ആഗമനകാലം ഒന്നാം ഞായർ
പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷപ്പെടും എന്നാണ് അവൻ പറയുന്നത്. ഒറ്റവായനയിൽ ലോകാവസാനത്തെക്കുറിച്ചാണ് അവൻ പറയുന്നതെന്നു തോന്നും. അവസാനമല്ല, തുടക്കമാണ് ശരിക്കും പറഞ്ഞാൽ വിഷയം. എല്ലാദിവസവും മരിക്കുന്ന ഒരു ലോകമുണ്ട്. ജനിക്കുന്ന ഒരു ലോകവും ഉണ്ട്.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും – വാചികമല്ല, പ്രതീകാത്മകമാണ്. അവ പ്രപഞ്ചത്തെയല്ല സൂചിപ്പിക്കുന്നത് അന്യദൈവങ്ങളെയാണ്. സൂര്യൻ ദേവനാണ്, ചന്ദ്രനും നക്ഷത്രങ്ങളും ദേവതമാരും. ദൈവങ്ങളായി മാറിയ പ്രപഞ്ചശക്തികൾ. ദൈവങ്ങളായി മാറിയ അധികാര ഘടനകൾ. ഇവയെല്ലാം ഇളകും എന്നുതന്നെയാണ് യേശു പറയുന്നത്. എല്ലാ അധികാര ഘടനകളും താമസിയാതെ അല്ലെങ്കിൽ പിന്നീട് തകരും. നിലനിൽക്കുക യേശുവും അവൻ്റെ വചനവും മാത്രമായിരിക്കും.
ഭയമാണ് സുവിശേഷത്തിന്റെ ഭാവം എന്നു വിചാരിക്കരുത്. ദുരന്തങ്ങളാണ് സുവിശേഷം പ്രഖ്യാപിക്കുന്നത് എന്നു കരുതുകയും ചെയ്യരുത്. മറ്റൊരു കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കാനാണ് സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. ഇന്നു നമ്മൾ ഉയിർത്തെഴുന്നേറ്റവരായി ജീവിക്കുന്നില്ലെങ്കിൽ, പിന്നീട് ഉയിർത്തെഴുന്നേൽക്കില്ല. കാത്തിരിപ്പു കൊണ്ടാണ് എല്ലാ ജീവിതവും അടയാളപ്പെടുത്തുന്നത്. അത് ശ്രദ്ധയാണ്. അപ്രതീക്ഷിതമായതിനായുള്ള തുറന്ന മനസ്സ്, കേൾക്കാത്തതിനെ സ്വാഗതം ചെയ്യുന്ന മനോഭാവം, മുന്നിൽ വരുന്നതിനെ സ്വീകരിക്കാനുള്ള തുറവി ഇതൊക്കെയാണ് കാത്തിരിപ്പിന്റെ പ്രത്യേകത. അനിശ്ചിതത്വത്തെ ഭയത്തിനു പകരം വിശ്വാസം കൊണ്ടു നേരിടുക. അപ്പോൾ ജീവിതം പ്രത്യാശകളുടെ നിധിശേഖരമായി മാറും.
ശ്രദ്ധയുള്ളവരാകാനാണ് യേശു നമ്മെ ക്ഷണിക്കുന്നത്. ആരെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മളെ തന്നെയാണ്. പുറത്തെന്തു സംഭവിക്കുന്നു എന്നതല്ല ഇവിടുത്തെ വിഷയം. നിന്നിൽ എന്തു സംഭവിക്കുന്നു എന്നതാണ്. നിന്റെ അവസ്ഥയെന്താണ്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത – ഇവയിലൂടെയാണോ നീ കടന്നുപോകുന്നത്? കെണികളാണ് ഇവ. നമ്മെ ദുർബലമാക്കുന്ന കെണികൾ. വേണ്ടത് ആത്മശോധനയാണ്. നമ്മുടെ ചരിത്രം നമ്മുടേതു മാത്രമല്ല. അവിടെ ദൈവവും ഉണ്ട്. ഈ ലോകം മറ്റൊരു ലോകത്തെ കൂടി വഹിക്കുന്നുണ്ട്. അതിനെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. വ്യഗ്രത ഒരു പരിഹാരമല്ല. നമ്മൾ ആശ്രയിച്ച സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തകർന്നു പോയാലും ശിരസുയർത്തി നിൽക്കാൻ സാധിക്കണം. കാരണം, നമ്മുടെ വഴിത്താരകളിൽ അവനുണ്ട്. നമ്മൾ സ്വപ്നം കാണുന്ന വിമോചനം വിദൂരത്തല്ല, സമീപത്തു തന്നെയുണ്ട്.
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത – രോഗങ്ങളാണവ. ജീവിതത്തെ വിലയില്ലാത്തവ കൊണ്ടു നിറയ്ക്കുന്ന പ്രവണതകൾ. ശേഖരിക്കേണ്ടവയെ ചിതറിക്കുകയും വിലയേറിയതിനെ പാഴാക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണവ. ജീവിതത്തെ ശൂന്യവും അസ്ഥിരവുമാക്കുക മാത്രമേ അവ ചെയ്യൂ. ദിവസങ്ങളെ ഉപരിപ്ലവമാക്കുമ്പോഴും പ്രവൃത്തികളെ ആത്മരതികളാക്കുമ്പോഴും സന്തോഷത്തെ സ്വന്തം ശരീരത്തിൽ തളച്ചിടുമ്പോഴും അറിഞ്ഞോ അറിയാതെയോ നമ്മളും മദ്യാസക്തരാകുന്നുണ്ട്. തൃപ്തിക്കായുള്ള നെട്ടോട്ടമാണ് സുഖലോലുപത. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള പലായനം. സ്വർഗ്ഗത്തെ അവഗണിച്ചുള്ള ഈ ഓട്ടം ആകുലത മാത്രമേ അവശേഷിപ്പിക്കു. അതുപോലെതന്നെയാണ് ജീവിതവ്യഗ്രതയും. പ്രത്യാശയെ ഇല്ലാതാക്കുന്ന ഒരു മാരകരോഗമാണത്. ജീവിതം നൊമ്പരപൂർണമായാലും പ്രാർത്ഥനയും ജാഗ്രതയും ഒഴിവാക്കരുതെന്നാണ് യേശു പഠിപ്പിക്കുന്നത്. നന്മയായി പടരാത്ത ഒരു ലഹരിയും ദൈവത്തിലേക്ക് നമ്മെ നയിക്കില്ല.
“സദാ പ്രാർത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ”. അശ്രദ്ധയാണ് ഏറ്റവും വലിയ പ്രലോഭനം. അത് നമ്മെ ഭൂതകാല ചിന്തകളുടെമേൽ മയക്കികിടത്തും. ഗൃഹാതുരതയല്ല, വർത്തമാനത്തിലെ ഉണർവാണ് ജാഗ്രത. അതുതന്നെയാണ് കാത്തിരിപ്പും. പാരമ്പര്യത്തെയോ ഭൂതകാലത്തെയോ പ്രതിരോധിക്കാനുള്ള കോപ്പുകൂട്ടലല്ല ജാഗ്രത, മുന്നിലെ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യമാണ്. അത് ശൂന്യതയിലേക്കുള്ള ഒരു ഏറുനോട്ടം അല്ല, നമ്മെ തേടിവരുന്നവന്റെ കാൽപ്പാടുകളെ പിന്തുടരാനുള്ള അഭിനിവേശമാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.