ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ
മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴി കണ്ണോടെ കാത്തിരിക്കുന്ന ഒരു പിതാവ്. സുവിശേഷത്തിൽ നിറഞ്ഞുനിൽക്കുന്ന കരുണയുടെ കഥാപാത്രങ്ങളാണിവർ. കരുണയുടെ പരിമളം വിതറുന്ന മൂന്ന് ഉപമകളിലെ കഥാപാത്രങ്ങൾ. ഈ ഉപമകളെ വേണമെങ്കിൽ സുവിശേഷത്തിനുള്ളിലെ സുവിശേഷം എന്ന് വിളിക്കാം. ഈ ഉപമകളുടെ വശ്യമായ സൗന്ദര്യം ഇതിലെ ഓരോ പദങ്ങളിലും വരികളിലും വ്യാകരണത്തിലും പോലും നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ മുഖമാണ്.
സുവിശേഷം തുടങ്ങുന്നത് പാപികളോടും ചുങ്കക്കാരോടുമുള്ള യേശുവിൻറെ സൗഹൃദത്തിൻറെ ആൽക്കമി വർണിച്ചു കൊണ്ടാണ്. യേശുവിന് അവരോടൊപ്പമായിരിക്കുമ്പോഴുള്ള ഒരു ഭവനാത്മകത മറ്റ് ആരിൽ നിന്നും അനുഭവിക്കുന്നില്ല എന്നകാര്യം ലൂക്കായുടെ സുവിശേഷം മനോഹരമായി പലയിടങ്ങളിലും ചിത്രീകരിക്കുന്നുണ്ട്. ചില ബന്ധങ്ങളുടെ ഊഷ്മളത കാണുമ്പോൾ ഉള്ളിൽ തമസ്സുള്ളവർക്ക് അസ്വസ്ഥതയുണ്ടാകും. അങ്ങനെയുള്ളവർ പിറുപിറുക്കും. പിന്നീടത് കപടസദാചാരത്തിന്റെ നിയമങ്ങളായി തീരുകയും ചെയ്യും. അതുകൊണ്ടാണ് യേശു ഒന്നിനു പിറകെ ഒന്നായി ജീവിതത്തിന്റെ അർത്ഥതലങ്ങൾ വ്യക്തമാക്കുന്ന മൂന്ന് ഉപമകൾ പറയുന്നത്: ഒരു നഷ്ടപ്പെട്ട ആട്, ഒരു നഷ്ടപ്പെട്ട നാണയം, വീടുവിട്ടിറങ്ങിയ ഒരു മകനും അവന്റെ സ്വയം നഷ്ടപ്പെടലും. നഷ്ടപ്പെടലിന്റെ കഥയാണ് ഉപമകൾ പറയുന്നത്. ഒപ്പം വേദന അനുഭവിക്കുന്ന ദൈവത്തിന്റെ ചിത്രവും അവന്റെ അന്വേഷണവും അവസാനം കണ്ടെത്തി കഴിയുമ്പോഴുള്ള അവൻറെ സന്തോഷവുമെല്ലാം ഹൃദയസ്പർശിയായി സുവിശേഷകൻ ചിത്രീകരിക്കുന്നു.
ആടിനോടുള്ള ഇടയന്റെ തീവ്രമായ സ്നേഹത്തിൻറെ ഉപമയാണ് ആദ്യത്തേത്. മരുഭൂമിയിലെ കല്ലുകളുടെയും മുള്ളുകളുടെയുമിടയിൽ അവൻ ആടിനെ അന്വേഷിച്ചു നടക്കുന്നു. വലിയൊരു സന്ദേശം ഈ ചിത്രം നൽകുന്നുണ്ട്. നമ്മൾ ദൈവത്തെ നഷ്ടപ്പെടുത്തിയാലും അവൻ ഒരിക്കലും നമ്മെ നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ട ആടല്ല ഇടയനെ കണ്ടെത്തുന്നത്. ഇടയനാണ് അതിനെ കണ്ടെത്തുന്നത്. അത് ആലയിലേക്ക് മടങ്ങുകയല്ലായിരുന്നു. അകലുകയായിരുന്നു. ഇടയൻ അകന്നു പോയതിനെ ശാസിക്കുന്നില്ല. ശിക്ഷിക്കുന്നുമില്ല. ചുറ്റിനും പതിയിരിക്കുന്ന അപകടങ്ങളിൽനിന്നും ആടിനെ ജീവനോടെ കിട്ടിയല്ലോ. അതാണ് അവൻറെ ആശ്വാസം. പിന്നീടുളള ചിത്രം തീർത്തും തരളിതമാണ്. അവൻ ആ ആടിനെ തോളത്ത് ചുമന്നു കൊണ്ടു വരുന്നു. അകന്നുപോയ ആ ആട് തീർത്തും അവശയാണ് എന്നവനറിയാം. ആലയിലേക്കുള്ള മടങ്ങിവരവിൽ വഴിയിൽ അത് തളർന്നു വീഴരുത്. അതിനാൽ അവൻ അതിനെ തൻറെ തോളിലേറ്റുന്നു. എത്ര സുന്ദരമാണീ കാഴ്ച. നോക്കുക, അവനിൽ നിന്നും അകന്നു പോയി എന്ന തെറ്റിന് ദൈവം അത്ര വലിയ പ്രാധാന്യം കൊടുക്കുന്നില്ല. മറിച്ച് അവൻറെ ഉത്കണ്ഠ നമ്മൾ തളർന്നു വീഴാതിരിക്കുക എന്നതാണ്. എന്തെന്നാൽ ദൈവം ജീവൻറെ പ്രണയിനിയാണ്.
യേശു ഒത്തിരി പേർക്ക് സൗഖ്യം നൽകുന്നതായിട്ട് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ ആരെയും ഒരു സാമ്പ്രദായികമായ ഘടനയിലേക്ക് ചേർത്തു നിർത്താനോ, ചില നിയമങ്ങൾ പാലിക്കുന്നവരാക്കാനോ അവൻ നിർബന്ധിക്കുന്നില്ല. അവൻ അവരെ മാനവികതയുടെ പൂർണതയിലേക്ക് പിടിച്ചു ഉയർത്തുകയാണ്. ദൈവികാനുഭവത്തിന്റെ സന്തോഷത്തിലേക്ക് നയിക്കുകയാണ്. ഓർക്കുക, ദൈവം നിന്നെ കണ്ടെത്തുന്നത് നിൻറെ കുറവുകളെയും ദൗർബല്യങ്ങളെയും പർവതീകരിച്ച് ഏതെങ്കിലും ഒരു സമ്പ്രദായത്തിന്റെ ചുറ്റളവിൽ നിർത്തുന്നതിന് വേണ്ടിയല്ല. മറിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൂർണതയനുഭവിക്കുന്നതിനു വേണ്ടിയാണ്.
ദൈവത്തിൻറെ ആകുലത നാണയം നഷ്ടപ്പെട്ട വീട്ടമ്മയുടെതുപോലെയാണ്. നഷ്ടപ്പെട്ടത് സാധാരണ ഒരു നാണയമല്ല. മൂല്യമുള്ളത് തന്നെയാണ്. അവൾ വിളക്കു തെളിക്കുന്നു. വീട് മുഴുവനും അടിച്ചു വാരുന്നു. പോട്ടെ സാരമില്ല, ഇനി എപ്പോഴെങ്കിലും മുറികൾ വൃത്തിയാക്കുമ്പോൾ കിട്ടുമെന്ന് വിചാരിച്ച് അവൾ അന്വേഷണത്തെ മാറ്റിവയ്ക്കുന്നില്ല. മറിച്ച് മുറിയുടെ ഏതോ ഒരു ഇരുൾ മൂലയിൽ നിന്നും അവൾ ആ നാണയത്തെ കണ്ടെത്തുന്നു. ഈ ഒരു അവസ്ഥ നമ്മിലും സംഭവിക്കുന്നുണ്ട്. നമ്മിൽ ഉണ്ടായിരുന്ന ഒത്തിരി നന്മകൾ ഹൃദയമാകുന്ന ഭവനത്തിന്റെ ഏതോ കോണിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്. വീട്ടമ്മയാകുന്ന ദൈവം അതിനുള്ളിലേക്ക് ഒന്ന് പ്രവേശിക്കട്ടെ. മറഞ്ഞുകിടക്കുന്ന എല്ലാ നന്മകളും അവൾ പുറത്തെടുത്ത് ആഘോഷമാകും.
നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലാത്ത ഒരു പിതാവ്. ഒരു പുത്രൻ ഭവനം ഉപേക്ഷിച്ചു നടന്നിറങ്ങിയതെയുള്ളൂ അവന്റെ ഭവനം മൂകമായി കഴിഞ്ഞു. അകന്നുപോയ ആ മകൻറെ മേൽ ഒരു കുറ്റവും പിതാവ് ആരോപിക്കുന്നില്ല. മറിച്ച് അവനോടുള്ള സ്നേഹത്തിൻറെ വലിയൊരു നിധി ഹൃദയത്തിൽ സൂക്ഷിച്ച് അവനായി കാത്തിരിക്കുകയാണ്. അവൻ കുഞ്ഞല്ല. പക്വതയുള്ളവനാണ്, പ്രായപൂർത്തിയായവനാണ്. ഇന്നല്ലെങ്കിൽ നാളെ ഒരു തിരിച്ചറിവ് ഉണ്ടാകും. അന്നവൻ വരും. അങ്ങനെ ഒരുനാൾ അവൻ തിരിച്ചു വരുന്നു. അന്ന് ആ വൃദ്ധ പിതാവ് ഓടുന്നുണ്ട്. മകനെ ചേർത്തു നിർത്താനും ആലിംഗനം ചെയ്യാനും. മകൻറെ ഒരു ക്ഷമാപണവും ആ പിതാവിന് ഇനി വേണ്ട. അവന് ആ മകനെ മാത്രം മതി. മകനുവേണ്ടി കാത്തിരുന്ന ആ വിശ്വസ്തനായ പിതാവ് അവൻറെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്.
മൂന്നു ഉപമയുടെയും ക്ലൈമാക്സ് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ചിത്രമാണ്. സ്വർഗ്ഗത്തിലെ സന്തോഷമാണ് അവിടെ ചിത്രീകരിക്കുന്നത്. എവിടെ നിന്നാണ് ഈ ആനന്ദം ഉൽഭവിക്കുന്നത്? അത് ജനിക്കുന്നത് സ്നേഹത്തിൽ നിന്നാണ്. ഉത്തമഗീതത്തിലെ പ്രണയിനിയെ പോലെയാണ് ദൈവം. അവൻ അന്വേഷിക്കുകയാണ്, “കണ്ടോ, നിങ്ങളെൻ പ്രാണപ്രിയനെ?”
ഞാനും നീയുമാണ് ദൈവത്തിൽ നിന്നും അകന്നു പോയ ആ പ്രണയിനി. അവൻ ഇന്നും അന്വേഷിച്ചു നടക്കുകയാണ്. ഓടിയൊളിക്കണ്ട ഇനി അവനിൽ നിന്നും. ഓടിയടുക്കാം നമുക്ക്. തിരിച്ച് പോകാം ആ ഭവനത്തിലേക്ക്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.