ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
“Everybody even children know that these 3 are criminals.”
കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോയുടെ കേസുമായി ബന്ധപ്പെട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ താഴെവന്ന കമന്റുകളൊന്നിൽ അഭയക്കേസുമായി ബന്ധപ്പെടുത്തി ഒരാൾ കുറിച്ചിരിക്കുന്ന വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അഭയാക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റക്കാരായി ആരോപിച്ചിരിക്കുന്ന മൂന്നുപേരും കുറ്റവാളികളാണെന്ന് ഏതു കുട്ടിക്കുപോലും അറിയാമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്നാൽ ഞാൻ ഒന്നു ചോദിക്കട്ടെ, കുട്ടികൾ വേണ്ടാ, ഈ കമന്റെഴുതിയ മുതിർന്ന ചേട്ടനെങ്കിലും വ്യക്തിപരമായി ഉറപ്പുണ്ടോ അവർ കുറ്റവാളികളാണെന്ന്? ഉണ്ടാകാൻ ഒരു സാദ്ധ്യതയുമില്ല. പിന്നെ ഇത്രമാത്രം ഉറപ്പിച്ചു പറയാനുള്ള അറിവ് എവിടുന്ന് കിട്ടി? അതാണ് മാധ്യമങ്ങളുടെ കഴിവ്. ആവർത്തിച്ചു പറഞ്ഞ് എല്ലാവരെയും മാധ്യമങ്ങൾ ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു അവർ കുറ്റവാളികളാണെന്ന്. എന്നാൽ വ്യക്തിപരമായ ചില ബോദ്ധ്യങ്ങളുടെ അടിസ്ഥാനത്തിലും സംഭവങ്ങളെ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയും ഞാൻ ഉറച്ചു വിശ്വസിക്കുന്നു അവർ അഭയാക്കേസിൽ നിരപരാധികളാണെന്ന്. മാത്രമല്ല, ചില പോലീസ് അധികാരികളുടെ നിലപാടുകളും ഒരു ജഡ്ജിയുടെതന്നെ വിധിയും എന്റെ ബോദ്ധ്യങ്ങളെ ഉറപ്പിക്കുന്നു.
മാധ്യമങ്ങൾ ചേർന്ന് കുറ്റാരോപിതരുടെ എല്ലാ മൌലികാവകാശങ്ങളെയും ഇല്ലാതാക്കി അവർക്കു കൊല്ലാക്കൊല വിധിച്ച ഒന്നാണ് അഭയാക്കേസ്. മാധ്യമങ്ങളും അന്വേഷണ ഏജൻസികളുംചേർന്ന് എത്ര നീചമായിട്ടാണ് ആ കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നുപേരെ കൊല്ലാക്കൊല ചെയ്തത്? ചോദ്യംചെയ്യലിന്റെയും നാർക്കോ അനാലിസിസിന്റെയും ദേഹപരിശോധനയുടെയും എല്ലാ വിവരണങ്ങളും ചിത്രങ്ങളും വീഡിയോയും സഹിതം പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ച് അവരുടെ തൊലിയുരിഞ്ഞവർ ഉദ്ദേശിച്ച ലക്ഷ്യം സാധിച്ചു. മൂന്നുപേരും ഇന്ന് സമൂഹമനസിൽ കുറ്റവാളികളാണ്. എന്നാൽ അതിലൊരാളെ ഏതാനും മാസങ്ങൾക്കുമുമ്പ് സിബിഐ കോടതിതന്നെ തെളിവുകളും സാക്ഷികളുമില്ലെന്നു തുറന്നുപറഞ്ഞ് പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കി. എന്തേ സമൂഹത്തിൽ സത്യം മാത്രം വളർത്താനെന്ന് ടാഗലൈൻ ചേർത്തിരിക്കുന്ന ഒരു മാധ്യമവും അത് ആഘോഷമാക്കാഞ്ഞത്? അവിടെയുമുണ്ട് മറ്റു വ്യാഖ്യാനങ്ങൾ… അഭയാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സഭ അഞ്ഞൂറു കോടി മുടക്കിയത്രേ! ഇതെന്താ സർക്കാരിന്റെ കമ്മട്ടം സഭയുടെ അരമനകളിലാണോ സൂക്ഷിക്കുന്നത് ഇങ്ങനെ കണക്കില്ലാതെ പണം ചിലവഴിക്കാൻ… മാത്രമല്ല, അങ്ങനെയൊരാരോപണത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ നീതിവ്യവസ്ഥയെയും നിയമസംവിധാനങ്ങളെയുമല്ലെ ഈ ആരോപണമുന്നയിക്കുന്നവർ അപകീർത്തിപ്പെടുത്തുന്നത്. ഇതുപോലുളള എമണ്ടൻ നുണകളും വെള്ളംതൊടാതെ വിഴുങ്ങുന്നവർ സമൂഹത്തിലുണ്ടെന്നുള്ളതാണ് നാടിന്റെ ദുരവസ്ഥ. ഏതായാലും ഈ ആരോപണങ്ങൾക്കെല്ലാമൊടുവിൽ കോടതി വ്യവഹാരത്തിലൂടെ സത്യം പുറത്തുവരുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിലേക്കു വന്നാൽ, കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോയെ മറ്റു മെത്രാന്മാർ ജയിലിൽ സന്ദർശിക്കുന്നതിനെതിരെ ധാർമ്മികരോഷത്താൽ തിളച്ച് വളരെ വൾഗറായ ഭാഷയിൽ പ്രതികരിക്കുന്ന നിരവധിപേരെ സാമൂഹ്യമാധ്യമങ്ങളിൽ കാണാം. തങ്ങളുടെ സഹജീവിയായ ഒരാളെ അയാളുടെ ദുരവസ്ഥയിൽ തങ്ങൾ കൂടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി ആശ്വസിപ്പിക്കാൻ മെത്രാന്മാർ ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അതിനെ തെറി വിളിക്കാൻ ആർക്കെന്തവകാശം? ഇപ്രകാരം ധാർമ്മികരോഷം കൊള്ളുന്നവർ, തങ്ങളുടെ അപ്പനോ സഹോദരനോ ആണ് ഇങ്ങനെയൊരു അവസ്ഥയിൽപെടുന്നത് എങ്കിൽ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നു മാത്രം ചിന്തിച്ചാൽമതി. അപ്പോഴും നവമാധ്യമങ്ങൾ തുറന്നുവച്ച് അവരെ തെറിയഭിഷേകം ചെയ്ത് തങ്ങളുടെ സാമൂഹികപ്രതിബദ്ധതയും ധാർമ്മികബോധവും പ്രകടിപ്പിക്കുമായിരിക്കും അല്ലേ… മറ്റുചിലരുടെ ആക്ഷേപം മെത്രാന്മാർ എന്തുകൊണ്ട് പ്രതിയേ മാത്രം കാണുന്നു, എന്തുകൊണ്ട് ഇരയെ ആശ്വസിപ്പിക്കാൻ ചെല്ലുന്നില്ല എന്നതാണ്. പക്ഷെ ഇരയ്ക്കൊപ്പം മാധ്യമങ്ങളും ലോകംമുഴുവനും ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്. അതേസമയം പ്രതി തികച്ചും ഏകനും. അപ്പോൾപിന്നെ ഈ “വൃത്തികെട്ട” മെത്രാന്മാർ പ്രതിയുടെ കൂടെ നില്ക്കട്ടെന്നേ. എനിക്കുതോന്നുന്നത് മെത്രാന്മാർ ഇരയ്ക്കു പിന്തുണയുമായി അവരുടെ മഠത്തിൽ ചെല്ലാതിരിക്കുന്നത് ഊരുപേടികൊണ്ടായിരിക്കുമെന്നാ. കാരണം അവിടെ ഇപ്പോഴും ആ സന്ദർശകഡയറി കാണുമല്ലോ. അതിൽ പേരുവരാൻ അവർ ഭയക്കുന്നുണ്ടാകും. ഇരയും പ്രതിയും ഒരേസമയത്ത് ഒരേസ്ഥലത്ത് ഉണ്ടെന്നുള്ളതാണല്ലോ തെളിവിന്റെ അടിസ്ഥാനം. എന്നാൽപിന്നെ എറണാകുളത്ത് വഴിവക്കിൽ പബ്ലിക്കായി ആശ്വസിപ്പിക്കാൻ പാടില്ലായിരുന്നോ എന്നും ചോദിക്കാം. പക്ഷെ കേരളസമൂഹത്തിലെ എല്ലാമേഖലകളിലുംനിന്നുള്ള മുഴുവൻ അഴുക്കുകളും ഒരുമിച്ചുചേർന്ന അവിടെച്ചെന്ന് അവരെ പിന്തുണയ്ക്കാൻ ഒരു മെത്രാനെയും ഇടവരുത്തിയില്ലല്ലോയെന്നോർത്ത് ഞാൻ ദൈവത്തിനു നന്ദി പറയുകയാണ്.
ഈ കേസിൽ മെത്രാൻ കുറ്റക്കാരനാണെന്ന് മാധ്യമങ്ങളും അതിലൂടെ സമൂഹവും തീരുമാനിച്ചു കഴിഞ്ഞു. നിയമവ്യവസ്ഥയുടെ ഇന്നത്തെ സാഹചര്യത്തിൽ ഇരയുടെ വാക്കുതന്നെയാണ് ആദ്യത്തെ തെളിവ്. അതുകൊണ്ടുതന്നെ മെത്രാൻ ഇപ്പോൾ നിയമപരമായി കുറ്റാരോപിതൻ ആണ്. അല്ലെങ്കിൽ അതു തെളിയിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനുമാണ്. പക്ഷെ ധാർമ്മികബോധമുള്ള സമൂഹമെന്ന നിലയിൽ ഇതിന്റെ മറുവശം നമ്മൾ കാണാതിരുന്നുകൂടാ. പീഡിപ്പിക്കപ്പെട്ടു എന്നു പരാതിപ്പെടുന്ന സ്ത്രീയുടെ വാക്കിനെ തെളിവായി കാണുന്ന നിയമത്തിന്റെ ദുരുപയോഗങ്ങളുടെ എത്രയോ തെളിവുകൾ സമീപകാലചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീ, താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് വെറുതേ പരാതി പറയില്ലെന്ന ചിന്തയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ഇന്ന് ആത്മാഭിമാനത്തേക്കാൾ മറ്റു പലതിനും പ്രധാന്യംകൊടുക്കുന്ന ശൈലികൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും കൂടിവരുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയാൻ സമൂഹത്തിലേയ്ക്കൊന്ന് കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ മതി.
അതുപോലെ ഈ കേസിൽ പരാതിക്കാരിയെ കണ്ണടച്ചു വിശ്വസിക്കാതിരിക്കാനുള്ള നിരവധി കാരണങ്ങൾ അവർതന്നെ ഉണ്ടാക്കിയിട്ടുണ്ട്. കുറേ ദുരൂഹതകൾ നിറഞ്ഞ വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട അധികാരികളുംമറ്റും നല്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുമുമ്പു നടന്നു എന്നു പറയപ്പെടുന്ന ഈ കേസിൽ സത്യത്തിലേയ്ക്കെത്തുവാൻ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണ്. സാഹചര്യം അതായിരിക്കെ മെത്രാൻ കുറ്റക്കാരനാണെന്നു ഇപ്പഴേ വിധിക്കാൻ മാധ്യമങ്ങളും മറ്റു തല്പരകക്ഷികളും കാണിക്കുന്ന തീക്ഷ്ണതയുടെ അടിസ്ഥാനം പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയോടു ചേർന്നുനില്ക്കാനുള്ള സാഹോദര്യഭാവമോ സത്യത്തോടുള്ള അഭിവാഞ്ചയോ അല്ലെന്നു വ്യക്തമാണ്. ഈ കന്യാസ്ത്രീയോ സമരംചെയ്ത മറ്റു കന്യാസ്ത്രീകളൊ ഒന്നും ഇവരാരും ഹൃദയത്തോടു ചേർത്തു പിടിച്ചിരിക്കുന്നവരൊന്നുമല്ല. അവരുടെ ചില ലക്ഷ്യങ്ങൾ നേടാനുള്ള വളരെ ഫലപ്രദമായ ഉപകരണങ്ങൾ മാത്രം.
ഏതായാലും സത്യത്തിനു തങ്ങൾ നിശ്ചയിക്കുന്ന നിറംകൊടുത്ത് അതിനെ മനുഷ്യമനസിൽ ഉറപ്പിക്കാൻ മാധ്യമങ്ങൾക്കുള്ള സാമർത്ഥ്യം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി ഈ സംഭവങ്ങൾ… ചിന്താശക്തിയും നിഷ്പക്ഷ മനോഭാവവും ഒരു മാധ്യമത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും അക്കൌണ്ടിൽ പണയം വയ്ക്കാത്തവർ ഇനിയുമുണ്ടെങ്കിൽ അവരിലൂടെ സത്യത്തിന്റെ മുഖം പ്രകാശിക്കട്ടെ… ആ പ്രകാശത്തിൽ ഇല്ലാതാവട്ടെ കാപട്യത്തിന്‍റെയും തിന്‍മയുടെയും തേരുതെളിക്കുന്നവർ… അത് അരപ്പട്ട കെട്ടിയവരോ തലമുണ്ടിട്ടവരോ ആരുതന്നെയായാലും…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന് സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന് റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.