സ്വന്തം ലേഖകൻ
ന്യൂഡൽഹി: ക്രൈസ്തവ മിഷനറിമാർ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് ബിജെപി എം.പി. ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നുള്ള എം.പി. ഭരത് സിംഗിന്റേതാണു വിവാദപരാമർശം. കോൺഗ്രസ് പാർട്ടി മിഷനറിമാരുടെ നിർദേശമനുസരിച്ചാണു പ്രവർത്തിക്കുന്നതെന്നും ഭരത് സിംഗ് ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമ്മ മിഷനറിമാരുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണു പ്രവർത്തിക്കുന്നത്.
ആളുകൾ ക്രൈസ്തവമതം സ്വീകരിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനാധിപത്യം ദുർബലപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ക്രൈസ്തവ മിഷനറിമാരുടെ സ്വാധീനത്തിലാണ്. അവരുടെ ഗൂഢാലോചനകൾ രാജ്യത്തിനു ഭീഷണിയായെന്നും എം.പി. ആരോപിച്ചു.
സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന്മേൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളിൽ പ്രകോപിതനായാണ് ക്രൈസ്തവ മിഷനറിമാർക്കെതിരേ ബിജെപി എം.പി.യുടെ കടന്നാക്രമണം.
ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറിന്റെ പ്രതിമ തകർത്ത സംഭവത്തിനു പിന്നിലും ക്രൈസ്തവ മിഷനറിമാരാണെന്ന് ഭരത് ആരോപിച്ചു.
Related