Categories: Meditation

24th Sunday_കരുണയുടെ ഉപമകൾ (ലൂക്കാ 15:1-33)

നമ്മൾ ദൈവത്തെ നഷ്ടപ്പെടുത്തിയാലും അവൻ ഒരിക്കലും നമ്മെ നഷ്ടപ്പെടുത്തുന്നില്ല...

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ

മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴിക്കണ്ണോടെ കാത്തിരിക്കുന്ന ഒരു പിതാവ്. കരുണയുടെ പരിമളം വിതറുന്ന മൂന്ന് ഉപമകളിലെ കഥാപാത്രങ്ങളാണിവർ. ഈ ഉപമകളെ വേണമെങ്കിൽ സുവിശേഷത്തിനുള്ളിലെ സുവിശേഷം എന്ന് വിളിക്കാം. ഈ ഉപമകളുടെ വശ്യമായ സൗന്ദര്യം ഇതിലെ ഓരോ പദങ്ങളിലും വരികളിലും വ്യാകരണത്തിലും പോലും നിറഞ്ഞു നിൽക്കുന്ന ദൈവത്തിന്റെ മുഖമാണ്.

സുവിശേഷം തുടങ്ങുന്നത് പാപികളോടും ചുങ്കക്കാരോടുമുള്ള യേശുവിന്റെ സൗഹൃദത്തിന്റെ ആൽക്കമി വർണിച്ചുകൊണ്ടാണ്. യേശുവിന് അവരോടൊപ്പമായിരിക്കുമ്പോഴുള്ള ഒരു ഭവനാത്മകത മറ്റ് ആരിൽ നിന്നും അനുഭവിക്കുന്നില്ല എന്നകാര്യം ലൂക്കായുടെ സുവിശേഷം മനോഹരമായി പലയിടങ്ങളിലും ചിത്രീകരിക്കുന്നുണ്ട്. ചില ബന്ധങ്ങളുടെ ഊഷ്മളത കാണുമ്പോൾ ഉള്ളിൽ തമസ്സുള്ളവർക്ക് അസ്വസ്ഥതയുണ്ടാകും. അങ്ങനെയുള്ളവർ പിറുപിറുക്കും. പിന്നീടത് കപട സദാചാരത്തിന്റെ നിയമങ്ങളായി തീരുകയും ചെയ്യും. അതുകൊണ്ടാണ് യേശു ഒന്നിനു പിറകെ ഒന്നായി ജീവിതത്തിന്റെ അർത്ഥതലങ്ങൾ വ്യക്തമാക്കുന്ന മൂന്ന് ഉപമകൾ പറയുന്നത്: നഷ്ടപ്പെട്ട ആട്, നഷ്ടപ്പെട്ട നാണയം, വീടുവിട്ടിറങ്ങിയ ഒരു മകനും അവന്റെ സ്വയം നഷ്ടപ്പെടലും. നഷ്ടപ്പെടലിന്റെ കഥയാണ് ഉപമകൾ പറയുന്നത്. ഒപ്പം വേദനയനുഭവിക്കുന്ന ദൈവത്തിന്റെ ചിത്രവും അവന്റെ അന്വേഷണവും അവസാനം കണ്ടെത്തി കഴിയുമ്പോഴുള്ള സന്തോഷവുമെല്ലാം ഹൃദയസ്പർശിയായി സുവിശേഷകൻ ചിത്രീകരിക്കുന്നു.

