Categories: Meditation

മർത്തായും മറിയവും (ലൂക്കാ 10:38-42)

സുവിശേഷം സത്യമാകുന്നത് ജീവിതത്തിന്റെ ഹൃദയാന്തരളങ്ങളിലാണ്...

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

പഥികനായ ഗുരുവാണ് യേശു. അവൻ യാത്രികനാണ്. അവന്റെ യാത്രയ്ക്കൊരു ലക്ഷ്യമുണ്ട്. അത് ജെറുസലേമാണ്. പക്ഷേ ആരെങ്കിലും അവന്റെ മുൻപിൽ വരികയാണെങ്കിൽ അവരെ കണ്ടില്ല എന്ന് നടിച്ചു അവൻ ഒരിക്കലും മുന്നോട്ട് പോകുകയില്ല. അവനും നല്ല സമരിയക്കാരനെ പോലെ ഓരോ കണ്ടുമുട്ടലും ഓരോ ലക്ഷ്യമായി മാറ്റുന്നു. ആരും അവന്റെ ലക്ഷ്യമായ ജറുസലേമിലേക്കുള്ള യാത്രയിൽ തടസ്സമായി മാറുന്നില്ല. മറിച്ച് അവരെ തന്നെ ജെറുസലേമിന്റെ ഒരു ചെറുപതിപ്പായി അവൻ അനുഭവിക്കുന്നു.

“അവര്‍ പോകുന്നവഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു” (v.38). യാത്രയുടെ ക്ഷീണം അവനുണ്ട്. ഇത്തിരി വിശ്രമം അനിവാര്യമാണ്. അവൻ കണ്ടുമുട്ടിയ ജനങ്ങളുടെ വേദനകളും വിങ്ങലുകൾ ആ കണ്ണുകളിൽ തങ്ങി നിൽക്കുന്നുണ്ട്. ഒരു സൗഹൃദ തണലിൽ വിശ്രമം അവനാഗ്രഹിക്കുന്നു. സൗഹൃദ കൂട്ടായ്മയിൽ ഭക്ഷണം കഴിക്കുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. അതുകൊണ്ടാണ് ആ രണ്ടു സഹോദരിമാരുടെ ക്ഷണത്തെ സന്തോഷത്തോടെ സ്വീകരിച്ചത്. സ്ത്രീകൾ എന്ന നിലയിൽ മതസംബന്ധമായ കാര്യങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരായിരുന്നു അവർ. എങ്കിലും അവൻ ആ ഭവനത്തിലേക്ക് കയറുകയാണ്. എന്തെന്നാൽ ഭവനത്തിലാണ് ജീവിതത്തിന്റെ സത്യാവസ്ഥ പൂർണ്ണമായി നിറഞ്ഞുനിൽക്കുന്നത്. ആരെങ്കിലും യേശുവിനായി അവരുടെ ഭവനത്തിന്റെ വാതിലുകൾ തുറക്കുകയാണെങ്കിൽ അവനറിയാം ആ തുറന്നിട്ടിരിക്കുന്നത് അവരുടെ ഹൃദയത്തിന്റെ വാതിലുകൾ തന്നെയാണെന്ന്. ഓർക്കുക, സുവിശേഷം സത്യമാകുന്നത് ജീവിതത്തിന്റെ ഹൃദയാന്തരളങ്ങളിലാണ്.

“മറിയം കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട്‌ അവന്റെ പാദത്തിങ്കല്‍ ഇരുന്നു” (v.39). ഹൃദയത്തിന്റെ ചോദന എന്നും സത്യത്തിനോടും സൗന്ദര്യത്തിനോടും നന്മയോടും മാത്രമായിരിക്കും. ഇതിനെയാണ് ഹൃദയ ജ്ഞാനം എന്ന് പറയുന്നത്. ഈ ജ്ഞാനത്തെ ജീവിതത്തിന് ശാന്തിയും ശക്തിയും പ്രദാനം ചെയ്യുന്നതിനെ തിരഞ്ഞെടുക്കുവാനുള്ള വാസന എന്ന് വേണമെങ്കിൽ വിളിക്കാം. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പക്ഷേ മറിയം ഇപ്പോൾ അതിനെ പൂർണ്ണമായി അനുഭവിക്കുകയാണ്. നമ്മുടെ ഹൃദയത്തിന് അറിയാം യഥാർത്ഥമായ ആനന്ദം എവിടെ നിന്നും ലഭിക്കും എന്ന്. എത്ര അലഞ്ഞുതിരിഞ്ഞു നടന്നാലും ഹൃദയത്തിലേക്ക് ഒന്ന് ചെവി ചായ്ച്ചാൽ അത് നമ്മെ വഴി നടത്തും. നമ്മളും മറിയത്തെ പോലെ യേശുവിന്റെ പാദത്തിങ്കൽ എത്തുകയും ചെയ്യും.

ഇനി യേശുവിനെയും മറിയത്തെയും ഒന്നു ശ്രദ്ധിക്കുക. അവർ പരസ്പരം പരിസരം പോലും മറന്ന് മുഴുകിയിരിക്കുകയാണ്. യേശു തന്റെ ഉള്ളിലെ നന്മകൾ മുഴുവനും അവൾക്കു നൽകുന്നു. അവളത് ഹൃദയത്തിലേക്ക് പൂർണമായി സ്വാംശീകരിക്കുന്നു. ഇവിടെ രണ്ടുപേരും ആനന്ദാവസ്ഥയിലാണ്. യേശു തന്നെ ശ്രവിക്കുവാനുള്ള ഒരു നിർമ്മല ഹൃദയം കിട്ടിയതിൽ സന്തോഷിക്കുന്നു. മറിയമാകട്ടെ തനിക്കായി മാത്രം, ഒരു സ്ത്രീയായിട്ടുപോലും, തന്നെ പഠിപ്പിക്കുന്ന ഒരു റബ്ബിയെ സ്വന്തമാക്കാൻ സാധിച്ചല്ലോ എന്നോർത്തും സന്തോഷിക്കുന്നു. യേശു ഇപ്പോൾ മറിയത്തിന്റെ സ്വന്തമായി മാറിയിരിക്കുന്നു, അവൾ യേശുവിന്റെയും. ഈ കണ്ടുമുട്ടലിൽ മറിയത്തിന്റെ ഹൃദയം സ്നേഹത്താൽ കത്തിജ്വലിച്ചുണ്ടാകണം. ആ നിമിഷം മുതൽ അവളുടെ ജീവിതം മാറുകയാണ്. ഇനി അവൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തികൾക്കും അവളുടെ ഹൃദയത്തിൽ യേശു വിതച്ച ആ സ്നേഹത്തിന്റെ വിത്തുകൾ ദാനമായി നൽകും.

“മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു” (v.41). യേശു സ്നേഹത്തോടെ ഒരു സുഹൃത്തിനോടെന്നപോലെ മർത്തായെ ശാസിക്കുന്നു. അപ്പോഴും ഓർക്കുക; അവളുടെ ശുശ്രൂഷയേയൊ ജോലികളേയൊ യേശു നിഷേധിക്കുന്നില്ല. മറിച്ച് അവളുടെ ആകുലതയേയും അസ്വസ്ഥതയേയുമാണ്. ഇത് യേശു നമ്മോടു ഓരോരുത്തരോടും ആണ് പറയുന്നത്. നമ്മൾ ചെയ്യുന്ന ഒത്തിരി കാര്യങ്ങൾ നമ്മെ ക്ലേശിപ്പിക്കുന്നുണ്ട്. നമ്മുടെ പ്രവർത്തികൾ തന്നെ നമ്മെ പതിയിരുന്ന് ആക്രമിക്കാം. അവകൾ പതുക്കെ നമ്മെ വിഴുങ്ങുകയും അപഹരിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോൾ കൂടെയുള്ളവരുടെ പോലും മുഖം കാണുവാൻ സാധിക്കാത്ത തരത്തിൽ നമ്മുടെ മനസ്സും മാറും. ഓർക്കുക, ആദ്യം നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് വ്യക്തികൾക്കാണ്. അതിനുശേഷം മാത്രമായിരിക്കണം ജോലികളും മറ്റു കാര്യങ്ങളും.

മർത്താ ശുശ്രൂഷയിലും ഭവനത്തിലെ ജോലികളിലും മാത്രം ഒതുങ്ങി നിൽക്കുന്നത് യേശു അംഗീകരിക്കുന്നില്ല. യേശുവിന്റെ ശാസനയ്ക്ക് മറ്റൊരു അർത്ഥതലം കൂടി ഉണ്ട്: “നീ ഈ ജോലികളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവളല്ല. നിനക്കും എന്റെ കൂടെ ഇരിക്കുവാൻ സാധിക്കും. നിനക്കും എന്നോടൊപ്പം എന്റെ ചിന്തകളെയും, സ്വപ്നങ്ങളെയും, വികാരങ്ങളെയും, വിചാരങ്ങളെയും, വിജ്ഞാനങ്ങളെയും പങ്കുവയ്ക്കാനും സാധിക്കും”.

“മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു” (v.42). അവൾ ദൈവത്തിന്റെ ഹൃദയത്തിലേക്ക് നടന്നടുക്കാനുള്ള പാത തെരഞ്ഞെടുത്തിരിക്കുന്നു. യേശു അന്വേഷിക്കുന്നത് ശുശ്രൂഷകരെയോ ജോലിക്കാരെയോ അല്ല. മറിച്ച് സ്നേഹിതരെ ആണ്, സ്നേഹിക്കാൻ കഴിവുള്ളവരെയാണ്. അവനു വേണ്ടത് തനിക്കുവേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നവരെയല്ല. മറിച്ച് തങ്ങളുടെ ഹൃദയം പൂർണമായി തുറന്നു നൽകി അതിൽ വസിക്കാൻ ഇടം നൽകുന്നവരെയാണ്. അങ്ങനെയുള്ളവരെ അവൻ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

1 day ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago