Categories: Articles

ഒരു വൈദീകന്റെ രാഷ്ട്രീയം

ഫാ.ജോഷി മയ്യാറ്റിൽ

ഫാ.ജോഷി മയ്യാറ്റിൽ

ഈയിടെ എന്റെ FB യിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു സുഹൃത്തിന്റെ കമന്റാണ് നീണ്ട ചർച്ചയ്ക്ക് വഴിയൊരുക്കിയത്. സത്യത്തിൽ ഇത്തരം ചിന്താഗതി അതു കുറിച്ചിട്ടയാളുടേതു മാത്രമല്ല. പലർക്കും അത്തരം തെറ്റിദ്ധാരണയുണ്ട്. എന്തിന്, വൈദികർക്കിടയിൽ പോലും ആ തെറ്റിദ്ധാരണയുണ്ട്.

ഒരു വൈദികന് രാഷ്ട്രീയം ആകാമോ?

രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിച്ചതാകയാൽ, ഒരു രാഷ്ട്രത്തിലെ പൗരൻ എന്ന നിലയിൽ തീർച്ചയായും വൈദികന് രാഷട്രീയം ഉണ്ടായിരിക്കണം എന്നാണ് ഇതിനുള്ള എന്റെ ഉത്തരം.

എന്തു തരം രാഷ്ട്രീയമാണ് ഒരു വൈദികന് ഉണ്ടാകേണ്ടത്?

പൗരധർമ്മ നിബദ്ധമായ, പൊതുനന്മ മാത്രം ലക്ഷ്യം വച്ചുള്ള, അജപാലനപരമായ ഒരു രാഷ്ട്രീയമായിരിക്കണം (pastoral politics) വൈദികന്റേത്.

എന്താണ് അജപാലനപരമായ രാഷ്ട്രീയം?

തൻ്റെ ശുശ്രൂഷയിലുള്ള, ജനത്തിന്റെ (അതായത്, ഒരിടവകാതിർത്തിയിലുള്ള സകല മനുഷ്യരുടെയും) സംരക്ഷണത്തിനും സർവതോമുഖമായ വളർച്ചയ്ക്കും ഇടയാക്കുന്ന രാഷ്ട്രീയമാണ് അജപാലനപരമായ രാഷ്ട്രീയം.

കക്ഷിരാഷ്ട്രീയവും അജപാലനപരമായ രാഷ്ട്രീയവും തമ്മിൽ ബന്ധമുണ്ടോ?

ഉണ്ടാകാം. ജനനന്മയ്ക്കായി ഏതു രാഷ്ട്രീയ പാർട്ടിയും എടുക്കുന്ന നിലപാട് അജപാലനപരമായ രാഷ്ട്രീയത്തിൻ്റെ ഭാഗം കൂടിയാണ്. എന്നാൽ പ്രത്യയശാസ്ത്രപരമായ ചേരിതിരിവുകളിൽ വൈദികർ സജീവപങ്കാളികളാകുന്നതിനോട് എനിക്കു യോജിപ്പില്ല. താൻ പ്രതിനിധാനം ചെയ്യുന്ന വിശ്വാസ-ധാർമിക ബോധ്യങ്ങൾക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളോട് സഹകരിക്കാൻ വൈദികൻ സന്നദ്ധരാകരുത്.

കമ്മ്യൂണിസ്റ്റു – കോൺഗ്രസ് – ബിജെപി പ്രത്യയശാസ്ത്രങ്ങളോടുള്ള സമീപനം?

ഒരു നിരീശ്വരവാദപ്രസ്ഥാനം എന്ന നിലയിലും തൊഴിലാളിവർഗ സ്റ്റേറ്റിൻ്റെ പരമാധികാരം സ്വപ്നം കാണുന്ന പ്രസ്ഥാനം എന്ന നിലയിലും ഇതിനോട് ഒരു കാലത്ത് സഭയ്ക്ക് കടുത്ത വിമുഖതയുണ്ടായിരുന്നു. പക്ഷേ, അവരുടെ കൊടിമൂത്ത സൈദ്ധാന്തികർ പോലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വിശ്വാസവിരുദ്ധതയും അൾട്രാസോഷ്യലിസവും തള്ളിപ്പറയുന്ന ഈ കാലത്ത് ആ പാർട്ടിയോട് വൈദികർക്ക് ആ പഴയ നിലപാട് ഉണ്ടാകേണ്ടതില്ല. കോൺഗ്രസ്സിന്റെ അടിസ്ഥാനസിദ്ധാന്തങ്ങൾ സഭാബോധ്യങ്ങളോടു ചേർന്നുപോകുന്നതാണെന്ന് വ്യക്തമായിരുന്നതിനാലാണ് കോൺഗ്രസ്സും ക്രൈസ്തവരും എക്കാലവും കൈകോർത്തിട്ടുള്ളത്. മതരാഷ്ട്രസങ്കല്പത്തിൽ അധിഷ്ഠിതമായ ബിജെപിയുടെ ശൈലി പ്രകടമായ വർഗീയ ധ്രുവീകരണവും ഭരണഘടനാവിരുദ്ധതയും പുലർത്തുന്നതും ഇന്ത്യ എന്ന ആശയത്തിനുതന്നെ തുരങ്കംവയ്ക്കുന്നതുമാണ് എന്നതിനാൽ വൈദികർക്ക് അതിനോട് അല്പം പോലും മൃദുവായ സമീപനം സ്വീകരിക്കാൻ സാധ്യമല്ല.

മതരാഷ്ട്രാധിഷ്ഠിതമായ ഏതു രാഷ്ട്രീയത്തെയും പൂർണമായി തള്ളിപ്പറയാൻ ക്രൈസ്തവരും ക്രൈസ്തവ നേതാക്കളും തയ്യാറാകണം. കാരണം, യേശുക്രിസ്തു മുന്നോട്ടുവച്ചിട്ടുള്ള രാഷ്ട്രീയം മതേതരത്വത്തിന്റേതാണ്. ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്നു പറയുമ്പോൾ അർത്ഥം, മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. പക്ഷേ, ഇത് ഒരു വിധത്തിലും വിശ്വാസികൾക്കോ മതനേതൃത്വത്തിനോ രാഷ്ട്രീയം അന്യമായിരിക്കണം എന്നർത്ഥമാക്കുന്നില്ല. മറിച്ച്, ഭൗമികകടമകളും സ്വർഗീയകടമകളും ക്രൈസ്തവർ വ്യതിരിക്തതകളോടെ നിറവേറ്റണം എന്നാണ് അർത്ഥമാക്കുന്നത്. പൊതുനന്മയിലും പൗരബോധത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ രാഷ്ട്രീയമാണ് യഥാർത്ഥ ക്രൈസ്തവരാഷ്ട്രീയം.

അജപാലനപരമായ രാഷ്ട്രീയം എന്നാൽ പ്രായോഗികമായി എന്താണ്?

ഒന്നാമതായി, ഒരു പാർട്ടിയോടും അന്ധമായ വിധേയത്വം പുലർത്താതിരിക്കലാണത്. ക്രിസ്ത്യാനി എന്നാൽ കൈപ്പത്തി എന്ന സമവാക്യം അജപാലന പരമായ രാഷ്ട്രീയത്തിന് എതിരാകാം. എന്തുവന്നാലും അരിവാൾ ചുറ്റിക നക്ഷത്രം എന്ന നിലപാടും അജപാലന പരമായ രാഷ്ട്രീയത്തിന് എതിരാകാം. പാർട്ടികളുടെയും മുന്നണികളുടെയും നയങ്ങളും പ്രവർത്തന ശൈലികളും ജനക്ഷേമ നിലപാടുകളും കാലാകാലങ്ങളിൽ വിലയിരുത്തിയുള്ള നിലപാടാണ് അജപാലന പരമായ രാഷ്ട്രീയത്തിന്റെ മുഖ്യധർമ്മം.

രണ്ടാമതായി, ഏറ്റവും താഴെക്കിടയിലുള്ളവരുടെ സമുദ്ധാരണമായിരിക്കണം അജപാലനപരമായ രാഷ്ട്രീയത്തിൻ്റെ മുഖ്യലക്ഷ്യം. ദരിദ്രരോടും അരികുവത്കരിക്കപ്പെട്ടവരോടും ക്രിസ്തുവും സഭയും പുലർത്തിയിട്ടുള്ള സവിശേഷാഭിമുഖ്യമാണ് ഈ ലക്ഷ്യത്തിനായി നിലകൊള്ളാൻ വൈദികരെ നിർബന്ധിക്കുന്നത്. ഉദാഹരണത്തിന്, കൊച്ചി നിയോജകമണ്ഡലത്തിലെ ഏറ്റവും ഗുരുതരമായ വിഷയമായ ചെല്ലാനം തീരദേശത്തെ ജനത്തിൻ്റെ ദുഃഖദുരിതങ്ങൾ മുഖ്യ തിരഞ്ഞെടുപ്പു വിഷയമായി കാണാത്ത ഇരുമുന്നണികൾക്കുമെതിരേ ആലപ്പുഴ-കൊച്ചി രൂപതകളിലെ വൈദികർ നിലപാടെടുക്കുന്നില്ലെങ്കിൽ അത് അജപാലനപരമായ രാഷ്ട്രീയമല്ല.

മൂന്നാമതായി, തിന്മകൾക്കെതിരേയുള്ള പ്രവാചകപരമായ പോരാട്ടം അജപാലനപരമായ രാഷ്ട്രീയത്തിൻ്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. ദൈവവചനാധിഷ്ഠിതമായ പ്രവാചകധർമം നിറവേറ്റാത്തവർ പൗരോഹിത്യധർമവും നിറവേറ്റുന്നില്ല. ഉദാഹരണത്തിന്, വിദേശ മലയാളികളും മദ്യവും ലോട്ടറിയും മുഖ്യ സാമ്പത്തിക സ്രോതസ്സുകളായി കരുതുന്ന വിലകെട്ട രാഷ്ട്രീയനയത്തെ തുറന്നെതിർക്കാൻ വൈദികർ സന്നദ്ധരാകണം. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന തീവ്രവാദ നീക്കങ്ങളോടു കൈകോർക്കുന്ന ഏതു രാഷ്ട്രീയനീക്കത്തെയും തുറന്നെതിർക്കാൻ അജപാലനപരമായ രാഷ്ട്രീയത്തിനു കടമയുണ്ട്.

നാലാമതായി, പാർട്ട്യാധിപത്യമോ പണാധിപത്യമോ ആണ് ജനാധിപത്യം എന്ന തെറ്റിദ്ധാരണ തിരുത്താനും സമൂഹത്തിൽ ശുദ്ധമായ രാഷ്ട്രീയവബോധം ഉളവാക്കാനും പൗരധർമബോധമുള്ള ചെറുപ്പക്കാരായ രാഷ്ട്രീയക്കാരെ പരിശീലിപ്പിച്ചു വളർത്തിക്കൊണ്ടുവരാനും ശ്രദ്ധിക്കണം. പാർട്ടികളുടെ അടിമകൾക്ക് നല്ല പൗരരാകാൻ മിക്കപ്പോഴും കഴിയില്ലെന്ന യാഥാർത്ഥ്യം വെളിവാക്കാൻ സാധിക്കണം. അത് ഇവിടത്തെ അക്രമത്തെയും വർഗീയതയെയും തള്ളിപ്പറയാൻ ചങ്കൂറ്റമുള്ള പുത്തൻ രാഷ്ട്രീയസംസ്കാരം ഉടലെടുക്കാൻ ഇടയാക്കും.

സാമുദായിക രാഷ്ട്രീയം വൈദികർക്ക് ആകാമോ?

മതത്തിന് സമുദായിക മുഖം കൂടിയുണ്ട്. സാമുദായിക നേതാക്കൾക്ക് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള കാലമാണിത്. കഷ്ടമെന്നു പറയട്ടെ, ക്രൈസ്തവർക്കിടയിൽ സമുദായനേതാക്കളില്ല. മെത്രാന്മാരെയും പുരോഹിതരെയും സമുദായനേതാക്കളായി സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണ്. കൈസ്തവ ആത്മീയനേതാക്കളിൽ നല്ലൊരു പങ്കിനും സമൂഹത്തെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ കാര്യമായ ധാരണയൊന്നുമില്ല. അതിനാൽ ഒട്ടുമിക്കവരും വെറും സ്ഥാപനാത്മകതയിൽ കഴിയുന്നു. സ്കൂൾ, ആശുപത്രി എന്നിവയുടെ നടത്തിപ്പിന് ലഭിക്കുന്ന സഹായമാണ് അവരുടെ രാഷ്ട്രീയം നിർണയിക്കുന്നത്. കഴിഞ്ഞ അനേകം പതിറ്റാണ്ടുകളിൽ ക്രൈസ്തവനേതൃത്വത്തിന്റേത് ഇത്തരം സ്ഥാപനാത്മകരാഷ്ട്രീയം മാത്രമായിരുന്നു. സമുദായാംഗങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ സമൂഹത്തിലെ വിവിധങ്ങളായ അടിയൊഴുക്കുകളെക്കുറിച്ചോ പ്രത്യേക ചിന്തയില്ലാതെ പൊതുജനനന്മ എന്ന ഏക ലക്ഷ്യമാണ് അവരെ എന്നും നയിച്ചത്. സമുദായങ്ങൾ തമ്മിൽ ഒരു കാരണവശാലും സ്പർദ്ധയുണ്ടാകരുത് എന്ന പുണ്യചിന്ത എപ്പോഴും ശിരസ്സാ വഹിച്ചവരാണ് ക്രൈസ്തവ മതനേതാക്കൾ. അതിനു വേണ്ടി എന്തും ബലികഴിക്കാനും ഏതിലും നിശ്ശബ്ദത പാലിക്കാനും (കൈവെട്ടുകേസ് ഉദാഹരണം) തുനിഞ്ഞ ഒരു സമുദായത്തിന് മെല്ലെ പാദത്തിനിടയിലെ മണ്ണ് ഒലിച്ചുപോവുകയായിരുന്നു. അങ്ങനെ ഒരു പ്രത്യേക മുന്നണിയുടെ വിനീതവിധേയരായി ക്രൈസ്തവർ കരുതപ്പെടുകയും സാമുദായികമായി അനീതിക്കിരയാവുകയും കവർച്ച ചെയ്യപ്പെടുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു. അതുതന്നെയാണ് ക്രൈസ്തവരുടെ ഇന്നത്തെ പിന്നാക്കാവസ്ഥയ്ക്കു കാരണവും. ഈ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ പോലും ക്രൈസ്തവരുടെ ന്യായമായ പരാതികൾക്ക് ഒരു മുന്നണിയും ചെവി നല്കിയിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം? അതിനാൽ, ക്രൈസ്തവ സമുദായാംഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പരിഗണന കേരള രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പുള്ളവരും വ്യക്തിത്വസമഗ്രതയുള്ളവരുമായ സ്ഥാനാർത്ഥികൾ ജയിക്കുന്നു എന്നുറപ്പാക്കാൻ അജപാലനപരമായ രാഷ്ട്രീയം ശ്രദ്ധിക്കും.

ഇതാ, എന്റെ രാഷ്ട്രീയത്തിന്റെ മേന്മകൾ!

അജപാലനപരമായ രാഷ്ട്രീയം രാഷ്ട്രത്തിനു സഭ ചെയ്യുന്ന സേവനങ്ങളിൽ ഏറ്റവും നല്ലതായിരിക്കും. ഇന്ത്യ എന്ന ആശയത്തിനു പുനർജീവൻ നല്കാൻ അത്തരം രാഷ്ട്രീയത്തിനു കഴിയും. വർഗീയതയാലും അഴിമതിയാലും സ്വജനപക്ഷപാതത്താലും വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ വിമലീകരിക്കാൻ പൗരസമൂഹത്തെ പ്രാപ്തമാക്കാൻ അത്തരം രാഷ്ട്രീയത്തിനു കഴിയും. പാർശ്വവത്കരിക്കപ്പെട്ടവരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ അത്തരം രാഷ്ട്രീയത്തിനു കഴിയും. സാമുദായികമായ സന്തുലനം കേരള സമൂഹത്തിൽ നിലനിറുത്താൻ അത്തരം രാഷ്ട്രീയത്തിനു കഴിയും. സീസറിനുള്ളതു സീസറിനു നല്കാനുള്ള യേശുക്രിസ്തുവെന്ന സത്യദൈവത്തിൻ്റെയും സത്യമനുഷ്യൻ്റെയും കല്പന നിറവേറ്റുന്നവരായി നമ്മൾ മാറുകയും ചെയ്യും.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago