
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം
“സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു” (1തെസ 4 : 13). മരിച്ച വിശ്വാസികളുടെ ദിനം ഒരു സ്മരണാചരണം അല്ല, ക്രൈസ്തവ പ്രത്യാശയുടെ തിരുനാളാണ്. അതുകൊണ്ടാണ് ഈ തിരുനാൾ സകലവിശുദ്ധരുടെയും തിരുനാളിനോട് ചേർന്നുനിൽക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സകല വിശുദ്ധരുടെയും തിരുനാളിന്റെ തുടരാഘോഷമാണ് ആത്മക്കാരുടെ ദിനം. അപ്പോഴും വേർപാടിന്റെ വേദനയും നീറ്റലും ഈ ദിനത്തിൽ നമ്മെ സ്പർശിക്കുന്നില്ല എന്നല്ല അതിനർത്ഥം. മറിച്ച് പൗലോസപ്പസ്തലൻ ആഹ്വാനം ചെയ്യുന്നതുപോലെ ദൈവമക്കൾക്കായി കരുതിവച്ചിരിക്കുന്ന ഭാവിയെ കുറിച്ച് മറക്കാതിരിക്കാനുള്ള ക്ഷണമാണിത്. ക്രൈസ്തവന് മരണം ഒരു ഭയമല്ല. കാരണം, ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവല്ല അവനിലുള്ളത്. മറിച്ച്, പുത്രസ്വീകാരത്തിന്‍റെ ആത്മാവിനെയാണു ക്രിസ്തുശിഷ്യർ കൈക്കൊണ്ടിരിക്കുന്നത് (റോമാ 8 : 15). അതുകൊണ്ടാണ് പൗലോസപ്പോസ്തലൻ പറയുന്നത്: “നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും… നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു” (റോമാ 8:17-18).
ഈ “ഭാവി മഹത്വത്തിന്റെ” ഒരു നേർക്കാഴ്ചയാണ് ഇന്നത്തെ ആരാധനക്രമം. അതിൽ ഭാവിയുണ്ട്. നമ്മൾ സകല വിശുദ്ധരോടൊപ്പം നമ്മുടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കുന്നു. ഏശയ്യ പ്രവാചകൻ പറയുന്നതുപോലെ സകല ജനതകൾക്കും വേണ്ടി കർത്താവ് ഒരു വിരുന്ന് ഒരുക്കിയിരിക്കുന്നു. ആ വിരുന്നിൽ ഞാനും നീയും നമ്മളിൽ നിന്നും മറഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുമുണ്ട്. ഒരു മൂടുപടം അവരെ മറച്ചു നിർത്തിയിരിക്കുകയാണ്. അതുകൊണ്ട് അവരെ നമ്മൾ കാണുന്നില്ല. പക്ഷേ അവർ ദൈവത്തെ കാണുന്നുണ്ട്. അവരുടെ കണ്ണുകൾ ദൈവത്തിന്റെ മുഖത്തെ ഒപ്പിയെടുക്കുന്നു. ഇനി അവർ നൊമ്പരത്തിന്റെ കണ്ണുനീർ പൊഴിക്കില്ല; അനന്തമായ ആനന്ദമാണ് അവരുടെ അവസ്ഥ.
ഇന്നത്തെ ആഘോഷം ഒരു ദർശനമാണ് നമുക്ക് പകർന്നുനൽകുന്നത്. നമ്മിൽ നിന്നും നടന്നകന്നവർ എവിടെയാണെന്നും നമ്മൾ എവിടേക്ക് പോകുമെന്നുമുള്ള ദർശനം. മരണം നമ്മെ വേർപെടുത്തുന്നു, അത് സത്യമാണ്, അത് നൽകുന്ന നൊമ്പരം യാഥാർത്ഥ്യവുമാണ്. എന്നിട്ടും മരണം നമ്മെ പരസ്പരം അകറ്റുന്നില്ല, ഭൂമിയിൽ നാം കെട്ടിപ്പടുത്ത സ്നേഹബന്ധങ്ങൾ തകർക്കുന്നില്ല, നമ്മെ വിളിച്ച ദൈവത്തിന്റെ കുടുംബത്തിൽ നിന്ന് നമ്മെ വിട്ടുപോകാൻ അത് പ്രേരിപ്പിക്കുന്നുമില്ല. കാരണം, മരണത്തിന്റെ ദംശനത്തെ യേശു എപ്പോഴേ തകർത്തു കഴിഞ്ഞു.
അതെ, ജീവിതത്തിൽ പ്രധാനപ്പെട്ട ഒരേയൊരു കാര്യം സ്നേഹമാണ്. നമ്മൾ പറഞ്ഞതും ചെയ്തതും ചിന്തിച്ചതും ആസൂത്രണം ചെയ്തതുമായ എല്ലാത്തിലും അവശേഷിക്കുന്ന ഒരേയൊരു കാര്യം സ്നേഹമാണ്. സ്നേഹം എല്ലായ്പ്പോഴും മഹത്തരമാണ്: ഒരു ഗ്ലാസ് വെള്ളം, ഒരു കഷണം അപ്പം, ഒരു സന്ദർശനം, ചില ആശ്വാസവാക്കുകൾ, ഒരു കൈത്താങ്ങ് എന്നിവ പോലുള്ള ചെറിയ പ്രവൃത്തികളിൽ അത് സ്വയം പ്രകടമാകുന്നു. സ്നേഹം മാത്രമാണ് മഹത്തരമായത്, കാരണം അത് ഭൂമിയെ ജ്വലിപ്പിച്ച് രക്ഷിക്കുന്ന ദൈവത്തിന്റെ ഒരു തീപ്പൊരിയാണ്. വിശുദ്ധന്മാരും നമ്മുടെ പ്രിയപ്പെട്ടവരും വസിക്കുന്നത് കണ്ണെത്താദൂരത്താണ് എന്ന് വിചാരിക്കരുത്. ദരിദ്രരോടുള്ള ആർദ്രതയിലും സ്നേഹത്തിലും നമുക്ക് ഇവിടെതന്നെ ആ ഇടത്തെ സൃഷ്ടിക്കാൻ സാധിക്കും. നമ്മുടെ പ്രവർത്തികളാണ് സ്വർഗ്ഗവും നരകവും നിർണയിക്കുന്നത്. ഇന്നത്തെ കരുണയാണ് നാളത്തെ സ്വർഗ്ഗം. ഇന്നത്തെ നിസംഗതയാണ് നാളത്തെ നരകവും. ഇന്ന് കരുണയില്ലാതെ ജീവിക്കുന്നവർ നാളെ കാരുണ്യം പ്രതീക്ഷിക്കരുത്. സ്വർഗ്ഗവും നരകവും ഒരു മായിക കല്പനയല്ല. നമ്മുടെ തിരഞ്ഞെടുപ്പുകളിലൂടെ നമ്മൾ തന്നെ സൃഷ്ടിച്ചെടുക്കുന്ന നമ്മുടെ അന്ത്യയിടമാണവ. അതിനാൽ മരിച്ചവരെ ഓർക്കുമ്പോൾ നമ്മൾ നമ്മുടെ പ്രവർത്തികളിലേ ശുദ്ധതയെയും ധ്യാനിക്കണം. കാരണം മരണ ഒരു അവസാനമല്ല, അത് ആരംഭം മാത്രമാണ്. സുവിശേഷത്തെ അതിൻ്റെ തനിമയോടുകൂടെ ഹൃദയത്തോട് ചേർത്തു നിർത്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർ മാത്രമാണ് മരണത്തിൻ്റെ മുമ്പിൽ ഭാഗ്യവാന്മാർ. അല്ലാത്തവരുടെ ഭാഗധേയം പല്ലുകടിയും പിറുപിറുപ്പു മാത്രമായിരിക്കും. അവിടെ കാരുണ്യം പ്രതീക്ഷിക്കേണ്ട. എങ്കിലും നമ്മുടെ ദിനങ്ങളുടെ അന്ത്യത്തിൽ നമ്മളും ആനന്ദത്തിന്റെ ആ ക്ഷണം കേൾക്കുമെന്ന് പ്രത്യാശിക്കാം: “എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍” (മത്താ 25: 34).
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
This website uses cookies.