Categories: Meditation

5th Sunday Ordinary Time_Year B_ശുശ്രൂഷയുടെ സുവിശേഷം (മർക്കോ 1: 29-39)

സ്ത്രീത്വം എന്ന അവഗണിക്കപ്പെട്ട യാഥാർത്ഥ്യത്തിനു മുന്നിൽ പ്രായശ്ചിത്തത്തോടെ നില്ക്കണം...

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

സൗഖ്യം നൽകുക, പ്രാർത്ഥിക്കുക, പ്രഘോഷിക്കുക. നസ്രായന്റെ അനുദിന ജീവിത പ്രവർത്തികളാണിത്. ചുരുക്കം ചില വരികളിലാണ് സുവിശേഷകൻ അവകൾ ചിത്രീകരിക്കുന്നത്. എങ്കിലും ആ വരികൾ അവന്റെ ജീവിത രേഖയെ പൂർണ്ണമായി ആവഹിക്കുന്നുണ്ട്. സിനഗോഗിലെ പ്രബോധനത്തിനും അവിടെയുണ്ടായിരുന്ന പിശാചുബാധിതനെ സൗഖ്യമാക്കിയതിനും ശേഷം ക്രിസ്തു നേരെ പോയത് പത്രോസിന്റെ ഭവനത്തിലേക്കാണ്. പ്രതീകാത്മകമാണ് ഈ വിവരണം. സിനഗോഗും പിശാചുബാധിതനും യഹൂദ മതത്തെയും അതിനകത്തെ തിന്മയുടെ സാന്നിധ്യത്തെയും സൂചിപ്പിക്കുമ്പോൾ പത്രോസിന്റെ ഭവനവും രോഗിണിയായ ഒരു സ്ത്രീയും സഭയെയും അതിന്റെ രോഗാവസ്ഥയെയും സൂചിപ്പിക്കുന്നു. നിയമങ്ങൾ മൂലം സ്വച്ഛന്ദത നഷ്ടപ്പെട്ട യഹൂദ മതത്തിന് സ്വാതന്ത്ര്യത്തിന്റെ പ്രകാശം ക്രിസ്തു പകർന്നു നൽകുന്നതു പോലെ രോഗാവസ്ഥയിലായ സഭയെ ശുശ്രൂഷയുടെ പാതയിലേക്ക് കൈപിടിച്ചാനയിക്കുന്നു.

സൗഖ്യമാണ് പ്രധാനം. അതിനുവേണ്ടി ആദ്യം ഭവനത്തിന്റെ വാതിലുകൾ തുറന്നിടണം. നൊമ്പരങ്ങളുടെ ലോകത്തേക്ക് അവനെ വിളിച്ചു വരുത്താൻ സാധിക്കണം. വരുന്നവൻ ദൈവപുത്രനാണ്. അല്ല, ദൈവം തന്നെയാണ്. ശാലീനമാണ് അവന്റെ പ്രവർത്തികൾ: സ്പർശിക്കുന്നു, സംസാരിക്കുന്നു, കൈപിടിച്ചുയർത്തുന്നു, സൗഖ്യം നൽകുന്നു. നൊമ്പരങ്ങളിലാണ് അവന്റെ നോട്ടം. കുറ്റങ്ങളുടെയൊ കുറവുകളുടെയൊ പാപങ്ങളുടെയൊ കണക്കെടുപ്പ് അവിടെയില്ല. അതുകൊണ്ടാണ് നഗരവാസികൾ മുഴുവനും ആ ഭവനത്തിന്റെ വാതിക്കൽ സമ്മേളിച്ചത് (v.34). ഓർക്കുക, പത്രോസിന്റെ ഭവനത്തിലേക്ക് ഇന്നും ജനങ്ങൾ തള്ളിക്കയറി വരുന്നുണ്ടെങ്കിൽ അത് പത്രോസിനെ കാണാനല്ല. അവന്റെ ഭവനത്തിലുള്ള ക്രിസ്തുവിനെ കാണാനും അവന്റെ ആർദ്രത അനുഭവിക്കുവാനുമാണ്.

ഹൃദയം കൊണ്ട് ചിന്തിക്കുന്നവരുടെ പുണ്യമാണ് ആർദ്രത. അങ്ങനെയുള്ളവർക്കെ അത്ഭുതങ്ങൾ പ്രവർത്തിക്കാനും കാണാനും സാധിക്കു. അവരാണ് സ്വർഗ്ഗരാജ്യത്തിന്റെ സേവകർ. സ്വർഗ്ഗരാജ്യമൊ അത് പുതിയൊരു യാഥാർത്ഥ്യമാണ്. ഒരു നവജീവിതം. ആ ജീവിതത്തിലേക്കുള്ള ഏക വാതിൽ ക്രിസ്തു മാത്രവും. അതുകൊണ്ടാണ് ക്രിസ്തുവിനെ അറിഞ്ഞവർക്ക് ആർദ്രതയുടെ പൂന്തോട്ടം ഒരുക്കാൻ സാധിക്കുന്നത്. അവരിൽ വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, വർഗീയതയുടെ, ഒറ്റപ്പെടുത്തലിന്റെ പരിചിന്തനങ്ങൾ ഉണ്ടാകില്ല.

സുവിശേഷം നമ്മോട് പറയുന്നു ശിമയോന്റെ അമ്മായിയമ്മയുടെ രോഗാവസ്ഥയെ കുറിച്ച് ശിഷ്യർ യേശുവിനോട് പറഞ്ഞുവെന്ന്. സ്വന്തത്തെ കുറിച്ചുള്ള ആകുലതയല്ല ഇത്. വലിയൊരു കർത്തവ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മറ്റുള്ളവരുടെ നൊമ്പരങ്ങളെ ഓർത്ത് ആകുലപ്പെടാനാവുക, ആ നൊമ്പരങ്ങളെ ക്രിസ്തുവിനെ ബോധ്യപ്പെടുത്തുക. പത്രോസിന്റെ ഭവനം എന്ന് വിളിക്കുന്ന സഭയുടെ പ്രധാന കർത്തവ്യമാണിത്. നൊമ്പരങ്ങളിലേക്ക് ക്രിസ്തുവിന്റെ ശ്രദ്ധതിരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് നമ്മുടെ പ്രാർത്ഥനാമന്ത്രണങ്ങൾ ഉയരണം. ക്രിസ്തുവിനെ അവകാശമായി കരുതുന്നവർക്ക് ഇതിലും വലിയ ഉത്തരവാദിത്വങ്ങളൊന്നുമില്ല.

ഇനി നമുക്ക് ക്രിസ്തുവിന്റെ പ്രവർത്തികളെ ധ്യാനിക്കാം. “അവൻ അടുത്തു ചെന്ന് അവളുടെ കൈയ്ക്ക് പിടിച്ചു എഴുന്നേൽപ്പിച്ചു” (v.31). കൈക്ക് പിടിക്കുക – ഉറപ്പാണത്, ശക്തി പകരലാണത്, സ്നേഹത്തിന്റെ ചൂടു പകർന്നു നൽകലാണത്, വിശ്വസിക്കലാണത്. അതിലുപരി നീ ഒറ്റയ്ക്കല്ല എന്ന ബോധ്യത്തിന് മുദ്ര വയ്ക്കലാണ്. നൊമ്പരങ്ങളുടെ നിമിഷങ്ങളിൽ, തിന്മക്കെതിരെയുള്ള പോരാട്ടത്തിൽ ഒരാൾ കൈ പിടിക്കാൻ ഉണ്ടാകുക അതാണ് ഏറ്റവും വലിയ ഊർജ്ജം. അപ്പോൾ നിർഗളമായി ഒഴുകുന്ന നൊമ്പര പ്രവാഹങ്ങൾ നിശ്ചലമാകും. തമസ്സിന്റെ ദൂതൻമാരുടെ മേൽ പ്രഭാകിരണങ്ങൾ പതിയും. അങ്ങനെ നമ്മൾ ശിമയോന്റെ അമ്മായിയമ്മയെപ്പോലെ അവന്റെ കൈ പിടിച്ച് എഴുന്നേറ്റു നിൽക്കും. എഴുന്നേൽക്കുക – ഉത്ഥാനത്തിന്റെ ക്രിയയാണ്. ശുശ്രൂഷയിലേക്കുള്ള ഒരു ഉയിർത്തെഴുന്നേൽപ്പാണത്. ഓർക്കണം, ഈ ഉത്ഥാനം സംഭവിക്കുന്നത് പത്രോസിന്റെ ഭവനത്തിനകത്താണ്. കൈപിടിച്ച് എഴുന്നേൽപ്പിക്കാൻ ശക്തനായവൻ ആ ഭവനത്തിലുള്ളപ്പോൾ നൊമ്പരത്തിന്റെ അവഗണന ആരും അനുഭവിക്കാൻ പാടില്ല. സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസം അവിടെ ഉണ്ടാകരുത്. വർഗവും വർണ്ണവും അവിടെ അതിരുകളാകരുത്. എല്ലാവരുടെയും പ്രഥമ കർത്തവ്യം ശുശ്രൂഷ മാത്രമാണ്.

ദൈവവും മനുഷ്യനും കൈകോർത്തു നിൽക്കുന്ന ഒരു ചിത്രം ഈ സുവിശേഷത്തിലുണ്ട്. ദൈവവും മനുഷ്യനും എന്നു പറയുന്നതിനേക്കാൾ ഉചിതം ദൈവവും സ്ത്രീയും കൈകോർത്തു നിൽക്കുന്നു എന്നതായിരിക്കും. പത്രോസിന്റെ ഭവനത്തിൽ സ്ത്രീയുടെ കരം പിടിച്ചു നിൽക്കുന്ന യേശുവിന്റെ ചിത്രം. ധ്യാനിക്കണം നമ്മൾ ഈ ചിത്രത്തെ. എന്നിട്ട് സ്ത്രീത്വം എന്ന അവഗണിക്കപ്പെട്ട യാഥാർത്ഥ്യത്തിനു മുന്നിൽ പ്രായശ്ചിത്തത്തോടെ നില്ക്കണം. അവളുടെ നൊമ്പരങ്ങളെ പർവതീകരിച്ച് ശുശ്രൂഷയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ സാധിക്കാതിരുന്നതിനെ ഓർത്ത് തല കുനിക്കണം. ക്രിസ്തു ശുശ്രൂഷയുടെ പാതയിലേക്ക് അവരും കടന്നു വരട്ടെ. അവരുടെ മുന്നിൽ അടഞ്ഞു കിടന്ന പല വാതിലുകളും തുറക്കപ്പെടട്ടെ. അങ്ങനെ ശുശ്രൂഷയുടെ സുവിശേഷം സാർവ്വത്രികമാകട്ടെ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago