കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ
അനുതാപത്തിന്റെ സ്നാനം പ്രസംഗിച്ച് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട സ്നാപകൻ ജോർദാൻ നദിക്കരയിൽ ആത്മാവിൽ സ്നാനം നൽകുന്നവന്റെയരികിൽ നിർന്നിമേഷനായി നിൽക്കുന്നു. കഠിനമായ പദങ്ങളൊന്നും ഇനി അവൻ ഉപയോഗിക്കില്ല. ആർദ്രതയുടെ മൂർത്തീഭാവമായ യേശുവിന്റെ മുന്നിലാണവൻ നിൽക്കുന്നത്. അവനും വന്നിരിക്കുന്നത് സ്നാനം സ്വീകരിക്കാനാണ്.
മരുഭൂമി, ജലം, ആകാശം, സ്വർഗ്ഗം, ആത്മാവ്, പ്രാവ്… ബിംബങ്ങളുടെ ഒരു ശേഖരമാണ് ഇതിവൃത്തം. ഇവിടെ എടുത്തു പറയേണ്ടത് പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ്. വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്ന ദൈവചൈതന്യത്തിന്റെ ആഖ്യാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ടത്. രൂപരഹിതവും ശൂന്യവുമായിരുന്ന ഭൂമിയെക്കുറിച്ചുള്ള ചിത്രീകരണത്തിലാണ് ജലത്തിനു മീതേ വസിക്കുന്ന ആത്മാവിനെക്കുറിച്ച് ഉൽപത്തി പുസ്തകത്തിന്റെ ആദ്യ താളിൽ പറയുന്നത്. സൃഷ്ടിയുടെ ആരംഭം. ജലരേഖ പോലെ ഒരു സാന്നിധ്യം. ജലത്തിൽ തുടിക്കുന്ന ജീവബിന്ദുക്കൾ… അമ്മയുടെ ഉദരത്തിലെ ജലകണങ്ങളും അതിലെ ജീവ കോശങ്ങളിലെ ദൈവിക ചൈതന്യവും. മനസ്സിലേക്കു ജൈവീക ചിന്തകൾ കടന്നു വരുന്നു… എങ്ങനെ വീണ്ടും ജനിക്കും എന്ന് ചോദിച്ചവനോട് അമ്മയുടെ ഉദരത്തിലേക്ക് തിരികെ പോകാൻ ഗുരു ആവശ്യപ്പെടുന്നില്ല. ജലത്താലും ആത്മാവിനാലും ജനിക്കുക. സ്നാനമാണത്. ജന്മ-പുനർജന്മങ്ങളുടെ എല്ലാ മുദ്രകളും അതിലുണ്ട്. ആരംഭത്തിലേക്കും പുനരാരംഭത്തിലേക്ക് അത് നമ്മെ നയിക്കും. ഇനിയുള്ളത് സ്വർഗ്ഗത്തിലെ സാക്ഷ്യം മാത്രമാണ്: “നീ എന്റെ പ്രിയ പുത്രൻ”.
“നീ എന്റെ പ്രിയ പുത്രൻ” – ഇതിലും വലിയൊരു സാക്ഷ്യം സ്വർഗത്തിനു നൽകാൻ സാധിക്കില്ല. ജന്മ-പുനർജന്മത്തിന്റെ പദശാഖകളോട് ചേർത്ത് മാത്രമേ ഈ സ്വർഗ്ഗ ശബ്ദത്തെ വായിക്കാൻ പറ്റൂ. പൗത്ര ബന്ധത്തിലേക്ക് സ്നാനം നമ്മെ ഉയർത്തുന്നു. യേശുവിലൂടെ നമ്മളും ദൈവ കുടുംബത്തിലെ അംഗമായി മാറുന്നു. യോഹന്നാൻ സുവിശേഷകൻ ഈ ആത്മീയ അവസ്ഥയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്: “തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി” (1:13). സ്നാനം സ്വീകരിക്കുന്നവൻ ഭക്തനല്ല. ഒരു ആത്മീയ അടിമയല്ല. ദൈവമക്കളാണ്. ദൈവ വർഗ്ഗത്തിലെ ഒരംഗമാണ്. സ്വർഗ്ഗത്തിന്റെ ഒരു കണം ആത്മാവിൽ സ്വീകരിച്ചവൻ. ഓരോ കോശങ്ങളിലും ദൈവ പിതാവിന്റെ ക്രോമോസോം വഹിക്കുന്നവൻ. അതേ, ഒരു ദൈവിക ഡിഎൻഎ നമ്മിൽ വിതച്ചിട്ടുണ്ട്.
സ്വർഗ്ഗത്തിന് പറയാനുള്ളത് പൗത്രവൽക്കരണത്തിലെ സ്നേഹത്തെയും ആനന്ദത്തെയും കുറിച്ചാണ്. സ്വർഗ്ഗത്തിന്റെ പര്യായങ്ങളാണ് സ്നേഹവും ആനന്ദവും. കാലഹരണപ്പെട്ട സങ്കല്പങ്ങളായി മാറിക്കൊണ്ടിരിക്കുകയാണവകൾ. സ്നേഹത്തിലും ആനന്ദത്തിലും ദൈവികത ദർശിക്കാൻ സാധിക്കാതെ വരുന്ന ഒരു തലമുറയിൽ “നീയാണ് എന്റെ ആനന്ദം, നീയാണ് എന്റെ സ്നേഹം” എന്ന് നെഞ്ചിൽ തൊട്ട് പറയാൻ പലരും ഭയപ്പെടുന്നു. സ്വർഗ്ഗത്തിൽ നിന്നും ഒരു സ്വരം നമ്മുടെ ബന്ധങ്ങളിലും സാക്ഷ്യമായുണ്ടാകണം. നീയാകുന്ന സ്നേഹത്തിൽ, നീയാകുന്ന ആനന്ദത്തിൽ മുങ്ങി കുളിക്കുക. അത് സ്നാനമാണ്. സ്വർഗ്ഗം സാക്ഷ്യപ്പെടുത്തുന്ന സ്നാനം. അതുകൊണ്ടാണ് ക്രൈസ്തവ ജീവിതത്തിന്റെ ആദ്യ ചുവട് ജ്ഞാനസ്നാനമാണെന്ന് പറയുന്നത്. ദൈവീക – മാനുഷിക ബന്ധം നൽകുന്ന സ്നേഹത്തിലും ആനന്ദത്തിലുമുള്ള ആത്മ നിമജ്ജനം.
“വെള്ളത്തിൽ നിന്നും കയറുമ്പോൾ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെ മേൽ ഇറങ്ങി വരുന്നതും അവൻ കണ്ടു” (v.10). ഇതൊരു മിസ്റ്റിക് അനുഭവമാണ്. സുവിശേഷകൻ എത്ര സുന്ദരമായിട്ടാണ് യേശുവിന്റെ ഈ ആത്മീയ അനുഭവത്തെ വരികളിൽ നിറച്ചിരിക്കുന്നത്! അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ക്രിയ ശ്രദ്ധിക്കുക: ആകാശം പിളരുന്നു. ദൈവ സ്നേഹത്തിന്റെ തിങ്ങലിൽ ആകാശം പിളരുന്നു. സ്വർഗ്ഗീയ സ്നേഹത്തെ ചിത്രീകരിക്കാൻ ഇതിലും വലിയ ബിംബകല്പന വേറെയില്ല. കൈവരിച്ചു നിൽക്കുന്ന പ്രണയിനിയെ പോലെ സ്വർഗ്ഗം വിടരുന്നു. ആ തുറവിയിൽ നിന്നും ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ പറന്നിറങ്ങുന്നു. അത് അവന്റെ ശരീരത്തിൽ കൂടു കൂട്ടുന്നു. ദൈവസ്നേഹം ഇന്ദ്രിയനുഭവമായി മാറുന്നു. ആ അനുഭവത്തിന്റെ ഊർജ്ജവുമായി അവൻ മരുഭൂമിയിലേക്ക് നടക്കുന്നു പരീക്ഷണങ്ങളുടെ മുന്നിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ. എന്നിട്ടവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നു.
യേശുവിൽ എന്താണ് സംഭവിച്ചത് അത് തന്നെയാണ് നമ്മുടെ ജ്ഞാനസ്നാനത്തിലും സംഭവിക്കുക. ദൈവസ്നേഹം നമ്മിലും ധാരയായി ഇറങ്ങി വരുന്നു. മനുഷ്യാവതാരത്തിന്റെ മറ്റൊരു പതിപ്പ് നമ്മിൽ ഉണ്ടാകുന്നു. ദൈവം നമ്മിൽ ജനിക്കുന്നു. നമ്മൾ അവനിലും. അങ്ങിനെ നമ്മൾ ദൈവ കുടുംബത്തിലെ ഒരു അംഗമാകുന്നു. സ്വർഗ്ഗീയ നിശ്വാസം ആത്മാവിൽ ആവഹിച്ചുകൊണ്ടുള്ള ഒരു പുനർജനനം നമ്മിലും സംഭവിക്കുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.