ആടിനോടുള്ള ഇടയന്റെ തീവ്രമായ സ്നേഹത്തിന്റെ ഉപമയാണ് ആദ്യത്തേത്. മരുഭൂമിയിലെ കല്ലുകളുടെയും മുള്ളുകളുടെയുമിടയിൽ അവൻ ആടിനെ അന്വേഷിച്ചു നടക്കുന്നു. വലിയൊരു സന്ദേശം ഈ ചിത്രം നൽകുന്നുണ്ട്. നമ്മൾ ദൈവത്തെ നഷ്ടപ്പെടുത്തിയാലും അവൻ ഒരിക്കലും നമ്മെ നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ട ആടല്ല ഇടയനെ കണ്ടെത്തുന്നത്. ഇടയനാണ് അതിനെ കണ്ടെത്തുന്നത്. അത് ആലയിലേക്ക് മടങ്ങുകയായിരുന്നില്ല, അകലുകയായിരുന്നു. ഇടയൻ അകന്നു പോയതിനെ ശാസിക്കുന്നില്ല. ശിക്ഷിക്കുന്നുമില്ല. ചുറ്റിനും പതിയിരിക്കുന്ന അപകടങ്ങളിൽനിന്നും ആടിനെ ജീവനോടെ കിട്ടിയല്ലോ, അതാണ് അവന്റെ ആശ്വാസം. പിന്നീടുളള ചിത്രം തീർത്തും തരളിതമാണ്. അവൻ ആ ആടിനെ തോളത്ത് ചുമന്നു കൊണ്ടു വരുന്നു. അകന്നുപോയ ആ ആട് തീർത്തും അവശയാണ് എന്നവനറിയാം. ആലയിലേക്കുള്ള മടങ്ങിവരവിൽ വഴിയിൽ അത് തളർന്നു വീഴരുത്. അതിനാൽ അവൻ അതിനെ തോളിലേറ്റുന്നു. എത്ര സുന്ദരമാണീ കാഴ്ച. നോക്കുക, അവനിൽ നിന്നും അകന്നു പോയി എന്ന തെറ്റിന് ദൈവം അത്ര വലിയ പ്രാധാന്യം കൊടുക്കുന്നില്ല. മറിച്ച്, അവന്റെ ഉത്കണ്ഠ നമ്മൾ തളർന്നു വീഴാതിരിക്കുകയെന്നതാണ്.

യേശു ഒത്തിരി പേർക്ക് സൗഖ്യം നൽകുന്നതായിട്ട് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നുണ്ട്. പക്ഷേ ആരെയും ഒരു സാമ്പ്രദായികമായ ഘടനയിലേക്ക് ചേർത്തുനിർത്താനോ, ചില നിയമങ്ങൾ പാലിക്കുന്നവരാക്കാനോ അവൻ നിർബന്ധിക്കുന്നില്ല. അവരെ മാനവികതയുടെ പൂർണതയിലേക്ക് പിടിച്ചുയർത്തുകയാണവൻ. ദൈവികാനുഭവത്തിന്റെ സന്തോഷത്തിലേക്ക് നയിക്കുകയാണ്. ഓർക്കുക, ദൈവം നിന്നെ കണ്ടെത്തുന്നത് നിന്റെ കുറവുകളെയും ദൗർബല്യങ്ങളെയും പർവതീകരിച്ച് ഏതെങ്കിലും ഒരു സമ്പ്രദായത്തിന്റെ ചുറ്റളവിൽ നിർത്തുന്നതിന് വേണ്ടിയല്ല. മറിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പൂർണതയനുഭവിക്കുന്നതിനാണ്.

ദൈവത്തിന്റെ ആകുലത നാണയം നഷ്ടപ്പെട്ട വീട്ടമ്മയുടെതുപോലെയാണ്. നഷ്ടപ്പെട്ടത് സാധാരണ ഒരു നാണയമല്ല. മൂല്യമുള്ളത് തന്നെയാണ്. അവൾ വിളക്കു തെളിക്കുന്നു. വീട് മുഴുവനും അടിച്ചു വാരുന്നു. പോട്ടെ സാരമില്ല, ഇനി എപ്പോഴെങ്കിലും മുറികൾ വൃത്തിയാക്കുമ്പോൾ കിട്ടുമെന്ന് വിചാരിച്ച് അവൾ അന്വേഷണത്തെ മാറ്റിവയ്ക്കുന്നില്ല. മറിച്ച് മുറിയുടെ ഏതോ ഒരു ഇരുൾ മൂലയിൽ നിന്നും അവൾ ആ നാണയത്തെ കണ്ടെത്തുന്നു. ഈയൊരവസ്ഥ നമ്മിലും സംഭവിക്കുന്നുണ്ട്. നമ്മിൽ ഉണ്ടായിരുന്ന ഒത്തിരി നന്മകൾ ഹൃദയമാകുന്ന ഭവനത്തിന്റെ ഏതോ കോണിൽ പൊടിപിടിച്ചു കിടക്കുന്നുണ്ട്. വീട്ടമ്മയാകുന്ന ദൈവം അതിനുള്ളിലേക്ക് ഒന്ന് പ്രവേശിക്കട്ടെ. മറഞ്ഞുകിടക്കുന്ന എല്ലാ നന്മകളും അവൾ പുറത്തെടുത്ത് ആഘോഷമാക്കും.

നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലാത്ത ഒരു പിതാവ്. ഒരു പുത്രൻ ഭവനം ഉപേക്ഷിച്ചു നടന്നിറങ്ങിയതെയുള്ളൂ, അവന്റെ ഭവനം മൂകമായി കഴിഞ്ഞു. അകന്നുപോയ ആ മകന്റെ മേൽ ഒരു കുറ്റവും പിതാവ് ആരോപിക്കുന്നില്ല. മറിച്ച് അവനോടുള്ള സ്നേഹത്തിന്റെ വലിയൊരു നിധി ഹൃദയത്തിൽ സൂക്ഷിച്ച് അവനായി കാത്തിരിക്കുകയാണ്. അവൻ കുഞ്ഞല്ല, പക്വതയുള്ളവനാണ്, പ്രായപൂർത്തിയായവനാണ്. ഇന്നല്ലെങ്കിൽ നാളെ ഒരു തിരിച്ചറിവ് ഉണ്ടാകും. അന്നവൻ വരും. അങ്ങനെ ഒരുനാൾ അവൻ തിരിച്ചു വരുന്നു. അന്ന് ആ വൃദ്ധ പിതാവ് ഓടുന്നുണ്ട്. മകനെ ചേർത്തു നിർത്താനും ആലിംഗനം ചെയ്യാനും. മകന്റെ ഒരു ക്ഷമാപണവും ആ പിതാവിന് വേണ്ട, അവനെ മാത്രം മതി. മകനുവേണ്ടി കാത്തിരുന്ന ആ പിതാവ് അവന്റെ സന്തോഷം മാത്രമാണ് ആഗ്രഹിക്കുന്നത്.

മൂന്നു ഉപമകളുടെയും ക്ലൈമാക്സ് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ചിത്രമാണ്. സ്വർഗ്ഗത്തിലെ സന്തോഷമാണ് അവിടെ ചിത്രീകരിക്കുന്നത്. എവിടെ നിന്നാണ് ഈ ആനന്ദം ഉൽഭവിക്കുന്നത്? അത് ജനിക്കുന്നത് സ്നേഹത്തിൽ നിന്നാണ്. ഉത്തമഗീതത്തിലെ പ്രണയിനിയെ പോലെയാണ് ദൈവം. അവൻ അന്വേഷിക്കുകയാണ്, “കണ്ടോ, നിങ്ങളെൻ പ്രാണപ്രിയനെ?” ഞാനും നീയുമാണ് ദൈവത്തിൽ നിന്നും അകന്നു പോയ ആ പ്രണയി. അവൻ ഇന്നും അന്വേഷിച്ചു നടക്കുകയാണ്. ഓടിയൊളിക്കണ്ട ഇനി അവനിൽ നിന്നും. ഓടിയടുക്കാം നമുക്ക്. തിരിച്ച് പോകാം ആ ഭവനത്തിലേക്ക്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

7 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago