Categories: Daily Reflection

ഡിസംബർ 4 – വി.എലിസബത്ത്: വാർദ്ധക്യത്തിലെ വിശ്വാസ ദൈവശാസ്ത്രം

ദൈവവിശ്വാസം ഹൃദയത്തിൽ ആഴപ്പെട്ടവർക്ക്, ജീവിത പ്രതിസന്ധികൾക്കൊപ്പം പ്രത്യാശയുടെ മഴവില്ലുകൾ ഹൃദയത്തിൽ വരച്ചെടുക്കുവാൻ സാധിക്കും...

വിശുദ്ധ എലിസബത്തിനെക്കുറിച്ച് ധ്യാനിക്കാം

ജീവിതം ഒരു തീർത്ഥാടനമാണ്. വാർദ്ധക്യകാലമാകുമ്പോൾ നിസ്സഹായാവസ്ഥയിലേക്ക് വീണു പോകുന്നവരുണ്ട്. ദൈവവിശ്വാസം ജീവിതചര്യയാക്കിയവർക്ക് ജീവിത സായാഹ്നവും ദൈവാനുഗ്രഹത്തിന്റെ കലവറയാകാറുണ്ട്. ദൈവപുത്രന് വേണ്ടി “മരുഭൂമിയിലെ ശബ്ദമായ” സ്നാപകയോഹന്നാന് ജന്മം നൽകുവാൻ എലിസബത്തിന് സാധിച്ചത് തന്റെ ഹൃദയത്തിൽ അസാധാരണമായ ദൈവവിശ്വാസം വസിച്ചിരുന്നത് കൊണ്ട് മാത്രമാണ്.

ദൈവവിശ്വാസത്താൽ സമ്പൂർണമായ ഒരു കുടുംബത്തിലാണ് എലിസബത്തും ജീവിച്ചത്. പുരോഹിത കുടുംബത്തിൽ പിറന്ന അവളുടെ ജീവിതപങ്കാളിയും പുരോഹിതനുമായ സഖറിയ അവളുടെ വിശ്വാസജീവിതത്തെ സുന്ദരമാക്കി കാണും. ദേവാലയത്തിൽ പതിവായി പ്രാർത്ഥിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്ത അവന്റെ വലംകൈയായി തന്നെ എലിസബത്ത് ജീവിച്ചു. ദൈവസന്നിധിയിൽ ജോലി ചെയ്യാനായി വിളിക്കപ്പെടുകയും, ദൈവത്തിന്റെ നിയമങ്ങൾ പാലിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ദൈവസന്നിധിയിലായിരുന്ന സഖറിയായോടൊപ്പം എലിസബത്തും ആഴമായ ദൈവവിശ്വാസത്തിലും, രക്ഷകന്റെ വരവിനായുള്ള പ്രത്യാശയിലും ജീവിച്ചു.

നമ്മുടെ അണുകുടുംബങ്ങളിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതേ ദൈവവിശ്വാസത്തിന്റെ അടിത്തറയാണ്. മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ വിശ്വാസ പ്രചോദനത്തിൽ വളർത്തുവാൻ കഴിയാതെ പോകുന്നത് കൊണ്ടാണ് ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകുന്നതിൽ പരാജയം സംഭവിക്കുന്നത്. സ്മാർട്ട്ഫോണും ടെലിവിഷൻ സീരിയലുകളും അമ്മമാരുടെ ഹൃദയങ്ങൾ കീഴടക്കുമ്പോൾ, മക്കൾക്ക് ദൈവ വിശ്വാസത്തിന് ചാനലുകൾ തുറക്കുവാൻ അപ്പൻമാർക്ക് കഴിയാതെ പോകുമ്പോൾ, ദൈവവിശ്വാസത്തിൽ ഉറച്ച കുടുംബ പ്രാർത്ഥനകൾ നമുക്ക് അന്യമാവുന്നു.

ദൈവവിശ്വാസം ഹൃദയത്തിൽ ആഴപ്പെട്ടവർക്ക്, ജീവിത പ്രതിസന്ധികൾക്കൊപ്പം പ്രത്യാശയുടെ മഴവില്ലുകൾ ഹൃദയത്തിൽ വരച്ചെടുക്കുവാൻ സാധിക്കും. വാർദ്ധക്യത്തിൽ എന്തെല്ലാം പ്രയാസങ്ങളിലൂടെയാണ് എലിസബത്ത് കടന്നുപോയത്? കുഞ്ഞ് ഇല്ലാതിരിക്കുകയെന്നത് ഒരു യഹൂദ സ്ത്രീയെ സംബന്ധിച്ച് ദൈവശാപമായിരുന്നു. മറ്റുള്ളവരുടെ മുമ്പിൽ അവൾ അപമാനിതയായി അവരോധിക്കപ്പെടും. വാർദ്ധക്യത്തിൽ തങ്ങൾക്ക് തുണയായി ഒരു മകൻ ഇല്ലാത്തതിന്റെ വേദന തീർച്ചയായും എലിസബത്തിനെയും സഖറിയായെയും വളരെയധികം വേദനിപ്പിച്ചു കാണും.

എങ്കിലും, ‘ദൈവത്തെ ആരാധിക്കുന്നവൾ’ എന്ന അവളുടെ നാമത്തിന് അർത്ഥ മുളവാക്കുന്ന വിശ്വാസജീവിതമാണ് എലിസബത്ത് നയിച്ചിരുന്നത്. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം ആറാം വാക്യം അതിനു സാക്ഷ്യം നൽകുന്നു: “അവർ ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും കർത്താവിന്റെ കൽപ്പനകളും പ്രമാണങ്ങളും കുറ്റമറ്റ വിധം അനുകരിക്കുന്നവരുമായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ ഈ വിഷമഘട്ടത്തിലും എലിസബത്ത് തളർന്നില്ല. വിശ്വാസത്തോടെയും പ്രത്യാശയോടെയും വാർദ്ധക്യത്തിലും തന്റെ നാഥനെ ആരാധിച്ചു കൊണ്ടേയിരുന്നു. വിശ്വാസത്തോടെയുള്ള പ്രാർത്ഥന ദൈവത്തിന് കേൾക്കാതിരിക്കാനാവില്ല. ഒടുവിൽ ദൈവം തന്റെ കരുണ അവളിലേക്ക് വർഷിച്ചു.

‘എല്ലാ മനുഷ്യരിലും വലിയവൻ’ എന്ന് യേശു പോലും സാക്ഷ്യപ്പെടുത്തിയ സ്നാപകയോഹന്നാന്റെ അമ്മയാകാനാണ് അവൾ വിളിക്കപ്പെട്ടത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുചേർന്ന്, ദൈവപുത്രന്റെ പാത സുഗമമാക്കുന്നതിന് വേണ്ടി വിളിക്കപ്പെട്ടവനാണ് സ്നാപക യോഹന്നാൻ. വിശ്വാസപുണ്യത്തിൽ ജീവിച്ചിരുന്ന എലിസബത്ത് ദൈവ മാർഗ്ഗത്തിലൂടെ മകനെ വളർത്തിക്കൊണ്ടുവരുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. ഈ കാലഘട്ടത്തിലും ദൈവം ആഗ്രഹിക്കുന്നത് വിശ്വാസത്തിൽ തളരാതെ ജീവിക്കുന്ന എലിസബത്തിനെപ്പോലെയുള്ള നിരവധി ക്രൈസ്തവ അമ്മമാരെയാണ്.

എലിസബത്തിന്റേതിന് തുല്യമായ അടിയുറച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ പുരോഹിതനായ സഖറിയ പോലും പരാജയപ്പെട്ടു. പുരോഹിതനായ സക്കറിയയോട് നിങ്ങൾക്കൊരു പുത്രൻ ജനിക്കുമെന്ന് ദൈവദൂതൻ അറിയിച്ചപ്പോൾ ഇത് വ്യക്തമാകുന്നുണ്ട്. വൃദ്ധരായ ഞങ്ങൾക്കിതെങ്ങനെ സാധിക്കുമെന്നവൻ സംശയിച്ചു. എന്നാൽ, എലിസബത്ത് തന്റെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ഉറച്ച് വിശ്വസിച്ചു കാണും. പരിശുദ്ധ അമ്മയുടെ ചാർച്ചക്കാരിയായ അവൾക്ക് അത് സാധിക്കാതിരിക്കുവാൻ തരമില്ല. അവളുടെ വിശ്വാസം അചഞ്ചലമായിരുന്നു. ഈ വിശ്വാസം തന്നെയാണ് രക്ഷാകര ചരിത്രത്തിൽ ഒരു മഹനീയ മുദ്ര പതിപ്പിക്കാൻ അവളെ സഹായിച്ചത്.

എന്നാൽ, ഇന്നത്തെ ആധുനിക സംസ്കാര പശ്ചാത്തലത്തിൽ നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള വിശ്വാസമാണ്. ക്രൈസ്തവസഭ ‘ആത്മീയ പാപ്പരത്വ’മെന്ന വെല്ലുവിളി നേരിടുന്ന ഈ ജീവിത സാഹചര്യത്തിൽ നമ്മുടെ വിശ്വാസ ജീവിതം മുറുക്കെ പിടിച്ചു കൊണ്ടും, മറ്റുള്ളവർക്ക് പകർന്നുനൽകി കൊണ്ടും സഭയുടെ രക്ഷാകര പദ്ധതിയിൽ നമുക്കും പങ്കുചേരാം. അപ്പോൾ, ബന്ധുവായ മറിയം ജന്മംനൽകാൻ പോകുന്ന ശിശുവാണ് ഇസ്രയേൽ ജനത കാത്തിരിക്കുന്ന രക്ഷകനെന്ന് ആദ്യം എലിസബത്ത് തിരിച്ചറിഞ്ഞത് പോലെ, നമുക്കും സാക്ഷ്യം നൽകുവാൻ സാധിക്കും. അതിനായി ദൈവസന്നിധിയിൽ വിശുദ്ധിയോടെയും വിശ്വസ്തതയോടെയും എലിസബത്തിനെ പോലെ നമുക്കും ജീവിക്കാം.

ഈ ആഗമന കാലത്ത് നമുക്കും എലിസബത്തിനെ മാതൃകയാക്കാം. വിശ്വസ്തതയോടെ ദൈവസന്നിധിയിൽ ആയിരിക്കുന്നതിനു വേണ്ടി, ഹൃദയത്തിൽ ഉണ്ണിയേശുവിനായി ഒരു പുൽക്കൂട് നമുക്കും സജ്ജമാക്കാം.

ലൂക്കാ 1:42-43 നമുക്ക് മനഃപാഠമാക്കാം: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago