ആണ്ടുവട്ടം ഇരുപത്തഞ്ചാം ഞായർ
ഒന്നാം വായന: ഏശയ്യാ 55:6-9
രണ്ടാം വായന: ഫിലിപ്പി. 1:20-24,27
സുവിശേഷം: വി.മത്തായി 20:1-16
ദിവ്യബലിക്ക് ആമുഖം
“എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ആഹ്വാനത്തോടെയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തിന്റെ പ്രത്യേകത മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലൂടെ വി.മത്തായി സുവിശേഷകൻ ഇന്ന് നമ്മോട് പങ്കുവയ്ക്കുന്നു. തിരുവചനം ശ്രവിക്കാനും ബലിയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
മാനുഷികമായ തലത്തിൽ ഒരു ചെറിയ അസ്വസ്ഥതയോടുകൂടിയല്ലാതെ ഇന്നത്തെ സുവിശേഷം നമുക്ക് ശ്രവിക്കുവാൻ സാധിക്കില്ല. കാരണം, നമ്മുടെ നാട്ടുനടപ്പിനും, തൊഴിൽവേതന സമ്പ്രദായത്തിനും വിപരീതമായ ഒരു വേതന വിതരണ സമ്പ്രദായം ഇന്നത്തെ ഉപമയിലെ വീട്ടുടമസ്ഥൻ നടപ്പിലാക്കിയിരിക്കുകയാണ്. ഉപമയിലെ വീട്ടുടമസ്ഥൻ ദൈവമാണ്; മുന്തിരിത്തോട്ടം ദൈവരാജ്യവും. അഞ്ചു പ്രാവശ്യമാണ് വീട്ടുടമസ്ഥൻ തന്റെ തോട്ടത്തിലേക്ക് ജോലിക്കാരെ വിളിക്കാൻ ചന്തസ്ഥലത്തേക്ക് പോയത്. അതിരാവിലെ സൂര്യൻ ഉദിച്ചുയരുമ്പോൾ (രാവിലെ 6 മണി), മൂന്നാം മണിക്കൂറിൽ (രാവിലെ ഒൻപതു മണി), ആറാം മണിക്കൂറിൽ (ഉച്ചയ്ക്ക് 12 മണി), ഒമ്പതാം മണിക്കൂറിൽ (ഉച്ചകഴിഞ്ഞ് 3 മണി), പതിനൊന്നാം മണിക്കൂർ (വൈകുന്നേരം അഞ്ചുമണി). അതിരാവിലെ ജോലിക്ക് വന്നവരോട് ഒരു ദനാറ നൽകാമെന്ന കരാറാണ് വീട്ടുടമസ്ഥൻ ഉണ്ടാക്കിയത്. ദിവസം അവസാനിച്ചപ്പോൾ പതിനൊന്നാം മണിക്കൂറിൽ വന്ന് വെറും ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കും പ്രതിഫലമായി ഒരു ദനാറ തന്നെ ലഭിക്കുന്നു. സ്വാഭാവികമായും ആദ്യം വന്ന അവരുടെ ഇടയിൽ മുറുമുറുപ്പുണ്ടായി. എന്നാൽ, ദൈവം കാര്യങ്ങളെ കാണുന്നത് മാനുഷികമായ തലത്തിൽ അല്ലെന്ന് നമുക്കോർമ്മിക്കാം.
ഈ ഉപമയെ ശരിയായി മനസ്സിലാക്കുവാനുള്ള അടിസ്ഥാനമെന്നോണം നൽകിയിരിക്കുന്ന ഇന്നത്തെ ഒന്നാം വായനയിലെ ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഇങ്ങനെയാണ്: “കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേത് പോലെയുമല്ല. ആകാശം ഭൂമിയേക്കാൾ ഉയർന്നുനിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രേ”. ഈ തിരുവചനത്തിന്റെ ഉൾക്കാഴ്ചയിൽ നമുക്കിന്നത്തെ സുവിശേഷത്തിന്റെ ദൈവശാസ്ത്ര വശങ്ങളിലേക്ക് കടക്കാം.
ഒന്നാമതായി; ഈ ഉപമയ്ക്ക് യേശുവിന്റെ കാലത്തെ ഫരിസേയരും ചുങ്കക്കാരുമായി ബന്ധമുണ്ട്. നിയമം കർക്കശമായി അക്ഷരംപ്രതി അനുസരിക്കുകയും, നിയമങ്ങളെ മാത്രം കേന്ദ്രീകരിച്ച് ജീവിക്കുകായും ചെയ്യുന്ന ഫരിസേയർ തങ്ങൾ ദൈവത്തിന്റെ സന്നിധിയിൽ കൂടുതൽ നീതിയുള്ളവരാണെന്ന ഭാവേന, “ദിവസം മുഴുവൻ ജോലി ചെയ്ത ആൾക്കാരെപ്പോലെ” പാപികളെയും ചുങ്കക്കാരെയും അവജ്ഞയോടും നിയമലംഘകരായും കണ്ടു. എന്നാൽ യേശു പാപികളെയും ചുങ്കക്കാരുടെയും തന്റെ ജീവിതത്തോട് ചേർത്തുപിടിച്ചു. അവസാനം വന്ന ജോലിക്കാരെപ്പോലെ അവരും ദൈവത്തിന്റെ കരുണയ്ക്കും സ്നേഹത്തിനും ഫരിസേയരെപ്പോലെ അർഹരാണെന്ന് തെളിയിച്ചു.
രണ്ടാമതായി; ഒരാൾ ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി പ്രവർത്തിക്കേണ്ടത് പ്രതിഫലത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചല്ല. മറിച്ച്, ദൈവത്തിനോടുള്ള സ്നേഹത്തെ പ്രതിയായിരിക്കണമെന്നും ഈ ഉപമ പഠിപ്പിക്കുന്നു. ദൈവത്തിന് നമ്മോടുള്ള സ്നേഹമാകട്ടെ “എല്ലാവർക്കും” നൽകപ്പെട്ട ഒരു ദനാറ പോലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാത്തതാണ്. മനുഷ്യന്റെ പ്രവൃത്തിയുടെ പ്രവർത്തിയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ദൈവം തന്റെ സ്നേഹത്തിൽ മാറ്റം വരുന്നില്ല, പരിധി വയ്ക്കുന്നില്ല. ഒരു മനുഷ്യൻ എത്ര കഠിനമായി, എത്ര ദീർഘമായി പ്രവർത്തിച്ചാലും, മറ്റൊരുവൻ കുറച്ച് പ്രവർത്തിച്ചാലും രണ്ടുപേരും ദൈവമക്കളാണ്. രണ്ടുപേർക്കും ജീവിക്കാൻ ആവശ്യമുള്ളത് ദൈവം നൽകുന്നു. എന്റെ സഹോദരനെ ദൈവം സ്നേഹിക്കുന്നത് കൊണ്ട്, എന്നോടുള്ള ദൈവത്തിന്റെ സ്നേഹം കുറയുന്നില്ല.
മൂന്നാമതായി; “അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ. എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ” എന്നുപറഞ്ഞുകൊണ്ട് പിറുപിറുക്കുന്ന ജോലിക്കാർ ദൈവരാജ്യത്തിൽ എക്കാലവും ഉണ്ട്. സ്ഥാനമാനങ്ങളും, സ്ഥാനക്കയറ്റവും, മറ്റുള്ളവരുമായി താരതമ്യം ചെയ്യലും, മറ്റൊരുവന് അർഹമല്ലാത്തത് ലഭിച്ചു എന്ന അസൂയയും, കൂടുതൽ വേണമെന്നുള്ള ആഗ്രഹവും, ലഭിക്കാത്തതിനെക്കുറിച്ചുള്ള നിരാശയും, അതിനെ തുടർന്നുണ്ടാകുന്ന ദേഷ്യവും, ജനനം മുതൽ സഭയോട് വിശ്വസ്തനായിരുന്നിട്ടും ദൈവവും സഭയും സഭാധികാരികളും എന്നോട് അനീതി പ്രവർത്തിച്ചു എന്നുള്ള തോന്നലും വച്ച് പുലർത്തുന്നവർ. ഒരുപക്ഷേ നമുക്കും ചിലപ്പോൾ ഈ ചിന്തകളൊക്കെ ഉണ്ടാകും. ഈ ദുഷ്ചിന്തക്ക് മറുപടിയായി ബെനഡിക് പതിനാറാമൻ പാപ്പാ ബൗദ്ധികമായ ഒരു വ്യാഖ്യാനം ഈ സുവിശേഷ ഭാഗത്തിന് നൽകുന്നുണ്ട്. രാവിലെ മുതൽ മുന്തിരി തോട്ടത്തിൽ ജോലി ചെയ്തവർ കൂടുതൽ സമയം ദൈവത്തിന്റെ തോട്ടത്തിൽ സേവനം ചെയ്തതിൽ സന്തോഷിക്കുകയാണ് വേണ്ടത്. “ജീവിതമാകുന്ന ദിവസത്തിന്റെ ആരംഭത്തിൽതന്നെ (അതായത് ജനിക്കുമ്പോൾ മുതലേ) ദൈവത്താൽ തന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വിളിക്കപ്പെടുക എന്നതിനേക്കാൾ വലിയ ഭാഗ്യമില്ല” എന്നാണ് പാപ്പാ പറയുന്നത്. അതായത് ജീവിതത്തിൽ എത്ര നേരത്തെയാണോ ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വിളിക്കപ്പെടുന്നത് അവൻ ചൂടിനെയും, പകലിന്റെ അധ്വാനത്തെയും പഴിക്കുകയല്ല വേണ്ടത് മറിച്ച്, അതിൽ ആനന്ദം കണ്ടെത്തണം. ജീവിതത്തിന്റെ “ചന്തസ്ഥലത്ത്” എന്തുചെയ്യണമെന്നറിയാതെ വർഷങ്ങളോളം നിൽക്കുന്നതിനേക്കാൾ നല്ലതാണ് ദൈവത്താൽ ആദ്യമേ ജോലിക്ക് വിളിക്കപ്പെടുന്നത്. എല്ലാറ്റിനുമുപരി നാം പരിഭവിക്കേണ്ട കാര്യമില്ല, കാരണം ദൈവം തന്റെ കരാറിൽ വിശ്വസ്തനാണ്.
നാലാമതായി; നാം കാണുന്നത് ഈ ഉപമയിലെ ദൈവത്തിന്റെ ദീർഘക്ഷമയാണ്. തന്റെ തോട്ടത്തിലേക്ക് ആൾക്കാരെ തേടി ദിവസത്തിന്റെ ഏറ്റവും അവസാന മണിക്കൂറിലും ദൈവം പോകുന്നു. ദൈവത്തിലേക്ക് തിരിയുവാൻ എത്ര വൈകിയാണെങ്കിലും നാം മടിക്കേണ്ട കാര്യമില്ല. ജീവിതമാകുന്ന ദിവസത്തിന്റെ പതിനൊന്നാം മണിക്കൂറിലും “ജീവിതത്തിന്റെ ചന്തസ്ഥലത്ത്” നമ്മെ തേടി, നമ്മെ തന്റെ സ്വന്തം രാജ്യത്തിലേക്ക് ക്ഷണിക്കാനായി വരുന്ന ദൈവം, അതോടൊപ്പം തന്റെ ജോലിക്കാർക്ക് വാഗ്ദാനം ചെയ്യുന്നത് കുറച്ചുപേർ കുറച്ച് രക്ഷ അല്ലെങ്കിൽ കുറച്ചുപേർക്ക് സ്വർഗ്ഗം, വേറെ കുറച്ചുപേർക്ക് കൂടുതൽ നിത്യരക്ഷ അഥവാ കൂടുതൽ സ്വർഗ്ഗം എന്നല്ല മറിച്ച്, എല്ലാപേർക്കും ഓരോ ദനാറയാണ് അഥവാ എല്ലാപേർക്കും ഒരേ നിത്യരക്ഷയും ഒരേ സ്വർഗ്ഗവുമാണ്.
ഉപസംഹാരം
നമ്മുടെ ചിന്തകൾക്കും വഴികൾക്കും അപ്പുറമുള്ള ദൈവത്തിന്റെ പദ്ധതിയേയും, ദൈവ സ്നേഹത്തെയും നമുക്ക് തിരിച്ചറിയാം. ജീവിതമാകുന്ന ‘ചന്തസ്ഥലത്ത്’ ദൈവം നമ്മെ തേടി വരുമ്പോൾ നമുക്കും ദൈവരാജ്യത്തിൽ ജോലിചെയ്യാനായി പോകാം, പരിഭവമില്ലാതെ ജീവിക്കാം.
ആമേൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.