ക്രിസ്തുമസ്കാലം രണ്ടാം ഞായർ
ചിന്തകളെ ആകാശവിതാനങ്ങൾക്കപ്പുറത്തേക്ക് കൊണ്ടു പോകുന്ന ഒരു ആഖ്യായിക ചിത്രീകരിച്ചു കൊണ്ടാണ് യോഹന്നാൻ തന്റെ സുവിശേഷം ആരംഭിക്കുന്നത്: “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു” (v.1). അക്ഷരങ്ങളിലൂടെ ഒരു വിഷ്വൽ ഇഫക്ട്സ് ഉണ്ടാക്കി ആ ആഖ്യാനലോകത്തേക്ക് വായനക്കാരെ നയിക്കുന്ന സാഹിത്യ സങ്കേതത്തെ Hypotyposis എന്നാണ് വിളിക്കാറുള്ളത്. ഒരു Divine Hypotyposis ലൂടെയാണ് യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്. സുവിശേഷകൻ തന്റെ വായനക്കാരുടെ മുന്നിൽ അനിർവചനീയമായ കാലത്തിന്റെയും ലോകത്തിന്റെയും ഒരു വിഷ്വൽ ഇഫക്ട്സ് അക്ഷരങ്ങളിലൂടെ സൃഷ്ടിക്കുകയാണ്. അതുകൊണ്ട് ഇടുങ്ങിയ ചിന്തകൾക്ക് ഇവിടെ സ്ഥാനമില്ല. മതിലു കെട്ടിയ മനോഭാവങ്ങൾക്ക് സുവിശേഷകന്റെ ഭാഷയും ശൈലിയും അന്യമായ അനുഭവമായിരിക്കും. ആദിയിലെ അനുഭവത്തിലേക്ക് നമ്മുടെ കാഴ്ചകൾ എത്തണമെങ്കിൽ നയനവേദ്യമായ പലതിന്റെയും അപ്പുറത്തേക്ക് ചിന്തകളെത്തണം. ആത്മാവെത്തണം. അപ്പോൾ നമ്മൾ ആ അനുഭവത്തെ മിസ്റ്റിസിസം എന്ന് വിളിക്കും. ആത്മീയ നേത്രത്തിന്റെ കാഴ്ച്ചാനുഭവങ്ങൾ ഒരു കുളിർമയായി സ്വത്വത്തിൽ പടരുമ്പോൾ അക്ഷരങ്ങൾ അതീന്ദ്രിയമാകും. മണ്ണിൽനിന്നും മെനഞ്ഞെടുത്ത അർത്ഥങ്ങൾ ആ അക്ഷരങ്ങൾക്ക് ചേരാതെ വരും. അങ്ങനെയാകുമ്പോൾ വിണ്ണിൽ നിന്നുള്ള ഒരു കാഴ്ചപ്പാടോടുകൂടി അവകളെ വായിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവസ്ഥയിലേക്ക് നമ്മളും എത്തിപ്പെടും. അതെ, നിത്യതയെ ചിത്രീകരിക്കുന്ന ഈ സുവിശേഷം വായിക്കണമെങ്കിൽ ഉന്നതമായ ഒരു കാഴ്ചപ്പാട് അനുവാചകരായ നമുക്കും വേണം.
നിത്യതയുടെ തരംഗത്തെ വരികളിൽ സന്നിവേശിപ്പിക്കുകയാണ് സുവിശേഷകൻ. എന്നിട്ട് അതിലേക്ക് ഒരു കിരണം എന്ന പോലെ നമ്മുടെ ചരിത്രത്തെയും ചേർത്തു നിർത്തുന്നു. ഒരു കാര്യം നമ്മൾ എപ്പോഴും ഓർക്കണം. വിശ്വാസം എന്നത് ഒരു അനുഭവമാണ്. നമുക്ക് അതീതമായ ഒരു ശക്തിയുടെ ലീലയിൽ നമ്മളും പങ്കുകാരക്കുന്ന അനുഭവം. ആ ശക്തിയിൽ നിന്നും നിർഗളിക്കുന്ന സ്നേഹമാണ് നമ്മുടെ ഊർജ്ജം. അതു മാത്രമാണ് നമ്മുടെ ഈ ചെറു ജീവിതത്തെ മഹനീയമാക്കുന്നത്.
യോഹന്നാൻ 1:1-18 അറിയപ്പെടുന്നത് വചന കീർത്തനം എന്നാണ്. ഈ കീർത്തനത്തിന്റെ ഒത്ത നടുവിൽ സുവിശേഷകൻ സുന്ദരമായ ഒരു സത്യം വെളിപ്പെടുത്തുന്നുണ്ട്: “തന്നെ സ്വീകരിച്ചവര്ക്കെയല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്ക്കെ ല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്കിസ” (v.12). ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ‘കഴിവ്’ എന്ന പദമാണ്. ഗ്രീക്ക് ഭാഷയിലെ ἐξουσία എന്ന പദം ആണ് മലയാളത്തിൽ ‘കഴിവ്’ എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. ഇതൊരു source oriented വിവർത്തനമല്ല. Target oriented ആണ്. (വായനക്കാരെ എഴുത്തിന്റെ ഉറവിടത്തിലേക്ക് കൊണ്ടു പോകുന്ന വിവർത്തനത്തെ source oriented translation എന്നും, വായനക്കാരന്റെ അഭിരുചിക്കനുസരിച്ചുള്ള വിവർത്തനത്തെ target oriented translation എന്നും വിളിക്കും). ἐξουσία എന്ന ഗ്രീക്ക് പദത്തിന്റെ പ്രഥമ അർത്ഥം ‘അധികാരം’ എന്നാണ്. അതിന്റെ രണ്ടാമത്തെ അർത്ഥം ‘അവകാശം’ എന്നും, മൂന്നാമത്തെ അർത്ഥം ആണ് ‘കഴിവ്’ എന്നത്. ഒരു പദത്തിന്റെ ആദ്യ അർത്ഥം എടുക്കുമ്പോൾ മാത്രമാണ് source oriented വിവർത്തനം ആകുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ ἐξουσία എന്ന പദത്തിന് ‘കഴിവ്’ എന്ന വിവർത്തനം അല്ല വേണ്ടിയിരുന്നത്. പകരം ‘അധികാരം’, ‘അവകാശം’ എന്ന പദങ്ങളായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. മറ്റു ഭാഷകളിൽ ἐξουσία നു ‘അധികാരം’, ‘അവകാശം’ എന്നീ അർത്ഥങ്ങളാണ് കൊടുത്തിരിക്കുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ Right (NAS), അല്ലെങ്കിൽ Power (RSV, NJB), ഇറ്റാലിയനിൽ Potere (CEI), സ്പാനിഷില്‍ Poder (NJB), ഫ്രഞ്ചിൽ Droit (BFC), ജർമ്മനിൽ Vollmacht (ZUR), തമിഴിൽ ‘ഉരിമൈ’, കന്നടയിൽ ‘ഹക്കൂ’ അല്ലെങ്കിൽ ‘അധികാര’, തെലുങ്കിൽ ‘ഭാഗ്യമൂ’ എന്നുമാണ്. തെലുങ്ക് ഒഴിച്ച് ബാക്കിയുള്ള എല്ലാം source oriented വിവർത്തനമാണ്. അപ്പോൾ പറഞ്ഞു വരുന്നത് ‘കഴിവ്’ എന്ന പദമല്ല ഇവിടെ വേണ്ടത്. മറിച്ച് ‘അധികാരം’ അല്ലെങ്കിൽ ‘അവകാശം’ എന്ന പദം ആയിരിക്കണം. വ്യക്തിപരമായി ഞാൻ ἐξουσία എന്ന പദത്തിന് ‘അധികാരം’ എന്നു വിവർത്തനം ചെയ്യുവാനാണ് ഇഷ്ടപ്പെടുന്നത്. ‘അധികാരം’, ‘കഴിവ്’ എന്നീ രണ്ട് പദങ്ങളുടെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെങ്കിൽ ഒരു കാര്യം മനസ്സിലാകും ἐξουσία എന്ന പദത്തിലൂടെ സുവിശേഷകൻ വിഭാവനം ചെയ്യുന്നത് ‘കഴിവ്’ എന്ന സങ്കല്പമല്ല. മറിച്ച് ‘അധികാരം’ എന്ന് തന്നെയാണ്. ‘കഴിവ്’ എന്ന പദം സാധ്യതയുടെയും അവസരത്തിന്റെയും അർത്ഥതലങ്ങളിൽ ചുരുങ്ങി പോകുമ്പോൾ ‘അധികാരം’ എന്ന സങ്കല്പം സാധ്യതയ്ക്കും അവസരത്തിനും ഉപരിയായി ശക്തി, ഊർജം, ജൈവികത എന്ന അർത്ഥതലങ്ങൾ കൂടി ആഗിരണം ചെയ്യുന്നുണ്ട്. യോഹന്നാന്റെ സുവിശേഷം വിഭാവനം ചെയ്യുന്ന ദൈവീക നൈയാമികതയും ജൈവീകതയും ‘അധികാരം’ എന്ന പദത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വചനത്തെ സ്വീകരിച്ചവർക്ക് ദൈവമക്കളാകാനുള്ള കഴിവല്ല നൽകിയത്, മറിച്ച് അധികാരവും ശക്തിയുമാണ്.
പുതു ജന്മത്തിന്റെ കരുത്തായാണ് വചനം മണ്ണിലേക്ക് ഇറങ്ങിയത്. നമ്മുടെ ജനനത്തിനു വേണ്ടിയാണ് ക്രിസ്തു ജനിച്ചത് എന്ന ഒരു ലോജിക്ക് വചന കീർത്തനം മുന്നിലേക്ക് വയ്ക്കുന്നുണ്ട്. വചനം ഒരു വിത്താണ്. നിലം നോക്കാതെ കിളിർക്കുന്ന ഒരു വിത്ത്. അതുകൊണ്ടുതന്നെ വചനം എന്ന വിത്ത് ഒരുവന്റെ ഹൃദയ നിലത്ത് പതിച്ചാൽ ദൈവപുത്രനായി മാറുകയല്ലാതെ വേറൊരു അവസ്ഥയും അവനില്ല. ഇത് ദൈവം നൽകുന്ന കഴിവ് അല്ല. അധികാരമാണ്, ശക്തിയാണ്, ഊർജ്ജമാണ്.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച നാൾ മുതൽ വചനത്തിന്റെ ഒരു കണം നമ്മുടെ മാംസത്തിലും അടങ്ങിയിട്ടുണ്ട്. ആ വിശുദ്ധിയും പ്രകാശവും എല്ലാ ജീവനിലും ഉണ്ട്. വചനം ഭൂമിയോട് ചേർന്നപ്പോൾ ഭൂമി ഇല്ലാതായില്ല. മറിച്ച് സ്വർഗ്ഗം തുറക്കപ്പെടുകയാണുണ്ടായത്. അതിലുപരി ഭൂമിയും സ്വർഗ്ഗവും ആലിംഗനം ചെയ്ത നിമിഷമായിരുന്നു അത്. അതുപോലെതന്നെ വചനം മാംസം ധരിച്ചപ്പോൾ മനുഷ്യൻ ഇല്ലാതായില്ല. മറിച്ച് ദൈവം മനുഷ്യനാകുകയാണുണ്ടായത്. അങ്ങനെ യേശുവിൽ മനുഷ്യനും ദൈവവും ഒന്നായി മാറി.
“അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു” (v.4). ജീവൻ, അത് പ്രകാശം തന്നെയാണ്. ഒരു മണിക്കൂർ നേരത്തേക്കു മാത്രമാണ് ജീവൻ ഉള്ളതെങ്കിൽ പോലും ആയിരം പുസ്തകങ്ങൾ നൽകുന്നു ദൈവികമായ രഹസ്യങ്ങൾ മുഴുവനും ആ ജീവനിലുണ്ട്. അതുകൊണ്ടാണ് ദൈവത്തെ അനുഭവിച്ചറിഞ്ഞവർക്ക് ഒരു കിളികുഞ്ഞിന്റെ ജീവൻ പോലും ഹനിക്കുവാൻ സാധിക്കാതെ വരുന്നത്.
ഭൂമിയുടെ മാറിൽ പതിഞ്ഞ വചനമാണ് ക്രിസ്തു. ആ വചനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലടങ്ങിയിരിക്കുന്ന ജൈവീകതയാണ്. യേശു എന്ന ദൈവ വചനത്തിലൂടെയാണ് ദൈവിക ജീവൻ ഭൂമിയോട് ഇഴകി ചേർന്നത്. ഇതാണ് തിരുപ്പിറവിയുടെ ആഴമായ ദൈവശാസ്ത്രം. ദൈവം വചനമാകുന്നു. വചനം യേശുവെന്ന മനുഷ്യനാകുന്നു. യേശു വീണ്ടും വചനമായും കൂദാശയായും നമ്മിൽ വസിക്കുന്നു. അങ്ങനെ നമ്മൾ ദൈവ മക്കളാകുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗധേയം ദൈവത്തിന്റെ അക്ഷരങ്ങളാകുക എന്നതാണ്. യേശുവിനെപ്പോലെ ദൈവീകതയുടെ വക്താക്കളാകുകയെന്നതാണ്. സഞ്ചരിക്കുന്ന ഒരു സ്വർഗ്ഗമാകുകയെന്നതാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.