ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.
നാല് പാപ്പമാരെ നേരിൽ കണ്ടിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാൾ...

ജോസ് മാർട്ടിൻ
മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി പരിശുദ്ധ പിതാവ് ലിയോ പാപ്പാ കത്തോലിക്കാ സഭയിൽ അൽമായർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഷെവലിയർ പദവി നൽകി ആദരിച്ചു (Knighthood of the order of St. Sylvester).
മലയാള മനോരമയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ (MASCOM) പ്രൊഫസർ, കത്തോലിക്കാ മാധ്യമപ്രവർത്തകരുടെയും പ്രസാധകരുടെയും, അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ (ICPA) പ്രസിഡന്റ്, ലത്തീൻ കത്തോലിക്കാ സഭയുടെ മുഖ പത്രം ജീവനനാദത്തിന്റെ സ്ഥാപക ചീഫ് എഡിറ്റർ, ഷെക്കീന ടി.വി.എക്സിക്യൂട്ടീവ് എഡിറ്റർ, ചീഫ് ന്യൂസ് ഡയറക്ടർ, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ ആദ്യ ജീവചരിത്രം മലയാളത്തിൽ എഴുതിയ ഇദ്ദേഹം സഭാ ചരിത്രത്തിലും, മാധ്യമ രംഗത്തും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്
പത്രപ്രവർത്തനത്തിലെ മികവിനും, സംഭാവനകൾക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ 1998-ൽ പാരീസിലെ യുനെസ്കോ ആസ്ഥാനത്തുവച്ച് സമ്മാനിക്കപ്പെട്ട “ടൈറ്റസ് ബ്രാൻഡ്സ്മ” അവാർഡാണ് ഇതിൽ പ്രധാനം. കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ അഖിലലോക സംഘടനയായ UCIP മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന ഈ ബഹുമതി നേടിയിട്ടുള്ള ഏക ഏഷ്യക്കാരനാണ് ഇഗ്നേഷ്യസ് ഗോൺസാൽവസ്.
നാല് പാപ്പമാരെ നേരിൽ കണ്ടിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളായ ഗോൺസാൽവസ് പ്രശസ്തനായ വത്തിക്കാൻ വിദഗ്ധനും നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയുമാണ്.
1841-ൽ ഗ്രിഗറി പതിനാറാമൻ പാപ്പ സ്ഥാപിച്ച ഈ ബഹുമതി മാതൃകാപരമായ സേവനത്തിന് അല്മായ സ്ത്രീപുരുഷന്മാർക്ക് നൽകിവരുന്നു. നൈറ്റ് പദവിയുടെ മെഡലിന്റെ മുൻവശത്ത് വിശുദ്ധ സിൽവെസ്റ്റർ മാർപാപ്പയുടെ ചിത്രവും പിൻവശത്ത് പാപ്പൽ കിരീടവും കുരിശാകൃതിയിലുള്ള താക്കോലുകളും ആലേഖനം ചെയ്തിരിക്കുന്നു. ഈ പരമോന്നത ബഹുമതി ലഭിക്കുന്നവരെ ഷെവലിയർ എന്നും വിളിക്കുന്നു.



