ആണ്ടുവട്ടം മൂന്നാം ഞായർ
ഒന്നാം വായന: യോനാ 3:1-5,10
രണ്ടാം വായന: 1 കോറിന്തോസ് 7:29-31
സുവിശേഷം: വി.മാർക്കോസ് 1:14-20
ദിവ്യബലിക്ക് ആമുഖം
കഴിഞ്ഞ ഞായറാഴ്ച നാം ദൈവസ്വരം ശ്രവിക്കുന്ന സാമുവലിനേയും യേശുവിനെ അനുഗമിക്കുന്ന ശിഷ്യന്മാരേയും കണ്ടു. എന്നാൽ, കൊറോണാ മഹാമാരിയുടെ ഭീതിനിലനിൽക്കുമ്പോഴും, തിരുസഭ വചനത്തിന്റെ ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്ന് ബലിപീഠത്തിനു മുമ്പിൽ ഒരുമിച്ചുകൂടുമ്പോൾ നാം ശ്രവിക്കുന്നത് യോനാ പ്രവാചകന്റെ വാക്കുകളും തന്റെ ആദ്യശിഷ്യന്മാരെ വിളിക്കുന്ന യേശുവിന്റെ സ്വരവുമാണ്. ജറുസലേമിനെ ലക്ഷ്യമാക്കികൊണ്ട് ഗലീലിയയിൽ തന്റെ പ്രവർത്തനം ആരംഭിക്കുന്ന യേശുവിനെ വി.മാർക്കോസ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുകയാണ്. ദൈവവചനം നമ്മുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞു, അനുതാപത്തിന്റെയും അനുഗമിക്കലിന്റെയും അർത്ഥം മനസ്സിലാക്കി പരിശുദ്ധമായ ഹൃദയത്തോടെ ഈ ബലിയർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
സന്തോഷകരമായ ഒരു ക്രൈസ്തവ ജീവിതം നയിക്കുന്നതിന് വേണ്ട സന്ദേശങ്ങൾ ഇന്നത്തെ സുവിശേഷം നമുക്ക് നല്കുന്നു. ഒന്നാമതായി നാം ശ്രവിക്കുന്നത് “സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിന്റെ വാക്കുകളാണ്. “അനുതപിക്കുക” എന്ന വാക്കിന് ബിബ്ലിക്കൽ ഗ്രീക്കിൽ “ചിന്തകൾക്ക് മാറ്റം വരുത്തുക, മനസ്സ് മാറ്റുക, പുതിയ രീതിയിൽ ചിന്തിക്കുക, ഇതുവരെ ചിന്തിച്ചതിൽനിന്നും വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങുക” എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്. ഏത് ജീവിതാവസ്ഥയിലുള്ളവർക്കും – വൃദ്ധരാകട്ടെ, മാതാപിതാക്കളാകട്ടെ, യുവാക്കളാകട്ടെ, കുട്ടികളാകട്ടെ – അവരുടെ ജീവിതത്തിൽ മാറ്റം വരുത്താൻ ആഗ്രഹമുണ്ട്. എന്നാൽ മാറ്റങ്ങൾ വെല്ലുവിളിനിറഞ്ഞതും പ്രയാസമേറിയതുമാണ്. അതുകൊണ്ട് മാറ്റത്തിന് വിധേയമാകാതെ ജീവിതത്തിൽ പഴയ അവസ്ഥയിൽ തുടരുവാൻ പലരും താല്പര്യം കാണിക്കുന്നു. ചിലരാകട്ടെ മാറ്റത്തെക്കുറിച്ച് ബോധ്യമുണ്ടങ്കിലും പിന്നെയാകട്ടെ എന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നു. ഇത്തരമൊരവസ്ഥയിൽ “അനുതപിച്ച്” ചിന്തകൾക്ക് മാറ്റം വരുത്തിയും, തുടർന്ന് ശൈലികൾക്കും, സ്വഭാവത്തിനും, ജീവിതത്തിനും മാറ്റം വരുത്താൻ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നു.
യേശുവിന്റെ ഈ ആഹ്വാനത്തിന് എങ്ങനെയാണ് നാം ഉത്തരം നൽകേണ്ടതെന്ന് ഇന്നത്തെ ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു. നിനവേ നിവാസികളോടുള്ള യോനാ പ്രവാചകന്റെ വാക്കുകൾ രത്നചുരുക്കമായിരുന്നു: “നാല്പത് ദിവസം കഴിയുമ്പോൾ നിനവേ നശിപ്പിക്കപ്പെടും”. ദൈവം എന്ന വാക്കുപോലും പ്രവാചകൻ ഉച്ചരിക്കുന്നില്ല എന്നിട്ട്പോലും അതിശക്തമായ അസീറിയൻ സാമ്രാജ്യത്തിന് കീഴിലുള്ള നിനവേ നിവാസികളും രാജാവും നാളേയ്ക്ക് മാറ്റി വയ്ക്കാതെ ഉടനെ ദൈവത്തിൽ വിശ്വസിക്കുകയും അനുതപിക്കുകയും ചെയ്യുന്നു. അവർ അവരുടെ ചിന്തയിലും ജീവിതത്തിലും മാറ്റം വരുത്തിയപ്പോൾ ദൈവം മനസ്സ്മാറ്റി അവരോട് കാരുണ്യം കാണിക്കുന്നു. നാം അനുതപിക്കുമ്പോൾ, നമ്മുടെ ചിന്തയിൽ മാറ്റം വരുത്തുമ്പോൾ ദൈവം നമ്മോട് കാരുണ്യം കാണിക്കും.
യേശുവിന്റെ കാലത്തെ യഹൂദ റബ്ബിമാർ ജറുസലേം പട്ടണം കേന്ദ്രമായി പ്രവർത്തിക്കുകയും, ശിഷ്യന്മാർ അവർക്കിഷ്ടമുള്ള ഗുരുക്കന്മാരെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ യേശുവാകട്ടെ ഗലീലി കടൽത്തീരത്തുള്ള ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുകയും സാധാരണക്കാരെ ശിഷ്യന്മാരായി വിളിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്ന് വന്ന്, നമ്മുടെ കുറവുകളോടുകൂടി നമ്മെവിളിക്കുന്ന കർത്താവിനെയാണ് നാം ഇവിടെ കാണുന്നത്. കടലിൽ വലയെറിയുകയായിരുന്ന ശിമയോനേയും അവന്റെ സഹോദരൻ അന്ത്രയോസിനെയും വിളിച്ചുകൊണ്ട് യേശു പറയുന്നത്: “എന്നെ അനുഗമിക്കുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നാണ്. അതിന്റെയർത്ഥം ഇപ്പോൾ നിങ്ങൾ മത്സ്യം പിടിക്കുന്നവരാണ്, എന്നെ അനുഗമിക്കുമ്പോൾ നിങ്ങൾ മനുഷ്യരെപ്പിടിക്കുന്നവരാക്കും. അതായത്, നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സാധാരണ കാര്യമാണ്, എന്നെ അനുഗമിക്കുമ്പോൾ നിങ്ങൾ വലിയ കാര്യങ്ങൾ ചെയ്യും. ഇന്ന് യേശുവിനെ അനുഗമിക്കുന്ന നമ്മോട് യേശു പറയുന്നതും ഇതാണ്: “വലിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ നിന്നെ പ്രപ്തനാക്കും/പ്രാപ്തയാക്കും. സ്വന്തം കഴിവിലും അറിവിലും സംശയിച്ച് നിൽക്കുന്ന നമ്മോടും യേശു പറയുന്നത് ഇതുതന്നെയാണ്. ചുരുക്കത്തിൽ, ക്രിസ്തു ശിഷ്യരായി കുടുംബത്തിലും, ഇടവകയിലും, സമൂഹത്തിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരെയും, സേവനം ചെയ്യുവാൻ ആഗ്രഹിക്കുന്നവരെയും യേശു ധൈര്യപ്പെടുത്തുകയാണ്.
ആദ്യ ശിഷ്യന്മാരെ യേശു വിളിക്കുന്നത് ഈരണ്ടുപേരായിട്ടണ്. ശിമയോനും-അന്ത്രയോസും, യാക്കോബും-യോഹന്നാനും. വിശ്വാസ ജീവിതത്തിൽ ആരും ഒറ്റയ്ക്കല്ല എന്ന് കാണിക്കുവാനാണിത്. ആദിമ ക്രൈസ്തവ സഭയിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ടവരായ ഇവരുടെ ഐക്യം നമ്മുടെ ഇടവക കൂട്ടായ്മയിലും നമുക്ക് മാതൃകയാക്കാം.
ആമേൻ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.