Categories: Meditation

17th Sunday_Ordinary Time_നിധിയും രത്നവും (മത്താ 13: 44-52)

എല്ലാവരുടെയും ഉള്ളിൽ ഒരു നിഗൂഢ ശക്തിയുണ്ട് - അത് നന്മയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും...

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

തീർത്തും ലളിതവും ചെറുതും സമാനസന്ദേശങ്ങൾ നൽകുന്നതുമായ മൂന്ന് ഉപമകൾ. അതാണ് ഇന്നത്തെ സുവിശേഷഭാഗം. ചെറിയൊരു പ്രതലത്തിൽ സ്വർണ്ണ ലിപികൾ കൊണ്ട് സ്വർഗ്ഗരാജ്യത്തെ കുറിച്ചിടുകയാണ് ഗുരുനാഥൻ. നിധിയും രത്നവും – ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് അവൻ ഉപയോഗിക്കുന്ന പദങ്ങളാണ്. നിധിയും രത്നവും കടലും മത്സ്യവുമൊക്കെ കഥാതന്തുവിൽ നിറച്ചുകൊണ്ടുള്ള യേശുവിന്റെ ഭാഷ ആരെയും വിസ്മയിപ്പിക്കും. ആരാധനക്രമങ്ങളുടെയോ ദൈവശാസ്ത്രത്തിന്റെയോ ഒരു ഭാഷയല്ല ഇത്. സാഹസിക കഥകളിലും പ്രണയകഥകളിലും നിറഞ്ഞുനിൽക്കുന്ന തരത്തിലുള്ള ഒരു അപങ്കില ഭാഷയാണിത്. ദൈവരാജ്യം മാത്രമാണ് ഇവിടെ വിഷയം. അത് നമ്മോട് ആവശ്യപ്പെടുന്നത് ഒരേ ഒരു കാര്യമാണ്; വിശ്വാസം. വിശ്വസിക്കുക, കാരണം നമ്മൾ കാണുന്നതു മാത്രമല്ല യാഥാർത്ഥ്യം. വയലിൽ ഒരു നിധി ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കണ്ടുകിട്ടണമെങ്കിൽ മണ്ണു മാറ്റണം. സ്വന്തമാക്കണമെങ്കിൽ സകലതും വിൽക്കണം. തയ്യാറാണോ? എങ്കിൽ നിത്യത നിന്റെ കൂടെ കൂടും.

എല്ലാവരുടെയും ഉള്ളിൽ ഒരു നിഗൂഢ ശക്തിയുണ്ട്. അത് നന്മയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. ആരൊക്കെയോ നമുക്കായി ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട്. ആരൊക്കെയോ കടലിൽ നമുക്കായി മുത്തുകൾ വിതച്ചിട്ടുമുണ്ട്. സ്നേഹാന്വേഷികൾക്ക് സ്വർഗ്ഗം ഒരു മരുപ്പച്ച ഒരുക്കിയിരിക്കുന്നതുപോലെ, നന്മ തേടുന്നവർക്ക് ഭൂമി ഒത്തിരി നിക്ഷേപങ്ങളും ഒരുക്കിവച്ചിട്ടുണ്ട്. ഉപമ പറയുന്നു, നിധി കണ്ടെത്തിയവൻ അത് സ്വന്തമാക്കാൻ സന്തോഷത്തോടെ പോയി എല്ലാം വിറ്റുവെന്ന്. സന്തോഷത്തോടെയാണ് അവൻ പോകുന്നത്. ചലനാത്മകമാണ് ജീവിതം. ഉള്ളിൽ സന്തോഷം പേറിയുള്ള തിടുക്കവും തീരുമാനവുമാണത്. ക്രിസ്തു എന്ന നിധി കണ്ടെത്തിയവരാണ് ക്രിസ്ത്യാനികൾ. സന്തോഷത്തിന്റെ പാതയിലൂടെ സഞ്ചരിക്കേണ്ടവരാണവർ. ചില പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ ഉത്തരവാദിത്വത്തിന്റെയും കുറ്റബോധത്തിന്റെയും ആപേക്ഷികതയിൽ നിന്നുകൊണ്ട് പക്വതയില്ലാത്തതും നരച്ചതുമായ ചില മതബോധനങ്ങളുടെ പേരിൽ ജീവിതത്തെ വിഷാദം കൊണ്ട് നിർവചിക്കുന്നവരാകരുത് അവർ. കാരണം, ശോകം കലരാത്ത ഭാഷയിൽ നമ്മോട് സംസാരിച്ചവനാണ് യേശു. ശോകം കലരാത്ത ജീവിതവുമാണ് അവൻ വാഗ്ദാനം ചെയ്തത്. എന്നിട്ടും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്; എന്തേ നമ്മളിപ്പോഴും വിഷാദ ചിന്തകളോട് കൂട്ടുകൂടുന്നത്?

വയലിലെ പാവപ്പെട്ട കർഷകനും ചന്തയിലെ വിദഗ്ധനായ വ്യാപാരിയും സ്വപ്നതുല്യമായ ആ കണ്ടെത്തലിനു മുൻപിൽ നിർവികാരരാകുന്നില്ല. അനിർവചനീയമായ ആനന്ദത്തിലേക്കാണ് ആ കാഴ്ച അവരെ കൊണ്ടുപോകുന്നത്. വ്യക്തവും ശക്തവുമായ ഒരു തീരുമാനമാണ് അവർ പിന്നീട് എടുക്കുന്നത്. രണ്ടുപേരും ചെയ്തത് സന്തോഷത്തോടെ പോയി അവർക്കുള്ളതെല്ലാം വിറ്റ് അവ വാങ്ങുകയാണ്. സ്നേഹിക്കുന്നവർക്ക് ഒരു യാത്രയും ദീർഘമായിരിക്കില്ല. ഇച്ഛാശക്തി കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്ന് കരുതരുത്, അഭിനിവേശം മാത്രമാണ് അതിന്റെ ഇന്ധനം. സ്നേഹമെന്ന നിധി കണ്ടെത്തുന്നവന് ഒരു യാത്രയും ദുർഘടമല്ല, ഒരു സ്വത്തും വിലയുറ്റതുമല്ല.
ദൈവം എന്ന നിധി തേടുന്നവർ എല്ലാ ചോദ്യങ്ങളുടെ ഉത്തരവും എല്ലാ പ്രശ്നങ്ങളുടെ പരിഹാരവും കയ്യിലുണ്ട് എന്ന് കരുതരുത്. എപ്പോഴും ഓർക്കണം അന്വേഷകർ മാത്രമാണ് എന്ന കാര്യം. കാരണം, വിശ്വസിക്കുക എന്നത് ഒരു ചലനാത്മക ക്രിയയാണ്. ഒരിക്കലും ഒരിടത്തും നിൽക്കാൻ പാടില്ല. അവർ എഴുന്നേൽക്കണം, നീങ്ങണം, അന്വേഷിക്കണം, പുറത്തേക്കു പോകണം. വയലിൽ ജോലി ചെയ്യുക അപ്പോൾ കണ്ടെത്തും. ചന്തയിൽ വ്യാപാരം നടത്തുക അപ്പോൾ കണ്ടെത്തും. കടലിൽ വലയെറിയുക അപ്പോൾ കണ്ടെത്തും. ഇതൊന്നും ചെയ്യാത്തവനോ, ഒന്നും കണ്ടെത്തുകയില്ല.

ഈ ഉപമകളിലെ ചില പദങ്ങൾ ശ്രദ്ധിക്കണം. നിധി, രത്നം, മൂല്യം, വിസ്മയം, സന്തോഷം… ഇവയെല്ലാം ദൈവത്തിന്റെ പര്യായപദങ്ങളാണ്. ഭാവിയിലേക്ക് വാതിൽ തുറക്കുന്ന പോസിറ്റിവിറ്റിയാണ് ദൈവം. അനിർവചനീയമായ ഊർജ്ജമാണവൻ. ഇവിടെയാണ് ചില ചോദ്യങ്ങൾ നമ്മൾ നമ്മോട് തന്നെ ചോദിക്കേണ്ടത്; ദൈവം നമുക്ക് ഒരു നിധിയാണോ അതോ ഒരു കടമയാണോ? ഒരു രത്നമാണോ അതോ ബാധ്യതയാണോ? ആ ഭാഗ്യശാലികളായ കർഷകനെ പോലെ, വ്യാപാരിയെ പോലെ നമ്മുടെ ഉള്ളിൽ ആനന്ദമുണ്ടോ? ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്. നിധിയാണോ കർഷകനെ കണ്ടെത്തിയത് അതോ കർഷകനാണോ നിധിയെ കണ്ടെത്തിയതെന്ന്. ദൈവം കണ്ടെത്തിയ ഒരു നിധിയായിരിക്കാം നമ്മൾ. പല വഴികളിലൂടെ, പല ദിവസങ്ങളായി ഇടറിയപ്പോഴും അവൻ ഇപ്പോഴും നമ്മെ ചേർത്തുനിർത്തുകയാണ്. ക്രിസ്തുവിനെ കണ്ടുമുട്ടിയത് മാത്രമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്ന് പറയാൻ ആർക്കൊക്കെ സാധിക്കും?

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago