Categories: Sunday Homilies

യേശുവിൽ ഇടറുന്നവർ

യേശുവിൽ ഇടറുന്നവർ

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

ഒന്നാം വായന : എസക്കിയേൽ – 1:28b-2:5
രണ്ടാം വായന : 2കോറിന്തോസ് 12:7-10
സുവിശേഷം : വി. മാർക്കോസ് – 6:1-6

ദിവ്യബലിക്ക് ആമുഖം

“നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത്”. ഈ തിരുവചനങ്ങളോട് കൂടിയാണ് ഈ ഞായറാഴ്ച തിരുസഭ നമ്മെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നത്. നമ്മുടെ ജീവിതത്തിലെ കുറവുകളെക്കുറിച്ച് നാം വേവലാതിപെടുമ്പോൾ ആ കുറവുകളിലൂടെ നമ്മെ ശക്തിപ്പെടുത്തുന്ന യേശുവിനെ പൗലോസാപ്പൊസ്തലൻ ഇന്നത്തെ രണ്ടാം വായനയിൽ വെളിപ്പെടുത്തുന്നു. ഈ തിരുവചനങ്ങൾ ശ്രവിക്കാനും യേശുവിന്റെ കൃപ സ്വീകരിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്ന സുവിശേഷഭാഗമാണ് നാമിന്ന് ശ്രവിച്ചത്. ഈ സുവിശേഷത്തിലൂടെ വി. മാർക്കോസ് “ദൈവവചനത്തിനോട് തുറവിയില്ലാത്ത നസറത്തുകാരുടെ മനോഭാവം വ്യക്തമാക്കുകയാണ്. നസറത്തുകാർ അവരുടെ അറിവിന്റെയും ബോധ്യത്തിന്റെയും പരിമിതികളിൽ നിന്നുകൊണ്ട്, യേശുവിനെയും യേശുവിന്റെ വാക്കുകളെയും പ്രവർത്തികളെയും മനസിലാക്കാൻ ശ്രമിക്കുന്നു. ദൈവപുത്രനായ യേശുവിനെ അവന്റെ ജന്മസ്ഥലത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, ബന്ധുക്കളുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്നു.

അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് തിരുസഭയെ വിലയിരുത്തുന്ന ആധുനിക ലോകത്തിന്റെ ആദിമ രൂപമാണ് നസറത്തുകാർ. യേശുവിന്റെ പഠനങ്ങളിലും പ്രവർത്തികളിലും ആശ്ചര്യപ്പെടുന്നുവെങ്കിലും അതിനെ അംഗീകരിക്കുവാനോ,  അതിൽ വിശ്വസിക്കുവാനോ നസറത്തുകാർ ശ്രമിക്കുന്നില്ല. മറിച്ച്, ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, യേശുവും അവരിൽ ഒരുവൻ മാത്രമാണെന്നുവരുത്തി തീർക്കുവാൻ ശ്രമിക്കുകയാണവർ. ആധുനിക ലോകം യേശുവിന്റെ സഭയെ കാണുന്നതും ഇപ്രകാരം തന്നെയാണ്. ഒരുവശത്ത്, സഭയുടെ മഹത്വത്തിലും, അടിസ്ഥാനത്തിലും, പഠനങ്ങളിലും, പ്രവർത്തനങ്ങളിലും അത്ഭുതപ്പെടുന്നുണ്ടെങ്കിലും “തിരുസഭയെ” വെറുമൊരു സംഘടന മാത്രമായി കാണുവാനാണ് ഈ ലോകം ആഗ്രഹിക്കുന്നത്.

നസറത്തുകാരുടെ ഇടർച്ചയിൽ യേശു പ്രതികരിക്കുന്നത് പഴയനിയമത്തിലെ പ്രവാചകൻമാരുടെ ജീവിതം ഉദാഹരണമാക്കിയാണ്. ഇന്നത്തെ ഒന്നാം വായനയിൽ എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ ഒരു പ്രവാചകന്റെ ദുഷ്കരമായ ദൗത്യം നാം ശ്രവിച്ചു.

ഒരു പ്രവാചകൻ ദൈവത്തിന്റെ സന്ദേശ വാഹകനാണ്. ഈ ലോകം ഇഷ്‌ടപ്പെടുന്ന, ഈ ലോകത്തോട് അനുരൂപപ്പെടുന്ന കാര്യങ്ങൾ പ്രഘോഷിക്കുകയല്ല അവന്റെ ദൗത്യം. മറിച്ച്, ഈ ലോകത്തിന് ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ദൈവത്തിന്റെ വചനം ധീരമായി പ്രഘോഷിക്കേണ്ടവരാണവർ. “ജനം കേട്ടാലും കേൾക്കാൻ വിസമ്മതിച്ചാലും” പ്രവാചകൻ തന്റെ ദൗത്യം പൂർത്തിയാക്കണം. ഇതേ പ്രവാചക ദൗത്യം പൂർത്തിയാക്കാൻ വിളിക്കപ്പെട്ടവളാണ് തിരുസഭയും. നമ്മെ ശ്രവിക്കുന്നവർ നമ്മെ തള്ളിപ്പറഞ്ഞാലും, അവമതിച്ചാലും നമ്മുടെ പ്രവാചക ദൗത്യം നാം തുടർന്നുകൊണ്ടേയിരിക്കണം.

കൂടുതൽ അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാതെ അവരുടെ വിശ്വാസ രാഹിത്യത്തിൽ അത്ഭുതം കൊള്ളുന്ന യേശുവിനെ നാം കാണുന്നു. ഈ തിരുവചന ഭാഗം നമുക്ക് നൽകുന്ന സന്ദേശമിതാണ്‌.

എപ്പോഴൊക്കെയാണോ നാം നമ്മുടെ യുക്തിയും അറിവും മാത്രമാണ് ശരിയെന്ന് വാശിപിടിക്കുന്നത് അവിടെ ദൈവാത്മാവിന് ഒന്നും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. മറിച്ച്, നാം ദൈവവചനത്തോട് തുറവിയുള്ളവരും, നമ്മുടെ അറിവിനപ്പുറം ദൈവാത്മാവിനെ സ്വീകരിക്കാൻ താല്പര്യമുള്ളവരുമാണെങ്കിൽ നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സാധ്യമാകും.

തിരുസഭയോടൊപ്പം ചേർന്നു ഈ ലോകത്തിൽ പ്രവാചക ദൗത്യം സ്വീകരിക്കുവാനുള്ളവരാണ് നാം ഓരോരുത്തരും. മുൻവിധി ഇല്ലാതെ യേശുവിന്റെ വചനങ്ങളെ സ്വീകരിക്കുവാൻ നമുക്ക് പഠിക്കാം. അതുപോലെ തന്നെ നമുക്കോർമ്മിക്കാം വിശ്വാസമില്ലാതെ അത്ഭുതങ്ങളുമില്ല.

ആമേൻ.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

6 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago