Categories: Meditation

4th Sunday of Easter_ഇടയന്റെ സ്വരം ശ്രവിക്കുന്നവർ (യോഹ 10: 27-30)

ശ്രവണം എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കലാണ്, അതൊരു ബോധപൂർവമായ പ്രവൃത്തിയാണ്...

പെസഹാക്കാലം നാലാം ഞായർ

“എന്നെ അനുഗമിക്കുക”. പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി, നീ ആയിരിക്കുന്ന അവസ്ഥയിൽ എന്നെ അനുഗമിക്കുക. ഇതു തന്നെയാണ് അവൻ നമ്മൾ ഓരോരുത്തരോടും ആവശ്യപ്പെടുന്നത്. സ്നേഹിക്കുന്ന ഒരു ഇടയനാകാമോ എന്നു ചോദിച്ചതിനു ശേഷമാണ് യേശു പത്രോസിനോട് തന്നെ അനുഗമിക്കുവാൻ പറയുന്നത്. ഉത്ഥിതനും ഇടയനുമായ അവനിൽ നമ്മുടെ ജീവിതത്തെ വീണ്ടും കേന്ദ്രീകരിക്കാനാണ് അവൻ വിളിക്കുന്നത്.

ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ നമ്മളിൽ നിന്നുതന്നെ വേർപെട്ടുപോയതുപോലെ, നഷ്ടപ്പെടുന്നതുപോലെ, ശ്വാസംമുട്ടുന്നതുപോലെ തോന്നുന്ന സമയങ്ങളുണ്ടാകും. ഒരു രോഗം, പരാജയം, വഴക്ക്, വേർപിരിയൽ, എല്ലാം തകരുന്നു, എല്ലാം ശൂന്യമാകുന്നു… എന്നീ അവസ്ഥകൾ. അപ്പോഴാണ് സുവിശേഷം പ്രത്യാശയാകുന്നത്. “എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു” (യോഹ 10: 27). വലിയൊരു ആശ്വാസമാണ് ഈ വചനം. പീഡനങ്ങൾ, പോരാട്ടങ്ങൾ, സംഘർഷങ്ങൾ, ഗോസിപ്പുകൾ, ബുദ്ധിമുട്ടുകൾ എന്നിവയ്ക്കിടയിലും ക്രിസ്തുശിഷ്യർക്ക് ഉറപ്പും ആശ്വാസവും ആണത്. യേശുവിനെ ശ്രവിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവൻ ഒന്നിനെയും ഭയപ്പെടുന്നില്ല. കാരണം ആർക്കും അവരെ അവന്റെ കൈയിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയില്ല.

“എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.” ശ്രവണവും കേൾവിയും ഉണ്ട്. പര്യായങ്ങളാണവ. പക്ഷേ അർത്ഥത്തിൽ വ്യത്യാസങ്ങളുണ്ട്. ഒരു ശബ്ദത്തെ ഗ്രഹിക്കുന്നതാണ് കേൾവി: അത് ശരീരശാസ്ത്രപരമാണ്. എനിക്ക് നിന്നെ കേൾക്കാൻ കഴിയും, പക്ഷേ ശ്രവിക്കാൻ കഴിയണമെന്നില്ല. ശ്രവണം എന്നത് ഞാൻ കേൾക്കുന്നത് എന്നിലും എന്റെ ചുറ്റുപാടിലും എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് അനുഭവിക്കാൻ കഴിയുന്നതാണ്.

ശ്രവണം എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കലാണ്, അതൊരു ബോധപൂർവമായ പ്രവൃത്തിയാണ്.
നമുക്ക് നമ്മളെ തന്നെയും മറ്റുള്ളവരെയും ശ്രവിക്കാനുള്ള കഴിവ് ലഭിക്കുമ്പോഴാണ് നമ്മൾ പക്വതയുള്ളവരായി മാറുന്നത്. നമ്മൾ എങ്ങനെ ശ്രവിക്കുന്നു എന്നതിൽ നിന്നാണ് നമ്മൾ പരിണമിക്കുന്നത്. നമ്മൾ ശ്രവിക്കുന്നതാണ് നമ്മളെ വളർത്തുന്നത്. കാരണം നമ്മുടെ ചെവിയാണ് നമ്മുടെ ആന്തരിക അവയവങ്ങളെ നിർമ്മിക്കുന്നതിനുള്ള പുറംതോട്. എല്ലാ ദിവസവും നമ്മൾ ദശലക്ഷക്കണക്കിന് ശബ്ദങ്ങൾ കേൾക്കുന്നുണ്ട്, പക്ഷേ എത്രത്തോളം നമ്മൾ ശ്രവിക്കുന്നുണ്ട്?

ചില വിശുദ്ധന്മാർ ഒരു വാക്ക് കേട്ടപ്പോൾ മാനസാന്തരപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, നമ്മളിൽ ചിലർ മുഴുവൻ ബൈബിളും നിരവധി തവണ വായിച്ചിട്ടുണ്ട്, ആയിരക്കണക്കിന് തവണ സുവിശേഷവും വായിച്ചിട്ടുണ്ട്, പക്ഷേ ഒന്നും സംഭവിക്കുന്നില്ല. എന്തുകൊണ്ട്? കാരണം, അവർ വായിക്കുന്നത് അവർ ശ്രവിക്കുന്നില്ല. ശ്രവിക്കലിൽ വചനം നമ്മുടെ ഉള്ളിൽ പ്രതിധ്വനിക്കുകയും, നമ്മുടെ ആത്മാവിന്റെ തന്ത്രികളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു.

നമ്മൾ എല്ലാം കേൾക്കുന്നു: ശബ്ദങ്ങൾ അകത്തേക്കും പുറത്തേക്കും വരുന്നു. അവ നിലയ്ക്കുന്നില്ല, പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നില്ല, ശാന്തമാകുന്നില്ല. കേൾക്കൽ മാത്രം പോരാ. നമ്മുടെ പ്രഥമ ഉത്തരവാദിത്വം ശ്രവിക്കുക എന്നതാണ്. ശ്രവണം ശ്രദ്ധയാണ്, ശ്രദ്ധ സ്നേഹമാണ്. ദൈവത്തിനും അയൽക്കാരനും നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല നന്മ ശ്രവിക്കുക എന്നതാണ്. ശ്രവണമാണ് അപരൻ ഉണ്ടെന്നതിന്റെ തെളിവ്.

ആ അപരന്റെ സ്വരം എങ്ങനെ തിരിച്ചറിയും? മറിയം ചെയ്തതുപോലെ, അത് ഹൃദയത്തിൽ സൂക്ഷിച്ച് ധ്യാനിച്ചുകൊണ്ട്. ശ്രവിക്കുക എന്ന ക്രിയ “അനുസരിക്കുക” എന്ന ക്രിയയുടെ പര്യായമാണ്. മാതാപിതാക്കൾ എത്ര തവണ പരാതിപ്പെടുന്നു: ആ കുട്ടി കേൾക്കുന്നില്ല. അവർ അർത്ഥമാക്കുന്നത്, അവൻ ആരെയും അനുസരിക്കുന്നില്ല എന്നാണ്. അതേ വിലാപമാണ് ബൈബിളിൽ നിറയുന്ന ദൈവത്തിന്റേതും: ഇസ്രായേലേ, ശ്രവിക്കൂ! ശ്രവിക്കുക എന്നാൽ അനുസരിക്കുക എന്നാണ്.

“എന്റെ ആടുകളെ എനിക്കറിയാം, അവ എന്നെ അനുഗമിക്കുന്നു.” ആ അറിവ് ഒരു വിവരശേഖരണം അല്ല. അത് അനുഭവമാണ്, കണ്ടുമുട്ടലാണ്. ജീവൻ നൽകുന്ന അറിവാണത്.
അറിവ് അനുഭവമാകുമ്പോൾ ജീവനുണ്ടാകും. അതുകൊണ്ടാണ് യേശു പറയുന്നത്: “ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്‍റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല” (യോഹ 10: 28).

യേശു നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും അവന്റെ ദാനത്തോട് പ്രതികരിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളും തമ്മിൽ ഗുണകരമായ ഒരു അനുപാതമില്ല. അതുകൊണ്ട് യേശു വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിലാണ് ഇനി നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിത്യജീവനാണ് അവൻ്റെ വാഗ്ദാനം. അത് നമ്മുടെ കഴിവുകൾക്കും കടമകൾക്കും അതീതമാണ്. അവനെ ശ്രവിക്കാനുള്ള മനസ്സുണ്ടായാൽ മാത്രം മതി.

പിടിച്ചെടുക്കുക എന്നതിന് ഹർപാസോ (ἁρπάζω – harpazó) എന്ന പദമാണ് ഗ്രീക്ക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകുക, മോഷ്ടിക്കുക എന്നൊക്കെയാണ് അത് അർത്ഥമാക്കുന്നത്. ആ പദത്തിൽ യേശുവിന് നമ്മെക്കുറിച്ചുള്ള ഉറപ്പുണ്ട്, ഒപ്പം ആകുലതയും: നമ്മൾ തട്ടിക്കൊണ്ടുപോകപ്പെടുമെന്ന ഭയം. സ്വന്തം ജീവനും പ്രിയപ്പെട്ടവരുടെ ജീവനും നഷ്ടപ്പെടുമോ എന്ന ഭയവും വേദനയുമാണ് അത്.

യേശുവിനെ അനുഗമിക്കുക എന്നാൽ എന്തെങ്കിലും സ്വന്തമാക്കാനോ കൈവശം വയ്ക്കാനോ കഴിയുമെന്ന മിഥ്യാധാരണ തകർന്നുവെന്ന് അംഗീകരിക്കുക എന്നതാണ്. ഒന്നും എന്റേതല്ല, പക്ഷേ ഞാൻ ദൈവത്തിന്റേതാണ്. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സത്യമാണ്. എന്തിന്റെയെങ്കിലും മേൽ നമുക്ക് അധികാരമുണ്ടെന്ന മിഥ്യാധാരണ നമ്മെ വേദനിപ്പിക്കും, കീറിമുറിക്കും. അപ്പോൾ നമ്മൾ തിരിച്ചറിയും, ദൈവത്തിന്റെ കൈകളിലാണ് നമ്മളെന്ന്. അവിടെ നമ്മൾ സുരക്ഷിതരാണ്, കാരണം നമ്മൾക്ക് വിശ്രമിക്കാനും വിശ്വസിക്കാനും കഴിയുന്ന ഒരേയൊരു ഇടം അതു മാത്രമാണ്. അവിടെ നമ്മൾക്ക് ഭയപ്പെടാനൊന്നുമില്ല, ഒന്നിനെയും ഭയപ്പെടേണ്ടതുമില്ല.

ഒന്നും എന്റേതല്ല, പക്ഷേ ഞാൻ അവന്റേതാണ്, അത് മതി.
അവന്റെ കയ്യിൽ നിന്ന് നമ്മെ മോഷ്ടിക്കാൻ ആർക്കും കഴിയും?

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago