ദൈവകരുണയുടെ തിരുനാള്‍
പെസഹാകാലം രണ്ടാം ഞായര്‍
ഒന്നാം വായന : അപ്പ.പ്രവ. 5: 12-16
രണ്ടാം വായന : വെളിപാട് 1: 9-11, 12-13, 17-19
സുവിശേഷം : വി. യോഹ. 20:19-൩
വചനപ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരരേ,
ഇന്ന് തിരുസഭ ദൈവകരുണയുടെ തിരുനാള്‍ ആഘോഷിക്കുകയാണ്. മൂന്നാം സഹസ്രാബ്ദത്തിന്റെ ആദ്യം സ്ഥാപിക്കപ്പെട്ട ഈ തിരുനാളിന്റെ പ്രാധാന്യം 2015-16 കാലഘട്ടത്തില്‍ കരുണയുടെ ജൂബിലി വര്‍ഷത്തോടു കൂടി പ്രകടമാക്കപ്പെട്ടു. ദൈവകരുണയില്‍ പങ്കാളികളായിക്കൊണ്ട് ദൈവകരുണയുടെ തിരുനാളിനെ നമുക്കു വിചിന്തനം ചെയ്യാം.
വി.ഫൗസ്റ്റീനയും വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും
മൂന്നാം സഹസ്രാബ്ദത്തിലെ കരുണയുടെ അപ്പസ്തോല എന്നറിയപ്പെടുന്ന വി.ഫൗസ്റ്റീന 1905-ല്‍ പോളണ്ടില്‍ ജനിച്ചു. കാരുണ്യ നാഥയുടെ സഹോദരികള്‍ എന്ന സന്യാസ സഭയില്‍ അംഗമായി. ജീവിത കാലത്ത് ക്രിസ്തുവിന്റെ മഹാകരുണയുടെ ആഴമേറിയ വെളിപാടുകള്‍ അവര്‍ക്കു ലഭിച്ചു. 1937 ഫെബ്രുവരി 22-ാം തീയതി വി.ഫൗസ്റ്റീനയ്ക്കു നല്‍കിയ ദര്‍ശനത്തിലാണ് ദൈവകരുണയുടെ തിരുനാള്‍ തിരുസഭയില്‍ സ്ഥാപിക്കണമെന്ന ആഗ്രഹം യേശുനാഥന്‍ വെളിപ്പെടുത്തുന്നത്. വി. ഫൗസ്റ്റീനയുടെ സ്വകാര്യ ഡയറി ‘ദൈവകരുണയുടെ പുസ്തകം’ എന്നു വിശേഷിപ്പിക്കാവുന്നതാണ്. പ്രത്യേകമായി സ്വന്തം അയല്‍ക്കാരോട് നാം കാരുണ്യം പുലര്‍ത്തേണ്ടതിന്റെ ആവശ്യകത അവള്‍ പ്രത്യേകം എടുത്തു പറയുന്നു.
ഉയിര്‍പ്പു ഞായര്‍ കഴിഞ്ഞുവരുന്ന ഞായര്‍ ദൈവകരുണയുടെ തിരുനാളായി ആചരിക്കണമെന്ന ഈശോയുടെ ആഗ്രഹം രണ്ടായിരം ആണ്ടിലെ മഹാജൂബിലി വര്‍ഷത്തില്‍ അന്നത്തെ പാപ്പായായിരുന്ന വി. ജോണ്‍പോള്‍ രണ്ടാമനിലൂടെ നിറവേറി. 2000 ഏപ്രില്‍ 30-ാം തീയതി വി.ഫൗസ്റ്റീനയെ വിശുദ്ധയാക്കുന്ന നാമകരണ ദിവ്യബലിയില്‍ വച്ച് ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായര്‍ ദൈവകരുണയുടെ ഞായറായി ആഘോഷിക്കണമെന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. അന്നുമുതല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്റെ പ്രസംഗത്തിലും പ്രബോധനത്തിലും ‘ദൈവകരുണ’ എന്ന വിഷയം നിറഞ്ഞു നിന്നു. അദ്ദേഹം തന്റെ ജീവിതകാലത്തു മുഴുവന്‍ അനുഭവിച്ച ദൈവകരുണ മറ്റുളളവരെല്ലാം അനുഭവിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. 2005 ദൈവകരുണയുടെ തിരുനാളിനു തലേ ദിവസം തന്നെയാണ് അദ്ദേഹം കാലം ചെയ്തതും.
യേശുവേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു
ദൈവകരുണയുടെ ചിത്രവും വാക്കുകളും നമുക്കു സുപരിചിതമാണ്. യേശു നില്‍ക്കുന്ന രൂപം, കരുണനിറഞ്ഞു തുളുമ്പുന്ന നയനങ്ങള്‍ മനുഷ്യകുലത്തെ നോക്കുന്നു. ഒരു കരം അനുഗ്രഹിക്കാനായി മുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. മറ്റേകരം തിരുഹൃദയത്തിനരികിലായിരിക്കുന്നു. യേശുവിന്റെ ഹൃദയത്തില്‍ നിന്ന് രണ്ട് ശക്തിയേറിയ ചുവപ്പു നിറത്തിലുളളതും അല്‍പം നീല കലര്‍ന്ന വെളളനിറത്തിലുളളതുമായ പ്രകാശ രശ്മികള്‍ പുറത്തേക്കു വരുന്നു. ഇതു രണ്ടും ക്രൂശിതനായ ക്രിസ്തുവിന്റെ വിലാവില്‍ നിന്നൊഴുകിയ “രക്തത്തിന്റെയും വെളളത്തിന്റെയും” അടയാളമാണ് (വി.യോഹ. 19:34). അതോടൊപ്പം ദിവ്യകാരുണ്യവുമായും ജ്ഞാനസ്നാനവുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു (വി.യോഹ. 3:5, 4:14, 7:37-39).
ഈ ചിത്രത്തിനു താഴെയായി JESU UFAM TOBIE എന്നു പോളിഷ് ഭാഷയില്‍ എഴുതിയിരിക്കുന്നു. 1931 ഫെബ്രുവരി 22-ന് യേശു വി.ഫൗസ്റ്റീനയ്ക്ക് ഇതേ രൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. ഇതേ രൂപത്തില്‍ തന്‍റെ ചിത്രം ലോകം മുഴുവന്‍ വ്യാപിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രത്തിനു താഴെയായി JESU UFAM TOBIE എന്ന പോളിഷ് വാക്കുകളെ Jesus, I Trust in You എന്ന് ഇംഗ്ലീഷിലും “യേശുവെ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു” എന്ന് മലയാളത്തിലും തര്‍ജ്ജമ ചെയ്യാം. ദൈവ കരുണയുടെ ജപമാലയും (കരുണക്കൊന്ത), ഉച്ചകഴിഞ്ഞ് 3 മണിക്കുളള കരുണയുടെ ജപമാല പ്രാര്‍ഥനയും യേശു നല്‍കിയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലും യേശുവിന്റെ വാക്കുകള്‍ അനുസരിച്ചും തന്നെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ 3 മണി (യേശുവിന്റെ മരണ സമയം) കരുണക്കൊന്ത ചൊല്ലുവാനുളള ഏറ്റവും അനുയോജ്യമായ സമയമാണ്.
കാരുണ്യ പ്രവര്‍ത്തികള്‍
കരുണയുടെ ഞായര്‍ നമ്മെ പഠിപ്പിക്കുന്നത് കരുണയെന്നത് ദൈവവും മനുഷ്യനും മാത്രമായ ബന്ധമല്ല, മറിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുളളതാണ്. ദൈവത്തിന്റെ കരുണയ്ക്കായി നാം യാചിക്കുമ്പോള്‍ സ്വന്തം സഹോദരനോടുളള കടമ നമുക്കു മറക്കാതിരിക്കാം. സഹജീവികളോടുളള നമ്മുടെ കരുണയെ തിരുസഭ ശാരീരികമായ കാരുണ്യ പ്രവര്‍ത്തികളെന്നും ആദ്ധ്യാത്മികമായ കാരുണ്യ പ്രവര്‍ത്തികളെന്നും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.
ശാരീരികമായ കാരുണ്യപ്രവര്‍ത്തികള്‍
1. വിശക്കുന്നവന് ആഹാരം നല്‍കുന്നത്.
2. ദാഹിക്കുന്നവന് കുടിക്കാന്‍ നല്‍കുന്നത്.
3. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്‍കുന്നത്.
4. പരദേശികളെ സ്വീകരിക്കുന്നത്
5. രോഗികളെ ശുശ്രൂഷിക്കുന്നത്
6. കാരാഗൃഹവാസികളെ സന്ദര്‍ശിക്കുന്നത്
7. മൃതരെ സംസ്കരിക്കുന്നത്.
ആദ്ധ്യാത്മിക കാരുണ്യപ്രവര്‍ത്തികള്‍
1. സംശയമുളളവരുടെ സംശയം തീര്‍ക്കുന്നത്.
2. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
3. തെറ്റുചെയ്യുന്നവരെ തിരുത്തുന്നത്
4. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്
5. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്
6. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്
7. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
ദൈവകരുണയുടെ ദൗത്യവാഹകര്‍
നമ്മുടെ പാപങ്ങള്‍ക്കു മോചനവും കരുണയും ഇന്നത്തെ തിരുനാളിലൂടെ യേശു നല്‍കുന്നു. അതോടൊപ്പം കരുണയുടെ ദൗത്യവാഹകരാകുവാന്‍ അവന്‍ നമ്മെ ക്ഷണിക്കുകയും ആ ഉത്തരവാദിത്വം നമ്മെ ഏല്‍പിക്കുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തില്‍ ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാരോടു പറയുകയാണ് “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു”. അപ്പസ്തോലന്മാര്‍ മാത്രമല്ല, ഞാനും നിങ്ങളും ദൈവകരുണയുടെ ദൗത്യവാഹകരായി യേശുവിനാല്‍ ഈ ലോകത്തിലേക്ക് അയക്കപ്പെടുകയാണ്.
ആമേന്‍.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.