Categories: Sunday Homilies

യേശു ഇല്ലാത്ത ജീവിതവും, യേശുവിനോടൊപ്പമുള്ള ജീവിതവും എന്താണ് വ്യത്യാസം?

യേശു പത്രോസിനോടും, മറ്റ് ശിഷ്യന്മാരോടും, നമ്മോടും പറയുന്നു "എന്നെ അനുഗമിക്കുക"

പെസഹാ കാലം മൂന്നാം ഞായർ

ഒന്നാം വായന: അപ്പോ.പ്രവർ. 5:27-32,40-41
രണ്ടാം വായന: വെളിപാട് 5:11-14
സുവിശേഷം : വി. യോഹന്നാൻ 21:1-19

ദിവ്യബലിക്ക് ആമുഖം

യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിക്കുന്ന അപ്പൊസ്തലൻമാരെ ഇന്നത്തെ ഒന്നാം വായനയിൽ നാം കാണുന്നു. സുവിശേഷത്തിലാകട്ടെ പഴയ തൊഴിലിലേയ്ക്ക് മടങ്ങിയ ശിഷ്യന്മാർക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെട്ട് അവരെ ശക്തിപ്പെടുത്തുകയും വിശുദ്ധ പത്രോസിന് സഭയെ നയിക്കുവാനുള്ള ദൗത്യം ഭരമേല്പിക്കുകയും ചെയ്യുന്നു. അപ്പോസ്തലൻമാരുടെ തീക്ഷ്ണത നമുക്ക് ലഭിക്കാനായും, ഉത്ഥിതനായ ക്രിസ്തുവിന്റെ സാമീപ്യം അനുഭവിക്കാനുമായി തിരുവചനം ശ്രവിച്ച് ദിവ്യബലി അർപ്പിക്കുവാൻ നമുക്ക് ഒരുങ്ങാം.

വചനപ്രഘോഷണകർമ്മം

യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരി സഹോദരന്മാരെ,

അത്ഭുതകരമായ മീൻപിടിത്തം, യേശുവിനോടൊപ്പമുള്ള പ്രഭാതഭക്ഷണം, വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദൗത്യം ഏറ്റെടുക്കൽ, യേശുവിനെ അനുഗമിക്കുവാനുള്ള ആഹ്വാനം തുടങ്ങി ഉത്ഥാനത്തിന് ശേഷമുള്ള സുപ്രധാന സംഭവങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ സുവിശേഷം. തിരുവചനത്താൽ നമ്മുടെ ജീവിതവും പ്രകാശിപ്പിക്കാനായി വചനത്തെ നമുക്ക് വിചിന്തന വിധേയമാക്കാം.

യേശു ഇല്ലാത്ത ജീവിതവും, യേശുവിനോടൊപ്പമുള്ള ജീവിതവും എന്താണ് വ്യത്യാസം?

ഇത്രയും കാലം യേശുവിന്റെ അത്ഭുതങ്ങൾ കാണുകയും, അവനെ അനുഭവിച്ചറിയുകയും, യേശുവിന്റെ വചനങ്ങൾ കേൾക്കുകയും ചെയ്ത ശിഷ്യന്മാർ ഇന്നിതാ യേശുവിന്റെ സാന്നിധ്യമില്ലാതെ ജീവിക്കാൻ ശ്രമിക്കുന്നു. സുവിശേഷകൻ 7 ശിഷ്യന്മാരെ ഇവിടെ എടുത്തു പറയുന്നു. ഏഴ് എന്നത് ബൈബിളിൽ പൂർണ്ണതയുടെ സംഖ്യയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതായത്, ശിഷ്യന്മാരെ മാത്രമല്ല നമ്മെ എല്ലാവരെയും ആണ് ഉദ്ദേശിക്കുന്നത് എന്നർത്ഥം. യേശുവില്ലാത്ത ശിഷ്യന്മാർ അവരുടെ പഴയ ഉപജീവന മാർഗത്തിലേക്ക് തിരിയുകയാണ്. പത്രോസ് താൻ മീൻപിടിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരും അതിന് താല്പര്യം കാണിക്കുന്നു. യേശുവില്ലാത്ത ജീവിതം പുരോഗമനപരം അല്ല. അത് പഴയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. പ്രത്യേകിച്ച് ചില ദുശീലങ്ങളുടെ കാര്യത്തിൽ, നമ്മുടെ ഏറ്റവും വലിയ പ്രലോഭനവും പഴയ ദുശീലങ്ങളിലേയ്ക്കും സ്വഭാവങ്ങളിലേതിക്കും ഉള്ള തിരികെ പോക്കലാണ്.

ശിഷ്യന്മാർ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. തിബേരിയാസ് കടൽത്തീരം അവർക്ക് തഴക്കവും പഴക്കവുമുള്ള മത്സ്യബന്ധന മേഖലയാണ്. അവരേപ്പോലെ അനുഭവസമ്പന്നരായ മുക്കുവർക്ക് മത്സ്യത്തിന്റെ സാധ്യതകളെ കൃത്യമായി അറിയാം. എന്നിട്ടുപോലും അവരുടെ രാത്രി മുഴുവനുമുള്ള അധ്വാനം വ്യർഥമായി. തത്തുല്യമായ ജീവിത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന എത്രയോ പേരുണ്ട്. യേശു ഇല്ലാത്ത അവസ്ഥയിൽ രാപ്പകലോളം അധ്വാനിക്കുകയും, എന്നാൽ ജീവിതത്തിൽ ഒന്നും നേടാൻ ആകാത്തവർ, യേശുവിനെ അസാന്നിധ്യം ശക്തമായി പ്രകടമാകുന്ന ജീവിതങ്ങൾ.

അവരുടെ ഇടയിലേക്ക് ഉത്ഥിതനായ യേശു വരുന്നു. അവർക്ക് മത്സ്യങ്ങൾ ഒന്നും കിട്ടിയില്ലെന്ന് മനസ്സിലാക്കി അവൻ അവർക്ക് കൃത്യമായ മാർഗനിർദേശം നൽകുന്നു: “വെള്ളത്തിന്റെ വലതുവശത്ത് വലയിറക്കുക അപ്പോൾ നിങ്ങൾക്ക് കിട്ടും”. അവർ അവനെ അനുസരിക്കുന്നു. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാത്ത അവരുടെ വല, അവർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സ്യ കൊയ്ത്ത് നടത്തുന്നു.

എന്താണ് ഇതിന്റെ അർത്ഥം? ഉത്ഥിതനായ യേശുവിന്റെ വാക്കുകളോടുള്ള അനുസരണം, “വലതുവശത്ത് വല ഇറക്കുക” എന്നുള്ള യേശുവിന്റെ വാക്കുകൾക്ക് അനുസൃതമായി, ശരിയായ രീതിയിൽ, ശരിയായ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളും ഫലമണിയും.

വിശുദ്ധ പത്രോസ് അപ്പോസ്തലൻ

ഇന്നത്തെ സുവിശേഷത്തിൽ യേശുവിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വിശുദ്ധ പത്രോസ്. വെള്ളത്തിൽ വച്ച് തന്നെ അത് കർത്താവാണ് എന്ന് കേട്ടപ്പോൾ നഗ്നനായിരുന്നു പത്രോസ് പുറം കുപ്പായം എടുത്തു ധരിച്ചു കടലിലേക്ക് ചാടി. യേശുവിന്റെ മരണത്തിന് മുമ്പുള്ള വിചാരണവേളയിൽ, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന് അവനെ അഭിമുഖീകരിക്കുവാൻ പ്രയാസം ആയിരുന്നിരിക്കണം. തെറ്റ് ചെയ്തവന് ദൈവത്തെ അഭിമുഖീകരിക്കുമ്പോൾ ഉള്ള കുറ്റബോധത്തിന്റെ “നഗ്നത” ഉല്പത്തി പുസ്തകത്തിൽ നാം കാണുന്നു. അതുകൊണ്ടുതന്നെ ചില ബൈബിൾ പണ്ഡിതന്മാർ പത്രോസിന്റെ പ്രവർത്തിയെ ഉല്പത്തി പുസ്തകത്തിൽ ദൈവകല്പന ലംഘിച്ച് തങ്ങൾ നഗ്നനാണെന്ന് തിരിച്ചറിഞ്ഞ ആദത്തിന്റെയും ഹവ്വയുടെയും പ്രവൃത്തിയോട് താരതമ്യം ചെയ്യാറുണ്ട് (ഉല്പത്തി 3:7).

എന്നാൽ പത്രോസിനെ മനസ്സിലാക്കിയ യേശു മൂന്നു പ്രാവശ്യം അവൻ തള്ളി പറഞ്ഞതിന് തുല്യമായ രീതിയിൽ “യോഹന്നാന്റെ പുത്രനായ ശിമയോനെ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന് മൂന്ന് പ്രാവശ്യം ചോദിക്കുന്നു. മൂന്നു പ്രാവശ്യവും പത്രോസ് ശ്ലീഹാ “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ” എന്ന് മറുപടി പറയുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യവും അതിനുള്ള ഉത്തരവും, ജീവിതത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ചോദ്യോത്തരങ്ങൾ ആണ്. മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിന് പകരമായി മൂന്ന് പ്രാവശ്യവും വിശുദ്ധ പത്രോസ് തന്റെ സ്നേഹം ഏറ്റുപറയുന്നു. യേശു അവന് സഭയെ നയിക്കുവാൻ ഉള്ള അധികാരം നൽകുന്നു.

വിശുദ്ധ പത്രോസിന്റെ ജീവിതത്തിൽ നിന്ന് യേശുവിന് നമ്മോടുള്ള ഉള്ള മനോഭാവം നമുക്ക് മനസ്സിലാക്കാം. നാം അവനെ തള്ളി പറഞ്ഞാലും വീണ്ടും അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. നമ്മുടെ ഒരു തെറ്റ് കൊണ്ട് നമ്മെ നിശിതമായി വിമർശിച്ച് എന്നെന്നേക്കുമായി തള്ളിക്കളയുന്നവനല്ല നമ്മുടെ കർത്താവ്.

സഭയിലെ അധികാരത്തിന്റെ അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം

ഓരോ പ്രാവശ്യവും യേശുവിനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോഴും സഭയുടെ തലവനായി യേശു പത്രോസിനെ ഉയർത്തുന്നു. തീർച്ചയായും പത്രോസിനെ പിൻഗാമികളായി മാർപാപ്പമാർ സഭയെ നയിക്കുന്നതും ഈ തിരുവചനത്തിൽ അടിസ്ഥാനത്തിലാണ്. സഭയിലെ അധികാരത്തിന് അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം ആണ്. അതുകൊണ്ടാണ് യേശു മൂന്നു പ്രാവശ്യവും “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന് പത്രോസിനോട് ചോദിക്കുന്നത്. എന്നാൽ മറ്റൊരർത്ഥത്തിൽ സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന എല്ലാ അധികാരങ്ങളുടെയും പദവികളുടെയും സേവനങ്ങളുടെയും അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം തന്നെയാണ്. അൾത്താര ശുശ്രൂഷകരുടെ ചെറിയ നേതാവ് മുതൽ, കൗൺസിൽ സെക്രട്ടറി വരെയുള്ള ഇടവകയിലെ എല്ലാ അധികാരങ്ങളുടെയും പദവികളുടെയും സേവനങ്ങളുടെയും അടിസ്ഥാനം യേശുവിനോടുള്ള സ്നേഹമാണ്. ഇടവകയിലെ നമ്മുടെ പങ്കാളിത്തവും വിശ്വാസജീവിതവും യേശുവിനെ അനുഗമിക്കാനാണ്. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഏറ്റവും അവസാനമായി യേശു പത്രോസിനോടും, മറ്റ് ശിഷ്യന്മാരോടും, നമ്മോടും പറയുന്നത് “എന്നെ അനുഗമിക്കുക”.

ആമേൻ

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago