Categories: Articles

കാശിനു കൊള്ളാത്ത കാശ്!

'കാണം വിറ്റായാലും ഓണമുണ്ണണം' എന്ന ആപ്ത വാക്യത്തിനു പ്രസക്തിയില്ലാത്ത നാളുകളിലേക്കാണ് നാം പ്രവേശിക്കുന്നത്...

ഫാ.ഏ.എസ്.പോൾ, കള്ളിക്കാട്

ആറുമാസത്തോളമായി ഏവരെയും അലട്ടിയിരിക്കുന്ന കോവിഡ് 19 ദുരന്തഫലങ്ങൾ ബഹിർമുഖവികാരങ്ങളാണ് സമസ്ത മേഖലകളിലും പ്രദാനം ചെയ്യുന്നത്. വാർഷിക പരീക്ഷ, വിനോദ യാത്രകൾ, ഉത്സവങ്ങൾ, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ കുടുംബ സംഭവങ്ങൾ, ഈസ്റ്റർ, വിഷു, റംസാൻ അങ്ങനെ എന്തെല്ലാം ആഘോഷങ്ങൾ കെട്ടടങ്ങിയിരിക്കുമ്പോഴാണ് കേരളീയരുടെ ആവേശമായ ഓണനാളുകൾ കടന്നുവരുന്നത്.

‘കാണം വിറ്റായാലും ഓണമുണ്ണണം’ എന്ന ദരിദ്ര വാസിയുടെ ആപ്ത വാക്യത്തിനു പ്രസക്തിയില്ലാത്ത നാളുകളിലേക്കാണ് നാം പ്രവേശിക്കുന്നത്.

മാർച്ച്‌ മാസം മുതൽ തുടങ്ങിയ സൗജന്യ ഭക്ഷണകിറ്റുകളും മറ്റുസഹായങ്ങളും കൈപ്പറ്റിയും വിതരണം ചെയ്തും നിർവൃതിപൂണ്ടവർ തെറ്റിയ കണക്കുകളുമായി കൂട്ടിക്കിഴിക്കുമ്പോൾ, കാശിനു കൊള്ളാത്ത കാശായി അവശേഷിക്കുന്ന “കാശ്” എന്ന അധോഗതി തുടരുമ്പോൾ, സമ്പന്നനും ദരിദ്രനും പരിധിയില്ലാതെ ധർമ്മസങ്കടത്തിലായിരിക്കുമ്പോൾ കൊറോണക്കൊപ്പം ജീവിക്കുവാനുള്ള പരിശ്രമം ത്യാഗപൂർണ്ണമാകുന്നു.

‘കടലിൽ കായം കലക്കിയ അവസ്ഥ’പോലെ സഹായങ്ങൾ സ്വീകരിച്ചവരുടെ അവസ്ഥ, ‘പലതുള്ളി പെരുവെള്ളം’ കണക്കിൽ ചെറിയ തുക വീതം പലർക്കു വിതരണം ചെയ്യുമ്പോൾ വിതരണം ചെയ്യുന്ന ആളിന്റെ അവസ്ഥ, അതായത് അയ്യായിരം രൂപാവീതം നൂറുപേർക്ക് ഒരാൾ വിതരണം ചെയ്യുമ്പോൾ, വിതരണം ചെയ്യുന്ന ആൾക്ക് ഒറ്റ തവണ അഞ്ചു ലക്ഷം രൂപാ നഷ്ടമാകുമ്പോൾ, ലഭിച്ച അയ്യായിരം രൂപ ചിലരെങ്കിലും അഞ്ഞൂറിന്റെ ലാഘവത്തിൽ ചെലവാക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച്‌ ആരൊക്ക ഓർത്തിരിക്കും എന്നതും ചിന്തനീയമാണ്.

ലോക്‌ഡൗൺ ദുരന്തത്തിലും രണ്ടുപേർക്ക് ഒറ്റത്തവണ വിദേശത്ത്പോകാൻ നാല്പത് ലക്ഷം ചെലവാക്കിയ കുടുംബത്തിന്റെ അവസ്ഥ, ആദായ നികുതി നൽകാൻ കാത്തു സൂക്ഷിച്ച മൂലധനത്തിൽ വിള്ളലേറ്റിരിക്കാൻ സാധ്യതയില്ലേ?

വിതരണം ചെയ്യപ്പെട്ട ഭക്ഷണപൊതിയിൽ നൂറു രൂപാ മടക്കിവച്ച വീട്ടമ്മയുടെ കരുതൽ നാം പാഠമാകേണ്ടതാണ്.

അധ്യയന വത്സരത്തിന്റെ ഒരു ഘട്ടം കഴിയുമ്പോഴും ദൃശ്യ മാധ്യമ ക്ലാസ്സിനുവേണ്ടി മൊബൈലും ടെലിവിഷനും ലാപ്‌ടോപ്പുമൊക്കെ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ അവക്കുവേണ്ടി സ്വരുക്കൂട്ടിയ ‘കാശിനുകൊള്ളാത്ത കാശു’മായിരിക്കുന്ന മാതാപിതാക്കളുടെ ചേതോവികാരം ആർക്ക് ഉൾക്കൊള്ളാനാകും?

പ്രളയവും കൊറോണയും മൂലം മൂന്നു വർഷങ്ങൾകൊണ്ട് മുടങ്ങുന്ന ഓണാഘോഷത്തിന് പുതിയമാനങ്ങൾ തേടേണ്ട സമയം ആയെന്ന് തോന്നുന്നു. പഠനവീഥിയിൽ മുഴുവൻ അല്ലെങ്കിൽ പരമാവധി മാർക്കിനുവേണ്ടി പരിശ്രമിക്കുമ്പോൾ ഒന്ന് ജയിച്ചുകിട്ടാൻവേണ്ടി നെട്ടോട്ടത്തിലായിരിക്കുന്നവരുടെ പ്രസക്തി നഷ്ടപ്പെടുന്നതുപോലെ, ഓണം അടിച്ചുപൊളിക്കുന്നവരുടെ ഇടയിൽ പുതു വസ്ത്രത്തിനും ഓണസദ്യക്കും ആയില്ലെങ്കിലും ഓണപ്പായസമെങ്കിലും നുകരാൻ ആകുന്നവർ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് സദ്യയൊരുക്കാൻ പ്രാപ്തിയില്ലാത്തവർ ഇല്ലായെന്ന് ഉറപ്പിച്ചു പറയാൻ മുതിരുന്ന ഒട്ടേറെപ്പേരുണ്ട്. ‘ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം’ എന്നിരിക്കേ ഉണ്ണിയെ അറിയാത്തവർക്ക് ഊരിന്റെ അവസ്ഥ അറിയാനാകില്ല എന്നറിയണം.

തോവാളാ പൂക്കൾ വരില്ല… പുലിക്കളി… വള്ളംകളി… ഓണവാരാഘോഷം… എന്നിങ്ങനെ എന്തെല്ലാം ഇല്ലാതായാലും ഇവയൊക്കെ മിച്ചം പിടിക്കാനുള്ള ഉപാധിയായിക്കാണാതെ സഹജരുടെ കണ്ണീരൊപ്പാൻ… പങ്കുവയ്ക്കലിന്റെ സമൃദ്ധി അനുഭവിക്കാൻ… എനിക്കുള്ളതെല്ലാം എന്റേതല്ലെന്നറിയാൻ… ഒക്കെ മനസാകണം.

കരയരുതേ കരയരുതേ
ഓണമുണ്ടിനു കരയരുതേ!
കരഞ്ഞാലും, കര ആയാലും, വാങ്ങാനായാലും, നൽകാനാകാത്ത അവസ്ഥയിലല്ലേ സമൂഹം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

സദ്യയും ഊഞ്ഞാലും മറ്റു വിനോദ പരിപാടികളുമെല്ലാം സമൂഹ വ്യാപനഭീതിയിലാകുമ്പോൾ ‘സമ്പന്നനും ഓണം കുമ്പിളിൽതന്നെ’ എന്ന അവസ്ഥയിൽ കാശിനുകൊള്ളാത്ത കാശുമായിരിക്കുന്നവരുടെ മനോവ്യഥ വിഷാദരോഗത്തിന് അടിമപ്പെടുത്തരുതേ എന്നാശിക്കാം.

ചെറുതും വലുതുമായി ചെയ്തുകൊണ്ടിരുന്ന ജോലികൾ മറന്നുപോകും വിധം ജോലിക്കുപോകാൻ കഴിയാതെ ഉഴലുന്ന സാധാരണക്കാരന്റെ മാനസിക അസ്വസ്ഥത ചാനൽ ചർച്ചകളിൽപ്പോലും പ്രാധാന്യം കിട്ടാതെ പോകുമ്പോൾ, ജീവിതത്തിന്റെ നനുത്ത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു മുന്നോട്ടുപോകാൻ വിഷമിക്കുന്നവർക്ക് സാന്ത്വനമേകാൻ ഉത്തരവാദിത്വപ്പെട്ടവർ കർത്തവ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുമ്പോൾ, ‘കടം അധികം കടം സമം തീരാക്കടം’ എന്ന അവസ്ഥയിൽ പോകുമ്പോൾ കുടുബങ്ങളിൽ ശാരീരികമായും മാനസികമായും മുരടിക്കുന്ന കുഞ്ഞുങ്ങളുടെ മനോവിഷമം സമ്പത്തിന്റെ മൂല്യം കൊണ്ട് വിലയിരുത്താൻ സാധിക്കുന്നതല്ലെന്നോർക്കണം.

മാസ്കിന്റെ മറവിൽ അഭിമാനവിരുദ്ധമെന്നു വിചാരിക്കുന്ന ജോലികൾക്കിറങ്ങാനുള്ള സാദ്ധ്യതകൾ ചിലർക്കെങ്കിലും ആശ്വാസം പകരുന്നു എന്ന് തോന്നുന്നു. എല്ലാ ജോലികൾക്കും അതിന്റെതായ മാന്യത ഉണ്ടെങ്കിലും, ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ അഭ്യസിച്ചു വന്നതിൽനിന്നും വ്യത്യസ്ത മേഖലകളിലേക്കു ചുവടു വയ്‌ക്കേണ്ട അവസ്ഥകളിൽ ചിലർക്കെങ്കിലും മാസ്ക് മറയാകുന്നു എന്നത്രെ ഉദ്ദേശിച്ചത്.

ദാരിദ്ര്യം ആകയാൽ ആത്മഹത്യ ചെയ്യുന്നവരും, സമ്പന്നരാകാൻ കൊലപാതകം ചെയ്യുന്നവരും, കമിതാക്കളെ സ്വന്തമാക്കാൻ കുടുംബം കളയുന്നവരും, മദ്യത്തിനും മയക്കുമരുന്നിനും ആഡംബര ജീവിതത്തിനുമായും കൊള്ളയടിക്കുന്നവരും, അധികാരത്തിനും പേരിനും പ്രശസ്തിക്കുംവേണ്ടി കാരാഗൃഹത്തിലെ സ്വത്വം നഷ്ടപ്പെടുത്തുന്നവരും, പൊതുശുചിമുറി ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് മാത്രം അതിക്രമങ്ങൾ ഒഴിവാക്കി ജീവിക്കുന്നവരുമൊക്കെ സിനിമയിൽ അല്ലെന്നുള്ളതാണ് പരിതാപകരം.

‘തല്ലരുതമ്മാവാ നന്നാവൂല്ല’ എന്ന മനോഭാവത്തിൽ, പ്രളയം വന്നാലും കൊറോണ വന്നാലും, എന്ത് ദുരന്തം വന്നാലും ‘സ്വയം ദുരന്ത’മായി ജീവിക്കുന്നവർ അങ്ങനെതന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. കീശയിൽ ഇരുന്ന കാശ് ഇന്ന് വിരൽതുമ്പിൽ ലഭ്യമാകുമ്പോൾ, ശ്വാസം ഇല്ലെങ്കിൽ ഒന്നിനും കൊള്ളാത്തതാകും കാശ് എന്നു മനസിലാക്കി, എല്ലാ ശ്വാസത്തിനും ആശ്വാസം പകരുംവിധം ഓരോരുത്തരുടെയും കാശ് ഉതകട്ടെ എന്നാശിക്കുന്നു.

നിർഗുണ ആവേശങ്ങൾക്കും വിലകെട്ട അഭിമാനപ്രശ്നങ്ങൾക്കും വിനാശകരമായ വാശികൾക്കും അനാരോഗ്യകരമായ മത്സരങ്ങൾക്കും വിരാമമിട്ട് മനസും ശരീരവും ശുദ്ധമാക്കാം…
വ്യക്തിത്വം ഹനിക്കാത്ത മാസ്ക് ധരിക്കാം…
ബന്ധങ്ങൾ നഷ്ടമാകാതെ സാമൂഹിക അകലം പാലിക്കാം…
കൊറോണയെ പ്രതിരോധിച്ചു അതിജീവനത്തിൽ മുന്നേറാൻ കാലത്തിന്റെ അടയാളങ്ങൾക്കനുസൃതം മനോഭാവങ്ങളിൽ മാറ്റം വരുത്തി ജീവിക്കാൻ പരിശ്രമിക്കാം…

vox_editor

View Comments

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago