ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ഒന്നാം വായന: ഏശയ്യാ 55:1- 3.
രണ്ടാം വായന: റോമാ 8:35,37-39.
സുവിശേഷം: വി.മത്തായി 14:13-21.
ദിവ്യബലിക്ക് ആമുഖം
“ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആരു നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വചനം നാം ഇന്നത്തെ രണ്ടാം വായനയിൽ ശ്രവിക്കുന്നു. നാം ആത്മീയമായും ശാരീരികമായും വലിയൊരു വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ, ഓരോ ദിവസവും ഏറ്റുചൊല്ലേണ്ട തിരുവചനമാണിത്. ഇന്നത്തെ ഒന്നാം വായനയിൽ ദൈവം തന്റെ ജനത്തെ സംതൃപ്തിയിലേക്ക് ക്ഷണിക്കുമ്പോൾ, സുവിശേഷത്തിൽ യേശു തനിക്കു ചുറ്റും കൂടിയ ജനസമൂഹത്തിന് അപ്പം വർധിപ്പിച്ച നൽകി സംതൃപ്തരാക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
വചനപ്രഘോഷണ കർമ്മം
നമുക്കേവർക്കും സുപരിചിതമായ “യേശു അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ” സംതൃപ്തരാക്കുന്ന അത്ഭുതമാണ് നാമിന്ന് ശ്രവിച്ചത്.
ദൈവശാസ്ത്രപരമായ വ്യാഖ്യാനം
ഇന്നത്തെ സുവിശേഷത്തിന് ജീവന്റെ അപ്പമായ ദിവ്യകാരുണ്യമായി ബന്ധമുള്ളത് വളരെ വ്യക്തമാണ്. “സായാഹ്നമായപ്പോൾ ശിഷ്യന്മാർ അവനെ സമീപിച്ചു പറഞ്ഞു” എന്ന വാക്യം തന്നെ യേശുവിന്റെ അന്ത്യ അത്താഴ വേളയെ സൂചിപ്പിക്കുന്ന വാക്യമാണ്. യേശു അപ്പവും മത്സ്യവും എടുത്ത് “സ്വർഗ്ഗത്തിലേക്ക് നോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു” ഈ പ്രവർത്തിയും പ്രാർത്ഥനയുമെല്ലാം ദിവ്യബലിയെ ഓർമിപ്പിക്കുന്നത് തന്നെയാണ്. അതോടൊപ്പം “മീൻ” എന്നത് ആദിമ ക്രൈസ്തവ സഭയിൽ ക്രിസ്തുവിനും, പിന്നീട് ക്രിസ്ത്യാനികൾക്കും ഉപയോഗിച്ചിരുന്ന അടയാളമാണെന്നും നമുക്ക് ഓർമ്മിക്കാം.
പഴയനിയമത്തിൽ മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനത്തിന് അത്ഭുതമായ രീതിയിൽ “മന്ന” നൽകി സംതൃപ്തനാക്കിയ അതേ ദൈവം തന്നെയാണ് പുതിയ നിയമത്തിൽ തന്റെ പുത്രനിലൂടെ വിജനപ്രദേശത്ത് ഒരുമിച്ചു കൂടിയ വലിയൊരു സമൂഹത്തെ വീണ്ടും അത്ഭുതകരമായ രീതിയിൽ “അപ്പവും മീനും” നൽകി സംതൃപ്തരാക്കുന്നത്. സൗജന്യമായി ഭക്ഷണവും, വീഞ്ഞും, പാലും സ്വീകരിക്കുവാനും, ദൈവത്തിന്റെ അടുക്കൽ വന്ന് ദൈവവചനം കേൾക്കാനുമായി ഇന്നത്തെ ഒന്നാമത്തെ വായനയിൽ പ്രവാചകൻ നടത്തുന്ന ക്ഷണം ഇന്നത്തെ സുവിശേഷത്തിൽ പൂർത്തിയാക്കപ്പെടുന്നു. അന്ന് ഗലീലയിലെ അയ്യായിരത്തോളം പുരുഷന്മാരും കൂടാതെ സ്ത്രീകളും കുട്ടികളും യേശു നൽകിയ അപ്പം ഭക്ഷിച്ച് തൃപ്തരായി എങ്കിൽ ഇന്ന് ലോകത്തെ കോടാനുകോടി മനുഷ്യർ യേശുവാകുന്ന ജീവൻറെ അപ്പം ഭക്ഷിച്ച് തൃപ്തരാകുന്നു.
ഒരു വലിയ അത്ഭുതത്തിന് ഇടയിലെ രണ്ടു ചെറിയ അത്ഭുതങ്ങൾ
“അപ്പം വർദ്ധിപ്പിക്കൽ” എന്ന വലിയ അത്ഭുതത്തിന് ഇടയിൽ രണ്ടു ചെറിയ അത്ഭുതങ്ങളും ഉള്ളതായി ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു ചെറിയ അത്ഭുതങ്ങളാണ് വലിയ അത്ഭുതത്തെ യാഥാർഥ്യമാകുന്നത്.
ഒന്നാമത്തെ ചെറിയ അത്ഭുതം “അത് എടുത്തു കൊണ്ടുവരിക” എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു. ശിഷ്യന്മാരുടെ കൈയിൽ സൂക്ഷിച്ചിരുന്ന അഞ്ചപ്പവും രണ്ടു മത്സ്യവും യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാനായി യേശു പറയുന്നു. ഈ അപ്പവും മീനും യേശുവിനും ശിഷ്യന്മാർക്കും അത്താഴത്തിനായി അവർ സൂക്ഷിച്ചു വച്ചിരുന്നതാവണം എന്ന് അഭിപ്രായമുണ്ട്. നമുക്കുള്ളത് യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുകയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് ഉള്ളതെന്ന് നാം കരുതുന്നത് എന്തും യേശുവിന് നൽകാൻ യേശു ആവശ്യപ്പെടുന്നു. ‘അപ്പം’ വയലിൽ നിന്ന് ലഭിക്കുന്ന ധാന്യമണികൾ കൊണ്ടുണ്ടാക്കുന്നതാണെന്നും, ‘മീൻ’ കടലിൽനിന്ന് പിടിക്കുന്നതാണെന്നും നമുക്കറിയാം. ഇതിന്റെ അർത്ഥം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന്, അഥവാ ജീവിതത്തെ തന്നെ യേശുവിന് നൽകാനാണ്. യേശുവത് വാഴ്ത്തി തിരികെ നൽകുന്നു.
രണ്ടാമത്തെ ചെറിയ അത്ഭുതം “ശിഷ്യന്മാർ അത് ജനങ്ങൾക്ക് വിളമ്പി” എന്ന വാക്യത്തിലാണ്. തങ്ങളുടേത് മാത്രമെന്ന് കരുതി സൂക്ഷിച്ചവ ആശീർവദിച്ച് തിരികെ ലഭിച്ചപ്പോൾ, അത് മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ എല്ലാവർക്കും തൃപ്തിയാകുവോളം തികയുന്നു. ബാക്കിവന്ന കഷണങ്ങൾ 12 കുട്ടനിറയെ ശേഖരിക്കുകയും ചെയ്യുന്നു.
യേശുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും ചെയ്യേണ്ട രണ്ട് കാര്യങ്ങൾ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നു. നമുക്കുള്ളത് നാം യേശുവിലേക്ക് കൊണ്ടുവരിക, യേശുവിൽ നിന്ന് ആശീർവദിച്ച് ലഭിക്കുന്ന അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, യേശു അത് വർദ്ധിപ്പിക്കും, നമുക്കും, ആർക്കും ഒരു കുറവും വരികയില്ല.
ഉപസംഹാരം
ആദിമ ക്രൈസ്തവ സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സുവിശേഷ ഭാഗങ്ങളിൽ ഒന്നാണിത്. യേശുവിന്റെ നാമത്തിൽ പ്രാർത്ഥനയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും ഒരുമിച്ചു കൂടിയവർ തങ്ങൾക്കുള്ളത് പങ്കുവെച്ചിരുന്നു, എല്ലാവരും സംതൃപ്തരാകുകയും ചെയ്തിരുന്നു. ആധുനിക സഭയുടെ പങ്കുവയ്ക്കൽ മനോഭാവത്തിന് ഒരു ഉത്തമ മാതൃകയാണിത്. യേശുവിന് ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നിയത് പോലെ നമുക്കും (സഭയ്ക്കും) ഈ ലോകത്തിനോട് അനുകമ്പ തോന്നണം.
മനുഷ്യന്റെ വിശപ്പ് ആഹാരത്തിന് വേണ്ടി മാത്രമല്ല, സ്നേഹത്തിനും അംഗീകാരത്തിനും കരുതലിനും വേണ്ടിയും കൂടിയാണെന്ന് നമുക്ക് ഓർമ്മിക്കാം. നമുക്കത് യേശുവിന്റെ നാമത്തിൽ പങ്കുവയ്ക്കാൻ സാധിച്ചാൽ എല്ലാവരും സംതൃപ്തരാവും
ആമേൻ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.