
തിരിച്ചു വരുന്നവരുടെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ആദ്യത്തേത് മൃതിദേശത്തിലൂടെ കടന്നുപോയ ഗുരുനാഥൻ തന്റെ ശിഷ്യരെ അന്വേഷിച്ചു വരുന്നു. ഉപേക്ഷിക്കപ്പെട്ടവൻ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് വരുന്നു. അവരുടെ നടുവിൽത്തന്നെ വന്നു നിൽക്കുന്നു. ഒന്നും ചോദിക്കാനോ, ഒന്നും അടിച്ചേൽപ്പിക്കാനോ അല്ല. അവരുടെ ഭയമാണ് അവൻ്റെ ആകുലത. മഗ്ദലേനയുടെ കണ്ണീരും എമ്മാവൂസ് വഴിത്താരയിലെ നൈരാശ്യവും കണ്ടു കഴിഞ്ഞവൻ. ആരെയും വിധിക്കാനല്ല. സഹായിക്കാനാണ്, സേവിക്കാനാണ് അവൻ വന്നിരിക്കുന്നത്. അന്ത്യ അത്താഴത്തിനുപയോഗിച്ച ആ അരക്കച്ച ഇപ്പോഴും അവൻ ചുറ്റിയിട്ടുണ്ട്!
രണ്ടാമത്തേത് തോമസിന്റെ തിരിച്ചുവരവാണ്. ഗുരുവിനോടൊപ്പം മരിക്കാം എന്ന് പറഞ്ഞവൻ കൂട്ടംതെറ്റി അലയുന്നു. അന്വേഷിയാണവൻ. അതോ, മരിക്കാം എന്ന് പറഞ്ഞത് കപടധൈര്യം മാത്രമായിരുന്നോ? എല്ലാവരെയുംപോലെ ഗത്സമനിയിൽ നിന്നും ഓടിയൊളിച്ചവനാണ് അവനും. എന്നിട്ടും അവൻ ആവശ്യപ്പെടുന്നത് മുറിവുകളിൽ തൊടാനാണ്.
തോമസിനെ അന്വേഷിച്ചാണ് ഉത്ഥിതൻ എട്ടാം ദിവസം വരുന്നത്. ആടിനെ അന്വേഷിച്ചിറങ്ങിയ ഇടയന്റെ പ്രതീതിയാണവിടെ. കൂട്ടത്തിൽ ഇല്ലാതിരുന്ന ഒരുവനെ മാത്രം അന്വേഷിച്ചുള്ള വരവ്. ചിലരുണ്ട്. കൂട്ടത്തിൽ നിന്നും തെന്നിമാറി തനി വഴി തേടുന്നവരാണവർ. അവർ സ്വയം കരുതുന്നത് ധൈര്യശാലികളെന്നോ വിപ്ലവകാരികളെന്നോ മറ്റോ ആയിരിക്കാം. പക്ഷേ പലതും നഷ്ടപ്പെടുത്തുന്നവരാണവർ. അങ്ങനെ നഷ്ടം അനുഭവിച്ച ധീരശാലിയാണ് തോമസ്. ഉത്ഥിതൻ നൽകിയ പരിശുദ്ധാത്മാവിന്റെ അനുഭവവും സമാധാനവും ലഭിക്കാതെ പോയ ഒരുവൻ. ഓർക്കണം, അവന്റെ അഭാവത്തിലാണ് ഉത്ഥിതൻ ശിഷ്യരുടെ മേൽ നിശ്വസിച്ചു കൊണ്ട് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതെന്ന കാര്യം (20: 22 – 23).
സ്വന്തം ധീരതയിൽ ആശ്രയിച്ച് ശാന്തി തേടിയലയുന്നവർക്ക് നഷ്ടമാകുന്ന നന്മയാണ് ഭവനത്തിനുള്ളിലെ ദൈവീകാനുഭവങ്ങൾ. അവർ തോമസിനെ പോലെ പുറത്ത് ഉത്ഥിതനെ അന്വേഷിച്ചു നടക്കുകയാണ്. പക്ഷേ ഉത്ഥിതൻ സ്വയം വെളിപ്പെടുത്തുന്നതോ ഭവനത്തിനകത്തും. ഭവനം പ്രതീകാത്മകമാണ്. അതിനെ വേണമെങ്കിൽ സഭയെന്നു വിളിക്കാം, നിന്റെ ഹൃദയമെന്നും വിളിക്കാം. ക്രിസ്തുവിനെ തേടി പുറത്ത് അധികം അലയേണ്ട കാര്യമില്ല. ഒന്ന് ഉള്ളിലേക്കു പ്രവേശിച്ചാൽ മതി, അവിടെ നിനക്കായി മാത്രം അവൻ ദർശനം നൽകും.
മുറിപ്പാടുകളുമായി നിന്റെ ജീവിതത്തിലേക്ക് വരുന്നവനാണ് ഉത്ഥിതൻ. അവനെ കാണുന്നതിന് ചരിത്രത്തിന്റെ താളുകൾ മറിക്കണമെന്നില്ല, നിന്റെ ഇരുവശങ്ങളിലും ഒന്ന് നോക്കിയാൽ മാത്രം മതി.
മുറിവുകളെ വിശുദ്ധമാക്കുന്ന പ്രക്രിയയാണ് ഉത്ഥാനം. അശുദ്ധമായ മുറിവുകൾ പ്രതികാരമാകുമ്പോൾ, വിശുദ്ധ മുറിവുകളിൽ നിന്നും ആർദ്രതയുടെ പ്രകാശം അനർഗളമായി ഒഴുകും. അത് കരുണയുടെ പ്രവാഹമാണ്. അതിൽ കയ്യിടുവാൻ ആഗ്രഹിക്കുന്നവൻ സംശയാലുവല്ല, വീണുപോയവനാണ്. തനി വഴി തേടി തളർന്നുപോയവനാണ്. അവനിനി വേണ്ടത് ഇത്തിരി കരുണയാണ്. ആർദ്രമായൊരു തലോടലാണ്. അത് കിട്ടിയാൽ അവൻ ശക്തനാകും. എന്നിട്ടവൻ ചങ്കു പിളർന്നു കൊണ്ട് തന്നെ എല്ലാവരോടുമായി ഉച്ചത്തിൽ പറയും: “ഈ തിരുമുറിവുള്ളവൻ എന്റെ കർത്താവാണ്, എന്റെ ദൈവമാണ്”.
“നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (v. 29). ഇതാ, നമുക്കു മാത്രമായുള്ള ഒരു സുവിശേഷ ഭാഗ്യം. വിശ്വാസജീവിതത്തിൽ സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കുള്ള ഭാഗ്യമാണിത്. തോമസിനെ പോലെ ഒത്തിരി സംശയങ്ങൾ ഉണ്ടെങ്കിലും ഒരു അടയാളവും ആവശ്യപ്പെടാതെ വിശ്വസിക്കുന്ന ആത്മധൈര്യമുണ്ടല്ലോ, ആ ധൈര്യത്തെയാണ് യേശു പുകഴ്ത്തുന്നത്. അങ്ങനെയുള്ള വിശ്വാസത്തിൽ ജീവിതം തന്നെ “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന പ്രഖ്യാപനവും പ്രഘോഷണവുമാകും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.