Categories: Sunday Homilies

2nd Sunday of Lent_Year A_അനുഗ്രഹമായി മാറാൻ അനുഗ്രഹിക്കപ്പെടുന്നു

ദൈവവചനം അനുസരിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഒരനുഗ്രഹമായി മാറാം...

തപസ്സ് കാലം രണ്ടാം ഞായർ

ഒന്നാം വായന – ഉൽപ്പത്തി: 12:1-4
രണ്ടാം വായന – 2 തിമോത്തിയോസ് 1:8-10
സുവിശേഷം – വി.മത്തായി 17:1-9.

ദിവ്യബലിക്ക് ആമുഖം

“ദൈവം നമ്മെ രക്ഷിക്കുകയും, വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു” എന്നാണ് ഇന്നത്തെ രണ്ടാം വായനയിലൂടെ തിരുസഭ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തിന്റെ വിളിയനുസരിച്ച് അൾത്താരയ്ക്ക് ചുറ്റും ഒരുമിച്ചു കൂടിയിരിക്കുന്നു നാം ദൈവത്തെ ഇന്നത്തെ ഒന്നാം വായനയിൽ “അബ്രഹാമിനെ വിളിയെക്കുറിച്ചും” സുവിശേഷത്തിൽ “യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചും” ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിന്റെ രൂപാന്തരീകരണം യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ മുന്നോടിയാണ്. സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശു തൻറെ പീഡാസഹനത്തെയും കുരിശുമരണത്തെയും കുറച്ചു നടത്തുന്ന രണ്ട് പ്രവചനങ്ങൾക്കിടയിലായിട്ടാണ് രൂപാന്തരീകരണത്തെ വിവരിച്ചിരിക്കുന്നത്.

എന്താണതിന് കാരണം?

യേശുവിന് സംഭവിക്കാനിരിക്കുന്ന വേദനാജനകമായ അന്ത്യത്തിന്റെയും, കുരിശുമരണത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ സ്വാഭാവികമായും ശിഷ്യന്മാരിലും യേശുവിനെ അനുഗമിച്ചിരുന്ന മറ്റുള്ളവരിലും വേദനയും, ആശങ്കയും, ഉത്കണ്ഠയുമാണുയർത്തിയത്. ഇത്തരത്തിൽ ഭയവിഹ്വലരായ ശിക്ഷണത്തിൽ നിന്ന് മൂന്നു പേരെ തിരഞ്ഞെടുത്ത് പീഡാനുഭവത്തിനും മരണത്തിനും ശേഷം വരുന്ന വലിയ മഹത്വത്തെ യേശു മുൻകൂട്ടി കാണിക്കുന്നു. തീർച്ചയായും ആകുലരായിരുന്ന ശിഷ്യ പ്രമുഖന്മാർക്ക് ഈ ദർശനം ആശ്വാസവും, ശക്തിയും നൽകി. ഒരു വലിയ പരീക്ഷയുടെ വിജയത്തിനു വേണ്ടി കഠിനമായി പരിശ്രമം ചെയ്യുകയും, ഞെരുങ്ങുകയും, ഉത്കണ്ഠപ്പെട്ടുകയും ചെയ്യുന്ന മത്സരാർത്ഥികൾക്ക് വിജയത്തെ കുറിച്ചുള്ള വിവരണവും, വിജയത്തിന് ശേഷം വരാനിരിക്കുന്ന സൗഭാഗ്യവും മുൻകൂട്ടി കാണിച്ചു കൊടുത്തും അനുഭവവേദ്യം ആക്കി കൊടുത്തും പ്രചോദിപ്പിക്കുന്നതുപോലെയാണിത്. നമ്മുടെ ആത്മീയ ജീവിതത്തിലും കഠിനമായ, കൈപ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോഴും, വിശ്വാസ പ്രതിസന്ധി ഉണ്ടാകുമ്പോഴും “യേശുവിന്റെ രൂപാന്തരീകരണത്തിലേയ്ക്ക്” നമുക്ക് നോക്കാം. ഞെരുക്കത്തിനും, വേദനയ്ക്കും അപ്പുറം നമുക്ക് മഹത്വം ലഭിക്കുമെന്ന ഉറപ്പാണ് യേശുവിന്റെ രൂപാന്തരീകരണം.

മലമുകളിലേക്ക് കയറാം

സാധാരണ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, യേശു തന്റെ തിരഞ്ഞെടുത്ത മൂന്നു ശിഷ്യന്മാരെയും കൊണ്ടു മലമുകളിലേക്ക് പോവുകയാണ്. അവിടെ വച്ചാണ് യേശു രൂപാന്തരപ്പെടുന്നത്. ഈ തപസ്സു കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, പ്രാർത്ഥനയാകുന്ന മലമുകളിലേക്കു നമുക്ക് കയറാം. ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒരല്പം മാറി ദൈവവുമായി വ്യക്തിപരമായ ബന്ധം പുലർത്താൻ സമയം കണ്ടെത്തിയാൽ മാത്രമേ നമ്മുടെ ജീവിതത്തിലും രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ. നമുക്കും യേശുവിനൊപ്പം പ്രാർത്ഥനയുടെ മലമുകളിലേക്ക് പോകാം.

യേശുവിനെ ശ്രവിക്കാം

രൂപാന്തരീകരണത്തിന്റെ രണ്ടാമത്തെ സന്ദേശം യേശുവിനെ കാണുകയും, കേൾക്കുകയും, ശ്രവിക്കുകയുമാണ്. നിയമത്തിന്റെ പ്രതിനിധിയായ മോശയും, പ്രവാചകന്മാരുടെ പ്രതിനിധിയായ ഏലിയായും യേശുവിനോട് സംസാരിക്കുന്നു. അങ്ങനെ യേശു പഴയനിയമത്തിന്റെ പൂർത്തീകരണമാണെന്ന് വെളിവാക്കപ്പെടുന്നു. ദൈവപിതാവും യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നത്: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു, ഇവന്റെ വാക്ക് ശ്രവിക്കുവിൻ” എന്നാണ്. ഈ തപസ്സു കാലത്ത് നമുക്കുള്ള ലക്ഷണമാണിത്. യേശുവിനെ ശ്രവിക്കാനും, യേശുവിന്റെ തിരുവചനങ്ങൾ വായിക്കാനും, ധ്യാനിക്കാനും, വിചിന്തനം ചെയ്യാനും നമുക്ക് അല്പം സമയം കണ്ടെത്താം.

സാധാരണ ജീവിതത്തിലേക്ക് മടക്കം

ആത്മീയതയുടെ മലമുകളിൽ നാം യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കുമെങ്കിലും, നമുക്കൊരിക്കലും സ്ഥിരമായി മലമുകളിൽ ആയിരിക്കാൻ സാധിക്കില്ല. രൂപാന്തരീകരണത്തിൽ നിന്നും ശക്തിയും ഊർജ്ജവും സംഭരിച്ച് ദൈനംദിനജീവിതത്തിനായി നാം മുകളിൽ നിന്ന് താഴേക്ക് വരണം. അതാണ് യേശു ചെയ്തത്; മലമുകളിൽ നിന്ന് ഇറങ്ങി കുരിശുമരണത്തിനായി ജറുസലേമിലേക്ക് പോകുന്നു. തപസ്സുകാലത്തെ പ്രാർത്ഥനകളിലും, പ്രായശ്ചിത്തത്തിൽ നിന്നും വെല്ലുവിളി സ്വീകരിച്ച് ദൈനംദിന വെല്ലുവിളികളെ നാം നേരിടണം.

അബ്രഹാം നൽകുന്ന പാഠങ്ങൾ

ഇന്നത്തെ ഒന്നാമത്തെ വായനയിൽ നാം ശ്രവിച്ച “അബ്രഹാമിന്റെ വിളിയും” തപസ്സുകാലം ജീവിതത്തിലേക്ക് നമുക്ക് ചില നിർദ്ദേശങ്ങൾ നൽകുന്നു.

പഴയതെല്ലാം ഉപേക്ഷിക്കുക

അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി വിശേഷിപ്പിക്കുവാൻ കാരണം തന്നെ ദൈവത്തിന്റെ വചനം ശ്രവിച്ച്, അനുസരിച്ച് പ്രവർത്തിക്കാനുള്ള അബ്രഹാമിന്റെ മനസ്സാണ്. ഇന്നത്തെ വായനയിൽ നാം ശ്രവിച്ചതുപോലെ ദൈവത്തിന്റെ വാക്കുകളിലും, വാഗ്ദാനത്തിലും വിശ്വസിക്കുന്ന അബ്രഹാം തന്റെ ദേശത്തെയും, ബന്ധുക്കളെയും, പിതൃഭവനത്തെയും വിട്ട് ദൈവം കാണിച്ചുകൊടുക്കുന്ന നാട്ടിലേക്ക് പുറപ്പെടുന്നു. “പഴയതിനെ ഉപേക്ഷിക്കാൻ” അബ്രഹാം നമ്മെ പഠിപ്പിക്കുന്നു. ഇതുവരെ ആരാധിച്ചിരുന്ന ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയുമാകാം, നമ്മുടെ തന്നെ പഴയ സ്വഭാവങ്ങളെയാകാം, നാം സഞ്ചരിച്ചിരുന്ന തെറ്റായ വഴികളെയാകാം. ഇങ്ങനെ ദൈവത്തിൽ നിന്ന് നമ്മെ അകറ്റിനിർത്തുന്ന എല്ലാ “പഴയ കാര്യങ്ങളെയും” ഉപേക്ഷിക്കാൻ നമുക്ക് അബ്രഹാമിൽ നിന്ന് പഠിക്കാം.

പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ ധൈര്യപ്പെടുക

പഴയതിനെയൊക്കെ ഉപേക്ഷിക്കാൻ മാത്രമല്ല, പുതിയ വഴികളിലൂടെ സഞ്ചരിക്കാനും അബ്രഹാം നമ്മെ പഠിപ്പിക്കുന്നു. അതിന് ആദ്യമായി പുതിയ വഴികളെയും, പുതിയ ജീവിതശൈലിയെയും, പുതിയ രീതികളെയും കുറിച്ചുള്ള നമ്മുടെ പേടിയാണ് മാറ്റേണ്ടത്. ഈ തപസ്സുകാലത്ത് പുതിയ ജീവിതശൈലിയും, രീതികളും അറിയുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കുവാനുമുള്ള ധൈര്യം നാം കാണിക്കണം. അബ്രഹാമിനെ പോലെ ദൈവത്തിൽ ആഴമേറിയ വിശ്വാസമുണ്ടെങ്കിലെ അത് സാധിക്കുകയുള്ളൂ. മുരടിപ്പ് ഉണ്ടാകുന്ന രീതിയിൽ, പഴയ ശൈലിയിൽ തന്നെ സ്ഥിരമായി തുടരുന്നത് ഉപേക്ഷിക്കാനുള്ള മനോഭാവം വ്യക്തിജീവിതത്തിലും, നാം പ്രവർത്തിക്കുന്ന സംഘടനയിലും, കുടുംബത്തിലും ഉണ്ടാകണം. അപ്പോഴേ ഇടവകയിലും, സമൂഹത്തിലും നവീകരണം ഉണ്ടാവുകയുള്ളൂ.

മറ്റുള്ളവർക്ക് ഒരനുഗ്രഹമായി മാറുക

നമ്മുടെ ജീവിതത്തിനാവശ്യമായ രീതിയിൽ ദൈവത്തിൽ നിന്ന് അനുഗ്രഹം സ്വീകരിക്കാൻ നാം ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ അബ്രഹാമിനെ മാതൃകയാക്കി നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി മാറണം. എന്റെ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും, ജീവിതത്തിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുണ്ടാകണം. മറ്റുള്ളവരുടെ ജീവിതത്തിൽ ഒരനുഗ്രഹമാകാൻ നാം പരിശ്രമിക്കുമ്പോഴൊക്കെ, നമ്മുടെ ജീവിതവും അനുഗ്രഹിക്കപ്പെടും.

ഇന്നത്തെ ഒന്നാം വായനയിൽ അഞ്ചു പ്രാവശ്യം “അനുഗ്രഹം” എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ജീവിതത്തിൽ ഒരു മകൻ പോലുമില്ലാതിരുന്ന അബ്രഹാമിനെ സന്താനപരമ്പരകളുടെ വാഗ്ദാനം നൽകി ദൈവം അനുഗ്രഹിക്കുകയാണ്. അബ്രഹാമിന് മുമ്പുള്ള മനുഷ്യചരിത്രം അനുസരണക്കേടിന്റെയും, പാലായനത്തിന്റെയും, അസൂയയുടെയും, പാപത്തിന്റെയും, പ്രളയത്തിന്റെയും ചരിത്രമാണെങ്കിൽ; അബ്രഹാമിന്റെ കാലംമുതൽ അത് അനുഗ്രഹത്തിന്റെ ചരിത്രമായി മാറി. ദൈവത്തിന്റെ വാക്കുകളിലുള്ള ആഴമേറിയ വിശ്വാസവും, അനുസരണവും അബ്രഹാമിന് അനുഗ്രഹത്തിന് കാരണമായി. നമുക്കും ഈ മാതൃക പിന്തുടർന്ന്, ദൈവവചനം അനുസരിച്ചുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഒരനുഗ്രഹമായി മാറാം.

ആമേൻ.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

1 day ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

1 day ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago