Meditation

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

സുവിശേഷമാകുക ഒരിക്കലും എളുപ്പമായിരുന്നില്ല; അന്നും അല്ല, ഇന്നും അല്ല...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല ഹൃദയങ്ങളും അടഞ്ഞുകിടക്കുന്നു. അവന്റെ പ്രവൃത്തികൾ കരുണയുടെ ഭാഷ സംസാരിക്കുന്നുവെങ്കിലും, അതിൽ ദൈവത്തിന്റെ കരങ്ങൾ കാണാൻ പലർക്കും കഴിയുന്നില്ല. നിയമജ്ഞരുടെ കണ്ണിൽ അവൻ ദൈവദൂഷകനാണ് (മത്തായി 9:3); മരണശിക്ഷയ്ക്ക് അർഹനായ ഒരുവൻ. ഫരിസേയർ അവനെതിരെ അപവാദങ്ങളുടെ വല നെയ്യുന്നു. അവൻ ചെയ്ത അത്ഭുതങ്ങളെയും രോഗശാന്തികളെയും നിഷേധിക്കാൻ കഴിയാതെ വന്നപ്പോൾ, അവയെ ബെൽസെബൂലിന്റെ ശക്തിയാണെന്ന് ആരോപിക്കുന്നു. അവന്റെ വ്യക്തിത്വത്തെയും അവർ അവഹേളിക്കുന്നു: “ഇവൻ തീറ്റപ്രിയനും മദ്യപാനിയുമാണ്” എന്ന് മുദ്രകുത്തി. ഇതിലും വേദനാജനകമായത് മറ്റൊന്നായിരുന്നു. ഗലീലിയിലെ പ്രധാന നഗരങ്ങൾ അവന്റെ സന്ദേശത്തോട് അനാസക്തമായി നിൽക്കുന്നു. അവന്റെ സ്നേഹപൂർണമായ ആഹ്വാനം അവരുടെ മനസ്സുകളെ ഉണർത്തിയില്ല; അവന്റെ വചനങ്ങൾ അവരുടെ ഹൃദയങ്ങളിൽ മാറ്റത്തിന്റെ വിത്ത് വിതച്ചില്ല.

മനുഷ്യനെന്ന നിലയിൽ യേശു അനുഭവിച്ച നിരാശയുടെ നിമിഷമാണിത്. എന്നാൽ ആ നിരാശ അവന്റെ പ്രത്യാശയെ അണച്ചില്ല; ആ നിരാകരണം അവന്റെ സ്നേഹത്തെ തളർത്തിയില്ല. മനുഷ്യർ വാതിലുകൾ അടച്ചപ്പോഴും, ദൈവരാജ്യത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നുകൊണ്ട് അവൻ തന്റെ ദൗത്യത്തിൽ അചഞ്ചലനായി മുന്നേറി.

ശരിയാണ്, സുവിശേഷമാകുക ഒരിക്കലും എളുപ്പമായിരുന്നില്ല; അന്നും അല്ല, ഇന്നും അല്ല. തന്റെ കാലഘട്ടത്തിന്റെ ചിന്താഗതിയെ മാറ്റിമറിക്കാൻ യേശുവിന് തന്നെ ഇത്രയേറെ പ്രയാസപ്പെട്ടുവെങ്കിൽ, നാം അവനെക്കാൾ കഴിവുള്ളവരാണെന്ന് കരുതാനാകുമോ? അപ്പോൾ എന്തു ചെയ്യണം? നിരാശയ്ക്ക് കീഴടങ്ങണോ? അല്ല.

യേശു നമ്മോടു പറയുന്നു: “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.” തിരസ്കരണം യേശുവിനെ തോൽപ്പിച്ചില്ല. അവിടുന്ന് പിതാവിന്റെ കരങ്ങളിൽ തന്നെത്തന്നെ സമർപ്പിച്ചു പ്രാർത്ഥിച്ചു: “സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.”

ഈ വചനങ്ങൾ നമ്മെക്കുറിച്ചും സംസാരിക്കുന്നുണ്ട്. നാം പിതാവിനെ അറിയുന്നത് നമ്മുടെ ബുദ്ധിയുടെ മഹത്വംകൊണ്ടല്ല; പുത്രൻ അവിടുത്തെ നമുക്കു വെളിപ്പെടുത്താൻ തിരുവുള്ളമായതുകൊണ്ടാണ്. വിശ്വാസം നമ്മുടെ നേട്ടമല്ല; അത് ദൈവത്തിന്റെ മഹത്തായ ദാനമാണ്.
ലോകത്തെ മുഴുവൻ മാനസാന്തരപ്പെടുത്തുക എന്നതല്ല നമ്മുടെ ദൗത്യം. സുവിശേഷത്തിന് വിശ്വസ്തസാക്ഷികളാകുക, പ്രത്യാശയുടെ വിത്തുകൾ വിശ്വസ്തതയോടെ വിതയ്ക്കുക—അതാണ് നമ്മുടെ വിളി. ആ വിത്ത് ആരുടെ ഹൃദയത്തിൽ എപ്പോൾ മുളപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിന് വളർച്ച നൽകുകയും ചെയ്യുന്നത് സ്വർഗ്ഗസ്ഥനായ പിതാവാണ്. അതുകൊണ്ട് നമ്മുടെ അധ്വാനം ഫലശൂന്യമാണെന്ന് തോന്നുന്ന നിമിഷങ്ങളിലും ധൈര്യം കൈവിടരുത്.

വിജയി എന്നത് ഒരിക്കലും കീഴടങ്ങാത്ത ഒരു സ്വപ്നദർശിയാണ്. നമ്മുടെ കടമ വിതയ്ക്കുക മാത്രമാണ്. വിളവിന്റെ സമയം, വളർച്ചയുടെ അത്ഭുതം, ഫലത്തിന്റെ സമൃദ്ധി—അവയെല്ലാം ദൈവത്തിന്റെ കൈകളിലാണ്. ക്ഷണിതരെയാണ് അവൻ വിളിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്: നമ്മെ ക്ഷീണിപ്പിക്കുന്നത് ജോലിയുടെ ഭാരമല്ല; മറിച്ച്, ആവർത്തിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ജീവിതവും അതിലെ ശൂന്യതയുമാണ്. ഏറ്റവും കൂടുതൽ തളർത്തുന്നത് കഠിനാധ്വാനമല്ല; പൂർണമായി ജീവിക്കാതിരിക്കുന്നതാണ്. അതിലുപരി നമ്മെ യഥാർത്ഥത്തിൽ ക്ഷീണിപ്പിക്കുന്നത് സ്വപ്നങ്ങളില്ലാതെ ജീവിക്കേണ്ടി വരുന്നതാണ്.

വിഷയം ശരീരത്തിന്റെ തളർച്ചയല്ല; ആത്മാവിന്റെ നിശ്ശബ്ദ ക്ഷീണത്തെക്കുറിച്ചാണ്. ഒരേപോലെ ഒഴുകിപ്പോകുന്ന ദിവസങ്ങൾ, പ്രത്യാശ നഷ്ടപ്പെട്ട ഹൃദയം, അർഥം നഷ്ടമായ ജീവിതം—ഇവയാണ് നമ്മെ ഉള്ളിൽ നിന്ന് തളർത്തുന്നത്. മനഃശാസ്ത്രം ഇതിനെ ആത്മാവിന്റെ ആന്തരിക ക്ഷീണം എന്ന് വിളിക്കുന്നു. സംശയങ്ങളും നിരാശയും, ഒന്നും പൂർത്തിയായില്ലെന്ന തോന്നലും, ജീവിതത്തിന് ദിശയില്ലെന്ന അനുഭവവും അതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ വിശ്വാസത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇത് ദൈവിക പ്രത്യാശയുടെ വെളിച്ചം മങ്ങിത്തുടങ്ങുന്ന അവസ്ഥയാണ്.

വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു: “ദീർഘദർശനമില്ലാത്തപ്പോൾ ജനം അക്രമാസക്തമാകും” (സുഭാ 29:18). സ്വപ്നം എന്നത് വെറും ഭാവനയല്ല; ദൈവം നമ്മുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രത്യാശയാണ്. അത് ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയാണ്. സ്വപ്നമുള്ളവർക്ക് പ്രതിസന്ധികളെയും കുരിശിനെയും അതിജീവിക്കാൻ കഴിയും; കാരണം അവരുടെ കണ്ണുകൾ ലക്ഷ്യത്തിലേക്കാണ്. അതിനാൽ നമ്മൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്: എന്റെ ജീവിതത്തിൽ സ്വപ്നങ്ങൾക്ക് ജന്മം നൽകുന്നത് ആരാണ്?
എന്റെ ഹൃദയത്തിൽ പ്രത്യാശയുടെ വിളക്ക് തെളിയിക്കുന്നത് ആരാണ്? എന്നെ ജീവിക്കാൻ മാത്രമല്ല, ജീവിതത്തെ അർഥപൂർണമാക്കാൻ വിളിച്ചുണർത്തുന്നത് ആരാണ്?

ഈ ചോദ്യങ്ങൾക്ക് യഥാർത്ഥ ഉത്തരം ക്രിസ്തു മാത്രമാണ്. അവനാണ് നമ്മുടെ പ്രത്യാശ; അവനാണ് നമ്മുടെ സ്വപ്നങ്ങളുടെ ഉറവിടം; അവനോടൊപ്പം നടക്കുന്ന ജീവിതത്തിന് ഒരിക്കലും അർഥശൂന്യതയില്ല.

ഓർക്കുക, മനുഷ്യനെ യഥാർത്ഥത്തിൽ ക്ഷീണിപ്പിക്കുന്നത് സ്വപ്നങ്ങളില്ലാതെ ജീവിക്കേണ്ടിവരുന്നതാണ്. നാം സ്വപ്നങ്ങളില്ലാത്തവരല്ല. നമ്മുടെ സ്വപ്നം ഒരു ആശയമല്ല, ഒരു നേട്ടമല്ല, ഒരു സ്ഥാനവുമല്ല. നമ്മുടെ സ്വപ്നം ഒരു വ്യക്തിയാണ് — യേശുക്രിസ്തു. അവനാണ് നമ്മുടെ ഹൃദയങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കുന്നത്. അവനാണ് നമ്മെ വീണ്ടും വീണ്ടും എഴുന്നേൽക്കാനും മുന്നോട്ടു നടക്കാനും പ്രേരിപ്പിക്കുന്നത്. ലോകം മുഴുവൻ അവിടുത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യണമെന്നതാണ് നമ്മുടെ ഏറ്റവും വലിയ സ്വപ്നം. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിന്റെ അവസാനശ്വാസംവരെ അവനെക്കുറിച്ച് സംസാരിക്കാൻ നാം മടിക്കാത്തത്; അവന്റെ സുവിശേഷത്തിന് സാക്ഷികളാകാൻ നാം ഒരിക്കലും ക്ഷീണിക്കാത്തത്. ഇനി ഉറങ്ങാനുള്ള സമയമല്ല. യഥാർത്ഥ സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല; ഉറങ്ങാൻ അനുവദിക്കാത്തവയാണ്. ദൈവത്തിന്റെ സ്വപ്നം ഹൃദയത്തിൽ പേറുന്നവർക്ക് അലസതയില്ല; സ്നേഹത്തിൽ ജ്വലിക്കുന്നവർക്ക് വിശ്രമമില്ല; യഥാർത്ഥ സ്വപ്നദർശികൾ ഒരിക്കലും ആത്മീയമായി ഉറങ്ങുകയില്ല.

അതിനാൽ, ഒരേയൊരു ചോദ്യം മാത്രം: നമ്മെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത് ആരാണ്? ഈ ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രം ഉണ്ടാകട്ടെ: “എന്റെ സ്വപ്നം യേശുവാണ്; എന്റെ ജീവിതത്തിന്റെ പ്രത്യാശയും ലക്ഷ്യവും അവനാണ്.”

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker