Categories: Meditation

Easter_Year B_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല, സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്...

ഈസ്റ്റർ ഞായർ

ഒരു സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം. അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല അവളുടെ കരങ്ങളിൽ. തീവ്രമായി സ്നേഹിച്ചവനെ ഒരുനോക്ക് കാണുന്നതിനായിരിക്കണം നിദ്രാരഹിതമായ രാത്രി തീരുന്നതിനു മുൻപേ അവൾ കല്ലറയിൽ എത്തിയത്. ഒഴിഞ്ഞ കരങ്ങളുള്ളവരെ ശൂന്യരെന്ന് വിളിക്കരുത്. തീക്ഷണമായ സ്നേഹത്താൽ കത്തി ജ്വലിക്കുന്നവരായിരിക്കാം അവർ. അങ്ങനെയുള്ളവർ മരണത്തിനു മുമ്പിൽ തോൽക്കില്ല. അവർ അവരുടെ പ്രാണേതാക്കളെ മരണത്തിന് വിട്ടുകൊടുക്കുകയുമില്ല. മരണമൊരു ദഹനബലിയായി അവരുടെ പ്രിയരേ ഹവിസ്സായി ഉയർത്തുമ്പോൾ എല്ലാ ബലികളുടെയും ഉടയവനായ ദൈവത്തിന് അവരുടെ സ്നേഹത്തിനു മുമ്പിൽ നിസ്സംഗനായി നിൽക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ കല്ലറയുടെ വാതിലുകൾ തനിയെ തുറക്കപ്പെടും. സ്നേഹം അതിനെ തുറക്കും. അങ്ങനെയാണ് അവൻ്റെ ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി മഗ്ദലന മറിയം കാണുന്നത്.

ഇരുളിന്റെ ദിനങ്ങൾ അവസാനിച്ചു. ഇനിയുള്ളത് വസന്തമാണ്. ഇന്നത്തെ അരുണോദയം വിശുദ്ധമാണ്. മുകളിൽ നിന്നും പതിയുന്ന പ്രകാശകിരണങ്ങളിൽ ദൈവീക ജീവന്റെ കണികകളുണ്ട്. ഉത്ഥിതന്റെ വെളിച്ചമാണത്. മരണത്തിന്റെ നിഴൽ പതിഞ്ഞ ഇടങ്ങളിലേക്കത് തുളച്ചു കയറും. അങ്ങനെ നിന്റെ കല്ലറയും തുറക്കപ്പെടും. നീയും ആ സ്നേഹത്തിന്റെ ഊഷ്മളത അനുഭവിക്കും.

മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണാനില്ല എന്നതു മാത്രമല്ല അവന്റെ ഉത്ഥാനം മുന്നിലേക്ക് വയ്ക്കുന്ന വിഷയം. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സ്നേഹത്തെ കല്ലറയ്ക്കുള്ളിൽ തളയ്ക്കാം എന്ന ഹീന വിചാരങ്ങൾക്കേറ്റ ആഘാതമാണ് നിശബ്ദമായി കുരിശിലേറിയവന്റെ തിരിച്ചു വരവ്. സ്നേഹത്തിനെ ഇരുളിൽ തളയ്ക്കാൻ ആർക്കു സാധിക്കും?

യേശുവിന്റെ ഉത്ഥാനം ചരിത്രത്തിന്റെ ഇടവേളയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണെന്നു കരുതുന്നതിനോട് യോജിക്കുന്നില്ല. പൗലോസിന്റെ കാഴ്ചപ്പാടിലൂടെ ഉത്ഥാനത്തെ ദർശിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നമ്മളെല്ലാവരും ക്രിസ്തുവിന്റെ ശരീരമായി മാറുന്നുണ്ടെങ്കിൽ അവൻ കടന്നുപോയ കാൽവരിയിലെ അവഹേളനവും കുരിശിലെ ശൂന്യവൽക്കരണവും കല്ലറയിലെ ഇരുളും ഉത്ഥാനത്തിന്റെ പ്രകാശവും നമ്മിലും സംഭവിക്കും. മനുഷ്യനെന്ന സാധ്യതയുടെ പൂർണ്ണതയാണ് ക്രിസ്തു. അതുകൊണ്ടുതന്നെ അവനിൽ വസിക്കുന്നവർക്കും അവന്റെ സ്നേഹം അനുഭവിച്ചവർക്കും കുരിശും ഉത്ഥാനവും അന്യമാണെന്ന് വിചാരിക്കരുത്. അവ കൈസ്തവ സ്വത്വത്തോട് ഇഴുകി ചേർന്നിട്ടുണ്ട്.

നൊമ്പരവും നിരാശയും മാത്രമല്ല മരണം നമ്മിലേക്ക് കൊണ്ടുവരിക, അതിലുപരി “കർത്താവേ, നീ എവിടെയാണ്?” എന്ന ചോദ്യവും നമ്മിൽ നിറയ്ക്കും. സ്നേഹം ഒരു അസാന്നിധ്യമായി അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെയുള്ള ചോദ്യം ഉള്ളിൽ നിറയുന്നത്. അങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്ന രണ്ട് സഹോദരിമാരുടെ ചിത്രം യോഹന്നാൻ തന്റെ സുവിശേഷത്തിൽ ചിത്രീകരിക്കുന്നുണ്ട്. മരണത്തിന്റെ മുമ്പിൽ ചോദ്യങ്ങൾ എപ്പോഴും ദൈവത്തിനോടെ ഉണ്ടാകൂ. അങ്ങനെ അവരും ചോദിക്കുന്നുണ്ട് യേശുവിനോട്: “എവിടെയായിരുന്നു നീ?” എല്ലാ ചോദ്യങ്ങൾക്കുമായി അവൻ നൽകുന്ന ഉത്തരമാണ് വിസ്മനീയം: “ഞാനാണ് പുനരുത്ഥാനവും ജീവനും” (യോഹ 11:25). അതെ, ജീവനല്ല പുനരുത്ഥാനമാണ് ആദ്യം. അപ്പോൾ ജീവനോ? അത് നിത്യജീവനാണ്. ഇരുളടഞ്ഞ കല്ലറയിൽ നിന്നും, തിന്മയുടെ വീർപ്പുമുട്ടലിൽ നിന്നും, മങ്ങിയ ജീവിതസാഹചര്യങ്ങളിൽ നിന്നും, കെട്ടുപോയ ഹൃദയസ്പന്ദനങ്ങളിൽ നിന്നും, തണുത്തുറഞ്ഞ ബന്ധങ്ങളിൽ നിന്നും ആദ്യമുണ്ടാക്കുക പുനരുത്ഥാനമാണ്.

അതെ, ആദ്യം നമ്മിൽ സംഭവിക്കേണ്ടത് ഒരു പുനരുത്ഥാനമാണ്. അതിന് ഉത്ഥിതനായവനും ഉത്ഥാനവുമായ യേശു ഉള്ളിലുണ്ടാകണം. യേശുവാണ് ഉള്ളിലെങ്കിൽ സ്നേഹമാണവരുടെ ജീവിതം. ആ ജീവിതത്തെ തോൽപ്പിക്കാൻ മരണത്തിന് സാധിക്കുകയില്ല. കാരണം ആ ജീവിതം നിത്യജീവതമാണ്.

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല. അത് സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. ഉത്ഥാനമില്ലായിരുന്നെങ്കിൽ നമ്മുടെ സ്നേഹവും കരുണയും ആർദ്രതയുമെല്ലാം മരണം കൊണ്ടവസാനിക്കുമായിരുന്നു. ഉത്ഥാനമാണ് സ്നേഹത്തിന് നിത്യതയോളം മാനം നൽകുന്നത്. അപ്പോൾ മരണമോ? മരണം സ്നേഹത്തിന്റെ അവസാനത്തെ പടി മാത്രമാണ്. ഉത്ഥാനമാണ് നിത്യതയിലേക്കുള്ള അതിന്റെ ചിറക്.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

5 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago