ഫാ. ജോഷി മയ്യാറ്റിൽ
പഴയനിയമത്തിലെ ദൈവപ്രത്യക്ഷങ്ങൾ (തെയോഫനി) പൊതുവേ ഭീതിജനകങ്ങളായിരുന്നു – ഇടിമുഴക്കം, മിന്നൽപ്പിണർ, കാഹളധ്വനി, ധൂമം, ഭൂകമ്പം! ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ എന്ന് മോശയോട് ഒന്നടങ്കം ആവശ്യപ്പെടാൻ ആ ഭീകരാനുഭവങ്ങൾ ഇസ്രായേല്ക്കാരെ പ്രേരിപ്പിച്ചു (പുറ 20:18.19). അത്തരം ദൈവാനുഭവങ്ങളുടെ സ്മരണ ഉള്ളിൽ പേറിയവർ എക്കാലവും ദൈവത്തെ പ്രതീക്ഷിച്ചിരുന്നത് പേടിയോടെയാണ്… ആകാശം ചായിച്ച് ഇറങ്ങിവരുന്നവൻ (സങ്കീ 18:9), പാഞ്ഞുവരുന്ന വചനം (സങ്കീ 147:15), ദാവീദിന്റെ സിംഹാസനത്തിലും രാജ്യത്തിലും നിസ്സീമമായ ആധിപത്യമുള്ളവൻ (ഏശ 9:7), ഇസ്രായേലിനെ ഭരിക്കേണ്ടവൻ (മിക്കാ 5:2) – ഇങ്ങനെ എത്രയെത്ര വമ്പൻ പദപ്രയോഗങ്ങളാണ്, വരാനിരിക്കുന്നവനെക്കുറിച്ച് അല്പമെങ്കിലും വിവരം കിട്ടിയ ചിലരെങ്കിലും നടത്തിയത്! ഒരു മാസ് എൻട്രിയായിരുന്നു, കിടുകിടെ വിറപ്പിക്കുന്ന ഒരു തകർപ്പൻ പ്രത്യക്ഷമായിരുന്നു സ്വാഭാവികമായും അവർ വിഭാവനംചെയ്തത്!
പക്ഷേ, ഇടയന്മാർ ബേത്ലഹേമിൽ ചെന്നപ്പോൾ കണ്ടത് പുൽത്തൊട്ടിയിൽ കിടന്ന് കൈകാലിട്ടടിക്കുകയും ഇടയ്ക്കിടെ കരയുകയും ഇടയ്ക്കിടെ ചിരിക്കുകയും ചെയ്യുന്ന കേവലം ഒരു ശിശുവിനെ ആയിരുന്നു – നിർഭയത്വം അനർഗളം പ്രസരിപ്പിക്കുന്ന, ഓമനത്തം തുളുമ്പുന്ന ഒരു സാന്നിധ്യം! പുല്ത്തൊട്ടിയിൽ ശയിക്കുന്ന ഒരു ദൈവം ആരെ ഭയപ്പെടുത്താൻ? വാവിട്ടു കരയുകയും മോണകാട്ടി ചിരിക്കുകയും ചെയ്യുന്ന ഒരു ശിശു ആരുടെ ഉറക്കംകെടുത്താൻ?
സംഗീതം ധ്യാനിച്ചു ശക്തരാകാം
ആനന്ദവും ആശ്വാസവും പ്രത്യാശയും പകർന്ന സാന്നിധ്യമായിരുന്നു അത് – ലോകത്തെ കർണാനന്ദകരമായ സംഗീതത്തിൽ ആറാടിച്ച, മനുഷ്യരൂപം പൂണ്ട ദൈവം! “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം!” എന്ന ആനന്ദഗീതം ലോകം പഠിച്ചത് ആ ക്രിസ്മസ്സ് രാവിലാണ്…
ആന്തരിക സ്വച്ഛത സമ്മാനിച്ച സാന്നിധ്യമായിരുന്നു അത് – ആശങ്കകളും ആകുലതകളും സംഘർഷങ്ങളും അകറ്റി മനുഷ്യരെ ഏകോപനത്തിന്റെയും ധ്യാനത്തിന്റെയും ദൈവസ്തുതിയുടെയും ഹർഷലോകത്തിലേക്ക് ചേക്കേറാൻ പഠിപ്പിച്ച സാന്നിധ്യം. കഷ്ടതകളുടെയും അരിഷ്ടതകളുടെയും ഇച്ഛാഭംഗങ്ങളുടെയും മധ്യേ മറിയവും ജോസഫും ആത്മീയസ്വച്ഛന്ദതയിൽ ആറാടിയ ആനന്ദരാവാണത്.
ശക്തിപ്പെടുത്തിയ സാന്നിധ്യമായിരുന്നു അത് – സമൂഹത്തിലെ വിലയില്ലാത്തവരും രണ്ടാംകിടക്കാരുമായ നിരക്ഷരരെ സദസ്സിനുമുന്നിലേക്ക് പിടിച്ചുകയറ്റി നിറുത്തിയ സാന്നിധ്യം! കേട്ടവരെല്ലാം അദ്ഭുതപ്പെടുമാറ്, ആ ദിവ്യശിശുവിനെക്കുറിച്ച് ഇടയന്മാർ മറ്റുള്ളവരോടു മഹത്തായ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തിയത്രേ… തങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത സകല കാര്യങ്ങളെയുംകുറിച്ച് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തത്രേ…
കരുത്തരെ ലജ്ജിപ്പിക്കുന്ന ഉണ്ണി!
എത്രമേൽ വശ്യമാണ് മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ മൃദുലതയും ഹൃദ്യതയും! അഗ്നിയിലും കൊടുങ്കാറ്റിലും ഭൂകമ്പത്തിലുമല്ല, മന്ദമാരുതനിൽ ദൈവസാന്നിധ്യം അനുഭവിച്ച ഏലിയായും മുൾപ്പടർപ്പിനെ ചാമ്പലാക്കാത്ത അഗ്നി കണ്ട് ആകൃഷ്ടനായ മോശയും സത്യത്തിൽ ക്രിസ്മസ്സിൻ്റെ മുന്നാസ്വാദനത്തിലായിരുന്നു!
കഷ്ടമെന്നു പറയട്ടെ, ദൈവത്തെ പേടിക്കണമെന്ന് ഇന്നും മനുഷ്യർ കരുതുന്നു! പേടിക്കാനും പേടിപ്പിക്കാനും ഉത്സുകരാകുന്നവർ ഏറെയാണ്. ഗാർഹിക-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മത ജീവിതങ്ങളിൽ ഇക്കൂട്ടർക്ക് നല്ല മാർക്കറ്റുണ്ടെന്നതിന് മൂർത്തമായ ഉദാഹരണങ്ങൾക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. സത്യത്തിൽ, അവർ പുല്ത്തൊട്ടിയിലെ ഉണ്ണിയെയും പുതിയനിയമം സമ്മാനിക്കുന്ന ദൈവസങ്കല്പത്തെയും സാഹോദര്യത്തെയും സമത്വത്തെയുമാണ് തള്ളിപ്പറയുന്നത്!
സാന്ദ്രമൗനത്തിലേക്കും അവാച്യമായ അനുഭവത്തിലേക്കുമുള്ള ക്ഷണമാണ് ക്രിസ്മസ്സ്. മറിയത്തോടും യൗസേപ്പിനോടുമൊപ്പം, അനുഭവവൈവിധ്യത്തിന്റെ ബാഹുല്യങ്ങൾക്കിടയിലും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനവിഷയമാക്കാൻ നമ്മെ ക്ഷണിക്കുന്ന ഈശോത്സവമാണ് ക്രിസ്മസ്സ്. അതെ, ദുർബലനായ ഒരു ശിശുവിന്റെ രൂപം ധരിക്കുന്ന ദൈവത്തെ, മറിയം ചെയ്തതുപോലെ, ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചെടുത്ത് നമ്മൾ സ്വജീവിതം ആകർഷകവും നിർഭീഷണവും ആക്കിയേ മതിയാകൂ!
ഈ ക്രിസ്മസ്സിൽ ഏവർക്കും ഹൃദ്യമായ ഒരു തെയോഫനി നേരുന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.