ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ
യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരുവനെ ശിഷ്യന്മാർ കണ്ടുമുട്ടുന്നു. അവൻ തങ്ങളുടെ കൂട്ടത്തിലല്ല എന്ന ഏക കാരണത്താൽ അവർ അവനെ തടയുന്നു. ഇത്രയും നേരം ശിഷ്യരുടെ ഇടയിലുണ്ടായിരുന്ന പ്രശ്നം ആരാണ് അവരിൽ വലിയവൻ എന്നതായിരുന്നു. ഇപ്പോഴിതാ, പുറത്തുള്ള ഒരാൾ അവർക്ക് വെല്ലുവിളി ആയിരിക്കുന്നു. അയാളെ തടയേണ്ട കാര്യമുണ്ടായിരുന്നോ? അയാൾ ഒരു പൊതുപാപിയല്ലല്ലോ. അയാൾ യേശുവിന്റെ നാമത്തിലല്ലേ നന്മകൾ ചെയ്യുന്നത്? പിന്നെ എന്തിനാണ് അയാളെ തടയുന്നത്? അയാൾ നമ്മുടെ കൂടെയല്ല എന്നതാണ് അവരുടെ വിഷയം.
നൂറ്റാണ്ടുകളോളം സഭയെ നോഹയുടെ പെട്ടകവുമായാണ് താരതമ്യം ചെയ്തിരുന്നത്. അകത്തുകയറിയവർ രക്ഷപ്പെടും അല്ലാത്തവർക്ക് രക്ഷയില്ല എന്നതാണ് അതിലെ ചേതോവികാരം. ദൈവത്തെക്കുറിച്ച് ധാരാളം വ്യാമോഹങ്ങളുണ്ടായ കാലമായിരുന്നു അത്. കൂട്ടായ്മയിൽ കൂടിയാൽ രക്ഷപ്പെടും അല്ലെങ്കിൽ ഇല്ല എന്ന ചിന്തയെ ഒരു പ്രത്യേക മാനദണ്ഡമായി കരുതരുത്. ദൈവം ഒരു കൂട്ടായ്മയുടെയും സ്വന്തമല്ല. കൂട്ടായ്മയുടെ കാഴ്ചപ്പാടുകളിൽ നിന്നും വ്യത്യസ്തമാണെന്ന പേരിൽ ഒഴിവാക്കപ്പെട്ടവർ ചരിത്രത്തിൽ ഒത്തിരിയുണ്ട്. അതിനർത്ഥം അവർ ദൈവത്തിൽ നിന്നും അകന്നിരുന്നു എന്നല്ല. കൂട്ടായ്മയല്ല, ദൈവമാണ് വലുത്. കൂട്ടായ്മയിൽ ദൈവം ഉണ്ട്, പക്ഷേ ആ ദൈവത്തെ പൂർണമായി ഉൾക്കൊള്ളുന്നുണ്ട് എന്ന അവകാശവാദം ഉന്നയിക്കാൻ പറ്റില്ല. കൂട്ടായ്മയ്ക്ക് പുറത്തും നന്മയുണ്ട്. നന്മ ചെയ്യുന്ന ഏതൊരാളും ദൈവത്തിൽ നിന്നാണ് വരുന്നത്. സ്നേഹത്തോടെ ഒരു പാത്രം വെള്ളം വാങ്ങി കുടിച്ചാൽ മതി നമ്മളും രക്ഷപ്പെടും. “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (9 : 41).
വലിയ കാര്യങ്ങളൊന്നും യേശുവിനു വേണ്ട. ചെറിയ കാര്യങ്ങളിലെ നായകരാകാനാണ് അവൻ നമ്മോട് ആവശ്യപ്പെടുന്നത്. വിശുദ്ധിയെന്നത് ചാടിക്കയറേണ്ട വലിയൊരു കടമ്പയല്ല, ലളിതമായ നന്മകൾ മാത്രമാണത്. സ്നേഹത്തിലെ മനുഷ്യത്വമാണത്. അങ്ങനെയാകുമ്പോൾ നമ്മൾ ഒരിക്കലും “അനുദിന വിശുദ്ധർ” എന്ന പുസ്തകത്തിൽ ഇടം പിടിക്കില്ലായിരിക്കാം, പത്രങ്ങളിൽ പേര് വരില്ലായിരിക്കാം. പക്ഷെ, ജീവിതത്തിൽ സന്തോഷമുണ്ടാകും, സംതൃപ്തിയുണ്ടാകും. അപ്പോൾ നമ്മൾ അഭിനയിക്കാതെ ജീവിക്കും.
നൂറ്റാണ്ടുകളായി സഭയിൽ കടന്നുകൂടിയ രണ്ട് അബദ്ധ ചിന്തകളായിരുന്നു അതിരുകടന്ന പുരോഹിതാധികാരവും അധർമ്മനിഗ്രഹഗർവ്വും (Clericalism and Triumphalism). ആദ്യത്തേത് പുരോഹിതരോട് മാത്രമേ ദൈവം ഇടപെടുകയുള്ളൂ എന്ന ചിന്തയാണ്. രണ്ടാമത്തേത് സഭയിൽ മാത്രമേ സത്യമുള്ളൂ എന്നതാണ്. ദൈവവും സത്യവും ആരുടെയും സ്വന്തമല്ല. എല്ലാം മനുഷ്യരിലും ദൈവത്തിന്റെ മുഖമുണ്ട്. എവിടെ സത്യം നമുക്ക് കണ്ടെത്താൻ സാധിക്കുന്നുവോ അതിനെ ക്രൈസ്തവികമായി കരുതിയാൽ മതി. കാരണം, യേശു സത്യമാണ്. സത്യം എവിടെയുണ്ടോ, അവിടെ യേശുവുണ്ട്.
യേശു ആരെയെങ്കിലും ഒഴിവാക്കിയതായോ തന്നെ അനുഗമിക്കാൻ ആരെയെങ്കിലും നിർബന്ധിച്ചതായോ ഒരു സുവിശേഷവും രേഖപ്പെടുത്തിയിട്ടില്ല. സുവിശേഷപ്രഘോഷണം ഒരു മതപരിവർത്തനം അല്ല. കൂടെയല്ലാത്തവരെ കളകളായി കരുതുന്നതും അവന്റെ ചിന്തയല്ല. അതുകൊണ്ടുതന്നെ യേശുവിന്റെ ശിഷ്യരാണെന്നതുകൊണ്ട് ഒരു വിശേഷാധികാരവും നമുക്കില്ല. ഓർക്കുക, സഹജരെ താഴ്ത്തിക്കെട്ടുന്ന ആത്മീയതയേക്കാൾ ഏറ്റവും അപകടം നിറഞ്ഞ വിഷം ലോകത്ത് വേറൊന്നുമില്ല.
ആരും അന്യരല്ല എന്ന പാഠമാണ് യേശു ശിഷ്യർക്ക് ഓതിക്കൊടുക്കുന്നത്. സഭയിൽ ഇല്ലാത്ത ഒരാൾക്ക് ക്രിസ്തുവാകാൻ സാധിക്കും. കാരണം, സഭ ദൈവരാജ്യം അല്ല, അതിലേക്കുള്ള മാർഗ്ഗം മാത്രമാണ്. ആ മാർഗ്ഗത്തിൽ ആരും ഇടർച്ചയാകാൻ പാടില്ല. അവിടെയാണ് നമ്മുടെ ഇന്ദ്രിയങ്ങളെയും അവയവങ്ങളെയും ശ്രദ്ധിക്കേണ്ടത്. കൈ, കാൽ, കണ്ണ്. യഹൂദ കാഴ്ചപ്പാടനുസരിച്ച് ശരീരാവയവങ്ങൾ മനുഷ്യന്റെ വ്യത്യസ്ത സഹജാവബോധത്തിന്റെ ഇരിപ്പിടങ്ങളാണ്. നമ്മൾ ചെയ്യുന്നതും പോകുന്നതും കാണുന്നതുമാണ് ഇടർച്ചയും രക്ഷയും. സ്നേഹമുണ്ടോ, എങ്കിൽ രക്ഷയുണ്ട്. എന്താണ് ചെയ്യുന്നത്? എന്താണ് കാണുന്നത്? എങ്ങോട്ടാണ് പോകുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരമായി സ്നേഹമില്ലെങ്കിൽ അവയെല്ലാം ഇടർച്ചയാണ്.
സഹജനെ വേദനിപ്പിക്കുന്നതാണെങ്കിൽ അവയവമോ ചിന്തകളോ ഏതുമായിക്കൊള്ളട്ടെ മുറിച്ചു കളയണം എന്നാണ് യേശു പറയുന്നത്. ജീവിതത്തെ തിന്മയോടുള്ള വിട്ടുവീഴ്ചയായി കരുതരുത്. സഹജന്റെ നന്മകളെ കാണാൻ പറ്റാത്ത കണ്ണുകളെ ചൂഴ്ന്നെറിയുന്നതാണ് നല്ലത്. ഒരു പാത്രം വെള്ളം സ്വീകരിക്കാനോ നൽകാനോ സാധിക്കാത്ത കരങ്ങളാണ് നമുക്കുള്ളതെങ്കിൽ അവ ഇടർച്ചകളാണ്. എന്തിനു വേണം അങ്ങനെയുള്ള കരങ്ങൾ? മുറിച്ചു കളയുക. കൂടെയുള്ളവരുടെ നന്മയ്ക്ക് പ്രാധാന്യം കൊടുക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ആത്മീയജീവിതം? കൂട്ടത്തിലെ ഒരംഗമായാൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കും എന്ന ചിന്ത വ്യാമോഹം മാത്രമാണ്. ഒരു പാത്രം വെള്ളത്തിലാണ് സുവിശേഷം മുഴുവൻ. അതു കൊടുക്കാനുള്ള ഔദാര്യവും സ്വീകരിക്കാനുള്ള എളിമയും ഉള്ളവനു മാത്രമുള്ളതാണ് ദൈവരാജ്യവും ശിഷ്യത്വവും.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.