Categories: Meditation

17th domenica_Sunday ordinario_Anno B_”ജീവന്റെ അപ്പം” (യോഹ. 6:24-35)

കൺമുന്നിലുള്ളവനിൽ ദൈവത്തിന്റെ മുഖം ദർശിക്കുക എന്ന വെല്ലുവിളിയാണ് വിശ്വാസം...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

“ദൈവഹിതമനുസരിച്ച് പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്തു ചെയ്യണം?” (v.28). അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടുള്ള ചോദ്യമല്ലിത്. അയ്യായിരം പേരെ പോറ്റിയവന് നിത്യതയുടെ പരിമളം ഉണ്ടെന്നറിഞ്ഞതിനുശേഷമുള്ള ചോദ്യമാണ്. അതുകൊണ്ടാണ് ഗുരുനാഥന്റെ മറുപടി ആത്മപ്രകാശിതമായത്: “അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക” (v.29). വിശ്വാസത്തെ ബോധ്യം എന്ന തലത്തിൽ നിന്നും പ്രവർത്തിയിലേക്ക് പറിച്ചുനടുന്നു ഗുരുനാഥൻ. വിശ്വാസം എന്നത് ഒരു അമൂർത്ത യാഥർത്ഥ്യമല്ല, പ്രവർത്തിയാണ്. കൺമുന്നിൽ ഇല്ലാത്തതിനെ കുറിച്ചുള്ള ബോധ്യമല്ല ഇവിടെ വിശ്വാസം, കൺമുന്നിലുള്ളവനിൽ ദൈവത്തിന്റെ മുഖം ദർശിക്കുക എന്ന വെല്ലുവിളിയാണ്. കൺമുന്നിൽ, ഇതാ, പച്ചയായ മനുഷ്യൻ, നസ്രായൻ. അവനിൽ വിശ്വസിക്കുക. അതാണ് ദൈവഹിതം. അപ്പോൾ അപ്പവും കൺമുന്നിലുള്ള ചില യാഥാർത്ഥ്യങ്ങളും മാത്രമല്ല ഇവിടെ വിഷയം.

ചോദ്യങ്ങൾ അവസാനിക്കുന്നില്ല. അടയാളമാണ് അവർക്ക് വേണ്ടത്. മരുഭൂമിയിൽ വച്ച് പിതാക്കന്മാർ മന്നാ ഭക്ഷിച്ചത് പോലെ ഇന്ദ്രിയങ്ങളിൽ നിന്നും ബോധതലത്തിലേക്ക് പടർന്നുകയറാൻ സാധിക്കുന്ന തരത്തിലുള്ള അടയാളം. ആഴമായ ആത്മീയതയാണ് ക്രിസ്തുവിന്റെ മറുപടി. നിന്റെ ശക്തികൊണ്ടോ പ്രയത്നംകൊണ്ടോ ഒന്നുമല്ല നീ പലതും അനുഭവിക്കുന്നത്. മോശ ഞങ്ങൾക്ക് മന്നാ തന്നു എന്ന് പറയുന്നതുപോലെ നിന്റെ ദാഹം ശമിപ്പിച്ചതിന്റെയും നിനക്ക് തളർച്ചയിൽ താങ്ങായി നിന്നതിന്റെയും ക്രെഡിറ്റ് വ്യക്തികളിൽ ചുരുക്കുന്നതല്ല ആത്മീയത, അവരിലൂടെ തെളിയുന്ന ദൈവപരിപാലനയെ ദർശിക്കുന്നതാണ്.

“മോശ അല്ല നിങ്ങൾക്ക് സ്വർഗ്ഗത്തിൽ നിന്നും അപ്പം തന്നത്, എന്റെ പിതാവാണ്”. കാഴ്ചക്കപ്പുറത്തുള്ള കാര്യമാണിത്. കൗദാശിക മനസ്സാണ്. അടയാളങ്ങൾക്കപ്പുറത്തുള്ള സത്യത്തെ തിരിച്ചറിയൽ. ഇതാണ് ക്രൈസ്തവികതയുടെ തനിമ. ഇത് കൂദാശകളുടെ ദൈവശാസ്ത്രമാണ്. കണ്ണുകൾക്കതീതമായ ദൈവിക സത്യത്തെ ഇന്ദ്രിയഗോചരമാക്കുന്ന ആത്മീയതയാണത്. ഹൃദയനേത്രമുള്ളവർ കാണുന്നു. മനസ്സിലാക്കുന്നു. ഒരു ഗർഭിണിയുടെ ഉദരത്തിലെ ശിശുവിനെ നീ കാണുന്നില്ലെങ്കിലും അവളുടെ ഉള്ളിൽ ഒരു ജീവനുണ്ടെന്ന് നിന്റെ ഇന്ദ്രിയങ്ങളിലൂടെ നിനക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് പോലെ, അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പത്തിൽ ക്രിസ്തുവിനെ കാണാൻ സാധിക്കുന്ന ആന്തരികനയനങ്ങൾ സ്വായത്തമാക്കുമ്പോഴാണ് “ഞാനാണ് ജീവന്റെ അപ്പം” എന്നു പറഞ്ഞവനെ പൂർണ്ണമായി മനസ്സിലാക്കാൻ നിനക്ക് സാധിക്കൂ.

അന്നം നൽകുക എന്നത് മഹത്തായ പുണ്യമാണ്. പക്ഷേ, അന്നമായി മാറുക എന്നത് ദൈവീകതയാണ്. ശരീരത്തിന്റെ വിശപ്പിനെ ശമിപ്പിക്കാൻ ഭൂമിയുടെ വിഭവങ്ങൾ ധാരാളം തന്നെയാണ്. പക്ഷേ, ആത്മചോദനകളെ ആര് ശമിപ്പിക്കും? ചൂണ്ടിക്കാണിക്കാൻ ക്രിസ്തു മാത്രമേയുള്ളൂ. കാരണം, അവൻ ജീവന്റെ അപ്പമാണ്, ആത്മഭോജനമാണ്.

നൽകലിന്റെ ആത്മീയതയാണ് സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത്. ഒരു വ്യവസ്ഥയോ പ്രതിഫലമോ ആഗ്രഹിക്കാതെ നൽകുകയെന്നത് ദൈവഹൃദയമുള്ളവർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. ദുഷ്ടന്റെമേലും ശിഷ്ടന്റെമേലും ഒരുപോലെ പ്രകാശം പകരുന്ന സൂര്യസമൻമാത്രമല്ല ദൈവം, നിത്യ ജീവന്റെ അനശ്വരമായ അപ്പം നൽകുന്നവനും കൂടിയാണവൻ. സ്വയം പകുത്ത് നൽകുന്ന ദൈവത്തിന്റെ ചിത്രമാണിത്. സ്വയം അപ്പമായി പകുത്തു നൽകുന്നതിലൂടെ എല്ലാം അവൻ നൽകി കഴിഞ്ഞിരിക്കുന്നു. ഇതിൽ കൂടുതൽ മറ്റെന്തു നൽകാൻ അവനു സാധിക്കും? ഈ ദൈവം തത്വവിചാരങ്ങളിലെ അചഞ്ചലമായ പ്രയോക്താവ് (Unmoved Mover) അല്ല, അനശ്വരമായ ജീവൻ പകുത്തു നല്കുന്നവനാണ്. ജീവന്റെ അനർഗ്ഗളമായ പ്രവാഹമാണവൻ. അവിടെ മരണമില്ല. മരണചിന്തകൾക്ക് പ്രസക്തിയുമില്ല. അവിടെ ജീവനും അതിന്റെ പര്യായമായ സ്നേഹവും മാത്രം.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

4 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago