ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: “ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!” (12:13). ചോദ്യം യേശുവിനോടാണ്. അവൻ നേരിട്ട് ഒരു ഉത്തരം നൽകുന്നില്ല, ഒരു റെഡിമെയ്ഡ് പരിഹാരം വാഗ്ദാനം ചെയ്യുന്നുമില്ല, മറിച്ച് വിശാലമായ ചക്രവാളങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കാൻ നമ്മെ ക്ഷണിക്കുന്നു. അവൻ ആ ചോദ്യത്തിന്റെ ഉപരിതലത്തിൽ നിൽക്കാതെ, അതിനെ വെല്ലുവിളിക്കുന്നു, ദൈവത്തിന്റെ കണ്ണുകളിലൂടെ യാഥാർത്ഥ്യത്തെ നോക്കാൻ നമ്മെ ക്ഷണിക്കുന്നു.
ചോദ്യം ഉന്നയിച്ച ആളിനു പേരില്ല. അയാൾ യേശുവിനെ റബ്ബി എന്നാണ് അഭിസംബോധന ചെയ്യുന്നത്. റബ്ബി ദൈവശാസ്ത്രജ്ഞൻ മാത്രമല്ല, നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന നിയമജ്ഞരും റബ്ബി ആണ്. ദൈവശാസ്ത്രപരമായ കാര്യങ്ങൾ പറഞ്ഞിരുന്ന യേശുവിനോടാണ് അയാൾ നിയമപരമായ പ്രശ്നവുമായി വന്നിരിക്കുന്നത്. അയാളുടെ പ്രശ്നം പൈതൃക സ്വത്ത് സംബന്ധമായ കുടുംബ തർക്കമാണ്. അത് ഇന്നും ഉള്ള ഒരു പ്രശ്നമാണ്. സ്വത്തുക്കളിൽ നമുക്ക് സുരക്ഷിതത്വം കണ്ടെത്താനാകുമെന്ന മിഥ്യാധാരണയാണത്. അയാളുടെ ചോദ്യത്തിൽ നീതിക്കുവേണ്ടിയുള്ള ദാഹമില്ല, മറിച്ച് സ്വത്തുക്കളോടുള്ള ആസക്തിയാണ്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശു അക്ഷമയോടെ പ്രതികരിക്കുന്നത്. “ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്” (12: 15). അത്യാഗ്രഹം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഈ പദം ഗ്രീക്ക് ഭാഷയിൽ πλεονεξία (pleonexia) ആണ്. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്നാണ് അതിന്റെ അർത്ഥം. ഒറ്റവാക്കിൽ പറഞ്ഞാൽ ദ്രവ്യാസക്തി ആണത്.
ഒരു ഉപമയാണ് യേശു പറയുന്നത്. ഉപമയിലെ കഥാപാത്രത്തിനും പേരില്ല. അയാളുടെ ഏക ലക്ഷ്യം നാളെ സ്വസ്ഥമായി ജീവിക്കാൻ ഇന്നു തന്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതുമാത്രമാണ്. അയാൾ ഒരു അത്യാഗ്രഹിയാണെന്നു പറയാൻ പറ്റില്ല. നമ്മളും അയാളെ പോലെ ചെയ്യുന്നില്ലേ? ഇതിൽ എന്താണ് പ്രശ്നമുള്ളത്? ഇങ്ങനെ തന്നെയല്ലേ എല്ലാവരും ജീവിക്കുന്നത്? ശരിയായിരിക്കാം. പക്ഷേ ഇയാൾ ഒരു ഭോഷനാകുന്നത് ഈ ശാരീരികതയും ഭൗതികതയും ഒരിക്കലും അവസാനിക്കില്ലെന്ന മട്ടിൽ ജീവിക്കുന്നതുകൊണ്ടാണ്. ഭാവികാലത്തിലാണ് അവൻ പദങ്ങൾ ഉപയോഗിക്കുന്നത്. ഒരിക്കലും മരിക്കില്ല എന്ന മട്ടിൽ, എപ്പോഴും മറ്റൊരു അവസരം ഉള്ളതുപോലെ അവൻ ചിന്തിക്കുന്നു.
അയാളുടെ ചിന്തകളെ ശ്രദ്ധിക്കുക, ആത്മരതിയുടെ അതിപ്രസരണമാണവ. “ഞാൻ” മാത്രം ഉള്ള ഒരു ജീവിത പദ്ധതിയാണത്: “ഞാൻ ചെയ്യും, ഞാൻ പൊളിക്കും, ഞാൻ പണിയും, ഞാൻ ശേഖരിക്കും…” ഒപ്പം “എന്റെ” എന്ന വിശേഷണവുമുണ്ട്: “എന്റെ വിളകൾ, എന്റെ അറപ്പുരകൾ, എന്റെ സാധനങ്ങൾ, എന്റെ ജീവിതം, എന്റെ ആത്മാവ്.” ഈ “എന്റെ” എന്നത് ഒരു പച്ചയായ ആസക്തിയാണ്. ഈ ആസക്തിയിൽ ജീവിതമില്ല. ഏറ്റവും വലിയ അപകടസാധ്യത നമ്മുടെ ജീവിതം ജീവിക്കാതെ മരിക്കുക എന്നതാണ്. ഇന്നു നമ്മൾ സ്നേഹിക്കുന്നില്ലെങ്കിൽ, ജീവിതത്തെ തൊട്ടനുഭവിക്കുന്നില്ലെങ്കിൽ, നമ്മൾക്ക് പിന്നീട് ഒരിക്കലും അനുഭവിക്കാൻ സാധിക്കില്ല, കാരണം നാളെ ഒരിക്കലും ഇന്നത്തെപ്പോലെ ആയിരിക്കില്ല.
ഉപമയിലെ ധനികൻ തന്റെ ഇടം വികസിപ്പിക്കാനും വലുതാക്കാനും ആഗ്രഹിക്കുന്നു. അയാൾ തന്റെ ആനന്ദത്തിനായുള്ള ദാഹം ശമിപ്പിക്കാൻ ഭൗതികമായവയിൽ ആശ്രയിക്കുന്നു. താൻ എന്താണോ അതിലല്ല അയാളുടെ മഹത്വം, മറിച്ച് അയാൾക്കുള്ള വസ്തുക്കളിലാണെന്നാണ് അയാൾ കരുതുന്നത്. ഓർക്കുക, സമ്പത്ത് നമ്മൾക്ക് വാഗ്ദാനം ചെയ്യുന്നവ ഒരിക്കലും നിറവേറുകയില്ല. അത് നമ്മുടെ ദ്രവ്യാസക്തി വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ.
സമ്പത്ത് ശാപമാണെന്ന് സുവിശേഷത്തിൽ ഒരിടത്തുമില്ല. പക്ഷെ അപകടകരമാണ്: “ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നല്‍കി” (12:16). ആ സമൃദ്ധി പങ്കിടുന്നില്ലെങ്കിൽ അത് ഒരു ശാപമായി മാറും. നോക്കുക, ഉപമയിലെ മനുഷ്യൻ ധനികനാണെങ്കിലും ഏകനാണെന്നത് യാദൃശ്ചികമല്ല: ഉപമയിൽ മറ്റാരെയും പരാമർശിച്ചിട്ടില്ല, അവന്റെ ചുറ്റും ആരുമില്ല. അയാൾ വസ്തുക്കളിൽ സമ്പന്നനാണ്, പക്ഷേ സ്നേഹത്തിൽ ദരിദ്രനാണ്; അയാൾ ധനവാനാണ്, പക്ഷേ ഒരു മരുഭൂമിയുടെ നടുവിൽ നിൽക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ തന്റെ സമ്പത്ത് ഉപയോഗിച്ചിരുന്നെങ്കിൽ അയാൾക്ക് ദൈവമുമ്പാകെ കൂടുതൽ സമ്പന്നനാകാമായിരുന്നു.
മരണം ഈ ഉപമയിലെ ഒരു പ്രധാന കഥാപാത്രമാണ്. അതിന്റെ വരവിന് ഒരു മുന്നറിയിപ്പും ഉണ്ടായിരിക്കില്ല. അത് പൊടുന്നനെ വരുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളുടെ യുക്തിസഹമായ പരിണതഫലമാണ് മരണം. വാസ്തവത്തിൽ, അയാൾ ഇതിനകം ആത്മീയമായി മരിച്ചവനാണ്. അയാൾ ചത്തതിനൊക്കെ ജീവിക്കുന്നു. ഇതുപോലെ ജീവിക്കുന്നത് മന്ദഗതിയിലുള്ള മരണമാണ്. ജീവിക്കുക എന്നത് തിന്നലും കുടിക്കലും ഉറങ്ങലും മാത്രമല്ല, അതിനപ്പുറത്തുള്ള നന്മകളെ കൂടി തിരിച്ചറിയലാണ്. അത് തിരിച്ചറിയണമെങ്കിൽ ആന്തരികതയിൽ അലിവുണ്ടാകണം. ഒപ്പം ഉപമ ഒരു മുന്നറിയിപ്പ് കൂടിയാണ്; ഓർക്കുക, നീയും മരിക്കും (memento mori), അതുപോലെതന്നെ, ഓർക്കുക, നീയും സ്നേഹിക്കണം (memento amoris).
യേശു ഒരിക്കലും ഭൗമിക വസ്തുക്കളെ വെറുക്കുകയോ സമ്പന്നരെ അകറ്റി നിർത്തുകയോ ചെയ്യുന്നില്ല. അപ്പോഴും അവൻ വ്യക്തമാക്കുന്നുണ്ട് വസ്തുക്കളിൽ നമ്മൾ സന്തോഷം അന്വേഷിക്കരുത്. സന്തുഷ്ടരായിരിക്കാൻ നാം ശേഖരിക്കേണ്ട ഒരേയൊരു നന്മ മനോഹരവും ശുദ്ധവും ആധികാരികവും സ്വതന്ത്രവുമായ ബന്ധങ്ങളാണ്. വ്യക്തികളോടല്ല, വസ്തുക്കളോടാണ് നമുക്ക് നിസ്സംഗത ഉണ്ടായിരിക്കേണ്ടത്. ആ നിസ്സംഗത ആത്മീയവും ആയിരിക്കണം. ആത്മീയ നിസ്സംഗത (Spiritual Indifference) ഇല്ലാതെ വരുമ്പോഴാണ് നമ്മൾ അസ്ഥിരമായതിലും ക്ഷണികമായതിലും അപ്രത്യക്ഷമാകുന്നതിലും ജീവിതത്തിന്റെ ലക്ഷ്യം കാണുന്നത്. ഇത് നിസ്സംശയമായും നിരാശാജനകമായ ഒരു ജീവിതദർശനമാണ്. ഉദാഹരണത്തിന് എപ്പിക്യൂറിയനിസം, ഹെഡനിസം, കൺസ്യൂമറിസം, ചാർവാക തുടങ്ങിയ ദർശനങ്ങൾ. അങ്ങനെയുള്ള ദർശനങ്ങൾ യാഥാർത്ഥ്യബോധമുള്ളതാണ് എന്ന പ്രതീതി നൽകുക മാത്രമേ ചെയ്യൂ. പക്ഷേ അവയിൽ പ്രതീക്ഷയ്ക്കും സന്തോഷത്തിനും ഇടം ഉണ്ടാകില്ല. ഓർക്കുക, ജീവിതം ഒരു ശ്വാസമാണ്; നമുക്ക് അത് നന്നായി ഉപയോഗിക്കാം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.