ഈസ്റ്റർ ദിനം
ശൂന്യമായ കല്ലറ: ഹൃദയസ്പർശിയായ ചില ചോദ്യങ്ങളും സാന്ത്വന ദർശനങ്ങളും നൽകിയ ഒരിടം. അതെ, ഉത്ഥാനത്തിന്റെ ആദ്യ അടയാളം ശൂന്യമായ കല്ലറയാണ്.
മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണ്മാനില്ല. ആരുടെയൊക്കെയോ പാപങ്ങളും ചുമലിലേറ്റി ബലിയായവന്റെതാണ് അത്. അവന്റെ ശരീരത്തിനു മുന്നിൽ മരണം നിസ്സഹായകമാകുന്നു. എല്ലാവരെയും തോൽപ്പിച്ച മരണത്തിന് അവന്റെ മുമ്പിൽ പരാജയം സംഭവിച്ചിരിക്കുന്നു. മരണമെന്ന വേട്ടക്കാരൻ തോറ്റിരിക്കുന്നു. ഇനി മുതൽ ലോകം ശ്മശാന സമമല്ല. യേശുവിന്റെ ഉത്ഥാനം അതിനു പുതിയ മാനം നൽകിയിരിക്കുന്നു. ഇരയുടെ മേൽ ആരാച്ചാർക്ക് ഇനി ഒരു അധികാരവുമില്ല. മുറിവുകൾ ഇനി പ്രതികാരം പ്രഘോഷിക്കുകയുമില്ല. സ്വർഗ്ഗീയ വസന്തത്താൽ ജീവിത പൂങ്കാവനത്തിൽ പുതിയ പൂക്കൾ തളിരിടുന്നു.
ആഴ്‌ചയുടെ ആദ്യദിവസം, സൂര്യനുദിക്കുന്നതിനു തൊട്ടുമുമ്പ്, ഉത്ഥിതൻ പ്രത്യക്ഷനാകുന്നതിനു മുൻപ്, ഒഴിഞ്ഞ കല്ലറയുടെ അരികിൽ വിശ്വാസത്തിന്റെ ആദ്യ നാമ്പുകൾ മുളപൊട്ടി. അതിരാവിലെ, ഇരുളിനും വെളിച്ചത്തിനും മധ്യേ, അവനെ സ്നേഹിച്ച ചില സ്ത്രീകൾ കല്ലറയുടെ അടുത്തേക്കു സുഗന്ധദ്രവ്യങ്ങളുമായി പോയിരിക്കുന്നു, അവർക്കു മാത്രം അറിയാവുന്ന മൃത്യുപരിപാലനം നടത്തുന്നതിനായി.
“അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല” (v.3). ആഖ്യാനം വളരെ ശാന്തമാണ്, ഒപ്പം അമ്പരന്ന് നിൽക്കുന്ന ആ സ്ത്രീകളെപ്പോലെ വഴിമുട്ടി നിൽക്കുകയുമാണ്. മുന്നോട്ടുപോകാൻ വേണം ഒരു സ്വർഗ്ഗീയ ഇടപെടൽ. അതാ, രണ്ടു മാലാഖമാർ. ആഖ്യാനം പുന:രാരംഭിക്കുന്നു. അസാധ്യം എന്നു കരുതിയത് സാധ്യമായിരിക്കുന്നു: “അവൻ ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടു” (v.5). പക്ഷെ വിശ്വസിക്കാൻ മാലാഖമാരുടെ വാക്കുകൾ മാത്രം പോരാ. അടയാളമായി എന്തെങ്കിലും വേണം. അതാ, ചില കാര്യങ്ങൾ ഓർത്തെടുക്കാൻ മാലാഖമാർ നിർബന്ധിക്കുന്നു: “ഗലീലിയിൽ ആയിരുന്നപ്പോൾ അവൻ നിങ്ങളോട് പറഞ്ഞത് ഓർക്കുവിൻ” (v.7). ഓർക്കുവിൻ, ക്രൂശിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും എന്ന യേശുവിന്റെ ഉറപ്പിനെ. “അപ്പോൾ അവർ അവന്റെ വാക്കുകൾ ഓർമ്മിച്ചു” (v.8).
ആ സ്ത്രീകൾ ഓർമിച്ചു, അങ്ങനെ അവർ വിശ്വസിച്ചു. മാലാഖമാരുടെ വാക്കുകളിലല്ല, യേശുവിന്റെ ഉറപ്പിലാണ് അവർ വിശ്വസിച്ചത്. ഹൃദയത്തിൽ അവർ സൂക്ഷിച്ച യേശുവിന്റെ വചനമാണ് അവന്റെ ഉത്ഥാനത്തിൽ വിശ്വസിക്കുവാൻ ശക്തിയാകുന്നത്. സ്നേഹമുള്ളവർക്കെ വാക്കുകളെ ഹൃദയത്തിൽ സൂക്ഷിക്കാൻ സാധിക്കു. അങ്ങനെയുള്ളവർക്കെ ഓർമ്മയുണ്ടാകുകയുള്ളൂ. അവർ അവനെ അത്രയധികം സ്നേഹിച്ചിരുന്നു, അതുകൊണ്ടുതന്നെ ഉത്ഥിതനെ നേരിട്ട് കാണാതെ തന്നെ വിശ്വസിക്കാനും സാധിച്ചു. യേശുവിന്റെ വചനം ഒരു മധുരസ്മരണയായി മനസ്സിലേക്ക് വരാത്തവർക്ക് ശൂന്യമായ കല്ലറയും മാലാഖമാരുടെ സ്വർഗ്ഗീയ സാന്നിധ്യവും ഉത്ഥാനത്തിന്റെ അനുഭവമായി മാറില്ല. അതുകൊണ്ടാണ് അവന്റെ കൂടെ നടന്നവരിൽ ചിലർക്കുപോലും സ്ത്രീകൾ നൽകിയ സാക്ഷ്യത്തെ കെട്ടുകഥപോലെ തോന്നിയത്. ഉത്ഥാനം ഒരു അനുഭവമാകണോ? തത്വം ലളിതമാണ്; ആദ്യം അവന്റെ വചനത്തിൽ വിശ്വസിക്കുക.
“എന്നാല്‍ പത്രോസ് എഴുന്നേറ്റ് കല്ലറയിങ്കലേക്ക് ഓടി” (v.12). ഗുരുവിനെ തള്ളി പറഞ്ഞവനാണവൻ. കുറ്റബോധത്താൽ ഹൃദയം നുറുങ്ങി തേങ്ങിയവനാണവൻ. എങ്കിലും ഉള്ളിൽ സ്നേഹം ജീവനോടെയുണ്ട്. അതുകൊണ്ട് ഗുരുവിന്റെ വരവിനെ ആര് അവിശ്വസിച്ചാലും അവൻ വിശ്വസിക്കും. കാരണം, ദൗർബല്യത്തിന്റെ ചുഴിയിൽ നിന്നും ഉയിർത്തെഴുന്നേറ്റവനാണവൻ. മരണത്തിന്റെ പടിവാതിൽ വരെ പോയവനാണവൻ. യൂദാസിനെപോലെ അവൻ ആത്മഹത്യ ചെയ്തില്ല. മറിച്ച് കലങ്ങിയ കണ്ണുകളോടെ അവൻ കാത്തിരുന്നു. അവനും ഓടുന്നു കല്ലറയിലേക്ക്. കണ്ടതോ ഗുരുവിന്റെ ശരീരം പൊതിഞ്ഞിരുന്ന തുണികൾ തനിയെ കിടക്കുന്നതും. എന്നിട്ടും അവൻ സംശയിച്ചില്ല, “സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് അവൻ തിരിച്ചു പോയി” (v.12). എന്താണ് വിസ്മയം? സംസ്കൃതത്തിൽ “സ്മയം” ആണത്. സ്മയത്തിന് പുഞ്ചിരി എന്ന് അർത്ഥം. പുഞ്ചിരി പടർത്തുന്ന കാഴ്ചയാണ് അവൻ കണ്ടത്. ശൂന്യമായ കല്ലറ; സന്തോഷം നൽകുന്ന കാഴ്ചയാണത്. അതെ, ആനന്ദിക്കുവിൻ, ഗുരുനാഥൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.