15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)
സ്നേഹവും സത്യവും ഒരിക്കലും നിർബന്ധിക്കപ്പെടുന്നില്ല; അവ സ്വതന്ത്രമായി സ്വീകരിക്കപ്പെടുന്നു...

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ പ്രബോധനങ്ങളിൽ വലിയൊരു ഭാഗം ഉപമകളാണെന്നതാണ്. അവൻ വെറുമൊരു ഉപദേശകനായിരുന്നില്ല; കഥകളിലൂടെ ദൈവത്തെ വെളിപ്പെടുത്തിയ ഗുരുവായിരുന്നു.
“പരബോലേ” (Parabolé) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ഉപമിക്കുക”, “താരതമ്യം ചെയ്യുക” എന്നതാണ്. എന്നാൽ യേശുവിന്റെ ഉപമകൾ വെറും താരതമ്യങ്ങളല്ല. അവ മനുഷ്യജീവിതത്തിന്റെ പരിചിതമായ വഴികളിലൂടെ ദൈവത്തിന്റെ അപരിചിതമായ രഹസ്യങ്ങളിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന പ്രകാശദീപങ്ങളാണ്. ഭൂമിയിൽ നിന്നാരംഭിച്ച് സ്വർഗത്തിലേക്ക് ഉയർത്തുന്ന ആത്മീയ പാലങ്ങളാണ് അവ.
യേശു ജീവിതത്തെ നിരീക്ഷിച്ചവനായിരുന്നു. തടാകത്തിന്റെ തിരമാലകളെയും, കാറ്റിൽ തലോടുന്ന ഗോതമ്പുകതിരുകളെയും, വിത്തുവിതയ്ക്കുന്ന കർഷകനെയും, ആടുകളെ തേടി മലകയറുന്ന ഇടയനെയും, കടലിൽ വലവീശുന്ന മീൻപിടിത്തക്കാരനെയും, വീട്ടമ്മയുടെ അപ്പമുണ്ടാക്കലിനെയും അവൻ ശ്രദ്ധിച്ചു. മറ്റുള്ളവർ സാധാരണ കാഴ്ചകളായി കണ്ടതിൽ അവൻ ദൈവത്തിന്റെ വിരലടയാളങ്ങൾ കണ്ടു. കാരണം, അവന്റെ ദൃഷ്ടിയിൽ സൃഷ്ടിയിലെ ഓരോ ചെറുകാര്യവും പിതാവിനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ്.
ഉപമകൾ കേൾക്കുമ്പോൾ അവ വളരെ ലളിതമാണെന്ന് തോന്നും. എന്നാൽ അവയുടെ ആഴം സ്പർശിക്കാൻ ബുദ്ധിയുടെ മൂർച്ച മാത്രം പോര; ഹൃദയത്തിന്റെ വിനയവും ആവശ്യമാണ്. എത്ര വിചിത്രമാണ് ഈ സത്യം! സങ്കീർണ്ണമായി സംസാരിക്കുക എളുപ്പമാണ്; എന്നാൽ ലളിതമായി സംസാരിക്കുക അത്യന്തം ദുഷ്കരമാണ്. സത്യം ലളിതമാകുമ്പോഴാണ് അത് ഹൃദയത്തിൽ പ്രവേശിക്കുന്നത്.
സാധാരണയായി നാം കരുതുന്നത്, യേശു എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടിയാണ് ഉപമകളിലൂടെ സംസാരിച്ചതെന്ന്. എന്നാൽ സുവിശേഷം നമ്മെ മറ്റൊരു സത്യത്തിലേക്ക് നയിക്കുന്നു. അവൻ പറയുന്നു: “അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല” (13:13). ഈ വാക്കുകൾ നമ്മെ ആശയക്കുഴപ്പത്തിലാക്കും. യേശു സത്യം മറച്ചുവയ്ക്കുകയാണോ? അല്ല. തുറന്ന ഹൃദയമില്ലാത്തവരിൽ അവൻ സത്യം ബലമായി അടിച്ചേൽപ്പിക്കുന്നില്ല എന്നതാണത്. ഉപമ ഒരു പരീക്ഷണമല്ല; ഒരു ക്ഷണമാണ്. ഹൃദയം തുറക്കുന്നവന് അത് വെളിച്ചമാകും; ഹൃദയം അടയ്ക്കുന്നവന് അതേ ഉപമ ഒരു കടങ്കഥയായി തുടരും.
അതുകൊണ്ടാണ് ഉപമകൾ കേൾക്കുന്നതിനെക്കാൾ ജീവിക്കേണ്ടവയാകുന്നത്. അവ മനസ്സിലാക്കേണ്ട പാഠങ്ങളല്ല; അനുഭവിക്കേണ്ട സത്യങ്ങളാണ്. യേശു നമ്മുടെ അറിവിനെ വർധിപ്പിക്കാനല്ല, നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്താനാണ് സംസാരിക്കുന്നത്. വിശുദ്ധഗ്രന്ഥം ഈ രൂപാന്തരത്തെ മെറ്റാനോയിയ (Metanoia) എന്നു വിളിക്കുന്നു. അതായത്, മനസ്സ് മാറുക, ചിന്ത മാറുക, ലോകത്തെ കാണുന്ന കണ്ണുകൾ മാറുക. മനുഷ്യന്റെ യുക്തിയിൽ നിന്ന് ദൈവത്തിന്റെ യുക്തിയിലേക്കുള്ള യാത്രയാണത്. ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നവന് മാത്രമേ ഉപമയുടെ യഥാർത്ഥ അർത്ഥം വെളിപ്പെടുകയുള്ളൂ.
യേശു ഒരിക്കലും സത്യം ബലമായി അടിച്ചേൽപ്പിച്ചില്ല. കാരണം, സ്നേഹവും സത്യവും ഒരിക്കലും നിർബന്ധിക്കപ്പെടുന്നില്ല; അവ സ്വതന്ത്രമായി സ്വീകരിക്കപ്പെടുന്നു. അതുകൊണ്ട് അവൻ ബുദ്ധിയേക്കാൾ ഹൃദയത്തെയാണ് അഭിസംബോധന ചെയ്തത്.
ഉപമയുടെ അർത്ഥം നമ്മുടെ ഹൃദയത്തിന്റെ തുറവനുസരിച്ചാണ് വെളിപ്പെടുന്നത്. ഹൃദയം തുറന്നവന് അതിൽ വെളിച്ചമുണ്ട്; അടഞ്ഞവന് അതേ ഉപമ ഇരുട്ടായി മാറുന്നു. സൂര്യൻ എല്ലാവരുടെയും മേൽ ഒരുപോലെ പ്രകാശിക്കുന്നതുപോലെ, ദൈവവചനവും എല്ലാവരിലേക്കും എത്തുന്നു. എന്നാൽ വാതിലും ജനലുകളും തുറന്ന വീട്ടിൽ മാത്രമേ പ്രകാശം പ്രവേശിക്കൂ.
വിതയ്ക്കാരന്റെ ഉപമയുടെ കേന്ദ്രം വിതയ്ക്കുന്നവനല്ല, മണ്ണുമല്ല; വിത്താണ് – ദൈവവചനം.
നസറത്തിലെ യേശു വെളിപ്പെടുത്തിയ ദൈവം ഒരു കർഷകനെപ്പോലെയുള്ള ദൈവമാണ്. അവിടന്ന് തന്റെ വചനത്തിന്റെ ഫലങ്ങളെക്കാൾ, അതിന്റെ ശക്തിയിലാണ് വിശ്വസിക്കുന്നത്. വചനം സത്യമാണ്; അതിന്റെ ഫലങ്ങൾ ഉടനടി ദൃശ്യമാകുന്നില്ലെങ്കിലും അതിന്റെ സത്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. സുവിശേഷത്തിന്റെ നന്മയിൽ വിശ്വസിക്കുക; കണ്ണുകൊണ്ട് കാണുന്ന വിജയങ്ങളിൽ മാത്രമല്ല. നമ്മൾ കാണുന്നില്ലെങ്കിലും, ദൈവവചനം നിശ്ശബ്ദമായി മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദൈവം ഒരിക്കലും തന്റെ വചനത്തെ പരാജയപ്പെട്ടതായി കാണുന്നില്ല.
മത്തായി വിവരിക്കുന്നത് നാല് വ്യത്യസ്ത നിലങ്ങളെ കുറിച്ചാണ്, നാല് വ്യത്യസ്ത വിത്തുകളെക്കുറിച്ചല്ല. ഒരേ വിത്ത്, ഒരേ വിതക്കാരൻ, എന്നാൽ നാല് വ്യത്യസ്ത സ്വീകരണങ്ങൾ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. യേശുവിന്റെ വിതയ്ക്കൽ മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കതീതമാണ്. നല്ല മണ്ണ് മാത്രം തിരഞ്ഞെടുത്ത് വിതയ്ക്കുന്ന സൂക്ഷ്മബുദ്ധിക്കാരനായ കർഷകനല്ല അവൻ. വഴിയരികിലും, പാറമേലും, മുള്ളുകൾക്കിടയിലും, നല്ല നിലത്തും ഒരുപോലെ വിത്ത് വിതയ്ക്കുന്നു. എന്തുകൊണ്ട്? കാരണം, ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോ മനുഷ്യനും അവിടുത്തെ വയലാണ്. ആരെയും അവിടുന്ന് ഉപേക്ഷിക്കുന്നില്ല. ആരെയും പ്രത്യാശയില്ലാത്ത മണ്ണായി വിധിക്കുന്നില്ല. ഇന്നും ദൈവം തന്റെ വചനം നമ്മുടെ ജീവിതത്തിലും വിതച്ചുകൊണ്ടിരിക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്. ഈ നാല് നിലങ്ങളെ യേശു സമയക്രമത്തിലല്ല അവതരിപ്പിക്കുന്നത്; സ്ഥലക്രമത്തിലാണ്. ഫലം തരാത്ത മണ്ണിന്റെ തൊട്ടടുത്ത് തന്നെ ഫലസമൃദ്ധമായ മണ്ണുണ്ട്. അതായത്, ഒരേ ലോകത്തിൽ, ഒരേ സഭയിൽ, ഒരേ കുടുംബത്തിൽ, ഒരേ ഹൃദയത്തിൽ പോലും വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാകാം. ദൈവവചനം ഒരു പാറപൊട്ടിക്കുന്ന യന്ത്രംപോലെ കടന്നുകയറുന്നില്ല. അത് മണ്ണിൽ നിശ്ശബ്ദമായി വീഴുന്ന ഒരു ചെറിയ വിത്തുപോലെയാണ്. അതിന്റെ ശക്തിക്ക് ഒരു കുറവുമില്ല. എന്നാൽ അതിന്റെ ഫലം നിർണയിക്കുന്നത് മണ്ണിന്റെ സ്വീകരണശേഷിയാണ്.
ദൈവം ഇന്നും നമ്മിൽ വിതച്ചുകൊണ്ടിരിക്കുന്നു. മുള്ളുകൾക്കിടയിലും, പാറക്കല്ലുകൾക്കിടയിലും, വഴിയരികിലുമെല്ലാം അവിടുന്ന് നല്ല മണ്ണിനെ കാണുന്നു. ഒരുനാൾ ആ ചെറിയ മുള വലിയ വൃക്ഷമായി വളരുമെന്ന് അവിടുന്ന് ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് നമുക്കും പ്രത്യാശ കൈവിടാതിരിക്കാം. ദൈവം വിതച്ച വിത്ത് ഒരിക്കലും വ്യർത്ഥമാകുകയില്ല. സമയമാകുമ്പോൾ അത് മുളയ്ക്കും, വളരും, ഫലം കായ്ക്കും. ഒടുവിൽ വിജയം കൈവരിക്കുന്നത് മുള്ളുകളല്ല, ദൈവവചനത്തിന്റെ ജീവനുള്ള വിത്താണ്. അതിനാൽ ഇന്നത്തെ സുവിശേഷം നമ്മോടൊരു ചോദ്യം ചോദിക്കുന്നു: ദൈവവചനത്തിന് എന്റെ ഹൃദയത്തിൽ എത്ര സ്ഥലം ഞാൻ നൽകുന്നു? ഓരോ ദിവസവും അതിനെ സ്വീകരിക്കാൻ ഞാൻ സമയം കണ്ടെത്തുന്നുണ്ടോ?



