Categories: Daily Reflection

മാർച്ച് 26: ഏതാനും ചില കണക്കുകൂട്ടലുകൾ

'ക്ഷമ' സ്വീകരിക്കുവാനും കൊടുക്കുവാനും ഉള്ളതാണ്

മത്തായി 18:21-35 ലുള്ള ഏതാനും ചില കണക്കുകൂട്ടലുകളെക്കുറിച്ചു നമുക്കിന്നു ചിന്തിക്കാം. ക്ഷമിക്കുന്നതിനെ കുറിച്ചുള്ള യേശുവിന്റെ പഠനമാണ് പശ്ചാത്തലം. ‘ക്ഷമ’ സ്വീകരിക്കുവാനും കൊടുക്കുവാനും ഉള്ളതാണ്. നാം ദൈവത്തിൽ നിന്നും അളവില്ലാത്ത വിധത്തിൽ ക്ഷമ സ്വീകരിക്കുന്നുണ്ട്; അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും എത്രയോ തവണയാണ് ക്ഷമ സ്വീകരിച്ചിട്ടുള്ളത്. ക്ഷമ സ്വീകരിക്കാൻ മാത്രമുള്ളതല്ല എന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നു.

എന്നോട് തെറ്റുചെയ്യുന്ന സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം, ഏഴു പ്രാവശ്യമോ എന്നാണ് പത്രോസിന്റെ ചോദ്യം. യഹൂദ ഗുരുക്കന്മാരുടെ അഭിപ്രായമനുസരിച്ച് ഒരാൾ മൂന്നു തവണ ക്ഷമിച്ചാൽ മതി. തന്റെ ശിഷ്യർ കുറേക്കൂടെ കൂടുതൽ നന്മ ചെയ്യണം എന്ന് എല്ലായ്പ്പോഴും പഠിപ്പിക്കുന്നവനാണ് തന്റെ ഗുരു എന്ന് മനസ്സിലാക്കിയ പത്രോസ്, യഹൂദ ഗുരുക്കന്മാരുടെ നിർദ്ദേശമായ മൂന്ന് തവണയെന്നത് ഇരട്ടിയാക്കുകയും ഒന്ന് കൂടെ കൂട്ടി കൂടുതൽ ഔദാര്യം പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ‘ഏഴ്’ എന്ന സംഖ്യ അനന്തതയെയും പൂർണതയെയും ഒക്കെ സൂചിപ്പിക്കുന്നുണ്ട് അതായതു പത്രോസിന്റെ ചോദ്യത്തിൽ തന്നെ അനന്തമായി ക്ഷമിക്കണം എന്ന സൂചനയുണ്ട്. എന്നാൽ യേശുവിന്റെ മറുപടി “ഏഴ് എഴുപതു പ്രാവശ്യം” എന്നാണ്. അതായത്, 490 പ്രാവശ്യം. യേശു ഇവിടെ സൂചിപ്പിക്കുന്ന അനന്തത നമ്മുടെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ള അനന്തതയാണ്.

മൂന്നു പ്രാവശ്യവും ഏഴു പ്രാവശ്യവും എന്നൊക്കെ പറയുമ്പോൾ, സ്വാഭാവികമായും നാം എണ്ണും, കണക്കു സൂക്ഷിക്കുകയും ചെയ്യും. “ഞാൻ നിന്നോട് ഇതുവരെ ആറ് പ്രാവശ്യം ക്ഷമിച്ചു, ഇനി ഒരു പ്രാവശ്യം കൂടിയേ ക്ഷമിക്കുകയുള്ളു” എന്നൊക്കെ കണക്കു കൂട്ടി പറയാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒരു തരത്തിലും കണക്കു കൂട്ടിയാകരുത് നാം ക്ഷമിക്കേണ്ടതെന്നു “ഏഴ് എഴുപത്” എന്ന സംഖ്യയിലൂടെ യേശു നമ്മോട് ആവശ്യപ്പെടുന്നു. 490 പ്രാവശ്യമൊക്കെ കണക്കെഴുതി സൂക്ഷിക്കാൻ ആർക്കു സാധിക്കും? കണക്കെഴുതി സൂക്ഷിച്ചുള്ള ക്ഷമിക്കൽ യഥാർത്ഥ ക്ഷമിക്കലല്ല. യേശു ആഗ്രഹിക്കുന്നത് തവണ കണക്കുകളില്ലാത്ത ഹൃദയപൂർവമുള്ള ക്ഷമിക്കലാണ്.

ക്ഷമയെകുറിച്ചുള്ള പഠനത്തെ ഉദാഹരിച്ചുകൊണ്ട് യേശു പറയുന്ന ഉപമയിലുമുണ്ട് ഒരു കണക്ക്. സേവകൻ യജമാനനോട് കടപ്പെട്ടിരുന്നത് പതിനായിരം താലന്തായിരുന്നു. താലന്ത് എന്നത് പുതിയ നിയമകാലത്ത് നിലവിലുണ്ടായിരുന്ന പണത്തിന്റെ ഏറ്റവും വലിയ യൂണിറ്റ് ആയിരുന്നു. ഒരു താലന്ത് എന്നത് 6000 ദനാറയായിരുന്നു; ഒരു ദനാറയാകട്ടെ,ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനവും. അങ്ങനെ കണക്കുകൂട്ടുമ്പോൾ, പതിനായിരം താലന്ത് എന്നത് 60 ദശലക്ഷം ദിവസത്തെ അല്ലെങ്കിൽ 1,70,000 വർഷങ്ങളിലെ ഒരാളുടെ കൂലിയായിരുന്നു. അത്രയ്ക്കും വലിയൊരു തുകയാണ് യജമാനൻ സേവകന് ഇളവ് ചെയ്തുകൊടുക്കുന്നത്. സഹസേവകൻ കടപ്പെട്ടിരിക്കുന്നതാകട്ടെ 100 ദനാറ അഥവാ 100 ദിവസത്തെ വേതനത്തിന്റെ തുകമാത്രം. അത്ര ചെറിയൊരു തുകയ്ക്കുവേണ്ടിയാണ്, വലിയൊരു തുക ഇളവുചെയ്തു കിട്ടിയ സേവകൻ തന്റെ സഹസേവകനോട് ക്ഷമിയ്ക്കാതിരുന്നത്. അത്രയ്ക്കും വലിയ ക്ഷമ സ്വീകരിച്ച സേവകൻ തന്റെ സഹസേവകനോട് എന്ത് മാത്രം ക്ഷമ കാണിക്കണമായിരുന്നു.

ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന ക്ഷമ എത്രയോ വലുതും ഉദാരവുമാണ്. അതിന്റെ ചെറിയൊരംശം പോലും നമ്മുടെ ജീവിതത്തിൽ നാം മറ്റുള്ളവരോട് കാണിക്കുന്നില്ലെങ്കിൽ നാമെങ്ങനെ ക്രിസ്തുശിഷ്യരാകും?

vox_editor

Share
Published by
vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

15 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago