
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ
“കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?” രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും ദൈവമില്ലെന്ന മട്ടിലാണ് ജീവിക്കുന്നത്. അന്തിമ നാളിനെക്കുറിച്ച് ആർക്കും ഒരു ആശങ്കയില്ലെങ്കിലും, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ചോദ്യം നമുക്ക് ഒഴിവാക്കാനാവില്ല. ജീവിതത്തിൽ സംഭവിക്കുന്ന പല ദാരുണമായ സംഭവങ്ങളും വേദനയും അർത്ഥശൂന്യതയുമെല്ലാം ഒരുവിധത്തിൽ അപ്പുറത്തെ യാഥാർത്ഥ്യത്തെക്കുറിച്ച് ചിന്തിക്കുവാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്താറുണ്ട്, ഏതെങ്കിലും വിധത്തിൽ രക്ഷപ്പെടാനുള്ള ആഗ്രഹം ഉണർത്താറുണ്ട്. അങ്ങനെ വരുമ്പോൾ രക്ഷകന്റെ മുഖം ക്രിസ്തുവിന്റെ മുഖവുമായി ഒത്തുചേരുകയാണെങ്കിൽ ആ ആഗ്രഹം പൂർത്തീകരിക്കപ്പെടും. പക്ഷേ അങ്ങനെ സംഭവിക്കണമെങ്കിൽ, രണ്ട് വ്യവസ്ഥകൾ ആവശ്യമാണ്: ഒന്ന്, സത്യത്തിനായുള്ള നമ്മുടെ വാഞ്‌ഛ, രണ്ട്, നല്ല വിശ്വാസ സാക്ഷ്യം. സത്യത്തിനായുള്ള വാഞ്‌ഛ നമ്മുടെ സന്നദ്ധതയാണ്; “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ” ആവശ്യപ്പെടുന്ന ഗുരുവിന്റെ വചനം കേൾക്കാനുള്ള സന്നദ്ധതയാണത്. അങ്ങനെ വരുമ്പോൾ ഒരു ചോദ്യം ഉയരും: രക്ഷ മനുഷ്യന്റെ പ്രവൃത്തിയാണോ? അല്ല. അതിൻ്റെ ഉത്തരമാണ് വാതിലിന്റെ രൂപകം. ആ വാതിൽ മനുഷ്യൻ നിർമ്മിക്കുകയോ തുറക്കുകയോ ചെയ്യാത്ത വാതിലാണ്. അത് നമ്മുടെ മുന്നിൽ വിരിയുന്ന ഒരു സമ്മാനമാണ്. ഒരു മതിലിന്റെ തുടർച്ചയെ തകർക്കുന്നതാണ് വാതിൽ. അത് ഒരു പുതിയ യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്നു. നമ്മൾ നേരിട്ട അർത്ഥശൂന്യതയും കാഠിന്യവുമെന്ന മതിലിന്റെ അറ്റത്ത് ഒരു വാതിൽ നമ്മൾക്കും വഴിതുറക്കും.
ഈ ഘട്ടത്തിലാണ് നമ്മുടെ തീരുമാനവും മുൻകൈയും പ്രസക്തമാകുന്നത്. കാരണം, പരിശ്രമിക്കാനാണ് യേശു ആവശ്യപ്പെടുന്നത്. നമ്മൾ എവിടെയാണോ അവിടെ തന്നെ തുടരണോ അതോ മുന്നോട്ട് പോകണോ? ജീവിതത്തിലുടനീളം നമ്മൾ ശേഖരിച്ച ഭാഗിക സത്യങ്ങളിൽ സംതൃപ്തരാകണോ അതോ ഒരു ഉയർന്ന സത്യത്തിലേക്ക് പ്രവേശിക്കണോ? നമ്മളാണ് തീരുമാനമെടുക്കേണ്ടത്. ആ വാതിലിലൂടെ കടന്നുപോയ അല്ലെങ്കിൽ കടന്നുപോകുന്ന മറ്റുള്ളവരുടെ സാക്ഷ്യത്തിൽ നിന്നാണ് മുന്നോട്ട് പോകാനുള്ള പ്രേരണ നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ മാതൃകയാക്കുന്നത്. അവർ അതിലൂടെ കടന്നുപോകാൻ ഒത്തിരി കഷ്ടപ്പാടുകൾ സഹിക്കുകയും ഓരോ വീഴ്ചയ്ക്കു ശേഷവും വീണ്ടും ഉയിർത്തെഴുന്നേൽക്കാൻ ശക്തി കണ്ടെത്തുകയും ചെയ്തവരാണ്. ദൈവത്തെ കണ്ടുമുട്ടണമെന്ന് സ്വപ്നം കാണുകയും, നിരന്തരം പ്രാർത്ഥനയാൽ അതിനെ പോഷിപ്പിക്കുകയും ചെയ്യുന്നവർ മാത്രമേ നിത്യവിരുന്നിൽ പ്രവേശിക്കുകയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പരിശ്രമം എന്നത് പ്രാർത്ഥനയും അതിലൂടെ ഉത്തേജിതമാകുന്ന പ്രവൃത്തികളുമാണ്. ഓർക്കുക, പ്രാർത്ഥന മാത്രമല്ല പരിശ്രമം.
മുന്നിലുള്ളത് രണ്ട് തടസ്സങ്ങളാണ്: ഒന്ന്, ഇടുങ്ങിയ വാതിൽ, രണ്ട്, ആ വാതിൽ ഒരു പ്രത്യേക ഘട്ടത്തിൽ അടയുന്നു. എന്തുകൊണ്ട് ഇടുങ്ങിയ വാതിൽ? കാരണം വാതിൽ ക്രിസ്തുവാണ്; ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള ഏക മധ്യസ്ഥൻ. നാം അവനിലൂടെ കടന്നുപോകണം. ആ വാതിലിലൂടെ പ്രവേശിക്കണമെങ്കിൽ യേശുവിന്റെ “അഹം” നമ്മുടെ “അഹം” ആയി മാറണം. അതായത്, സ്വയം ശൂന്യവൽക്കരണത്തിന്റെ പരിണാമക്രമത്തിലൂടെ നമ്മൾ കടന്നു പോകണം. ക്രിസ്തു സ്വയം ശൂന്യവൽക്കരിച്ച് സ്നേഹത്തിന്റെ ഒരു ബന്ധം രൂപപ്പെടുത്തിയതുപോലെ നമ്മളും ചെറുതായാൽ മാത്രമേ ആ വാതിലിലൂടെ നമുക്ക് പ്രവേശിക്കാൻ സാധിക്കു.
എന്തിനാണ് വാതിൽ അടയ്ക്കുന്നത്? വീടിന്റെ യജമാനനാണ് വാതിൽ തുറക്കുകയും അടക്കുകയും ചെയ്യുക. ഇവിടെ ശ്രദ്ധിക്കേണ്ട രസകരമായ ഒരു കാര്യം യജമാനന്റെ എഴുന്നേൽക്കലാണ്. ഉത്ഥാനത്തിന്റെ ക്രിയയായ എഗെയ്റോ (ἐγείρω – egeiró) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. യജമാനൻ ക്രിസ്തുവാണ്. അവനാണ് ഉയിർത്തെഴുന്നേറ്റവൻ. അവൻ ഒരു പുതിയ യുഗം ആരംഭിക്കുന്നു എന്നാണ് സുവിശേഷകൻ സൂചിപ്പിക്കുന്നത്. ഓർക്കുക, നന്മ ചെയ്യാൻ അനിശ്ചിതമായ സമയമുണ്ടെന്ന് കരുതരുത്, അല്ലെങ്കിൽ കർത്താവ് എല്ലാവരോടും കരുണയുള്ളവനായതിനാൽ രക്ഷയുടെ ലക്ഷ്യത്തോട് നിസ്സംഗത പുലർത്താമെന്നും വിചാരിക്കരുത്. അങ്ങനെയായാൽ ക്രിസ്തുവാകുന്ന വാതിൽ അടയ്ക്കപ്പെടും, സ്നേഹത്തിന്റെ മുഖം തേടാനുള്ള നമ്മുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യും.
ദിവ്യകാരുണ്യമേശയിൽ യേശുവിനോടൊപ്പം അപ്പം കഴിച്ച് അവന്റെ വചനത്തിൽ അടങ്ങിയിരിക്കുന്ന ഉപദേശം ശ്രവിച്ച് അവനുമായി ഒരു പ്രത്യേക ബന്ധം അവകാശപ്പെടുന്നവർപോലും ഈ വാതിലിനു മുമ്പിൽ അപരിചിതരായി മാറാം. കാരണം, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ദൈവത്തെ തേടുന്നവർ മാനുഷിക നീതിയിൽ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. അങ്ങനെയുള്ളവർ നിത്യവിരുന്നിൽ നിന്ന് ഒഴിവാക്കപ്പെടും. പ്രവൃത്തികളില്ലാത്ത വിശ്വാസം മൃതമാണെന്നും നീതിയില്ലാത്ത ആരാധന പ്രസാദകരമല്ലെന്നും സ്ഥിരീകരിക്കുന്ന “അനീതിയുടെ പ്രവർത്തകർ” എന്ന് അവരെ സ്വർഗ്ഗം മുദ്രകുത്തും.
വിശ്വാസം എന്നത് ഒരു പോരാട്ടം കൂടിയാണ്. നിസ്സംഗതയും നിഷ്ക്രിയതയും ആരെയും രക്ഷയിലേക്ക് നയിക്കുകയില്ല. ശരിയാണ്, രക്ഷ ഒരു സൗജന്യ ദാനമാണ്. അപ്പോഴും അത് അനുഭവിക്കണമെങ്കിൽ നമ്മുടെ സഹകരണം ആവശ്യമാണ്. വിശുദ്ധ അഗസ്റ്റിൻ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ: “നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാൻ കഴിയില്ല.” ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം തിരഞ്ഞെടുക്കപ്പെട്ട ഒരു വംശത്തിൽ ഉൾപ്പെട്ടതുകൊണ്ടോ ആരാധനാക്രമങ്ങൾ ആവർത്തിക്കുന്നതിലൂടെയോ ഉറപ്പുനൽകുന്നില്ല. മറിച്ച്, നമ്മുടെ സഹോദരീസഹോദരന്മാരെ അവരുടെ ജീവിത പാതയിൽ മുന്നേറാൻ സഹായിക്കുന്നതിന് സ്നേഹപൂർവ്വം സ്വയം “പിൻപന്മാർ” ആകാനുള്ള കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.