ആഗമനകാലം നാലാം ഞായർ
ഒന്നാം വായന : ഏശയ്യാ 7:10-14
രണ്ടാം വായന : റോമ 1:1-7
സുവിശേഷം : വി.മത്തായി 1:18-24
ദിവ്യബലിക്ക് ആമുഖം
“എമ്മാനുവേൽ” പ്രവചനമാണ് ആഗമനകാലം നാലാം ഞായറിന്റെ മുഖ്യപ്രമേയം. എമ്മാനുവേൽ പ്രവചനം നടത്തുന്ന ഏശയ്യാ പ്രവാചകനെ നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിക്കുന്നു. ഈ പ്രവചനം പൂർത്തീകരിക്കപ്പെടുന്നതെങ്ങനെയെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നു. നമ്മോട്കൂടെ വസിക്കുന്ന ദൈവം ദാവീദിന്റെ പുത്രനായ യേശുവാണെന്ന് ഇന്നത്തെ രണ്ടാം വായനയിൽ റോമാക്കാർക്കുള്ള ലേഖനത്തിലൂടെ വിശുദ്ധ പൗലോസ് അപ്പോസ്തലൻ നമ്മോട് പറയുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
വചനപ്രഘോഷണം കർമ്മം
“യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവൻ എമ്മാനുവേൽ എന്ന് വിളിക്കപ്പെടും” എന്ന സുപ്രധാന പ്രവചനം ഇന്നത്തെ ഒന്നാം വായനയിലും, ഈ പ്രവചനത്തിന്റെ പൂർത്തീകരണം ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നു. നമുക്കീ തിരുവചനങ്ങൾ വിചിന്തന വിധേയമാക്കാം.
ഒന്നാം വായനയിലെ ആഹാസ്
യൂദാ രാജാവായ ആഹാസും, ഏശയ്യാ പ്രവാചകനും തമ്മിൽ ബിസി 730-ൽ നടന്ന ഒരു സംഭാഷണമാണ് നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചത്. തന്റെ രണ്ട് ശത്രുക്കൾ ഒരുമിച്ച് ചേർന്ന് തന്നെ ആക്രമിക്കുവാൻ വരുന്നതിനെയോർത്ത് ഭയപ്പെടുന്ന, ഉത്കണ്ഠാകുലനാകുന്ന രാജാവിനെ ഏശയ്യാ പ്രവാചകനിലൂടെ ദൈവം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്നിൽ നിന്ന് ഒരു അടയാളം ആവശ്യപ്പെടാൻ ദൈവം പറയുമ്പോൾ അതിന് ആഹാസ് കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്: “ഞാൻ അത് ആവശ്യപ്പെടുകയോ, കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല”. ഭയവും ഭക്തിയും നിറഞ്ഞ ഒരു മറുപടി ആയിട്ടാണ് ഇത് കേൾക്കുമ്പോൾ നമുക്ക് തോന്നുക, എന്നാൽ യാഥാർത്ഥ്യം അതല്ല. നല്ലൊരു രാഷ്ട്രീയക്കാരനായ ആഹാസിന് ദൈവത്തിന്റെ വാക്കുകളെക്കാളും വിശ്വാസം അവൻതന്നെ കെട്ടിപ്പടുത്ത രാഷ്ട്രീയ സഖ്യങ്ങളിലായിരുന്നു. ദൈവത്തെ ആശ്രയിച്ചാൽ തന്റെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ പറ്റില്ല എന്ന് അയാൾക്കറിയാമായിരുന്നു. യഥാർത്ഥത്തിൽ ആഹാസ് തന്റെ മറുപടിയിലൂടെ ദൈവത്തെയും, ദൈവം നൽകുന്ന അടയാളങ്ങളെയും ബുദ്ധിപൂർവം ഒഴിവാക്കുകയാണ് ചെയ്തത്.
ആഹാസിന് ദൈവത്തിൽ വിശ്വാസം ഇല്ലായിരുന്നു. അവൻ ദൈവീക വെളിപാടിനെ നിരാകരിച്ചു. അതുകൊണ്ടാണ് ആഹാസിനുള്ള മറുപടിയിൽ ഏശയ്യാ പ്രവാചകൻ പറയുന്നത്: “മനുഷ്യരെ അസഹ്യപ്പെടുന്നത് പോരാഞ്ഞിട്ടാണോ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്”. ഇതേതുടർന്ന്, “യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവൻ എഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും” എന്ന പ്രവചനം നടത്തുന്നു. “എമ്മാനുവേൽ” എന്നാൽ “ദൈവം നമ്മോടുകൂടെ” എന്നർത്ഥം. ദൈവം ആരുടെ കൂടെയാണ്? ദൈവം ആഹാസ് രാജാവിന്റെ കൂടെ അല്ല എന്ന് വ്യക്തമാണ്. കാരണം, ദൈവത്തെ തന്റെ കൂടെ ആയിരിക്കാൻ അവൻ അനുവദിക്കുന്നില്ല. ദൈവത്തിന്റെ അടയാളങ്ങളെക്കാളും ആഹാസിന് താല്പര്യം മറ്റു രാജാക്കന്മാരിൽ ആയിരുന്നു. ആരാണോ തന്നിൽ വിശ്വസിക്കുകയും, ശ്രവിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത്; അവരിലാണ് ദൈവം വസിക്കുന്നത്. ലളിതമായി പറഞ്ഞാൽ; ആരാണ് ദൈവത്തെ വസിക്കാൻ അനുവദിക്കുന്നത് അവന്റെ ഹൃദയത്തിലാണ് ദൈവമുള്ളത്.
സുവിശേഷത്തിലെ ജോസഫ്
ദൈവത്തിന്റെ അടയാളത്തിൽ വിശ്വസിക്കുന്ന, ദൈവം സ്വപ്നത്തിലൂടെ നൽകിയ നിർദ്ദേശങ്ങളെ അക്ഷരംപ്രതി അനുസരിക്കുന്ന, നീതിമാനായ എന്നാൽ നിശബ്ദനായ ഒരു മനുഷ്യനെ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. യേശുവിന്റെ വളർത്തുപിതാവായ ജോസഫ്. ഏകദേശം 700 നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഏശയ്യായുടെ പ്രവചനം പൂർത്തീകരിക്കപ്പെടുന്നത് ജോസഫിന്റെ വളരെ ഉത്തരവാദിത്വമുള്ള പങ്കാളിത്തത്തോടെയാണ്.
ജോസഫിന്റെ മൂന്നു പ്രധാന ഉത്തരവാദിത്വങ്ങൾ നമുക്ക് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് വ്യക്തമാകുന്നു.
ഒന്നാമതായി; തന്റെ ആത്മാഭിമാനത്തെക്കാളും മറിയത്തിന് ഒരു കുഴപ്പവും സംഭവിക്കരുതെന്ന് ജോസഫ് ആഗ്രഹിക്കുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ഗർഭിണിയായ യുവതിക്ക് നേരെ കുറ്റാരോപണത്തിനും അതിനെത്തുടർന്നുള്ള ശിക്ഷയായ കല്ലെറിഞ്ഞു കൊല്ലലിനും അവസരമുണ്ടായിട്ടും ജോസഫ് അതിന് മുതിരുന്നില്ല. ഒരു വിശ്വാസിയായ യുവാവ് എന്ന നിലയിൽ ഗർഭിണിയായ യുവതിയെ വിവാഹം ചെയ്യുന്നത് അക്കാലത്ത് വ്യഭിചാരത്തിനു തുല്യമായിരുന്നു. അതുകൊണ്ടാണ് നിശബ്ദമായി ഉപേക്ഷാപത്രം നൽകി മറിയത്തെ ഉപേക്ഷിക്കാൻ തയാറാകുന്നത്.
