Categories: Kerala

മഴക്കെടുതിയിൽ ദുഃഖവും, അധികൃതരുടെ നിര്‍ദേശങ്ങളോട് സഹകരിക്കാൻ ആഹ്വാനവും, മാധ്യമ വിചാരണയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധവുമായി കെ.സി.ബി.സി.

മഴക്കെടുതിയിൽ ദുഃഖവും, അധികൃതരുടെ നിര്‍ദേശങ്ങളോട് സഹകരിക്കാൻ ആഹ്വാനവും, മാധ്യമ വിചാരണയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധവുമായി കെ.സി.ബി.സി.

സ്വന്തം ലേഖകൻ

കൊച്ചി: മഴക്കെടുതിയിൽ അതിയായ ദുഃഖം രേഖപ്പെടുത്തിയും, മഴക്കെടുതിയുമായി ബന്ധപ്പെട്ട് അധികൃതരുടെ നിര്‍ദേശങ്ങളോട് സഹകരിക്കാൻ ആഹ്വാനവും നൽകിയ കെ.സി.ബി.സി.യുടെ പത്രക്കുറിപ്പ്, സഭയ്‌ക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന വിചാരണയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധവും ഉയർത്തുന്നുണ്ട്. കെ.സി.ബി.സി. പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് എം. സൂസ പാക്യമാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം :

മഴക്കെടുതിമൂലവും വിവിധ ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതു കൊണ്ടും സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയസാഹചര്യത്തെ അഭിമുഖീകരിക്കുന്നതിന് അധികൃതരുടെ നിര്‍ദേശങ്ങളോടു സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കെ.സി.ബി.സി. ആദരാഞ്ജലികളര്‍പ്പിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുകയും വീടും വസ്തുവകകളും നഷ്ടമായതില്‍ ദുഃഖിക്കുകയും ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ ആശ്വാസത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

കത്തോലിക്കാസഭയുടെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും വിശ്വാസീസമൂഹവും പ്രാദേശിക ഭരണ സംവിധാനങ്ങളോടും മറ്റു സന്നദ്ധസംഘടനകളോടും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും കെ.സി.ബി.സി. നിര്‍ദേശിച്ചു. ഓരോ പ്രദേശത്തെയും സാഹചര്യവും ആവശ്യങ്ങളുമനുസരിച്ച് അടിയന്തര വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാന്‍ സഭയുടെ എല്ലാ സംവിധാനങ്ങളും ശ്രദ്ധവയ്ക്കണം.

കെ.സി.ബി.സി.യുടെ സാമൂഹ്യക്ഷേമവിഭാഗമായ കേരള സോഷ്യല്‍ സര്‍വീസ് ഫോറം അതാതു പ്രദേശങ്ങളിലെ രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും സമര്‍പ്പിത സമൂഹങ്ങളുമായി ചേര്‍ന്ന് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാനും നിര്‍ദേശം നല്കി. സഭയുടെ സാമൂഹ്യക്ഷേമവിഭാഗം ആഴ്ചകളായി കുട്ടനാട്ടിലെ പ്രളയ മേഖലയില്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് അണക്കെട്ടുകളുയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിസ്സാരമായിക്കരുതരുത് എന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നല്കിയിട്ടുള്ള മാര്‍ഗ നിര്‍ദേശം പാലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് ഒന്നാംസ്ഥാനം നല്കിക്കൊണ്ടുള്ള പുനപരിശോധനകള്‍ക്കു മടിക്കരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്‍റെ തീരക്കടലില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അപകടത്തില്‍പ്പെട്ട 9 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നത് ഏറെ വേദനാജനകമാണ്. അപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.

