ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. യോഗ്യകർത്ത പ്രവിശ്യയിലെ സ്ലേമാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയിൽ രാവിലെ 7.30-നായിരുന്നു ആക്രമണം. അക്രമിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി.
22 വയസുള്ള സുലിയോനോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നു സംശയിക്കുന്നു. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നൂറോളം പേർ കുർബാനയിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഒരു മീറ്റർ നീളമുള്ള വാളുമായെത്തിയ യുവാവ് അൾത്താരയിൽ ഗായകസംഘത്തിനു നേതൃത്വം നൽകുകയായിരുന്ന ജർമൻ
വൈദികൻ കാൾ എഡ്മണ്ട് പ്രയറിനെ ആക്രമിച്ചു.
തുടർന്ന് തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പള്ളിയിൽനിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് മുന്നറിപ്പു നൽകാൻ ആകാശത്തേക്കു വെടിയുതിർത്തു. ഇതു വകവയ്ക്കാതെ ഇയാൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് അരയ്ക്കു താഴെ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Related