപം

വന്ദ്യ വൈദികരേ, പ്രിയമക്കളേ,

ദൈവത്തിനു സ്തുതി! ദൈവജനത്തിനു സമാധാനം!

കൊറോണാ വൈറസ് എന്ന മഹാമാരി ഇന്ന് ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുകയാണ്. സോപ്പ് ഉപയോഗിച്ച് കഴുകിയാല്‍ ഇല്ലാതാകുന്ന ഒരു അണുമാത്രമാണ് കൊറോണാ വൈറസ്. എങ്കിലും നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പോലും സാധിക്കാത്ത ഈ വൈറസ് ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി വരുത്തിക്കൊണ്ട് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ മനുഷ്യവര്‍ഗ്ഗം മുഴുവനും ഭഗീരഥപ്രയത്നത്തിലേര്‍പ്പെട്ടിരിക്കുന്ന അവസരമാണിത്. വളരെവേഗം ഇതിന് ഒരു പരിഹാരമുണ്ടാകുമെന്ന് നാം പ്രതീക്ഷിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കൊറോണാ വൈറസ് ലോകം മുഴുവനും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് കുറെയേറെ നാളുകളായി. നമ്മുടെ തീരപ്രദേശങ്ങളില്‍ ഇത് വ്യാപിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് വളരെയേറെ ആശങ്കകളുണ്ടായിരുന്നു. ഈ അടുത്ത കാലംവരെ നാം സുരക്ഷിതരാണെന്ന ധാരണയാണ് നമുക്കുണ്ടായിരുന്നതും. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അങ്ങേയറ്റം വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സമൂഹവ്യാപനം ആരംഭിച്ചതായി സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുകയും തീരദേശങ്ങളില്‍ വളരെയേറെ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി പൊതുവേ തീരദേശവാസികളെല്ലാം ഇത്തരവാദിത്വപ്പെട്ടവര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആത്മാര്‍ത്ഥമായി സഹകരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെയും ഭാരവാഹികളുടെയും അവരുടെ സഹപ്രവര്‍ത്തകരുടെയും സേവനങ്ങളെ വിലമതിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ പരാതികളും അങ്ങിങ്ങായി ഉയരുന്ന വിമര്‍ശനങ്ങളും ശ്രദ്ധിക്കുന്നുണ്ട്. വേദനയനുഭവിക്കുന്നവരുടെ സ്വവാഭാവിക പ്രതികരണങ്ങളായി ഞാന്‍ അവയെ കാണുന്നു. ഇവയെല്ലാം കൂടെ കൂടെ സര്‍ക്കാരിനെയും ഉത്തരവാദിത്വപ്പെട്ടവരെയും അറിയിക്കുന്നുണ്ട്. സാദ്ധ്യമായ രീതികളിലെല്ലാം നിങ്ങളോടൊപ്പമായിരിക്കാനും ശ്രമിക്കുന്നുണ്ട്.

നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് എന്തുപരിഹാരം നിര്‍ദ്ദേശിക്കണമെന്നോ നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ല. അപ്പോഴാണ് കൊറോണാ വൈറസുകാരണം അവശതയനുഭവിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. മാര്‍പ്പാപ്പയുടെ വികാരങ്ങളോട് ഒന്നുചേര്‍ന്നുകൊണ്ട് അതേ സന്ദേശം തന്നെ നിങ്ങളുടെയും ആശ്വാസത്തിനായി ഞാന്‍ സമര്‍പ്പിക്കുകയാണ്.

“സ്നേഹമുള്ളവരെ, നിങ്ങള്‍ അനുവദിക്കുമെങ്കില്‍ നിങ്ങളുടെ കുടുംബങ്ങളിലേയ്ക്ക് കടന്നുവരാന്‍, നിങ്ങളോടു സംവദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോകം കടന്നുപോകുന്ന അസാധാരണമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചു ഞാന്‍ തികച്ചും ബോധവാനാണ്. രോഗം സൃഷ്ടിച്ചിരിക്കുന്ന ഭയാനകത, കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത, ഉത്ക്കണ്ഠ, പ്രായമായവരുടെ ആകുലതകള്‍, ഏകാന്തതയുടെ വേദന അനുഭവിക്കുന്നവര്‍, ഭവനമില്ലാത്തതിന്‍റെ അരക്ഷിതാവസ്ഥയുള്ളവര്‍… നിങ്ങളെല്ലാവരെയും എന്‍റെ ഹൃദയത്തില്‍ ഞാന്‍ പേറുന്നു. എന്റെ സാമീപ്യവും, സ്നേഹവും പ്രാര്‍ത്ഥനയും നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ഒപ്പം ഈ മഹാമാരിയില്‍ നിന്നും പ്രപഞ്ചത്തിനു സൗഖ്യം നല്‍കാന്‍ കര്‍മ്മനിരതരാകുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, സര്‍ക്കാരിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍,… എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ ഞാന്‍ അറിയിക്കുന്നു. ലോകം അപൂര്‍വ്വമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈ മാഹമാരി പടര്‍ന്നു പിടിക്കാത്ത രീതിയില്‍ നിങ്ങളുടെ സ്നേഹവും സാമീപ്യവും ചുറ്റുപാടുമുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ്. ദൈവം ദാനമായി നല്‍കിയ സമ്പത്ത് പങ്കുവയ്ക്കലിന്റെ സുവിശേഷാരൂപിയില്‍ വിനിയോഗിക്കുവാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു. നാം ഓരോരുത്തരും ആയിരിക്കുന്ന ഗ്രാമത്തിലേയ്ക്കും പട്ടണത്തിലേയ്ക്കും വിജനമായ വീഥികളിലേയ്ക്കും കണ്ണോടിക്കുമ്പോള്‍ അനുഭവപ്പെടുന്ന നിശ്ശബ്ദതയില്‍ തളര്‍ന്നുപോകാതെ ദൈവ കരുണയില്‍ ആശ്രയിച്ച് നിങ്ങളെല്ലാവരും മുന്നോട്ടുപോകണം.”

ഫ്രാന്‍സിസ് പാപ്പായുടെ ഈ സാന്ത്വനവചസ്സുകള്‍ ഒന്നുകൊണ്ടും തളരാതെ പ്രതീക്ഷയോടെ മുന്നേറുവാന്‍ നമുക്ക് ആത്മധൈര്യം പകരുന്നവയാണ്. സങ്കീര്‍ത്തകനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം:

കര്‍ത്താവേ എന്നെ കൈവിടരുതേ, എന്‍റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ എന്‍റെ രക്ഷകനായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ (സങ്കീ.: 38, 21-22)

ഈ ഇടയലേഖനത്തേടൊപ്പം അയക്കുന്ന സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ജൂലയ് 26-Ɔο തിയതി ഞായറാഴ്ച ഉചിതമായൊരു സമയത്ത് നമ്മുടെ എല്ലാ ദേവാലയങ്ങളിലും കപ്പേളകളിലും പരിശുദ്ധ കുര്‍ബ്ബാന എഴുന്നള്ളിച്ചുവച്ച് തിരുമണിക്കൂര്‍ ആരാധന നടത്തുകയും ദൈവകൃപയ്ക്കുവേണ്‍ണ്ടി തീക്ഷണമായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.

സ്നേഹൂര്‍വ്വം,

+ സൂസപാക്യം എം.
തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

20 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

20 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago