Categories: Sunday Homilies

കുടുംബത്തെ തിരുകുടുംബമാക്കുന്നതെന്താണ്?

കുടുംബത്തെ തിരുകുടുംബമാക്കുന്നതെന്താണ്?

തിരുകുടുംബ തിരുനാള്‍

ഒന്നാം വായന : 1 സാമു. 1:20-22, 24-28
രണ്ടാം വായന : 1 യോഹ. 3:1-2, 21-24
സുവിശേഷം : വി. ലൂക്ക 2: 41-52

ദിവ്യബലിയ്ക്ക് ആമുഖം

ക്രിസ്മസ് കഴിഞ്ഞുവരുന്ന അഷ്ടദിനങ്ങള്‍ക്കുളളിലെ ഞായര്‍ തിരുകുടുംബ തിരുനാളായി തിരുസഭ ആചരിക്കുന്നു. 1921 – ല്‍ ബനഡിക്ട് 15-ാമന്‍ പാപ്പയാണ് കുടുംബങ്ങളുടെ പ്രാധാന്യം സഭാമക്കള്‍ക്ക് ബോധ്യപ്പെടുത്താന്‍ ഈ തിരുനാള്‍ സ്ഥാപിച്ചത്. ഈ തിരുനാള്‍ സ്ഥാപിച്ചതിന്‍റെ 100-ാം വര്‍ഷത്തോട് അടുക്കുമ്പോള്‍ കുടുംബം എന്നത് എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ഒരു യാഥാര്‍ഥ്യമായി മാറിക്കഴിഞ്ഞു. പഴയ നിയമത്തില്‍ എല്‍ക്കാന, ഹന്ന, സമുവേല്‍ – കുടുംബത്തേയും പുതിയ നിയമത്തില്‍ ഈശോ, മറിയം, യൗസേപ്പ് – കുടുംബത്തേയും നമുക്ക് മാതൃകയായി നല്‍കിക്കൊണ്ട്, നമ്മുടെ കുടുംബങ്ങളെയും തിരുകുടുംബമാക്കി മാറ്റാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്നു.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

ഒരു കുടുംബത്തെ തിരുകുടുംബമാക്കുന്നതെന്താണ്?
ഈ ചോദ്യത്തിന്‍റെ ഉത്തരം നമുക്കു തിരുകുടുംബത്തില്‍ തന്നെ അന്വേഷിക്കാം. പരിശുദ്ധ മറിയം ഗര്‍ഭിണിയാകുമ്പോള്‍ വി. യൗസേപ്പ് അവളെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. പിന്നീട് പൂര്‍ണഗര്‍ഭിണിയായ മറിയത്തെയും കൂട്ടി ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വരുന്നു. ഒട്ടും സുഖകരമല്ലാത്ത സ്ഥലത്ത് അവള്‍ പ്രസവിക്കേണ്ടിവരുന്നു. ആദ്യമായി കുഞ്ഞിനെ കാണാന്‍ വരുന്നത് ബന്ധുക്കളല്ല, അപരിചിതരാണ്. പിന്നീട് രാജാവിനെ പേടിച്ച് ശിശുവിനെയുംകൊണ്ട് ഈജിപ്തിലേക്കു പാലായനം ചെയ്യേണ്ടിവരുന്നു. മകന്‍ വളര്‍ന്നപ്പോഴാകട്ടെ പിതാവിന്‍റെ പാരമ്പര്യ തൊഴില്‍ ചെയ്യാതെ, നാട് നീളെ നടന്ന് വചനം പ്രസംഗിക്കുന്നു. ഇങ്ങനെ കേള്‍ക്കാന്‍ ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണുളളതെങ്കിലും, ഈശോയും മറിയവും യൗസേപ്പുമടങ്ങുന്ന കുടുംബത്തെ നാം തിരുകുടുംബമെന്ന് വിളിക്കുന്നു. കാരണം യേശു ആ കുടുംബത്തില്‍ ജനിച്ചു എന്നത് തന്നെ.

കുടുംബത്തിലെ യേശുവിന്‍റെ സാന്നിധ്യമാണ് ആ കുടുംബത്തെ വിശുദ്ധമാക്കി മാറ്റുന്നത്. നമ്മുടെ കുടുംബങ്ങളിലെ ഇന്നുവരെയുളള സംഭവങ്ങള്‍ വിവരിച്ചാല്‍ ഇതുപോലെ ഒട്ടും സുഖകരമല്ലാത്ത ധാരാളം കാര്യങ്ങള്‍ വിവരിക്കേണ്ടിവരും. കുടുംബമെന്നത് വേദനയുടെയും നെടുവീര്‍പ്പിന്‍റെയും ദാരിദ്രത്തിന്‍റെയും സമ്പന്നതയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സമ്മിശ്രമാണ്. ഈ യാഥാര്‍ഥ്യത്തെ ഒരിക്കലും തളളിക്കളയാനാകില്ല. എന്നാല്‍ യേശു കുടുംബത്തിലുണ്ടെങ്കില്‍ അത് തിരുകുടുംബമായി മാറും.

ഇന്നത്തെ ഒന്നാം വായനയില്‍ എൽക്കാനയും അന്നയുമടങ്ങുന്ന കുടുംബത്തെ കാണുന്നു. അവര്‍ ദൈവത്തിലാശ്രയിച്ചപ്പോള്‍ ദൈവം അവര്‍ക്ക് സമുവല്‍ എന്ന മകനെ നല്‍കി അനുഗ്രഹിക്കുന്നു.

എങ്ങനെയാണ് നമ്മുടെ കുടുംബങ്ങളില്‍ യേശുവിന്‍റെ സാന്നിധ്യമുണ്ടാകുന്നത്? തീര്‍ച്ചയായും, പരസ്പര സ്നേഹവും ദൈവവചനത്തിന് അനുസരിച്ചുളള ജീവിതവുമുണ്ടെങ്കില്‍ ദൈവം നമ്മുടെ കുടുംബങ്ങളില്‍ വസിക്കും. ദൈവ സാന്നിധ്യം നമ്മുടെ കുടുംബങ്ങളില്‍ നിലനിര്‍ത്താന്‍ നാം ചെയ്യേണ്ട പ്രധാന കാര്യം “സന്ധ്യാപ്രാര്‍ഥന കുടുംബങ്ങളില്‍ തീഷ്ണതയോടെ നിലനിര്‍ത്തുക” എന്നുളളതാണ്. അപ്പനും അമ്മയും മക്കളും ഒരുമിച്ചു ചേര്‍ന്ന് തിരുഹൃദയ പ്രതിഷ്ഠക്കുമുന്നില്‍ മെഴുകുതിരി കത്തിച്ചു വച്ച് ഒരുമിച്ച് പ്രാര്‍ഥിക്കുന്ന നല്ല പാരമ്പര്യം സാവധാനം നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ദൈവീക സാന്നിധ്യം നമ്മുടെ കുടുംബങ്ങളില്‍ നിലനിര്‍ത്താന്‍ നമ്മുടെ വൈകുന്നേരങ്ങളെ പ്രാര്‍ത്ഥനാമുഖരിതമാക്കാം.

യേശുവിനെ തേടുന്ന മാതാപിതാക്കള്‍

ഇന്നത്തെ സുവിശേഷത്തില്‍ സാധാരണമെന്നു തോന്നുന്ന ഒരു സംഭവമുണ്ട്. ഏകദേശം മൂന്ന് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ജെറുസലേമില്‍ നിന്നു നസ്രത്തിലേക്കുളള മടക്കയാത്രയില്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ 12 വയസ്സുകാരനായ മകനെ കാണാനില്ലെന്നു മനസ്സിലാക്കിയ മാതാപിതാക്കള്‍ അവനെ അന്വേഷിക്കുന്നു. ഇത് വെറുമൊരു അന്വേഷണമല്ല. 12 വയസ്സുമുതല്‍ മക്കളില്‍ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും പുതിയ തലമുറയിലെ അവരുടെ ചിന്തകളും ആശയ വിനിമയങ്ങളും പ്രവര്‍ത്തിയും ജീവിതവും മനസ്സിലാക്കാനുളള ശ്രമമാണിത്.

കൗമാര കാലഘട്ടത്തിലെ മക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെ എല്ലാം പ്രതിനിധിയാണ് യൗസേപ്പും മറിയവും.
ദൈവാലയത്തില്‍ വച്ച് യേശു പറയുന്നു, ‘നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?’ ഈ മറുപടി ദൈവശാസ്ത്രപരമായി മൂല്യമുളളതാണെങ്കിലും അതിന്‍റെ ശൈലി തീര്‍ച്ചയായും കൗമാരക്കാരന്‍റെതാണ്. ദേവാലയത്തില്‍ വച്ച് നടന്ന ഈ സംഭവം മാതാപിതാക്കള്‍ക്കും മക്കള്‍ക്കും വലിയൊരു സന്ദേശം നല്‍കുന്നു.

മാതാപിതാക്കള്‍ക്കുളള സന്ദേശമിതാണ്: നിങ്ങളുടെ മക്കളെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. മറിച്ച് ദൈവത്തിന്‍റെ പദ്ധതി മക്കളുടെ ജീവിതത്തില്‍ നടപ്പിലാകത്തക്കവിധത്തില്‍ അവരെ വളര്‍ത്തിയെടുക്കുക.

മക്കള്‍ക്കുളള സന്ദേശം ഇതാണ്: യേശു മാതാപിതാക്കളോടു ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും അതിനു ശേഷമുളള യേശുവിന്‍റെ പ്രവര്‍ത്തി ഇപ്രകാരമായിരുന്നു. അവന്‍ മാതാപിതാക്കളോടൊപ്പം പുറപ്പെട്ട് നസ്രത്തില്‍ വന്ന് അവര്‍ക്ക് വിധേയനായി ജീവിച്ചു. ദൈവത്തിന്‍റെ പദ്ധതി നിങ്ങളുടെ ജീവിതത്തില്‍ പൂവണിയുന്നതിന്‍റെ ആദ്യപടി നിങ്ങള്‍ മാതാപിതാക്കളെ അനുസരിച്ച് അവര്‍ക്ക് വിധേയരായി ജീവിക്കുക എന്നുളളതാണ്.

കുടുംബവും ആധുനിക സമൂഹവും

മാധ്യമങ്ങളില്‍ ഈ വര്‍ഷം നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു വിവാഹേതര ലൈംഗിക ബന്ധത്തെക്കുറിച്ചും, സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുമുളള പരമോന്നത നീതിപീഠത്തിന്‍റെ വിധിന്യായങ്ങള്‍. അതേമാധ്യമങ്ങളില്‍ തന്നെ നിറഞ്ഞു നിന്ന വാര്‍ത്തയാണ്, വൃദ്ധരായ മാതാപിതാക്കളെ അവരുടെ സ്വത്ത് കൈക്കലാക്കിയതിന് ശേഷം ഉപേക്ഷിച്ച മക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മേലധികാരികള്‍ ഉത്തരവിട്ടത്. ഒരു വശത്ത് കുടുംബത്തില്‍ മക്കളുടെ എണ്ണം കുറയുന്നു, മറുവശത്ത് വൃദ്ധസദനങ്ങളുടെയും അതിലെ അന്തേവാസികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. തിരുകുടുംബതിരുനാളില്‍ നാം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട യാഥാര്‍ഥ്യങ്ങളാണിത്. ഈ അവസ്ഥയ്ക്കുളള പ്രതിവിധി എന്താണ്? നമുക്ക് ദൈവവചനത്തിലേക്കും സഭയുടെ പഠനങ്ങളിലേക്കും തിരികെപ്പോകാം.

പഴയ നിയമത്തില്‍ മാതാപിതാക്കന്മാരെ ബഹുമാനിക്കാന്‍ ദൈവം കൽപ്പിക്കുന്നു. പുതിയ നിയമത്തില്‍ ദാമ്പത്യ ജീവിതത്തിന്‍റെ അടിത്തറ യേശു ഊട്ടി ഉറപ്പിക്കുന്നു. സഭയുടെ പഠനങ്ങളിലുടനീളം കുടുംബത്തിന്‍റെ മാഹാത്മ്യം ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. നമ്മുടെ കുടുംബവും തിരുകുടുംബമാകാന്‍ നമുക്ക് കുടുംബങ്ങളില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കാം. ദൈവവചനം അനുസരിക്കാം, തിരുസഭയോടു ചേര്‍ന്നു നില്‍ക്കാം.

ആമേന്‍.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago