ഭക്താഭ്യാസങ്ങൾക്ക് കടിഞ്ഞാണിട്ട് കെ. സി. ബി. സി.ദൈവശാസ്ത്ര കമ്മീഷൻ
വിശുദ്ധരുടെ തിരുനാളുകളുടെ ഭാഗമായി ഇത്തരം അനുഷ്ഠാനങ്ങൾ ആരും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല...
ജോസ് മാർട്ടിൻ
കൊച്ചി: ഭക്താഭ്യാസങ്ങൾക്ക് കടിഞ്ഞാണിട്ട് കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവശാസ്ത്ര കമ്മീഷൻ. കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം, വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ, ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയുമാണ് ചെയ്യുന്നതെന്ന് അടിവരയിട്ട് ദൈവശാസ്ത്ര കമ്മീഷൻ.
ആരാധനാക്രമത്തിന് പുറമേ വ്യത്യസ്ത സംസ്ക്കാരങ്ങളിൽ വേരുറച്ചിട്ടുള്ള വിവിധ പൊതുജന ഭക്താഭ്യാസങ്ങൾ ക്രൈസ്തവ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഭക്താഭ്യാസങ്ങൾ വിഗ്രഹാരാധനയിലേക്കോ വസ്തു വണക്കത്തിലേക്കോ നയിക്കുന്നുണ്ടെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും ദൈവശാസ്ത്ര കമ്മീഷൻ വിലയിരുത്തുന്നു. വികാരത്തിന്റെ സ്വാധീനത്തെക്കാൾ വിശ്വാസത്തിന്റെ വെളിച്ചത്തിലും, സഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കണം അത്തരത്തിലുള്ള ഭക്താഭ്യാസങ്ങളെയും വണക്കങ്ങളെപ്രോത്സാഹിപ്പിക്കേണ്ടതെന്നും കമ്മീഷൻ ഓർമ്മിപ്പിക്കുന്നു.
വിശുദ്ധരോടും വിശുദ്ധവസ്തുക്കളോടുമുള്ള വണക്കവും ബഹുമാനവും വിശുദ്ധി തന്നെയായ ദൈവത്തിലേക്ക് ഓരോ വിശ്വാസിയേയും നയിക്കുകയാണ് ചെയ്യെണ്ടതെന്നും, യഥാർത്ഥ ദൈവാരാധനയിലേക്ക് നയിക്കാത്ത ‘ആചാരങ്ങൾ’ ഏതു വിധ പാരമ്പര്യത്തിന്റെയും അനുഷ്ഠാന രീതികളുടെയും പിൻബലത്തിൽ ആണെങ്കിലും തികച്ചും അക്രൈസ്തവമാണെന്നും വിശുദ്ധരുടെ തിരുനാളുകളുടെ ഭാഗമായി ഇത്തരം അനുഷ്ഠാനങ്ങൾ ആരും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ലെന്നും ദൈവശാസ്ത്ര കമ്മീഷൻ പറയുന്നു.
വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും, അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്നും വിവേചന ബുദ്ധിയോടെയാണ് ഇക്കാര്യത്തെ സമീപിക്കേണ്ടതെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് വേണ്ടി ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ മാർ.ടോണി നീലങ്കാവിൽ വിശ്വാസ സമൂഹത്തോട് ആവശ്യപ്പെടുന്നു.