രണ്ടാമതായി; ദൈവത്തിന്റെ വചനം അനുസരിച്ച് ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നു.
മൂന്നാമതായി; ദൈവദൂതൻ പറഞ്ഞതനുസരിച്ച് ശിശുവിന് ‘യേശു’ എന്ന പേര് നൽകുന്നു. ഇതിലൂടെ അന്നത്തെ നിയമമനുസരിച്ചുള്ള പിതാവിന്റെ ഔദ്യോഗിക കടമ നിർവഹിക്കുന്നു.
ഔദ്യോഗികമായി യേശുവിന്റെ പിതാവെന്ന (വളർത്തുപിതാവെന്ന) സ്ഥാനമേൽക്കൽ ഇവിടെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, ജോസഫ് ദാവീദിന്റെ വംശത്തിൽപ്പെട്ടയാളാണ്. ഇതാണ് യേശുവിന് “ദാവീദിനെ പുത്രൻ” എന്ന സ്ഥാനപ്പേര് നൽകുന്നതും. ഇന്നത്തെ രണ്ടാം വായനയിൽ, റോമാക്കാർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ “യേശു ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽ നിന്ന് ജനിച്ചവൻ” എന്ന് വിശേഷിപ്പിക്കുന്നത് ഈ അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത്.
വിചിന്തനം
എമ്മാനുവൽ (ദൈവം നമ്മോടുകൂടെ) പ്രവചനവുമായി ബന്ധപ്പെട്ട് രണ്ടു വ്യക്തികളെ ഇന്നത്തെ തിരുവചനങ്ങളിൽ നാം കണ്ടുമുട്ടുന്നു. ഒന്നാമത്തെ വ്യക്തി ആഹാസ് രാജാവ്; ദൈവത്തോട് താൽപര്യമുണ്ടെന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ദൈവത്തിന് സ്വന്തം ഹൃദയത്തിലും ജീവിതത്തിലും സ്ഥാനം കൊടുക്കാത്ത വ്യക്തിയാണ്. രണ്ടാമതായി ജോസഫ്; തന്റെ ജീവിതത്തിലുടനീളം പ്രവൃത്തികൊണ്ട് ദൈവേഷ്‌ടത്തിന് “അതേ” എന്ന് ഉത്തരം പറഞ്ഞയാൾ. “ദൈവം നമ്മോടുകൂടെ” എന്ന് തന്നെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തി. ദൈവദൂതനിലൂടെ നൽകപ്പെട്ട ദൈവവചനത്തെ നിരാകരിക്കുകയല്ല; അംഗീകരിച്ച്, അനുസരിച്ച്, പ്രവർത്തിച്ച വ്യക്തി.
നാം തിരുപ്പിറവി തിരുനാളിനോട് അടുക്കുന്ന ഈ അവസരത്തിൽ, ദേവാലയത്തിന് അകത്തും പുറത്തും പുൽക്കൂട് നിർമാണത്തിലും, നക്ഷത്രങ്ങൾ അണിയിച്ചൊരുക്കുന്നത്തിന്റെയും, ക്രിസ്മസ് ദിനത്തിന് വേണ്ട അവസാനഘട്ട ഒരുക്കങ്ങൾക്കായി തിരക്കിട്ടോടുമ്പോൾ നമുക്ക് ചിന്തിക്കാം: “എമ്മാനുവേൽ” പ്രവചനത്തോട് നാം എന്ത് മനോഭാവമാണ് പുലർത്തുന്നത്! നാം ആഹാസിനെപ്പോലെയാണോ? അതോ ജോസഫിനെപ്പോലെയാണോ? നാം ജോസഫിനെപ്പോലെ ആണെങ്കിൽ തീർച്ചയായും “ദൈവം നമ്മോടൊപ്പം വസിക്കും”.
ആമേൻ.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.