Categories: Daily Reflection

ഡിസംബർ 11: വഴിയൊരുക്കുന്നവർ

അവന്റെ ബദ്ലഹേം പുനഃസൃഷ്ടിക്കാൻ നമ്മുടെ ഹൃദയ വാതിലുകൾ മറ്റുള്ളവർക്ക് സ്വർഗീയ പാതയാക്കി നവീകരിക്കാം...

പതിനൊന്നാം ദിവസം

ജീവിതത്തിന്റെ വെളിച്ചം കെട്ടു, വഴി നഷ്ടമായവർക്ക് മാർഗ്ഗദീപമാണ് ഉണ്ണിയേശു. ബത്‌ലഹേമിലെ പൈതലിനെപ്പോലെ ഹൃദയ നൈർമല്യവും നിഷ്കളങ്കതയും ഉള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് വഴികാട്ടിയാവാൻ സാധിക്കുകയുള്ളൂ: “ഇവനെപ്പറ്റിയാണ്‌ ഏശയ്യാ പ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്‌ദം – കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍” (മത്തായി 3:3).

നമ്മുടെ ജീവിത യാത്രകളിൽ പല സന്ദർഭങ്ങളിലും പലസ്ഥലങ്ങളിലായി നമ്മൾ വഴിയൊരുക്കുന്ന വരെ കണ്ടുമുട്ടാറുണ്ട്. പ്രധാന വ്യക്തികളെ വരവേൽക്കുന്നതിനു വേണ്ടി താൽക്കാലിക കമാനങ്ങളും ഫ്ലക്സ് ബാനറുകളും കൊണ്ട് അലങ്കരിക്കുന്നു. രാഷ്ട്ര പദവി അലങ്കരിക്കുന്നവരെ സ്വീകരിക്കുന്നതിന് വേണ്ടി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളും പാതകളും നേരെയാക്കപ്പെടുന്നതോടൊപ്പം വഴിവിളക്കുകൾ സ്ഥാപിക്കുന്നു. അങ്ങനെ എന്തെല്ലാം ഒരുക്കങ്ങളാണ്! അവരോടുള്ള നമ്മുടെ ആദരവ് പ്രകടിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനും മതിപ്പുളവാക്കുന്നതിനും വേണ്ടിയാണിത്. എല്ലാറ്റിനുമുപരിയായി അവരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും കൂടിയാണ് ഇപ്രകാരം നാം വഴിയൊരുക്കുന്നത്.

ഇസ്രയേൽ വിമോചകനായ മോശയും ജോഷ്വയും, ദാവീദ് രാജാവും സോളമൻ രാജാവും, പ്രവാചകന്മാർ മുഴുവനും ഇസ്രയേൽ ജനതയുടെ സ്വർഗ്ഗീയ ജറുസലേമിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനു വേണ്ടി വഴിയൊരുക്കിയവരായിരുന്നു. എന്നാൽ സ്വർഗ്ഗീയ പിതാവിലേക്കുള്ള വഴിയാകാൻ വേണ്ടി ഭൂമിയിലേക്ക് വന്നവനെ കണ്ട് ആരാധിക്കുവാനായി മൂന്നു രാജാക്കന്മാർ എത്തിയത് നക്ഷത്രങ്ങൾ വഴികാട്ടിയതുകൊണ്ടാണ്.

പണ്ട് എവിടെയോ വായിച്ച ഈരടികൾ ഓർമ്മയെ തഴുകുന്നു:
“നിന്റെ നക്ഷത്രങ്ങൾ എനിക്ക് വഴികാട്ടുന്നു;
നിന്റെ മിന്നാമിന്നികൾ എന്റെ അന്ധകാരത്തിൽ പ്രകാശം പരത്തുന്നു.
ഈ യാത്ര നിന്നിലേക്കല്ല, നീ തന്നെയാണ് എന്റെ യാത്ര;
നീ തന്നെയാണ് എന്റെ ദൂരം”.

യേശു പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” (യോഹന്നാന്‍ 14:6). ഗർഭസ്ഥശിശുവായ യേശുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ അവനുവേണ്ടി വഴിയൊരുക്കുവാൻ വന്നവൻ അമ്മയായ എലിസബത്തിന്റെ ഉദരത്തിലായിരിക്കുമ്പോൾ തന്നെ തന്നിലേൽപ്പിച്ചിരിക്കുന്ന മഹത്തായ ദൗത്യം തിരിച്ചറിഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടി. വർഷങ്ങൾക്കു ശേഷം യോഹന്നാൻ ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കുവാനായി ആരംഭിച്ചതും മരുഭൂമി പോലെ കാഠിന്യമുള്ള ജനഹൃദയങ്ങളെ മാനസാന്തരപ്പെടുത്തിയാണ്. ക്രിസ്തുവെന്ന വെളിച്ചത്തിലേക്ക് അവരെ നയിക്കുന്നതിനു വേണ്ടിയായിരുന്നു. ലോക രക്ഷകനുവേണ്ടി വഴിയൊരുക്കുക മാത്രമായിരുന്നു സ്നാപകയോഹന്നാന്റെ ദൗത്യം. എന്നാൽ ഇതിനുവേണ്ടി അദ്ദേഹത്തിന് സ്വജീവൻ പോലും ത്യജിക്കേണ്ടി വന്നു. ഒരുപക്ഷേ, വഴിയൊരുക്കുവാൻ വന്ന യോഹന്നാനു വേണ്ടിയായിരിക്കാം എൻ. എൻ. കാക്കാട് അർത്ഥവത്തായി ഇപ്രകാരം പാടിയത്:
“വഴി വെട്ടാൻ പോകുന്നവാനോ
പല നോവുകൾ നോക്കേണം
പല കാലം തപസ്സുകൾ ചെയ്ത്
പീഡകളേൽക്കണം”.

യോഹന്നാനെ രക്ഷകന്റെ സ്ഥാനത്തേയ്ക്ക് എടുത്തുയർത്തിയപ്പോൾ, “ഞാൻ ക്രിസ്തുവല്ല, അവന്റെ ചെരിപ്പിന്റെ കെട്ടഴിക്കാൻ പോലും ഞാൻ യോഗ്യനല്ല” എന്ന് വളരെ എളിമയോടെ അവൻ പറയുന്നുണ്ട്. അസൂയയില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നതുകൊണ്ടാണ് യേശുവിനെ നോക്കി ഇപ്രകാരം പറഞ്ഞത്: “അവൻ വളരണം, ഞാൻ കുറയണം”. കർത്താവിന് വഴിയൊരുക്കുന്നവൻ വിനയത്തിന്റെയും തപസ്സിന്റെയും നിറകുടമാ യിരിക്കണമെന്ന് യോഹന്നാൻ കാണിച്ചുതരുന്നു. സ്വാർത്ഥതയുടെയും അഹന്തയുടെയും ഈ ലോകത്ത് നാം ജീവിക്കുമ്പോൾ ആരെയും തട്ടിമാറ്റി, “ഞാനാണ് വലിയവൻ” എന്ന ഇന്നത്തെ ചിന്താഗതിയിൽ നിന്നും മാറി “എന്റെ സഹോദരൻ വളരണം. ഞാൻ കുറയണം” എന്നതിലേക്ക് വളരുവാൻ നമുക്ക് കഴിയണം.

സ്നാപക യോഹന്നാന്റെ മാർഗ്ഗം നമുക്കെല്ലാവർക്കും ഇവിടെ മാതൃകയാവുന്നു. വ്യക്തികളുടെ ആന്തരീക വിശുദ്ധികരണത്തിലൂടെ രക്ഷകന്റെ അടുത്തേക്കുള്ള പ്രയാണം സുഗമമാക്കുകയാണ് യോഹന്നാൻ. ആത്മീയവും ഭൗതികവുമായ മാലിന്യങ്ങൾ നീക്കം ചെയ്യാതെ അതിനെ മറച്ചു, വന്ന വഴി മറക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. സ്നേഹ രാഹിത്യത്തിന്റെയും, വിശ്വാസത്തിന്റെയും, ഒറ്റുകൊടുക്കലിന്റെയും, സ്വാർത്ഥതയുടെയും അന്ധകാരത്തിലേക്കാണ്ടുപോയ ഈ കാലഘട്ടത്തിൽ ലോകത്തിനു വെളിച്ചം പകരുവാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നമ്മളടങ്ങുന്ന ക്രിസ്തീയ സഭ ലോകത്തിനു വെളിച്ചമായതുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ സഭയെ നിലവിളക്കായി ചിത്രീകരിക്കുന്നു: “എന്റെ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്‌ഷത്രങ്ങളുടെയും ഏഴു സ്വര്‍ണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്‌: ഏഴു നക്‌ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്‍മാരുടെയും, ഏഴു ദീപ പീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു” (വെളിപാട്‌ 1:20). ജീവിത പ്രതിസന്ധികളിൽ തളരുമ്പോൾ നമ്മെ ശക്തിപ്പെടുത്തുന്നതും മുന്നോട്ടു നയിക്കുന്നതും ദൈവവചനമാണ്. “അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌” (സങ്കീർ.119:105).

എന്നാൽ സഭ വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, സുവിശേഷ മൂല്യങ്ങളിലൂന്നി സഭയോട് ചേർന്നു നിന്നുകൊണ്ട് ദൈവവചനമാകുന്ന വിളക്ക് കയ്യിലേന്തി ലോകത്തിന് പ്രകാശമായി മാറാം. മറ്റൊരു സ്നാപകയോഹന്നാനാകാം. അതിനായി ഈ ആഗമനത്തിൽ ലോകത്തിന്റെ പ്രകാശമാകുന്ന ക്രിസ്തു നമ്മുടെ ഹൃദയത്തിൽ പിറക്കുന്നതിനായി അനുരഞ്ജനം എന്ന കൂദാശ സ്വീകരണത്തിലൂടെ നമ്മുടെ ഹൃദയത്തിലേക്കുള്ള പാത വെട്ടിയൊരുക്കാം. ഈ ക്രിസ്മസിന് അവന്റെ ബദ്ലഹേം പുനഃസൃഷ്ടിക്കാൻ നമ്മുടെ ഹൃദയ വാതിലുകൾ മറ്റുള്ളവർക്ക് സ്വർഗീയ പാതയാക്കി നമ്മുടെ ജീവിതങ്ങളെ നവീകരിക്കാം…!!!

vox_editor

Share
Published by
vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago