Categories: Editorial

വിശുദ്ധ കുമ്പസാരത്തെ തള്ളിപ്പറയുമ്പോൾ…!

വിശുദ്ധ കുമ്പസാരത്തെ തള്ളിപ്പറയുമ്പോൾ...!

ഒരു ചെറിയ സന്യാസിനീ സമൂഹം മൂന്ന് പതിറ്റാണ്ടുകളോളമായി നടത്തിവന്നിരുന്ന ഒരു മാനസികരോഗ ചികിൽസാലയത്തിൽ ഒരിക്കൽ കടന്നു ചെല്ലുവാനിടയായി. ആശുപത്രിയുടെ സുപ്പീരിയറായ സന്യാസിനിയോടുള്ള സംഭാഷണമദ്ധ്യേ ഏറെ കാര്യങ്ങൾ അവർ പങ്കുവച്ചു. ആരംഭിച്ചിട്ട് ഇത്രയും കാലത്തിനിടയ്ക്ക് ഒരവസരത്തിലും ക്രൈസ്തവരായ രോഗികൾ അഞ്ച് ശതമാനത്തിലേറെ ഉണ്ടായിരുന്നിട്ടില്ലെന്ന് അവർ സൂചിപ്പിച്ചു.

തുടക്കം മുതൽ തന്നെ ക്രൈസ്തവ വിശ്വാസികളായ രോഗികൾക്ക് ചികിൽസാവിധികൾക്ക് ഒപ്പം തന്നെ, കൂദാശകൾ ലഭിക്കുന്നതിനുള്ള അവസരവും, പ്രത്യേകിച്ച് കുമ്പസാരിക്കുന്നതിനുള്ള സാഹചര്യവും അവിടെ ഒരുക്കപ്പെട്ടിരുന്നു. കുമ്പസാരം മുതലായ കാര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ അവർ പെട്ടെന്ന് തന്നെ രോഗസൗഖ്യം നേടുന്നതായി കാണുമ്പോൾ ഭൂരിപക്ഷം വരുന്ന മറ്റ് രോഗികൾ, തങ്ങൾക്കും കുമ്പസാരിക്കണമെന്ന ആഗ്രഹം പലപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും, ചിലപ്പോഴൊക്കെ അതിനായി നിർബ്ബന്ധം പിടിക്കാറുണ്ടെന്നും അവർ പങ്കു വയ്ക്കുകയുണ്ടായി.

കുമ്പസാരമെന്ന വിശുദ്ധ കൂദാശയിലൂടെ ലഭിക്കുന്ന ആത്മീയ സൗഖ്യം ഭൗതികമായ രോഗവിമുക്തിക്ക് തന്നെ കാരണമായി മാറുന്ന വിസ്മയനീയമായ ഒട്ടേറെ അനുഭവങ്ങൾ ഇത്തരം ചികിത്സാലയങ്ങളിലും, കൗൺസിലിംഗ് സെന്ററുകളിലും, ധ്യാനാവസരങ്ങളിലും നേരിട്ട് കാണാനിടയായിട്ടുണ്ട്. ആത്മാർത്ഥമായി ദൈവതിരുമുമ്പിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുവാൻ തയ്യാറാകുമ്പോൾ സംലഭ്യമാകുന്ന പാപവിമുക്തിയും, പ്രസാദവരവും സമാനതകളില്ലാത്തതാണ്.

യഥാർത്ഥ പാപഭാരവുമായി ഒരിക്കലെങ്കിലും കുമ്പസാരക്കൂട്ടിലണഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയും ഈ ദൈവിക നൻമയുടെ കാര്യത്തിൽ അനുഭവസ്ഥരായിരിക്കുമെന്ന് തീർച്ച. എന്നാൽ, ചില ആനുകാലിക സാഹചര്യങ്ങളിൽ നമ്മിൽ ചിലരെങ്കിലും ഈ വലിയ കൃപ തിരിച്ചറിയാതെ പോകുന്നത് ദുഃഖകരമാണ്. ബാലിശമായതും, ഒറ്റപ്പെട്ടതുമായ ചില കാരണങ്ങളാൽ പുരോഹിതരെയും, പൗരോഹിത്യത്തെയും, കൂദാശകളെയും തള്ളിപ്പറയുമ്പോൾ തിരിച്ചറിയുക, നാം കൈവിട്ടു കളയുന്ന നൻമകൾ എത്ര വലുതാണെന്ന്!

അടുത്ത കാലങ്ങളായി ഈ സമൂഹത്തിൽ ഉയർന്നു വന്ന ചില വിവാദ ചർച്ചകളിൽ സഭയുടെ മഹത്തായ പാരമ്പര്യങ്ങളെയും, അനുശാസനങ്ങളെയും മാനുഷിക ബുദ്ധിയാൽ തള്ളിപ്പറയാനും, ചോദ്യം ചെയ്യുവാനും ഇടയായവരെ ആത്മാർത്ഥമായ പശ്ചാത്താപത്തിലേയ്ക്ക് നയിക്കേണ്ടതും ഈ വലിയ വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ഈ ലോകത്തിലേയ്ക്ക് ദൈവം അവരിലൂടെ വർഷിക്കുന്ന വലിയ നൻമകൾ കാണാതെ, മുൻധാരണകളോടെ കുറ്റം വിധിക്കപ്പെടുന്ന അഭിഷിക്തരെക്കുറിച്ച് ചിന്തിക്കുക…! ദൈവത്തിന്റെ പ്രതിപുരുഷൻമാരായി മാറി, ലോകം ഒരിക്കലും അറിയരുതാത്ത നമ്മുടെ ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾക്കായി കുമ്പസാരക്കൂടുകളിൽ കാതോർത്തിരിക്കുന്ന ആ ഹൃദയങ്ങളുടെ തേങ്ങൽ, ഒരു നിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ നാളുകളിൽ നാം തിരിച്ചറിയുമായിരുന്നു. ”നിങ്ങളിൽ പാപമില്ലാത്തവർ അവനെ കല്ലെറിയട്ടെ” എന്ന് നിർദ്ദേശിച്ച, കളങ്കരഹിതനായ ദൈവപുത്രൻ ഈ നാളുകളിൽ നിഷ്കരുണം കല്ലെറിയപ്പെടുന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

മാനുഷികമായ കുറവുകളും, പരിമിതികളും തിരുത്തപ്പെടേണ്ടതുണ്ട്. എന്നാൽ, ദൈവികമായ അനന്തകൃപകളെ തിരസ്കരിക്കുവാനും തള്ളിപ്പറയുവാനും അത്തരം അവസരങ്ങൾ കാരണമായിക്കൂടാ. ഓർക്കുക, ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തെരുവോരങ്ങളിലേയ്ക്കും, അവിശ്വാസികൾക്കിടയിലേയ്ക്കും വലിച്ചിഴയ്ക്കപ്പെടുമ്പോൾ അവയുടെ പവിത്രതയ്ക്ക് കളങ്കം സംഭവിക്കുന്നുണ്ട്.

അനർഹരായവരും ഒരുപക്ഷെ, അയോഗ്യരായവരും സഭയുടെ പാരമ്പര്യവും വിശ്വാസവും തുടങ്ങിയ കാര്യങ്ങളിൽ ഇടപെടുമ്പോൾ വലിയ അപചയങ്ങൾക്ക് അത് കാരണമായേക്കാം. മാനുഷികമായവയെ അപ്രകാരവും, ദൈവികമായവയെ അതിന്റെ പൂർണ്ണമഹത്വത്തോടെയും സ്വീകരിക്കുവാനും, ഉൾക്കൊള്ളുവാനുമാണ് ദൈവജനമെന്ന നിലയിൽ നാം പരിശ്രമിക്കേണ്ടത്.

രണ്ട് കാര്യങ്ങൾ നാം ഈ നാളുകളിൽ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, നമുക്കായി വിശുദ്ധ കൂദാശകൾ പരികർമ്മം ചെയ്യുന്ന അഭിഷിക്തരെ പ്രാർത്ഥനകൾ കൊണ്ടും പിന്തുണ കൊണ്ടും ശക്തിപ്പെടുത്തുക. രണ്ട്, തിരുസഭയിലൂടെ ദൈവം ചൊരിയുന്ന അനന്ത നൻമകൾക്കുള്ള അർഹത നഷ്ടപ്പെടുത്താതെ സഭയോട് ചേർന്നു നിൽക്കുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

 

വിനോദ് നെല്ലയ്ക്കല്‍

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 week ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago