പെന്തക്കോസ്താ തിരുനാൾ
യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ പര്യായമാണ്. റോമൻ സാമ്രാജ്യത്തിൽ അമ്പതാം വയസ്സിൽ സൈനിക സേവനത്തിൽ നിന്നും വിരമിക്കണം. യഹൂദന്മാർക്ക് അമ്പതാം വർഷം ജൂബിലി വർഷമാണ്. അതിനാൽ പെന്തക്കോസ്താ അഥവാ അമ്പത് സൂചിപ്പിക്കുന്നത് ഒരു സമയം അവസാനിച്ചു എന്നാണ്. ചരിത്രപരമായ യേശുവിന്റെയും അവന്റെ പ്രത്യക്ഷീകരണങ്ങളുടെയും സമയം കഴിഞ്ഞു, സഭയുടെ സമയം ആരംഭിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോൾ നമ്മുടെ ഊഴമാണ്.
എന്താണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്? യേശു സ്വർഗ്ഗാരോഹിതനായി. താൻ ചെയ്തതുപോലെ തന്നെ തുടരാൻ അവൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു: മനുഷ്യനെ ഭ്രാന്തമായും സൗജന്യമായും സ്നേഹിക്കുന്ന ഒരു ദൈവത്തിന്റെ സുവിശേഷം പ്രഖ്യാപിക്കുക.
അപ്പോസ്തലന്മാർ നിരുത്സാഹപ്പെട്ടു, ഭയപ്പെട്ടു, നിരാശരായി. അവർ സ്വയം ചോദിച്ചു: “നമ്മൾ ഇനി എന്ത് ചെയ്യും?”. എത്ര തവണ നമ്മളും ഇതേ ചോദ്യം ചോദിച്ചിരിക്കുന്നു: “നമ്മൾ ഇനി എന്ത് ചെയ്യും? ഒരു സഹായം വേണം. ഒരു സഹായകൻ കൂടി ഉണ്ടായിരുന്നെങ്കിൽ…” ആ സഹായകന്റെ വരവാണ് പെന്തക്കോസ്താ. നമുക്ക് അവന്റെ സ്നേഹമായ പരിശുദ്ധാത്മാവ് ആവശ്യമാണ്! അവൻ പറയുന്നു: “പുറപ്പെടൂ, ഭയപ്പെടേണ്ട, ഇപ്പോൾ നിങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയുണ്ട്. എന്റെ ആത്മാവ് നിങ്ങളുടെ ഉള്ളിലുണ്ട്”. പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല, മറിച്ച് ഒരു വ്യക്തിയാണ്, ഒരു സാന്നിധ്യമാണ്. കാരണം സ്നേഹം ഒരു വ്യക്തിയാണ്, ഒരു സാന്നിധ്യമാണ്. നമുക്ക് സ്നേഹത്തെ നിർവചിക്കാൻ കഴിയില്ല.
പരിശുദ്ധാത്മാവിന്റെ ശക്തിപ്പെടുത്തലോടുകൂടി ഒരു ഗുണപരമായ കുതിച്ചുചാട്ടമാണ് അപ്പോസ്തലന്മാർ നടത്തിയത്. ഭൗതികതലത്തിൽ അവർ ഇനി യേശുവിനെ കാണില്ല. പക്ഷേ ആത്മീയതലത്തിൽ അവൻ സ്നേഹമായും ധൈര്യമായും അഭിനിവേശമായും അവരുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുകയാണ്.
പെന്തക്കോസ്താ ഒരു ക്ഷണമാണ് നമ്മിലെ ഭൗതികതയെ ആത്മീയമാക്കാനുള്ള ക്ഷണം. ആത്മാവ് ഉള്ളിൽ വരുമ്പോൾ എല്ലാം ആത്മീയമാകും; ബന്ധങ്ങളും ബന്ധനങ്ങളും പോലും. ഹൃദയോന്നതിയാണ് ആത്മീയത. ഹൃദയത്തെ ഉയർത്താത്തവർക്ക് എല്ലാം ഭൗതികമാണ്. ആത്മീയം എന്നാൽ ശരീരമില്ലാത്ത, ലോകത്തിന് പുറത്ത് എന്നല്ല അർത്ഥമാക്കുന്നത്. ഒരു ആത്മീയ വ്യക്തിയെ സങ്കൽപ്പിക്കുമ്പോൾ, ദിവസം മുഴുവൻ പ്രാർത്ഥിക്കുന്ന ഒരു സന്യാസിയെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നത്. ആത്മീയ വ്യക്തി എന്നാൽ ധാരാളം പ്രാർത്ഥിക്കുന്നവനോ, മതപരമായ കാര്യങ്ങൾ ചെയ്യുന്നവനോ, പള്ളിയിൽ പോകുന്നവനോ, നിരവധി തീർത്ഥാടനങ്ങൾ നടത്തുന്നവനോ അല്ല. ആത്മീയ വ്യക്തി തന്റെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ പുറത്തുകൊണ്ടുവന്നുകൊണ്ട് ജീവിക്കുന്നു. അത് ഒരു ജീവിതരീതിയാണ്. ആത്മീയത എന്നാൽ ദൈവാത്മാവിനെ നമ്മിൽ വസിക്കുവാൻ അനുവദിക്കുക, അവൻ്റെ ചോദനയനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്.
എല്ലാം ദ്രവ്യവും ആത്മാവുമാണ്, പ്രകാശവും ഊർജ്ജവുമാണ്.
എല്ലാം ദ്രവ്യമാണ് അല്ലെങ്കിൽ എല്ലാം ആത്മാവാണ്. അത് അവയെ നമ്മൾ കാണുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ബലിപീഠത്തിൽ നമ്മൾ വയ്ക്കുന്ന അപ്പം ദ്രവ്യമാണ്. ആ അപ്പത്തിൽ ക്രിസ്തുവിനെ ഞാൻ കാണുകയാണെങ്കിൽ, അത് ആത്മാവാണ്. മറ്റൊരു ഉദാഹരണം; രാവിലെ എന്റെ മുന്നിൽ മറ്റൊരു പ്രവൃത്തി ദിവസം എന്നു കരുതുന്നത് ഭൗതികമാണ്. മറിച്ച് എൻ്റെ മുന്നിലെ ദിവസത്തെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മറ്റൊരു അവസരമായി ഞാൻ കാണുന്നത് ആത്മീയമാണ്. ജീവിതം തന്നെ ഭയങ്കരമായ ഭൗതികമോ അത്ഭുതകരമായ ആത്മീയമോ ആകാം. എല്ലാം ദ്രവ്യമോ ആത്മാവോ ആകാം, അത് നമ്മുടെ ഹൃദയത്തെ ആശ്രയിച്ചിരിക്കുന്നു.
പെന്തക്കോസ്തായോടെ, ദൈവസാന്നിധ്യത്തിന്റെ തന്നെ ഗുണനിലവാരത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാകുകയാണ്. ഇനി ദൈവം നമ്മുടെ മുമ്പിൽ അല്ല, നമ്മോടു കൂടെയാണ്. മുന്നിലെ ദൈവം പഴയ നിയമത്തിലെ ദൈവമാണ്. നമ്മിലുള്ള ദൈവമാണ് പുതിയ നിയമത്തിലെ ദൈവം. എത്ര മനോഹരം! നമ്മൾ ദൈവത്തിന്റെ ഭവനമായി മാറിയിരിക്കുന്നു! ഇനിമുതൽ, നമ്മൾ ദൈവത്തിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നില്ല, പക്ഷേ നമുക്ക് “ദൈവത്തിന്റെ” കാര്യങ്ങൾ ചെയ്യാൻ കഴിയും.
പരസ്പരം സ്നേഹിക്കുക എന്നതിനപ്പുറം മറ്റൊരു കല്പനയും നിർദ്ദേശവും യേശു നൽകുന്നില്ല. എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും പത്ത് കൽപ്പനകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ എട്ട് സുവിശേഷാനുഗ്രഹങ്ങൾ ആത്മീയ ജീവിതത്തിലെ ഒരു പാതയെയും ദിശയെയും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതാണ് ക്രൈസ്തവികതയുടെ സൗന്ദര്യവും ആകർഷണീയതയും ഒപ്പം പരിശ്രമവും. എങ്കിലും ഒരു ചോദ്യം മുന്നിലുണ്ട്; പരിശുദ്ധാത്മാവിനോട് എങ്ങനെ വിധേയപ്പെട്ട് ജീവിക്കാം? അതിനുള്ള ഉത്തരം ഇന്നത്തെ വായനകളിലുണ്ട്.
“അവരെല്ലാം ഒരേ സ്ഥലത്ത് ഒരുമിച്ചായിരുന്നു” (അപ്പ 2:1). ഒരുമിച്ച് ആയിരിക്കുക എന്നത് ഒരു തീരുമാനമാണ്, തിരഞ്ഞെടുപ്പാണ്. നമ്മുടെ വിധി നമ്മുടെ ചുറ്റുമുള്ളവരുടെ വിധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് പെന്തക്കോസ്താ അനുഭവങ്ങൾ ഉണ്ടാവുന്നത്. നമ്മെ രക്ഷിക്കുന്നത് “നമ്മൾ” ആണ്.
“അവർ ഏകമനസ്സോടെ സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയത്തോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ വിശ്വസ്തതയോടെ ഉറച്ചുനിന്നു” (അപ്പ 1:14) നമുക്ക് പ്രാർത്ഥനയിലേക്ക് മടങ്ങാം! നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ ദൈവവുമായുള്ള നിരന്തരമായ സംഭാഷണം സ്ഥാപിക്കാം. പ്രാർത്ഥന എന്നാൽ പദങ്ങളുടെ ആവർത്തനങ്ങളോ ജപങ്ങളുടെ ഉരുവിടലകളോ അല്ല, നമ്മുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനെ പക്വത പ്രാപിക്കാൻ അനുവദിക്കുക എന്നതാണ്. അവിടെയാണ് ഏകമനസ്സിന്റെയും വിശ്വസ്തതയുടെയും ആവശ്യകത വരുന്നത്. അതായത്, നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നതിലേക്ക് മടങ്ങണം.
പലപ്പോഴും, നമ്മുടെ ജീവിതത്തിൽ മറിയത്തിന്റെ സാന്നിധ്യം ഭക്തിനിർഭരവും അലങ്കാരവുമായ ഒരു സാന്നിധ്യമാണ്. പെന്തക്കോസ്താ അവളുടെ നിർണായക സാന്നിധ്യം വെളിപ്പെടുത്തുന്നു. പരിശുദ്ധാത്മാവിനെ നമ്മിലേക്ക് കടത്തിവിടുന്ന ഒരു വിടവാണ് പരിശുദ്ധ മറിയം എന്ന് ചിന്തിക്കുന്നത് മനോഹരമാണ്. പെന്തക്കോസ്താ ദിനത്തിൽ പരിശുദ്ധ അമ്മ നമ്മെ സ്വർഗീയ സൗന്ദര്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്. ആ അമ്മയുടെ സ്നേഹം മറക്കുമ്പോഴാണ് മക്കൾ ഏകമനസ്സാകുന്നതിൽ തോറ്റുപോകുന്നത്.
പരിശുദ്ധാത്മാവിനെ ഒരു കൊടുങ്കാറ്റായിട്ടാണ് ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്നത്. ആത്മാവ് കാറ്റാണ്, ഒരു ചുഴലിക്കാറ്റ്, അത് നമ്മുടെ വിഭജനങ്ങളേക്കാളും അടച്ചുപൂട്ടലുകളേക്കാളും ശക്തമാണ്. നമുക്ക് ദുഃഖവും നിസ്സഹായതയും അനുഭവപ്പെടുമ്പോൾ, ആത്മാവിന്റെ ശക്തിയെക്കുറിച്ച് നമുക്ക് ഓർമ്മിക്കാം. നമ്മുടെ വിഷാദം, നമ്മുടെ രാജി, നമ്മുടെ കഴിവില്ലായ്മ എന്നിവയെക്കാൾ ശക്തമാണ് ആത്മാവ്. ഓർക്കുക, സഭയെ നയിക്കുന്നത് ആത്മാവാണ്. അതിനെ തടസ്സപ്പെടുത്താൻ മനുഷ്യർ എന്തു ചെയ്യാൻ ശ്രമിച്ചാലും വിഷമിക്കേണ്ട, ആത്മാവ് തുടർന്നും വീശിക്കൊണ്ടേയിരിക്കും. നമുക്ക് പായ്‍വഞ്ചികൾ ഉയർത്തി നമ്മെത്തന്നെ നയിക്കാം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.