ചെറുകിട കര്‍ഷകര്‍ക്കും കഷ്ടിച്ചു കിടപ്പാടം മാത്രമുള്ള സാധാരണക്കാര്‍ക്കും നേരേ, ധനകാര്യസ്ഥാപനങ്ങള്‍ സര്‍ഫാസി നിയമംപോലെ പ്രതിലോമകരമായ നിയമമാര്‍ഗങ്ങളിലൂടെ നടത്തുന്ന അതിക്രമങ്ങള്‍ അധികൃതരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. സര്‍ഫാസി നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുകയോ നിയമംതന്നെ പിന്‍വലിക്കുകയോ ചെയ്തുകൊണ്ട് രാജ്യത്ത് ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമനിര്‍മാതാക്കളും ജുഡീഷ്യറിയും തയ്യാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ അടിയന്തരശ്രദ്ധ പതിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

കാലമുയര്‍ത്തുന്ന പുതിയ വെല്ലുവിളികളില്‍ മാനുഷികമായ എല്ലാ ബലഹീനതകളുടെ മധ്യത്തിലും ദൈവകൃപയിലാശ്രയിച്ച് മാതൃകാജീവിതം പുലര്‍ത്താന്‍ വൈദികരും സന്ന്യസ്തരും വിശ്വാസികളും ശ്രദ്ധിക്കണം. ജീവിതത്തിന്‍റെ ഏതു സാഹചര്യത്തിലും സ്നേഹത്തില്‍ ആഴപ്പെടാനും മറ്റുള്ളവര്‍ക്കു നന്മചെയ്യാനും വിശുദ്ധിയില്‍ വളരാനും ദൈവത്തിലാശ്രയിച്ച് പരിശ്രമിക്കണം.

വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്ന്യസ്തരും വിശ്വാസീസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ദൈവികമായ പ്രത്യാശയില്‍ ജീവിതം നയിക്കാന്‍ കൂടുതല്‍ ആഴമായ പ്രാര്‍ഥനയും വിശ്വാസതീക്ഷ്ണതയും സഭയിലുണ്ടാകണം. അതിവേഗം മാറുന്ന ലോകത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഴമായ വിശ്വാസവും പ്രാര്‍ഥനയും ആവശ്യമാണ്. സഭാംഗങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും ബലഹീനതകളെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിത്തന്നെയാണ് സഭ എന്നും കാണുന്നത്. വിശുദ്ധി എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് സഭ. സ്വാഭാവികമായി അതില്‍ വിശുദ്ധരും ബലഹീനരുമുണ്ടാകും. തെറ്റുകള്‍ സഭ ഒരിക്കലും മൂടിവയ്ക്കാറില്ല. ഉചിതമായ അന്വേഷണങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികളും ഉണ്ടാകും. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ നിയമാനുസൃതമായ എല്ലാ സംരംഭങ്ങളുമായി സഭ അങ്ങേയറ്റം സഹകരിക്കും.

ഊഹാപോഹങ്ങളുടെയും ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെയും പേരില്‍ സഭയുടെ വിശുദ്ധ സങ്കല്പങ്ങളെ അവഹേളിക്കുകയും മതജീവിതത്തിന്‍റെ പ്രതീകങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്.

സഭയുടെ സല്‍പേരിനെ കളങ്കപ്പെടുത്താനും സഭാവിശ്വാസങ്ങളെയും പുരോഹിതരെയും അധിക്ഷേപിക്കാനും, സമൂഹത്തില്‍ തെറ്റിദ്ധാരണയും സ്പര്‍ദ്ധയും കലഹവും വളര്‍ത്തി നേട്ടങ്ങളുണ്ടാക്കാനും, കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണ പരിപാടികളില്‍ കെ.സി.ബി.സി. അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ഭിന്നത വിതയ്ക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നിയമനടപടി ഉള്‍പ്പെടെ പ്രതിഷേധം ഉയരേണ്ടത് സമൂഹത്തിന്‍റെ സുസ്ഥിതിക്ക് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പ്രാദേശിക തലത്തില്‍ ലീഗല്‍ സെല്ലുകള്‍ രൂപീകരിക്കാനും മാധ്യമ  ദുരുപയോഗത്തിനെതിരേ പ്രാദേശിക ജാഗ്രത സമിതികളുമായി സഹകരിച്ച് നിയമനടപടികളുള്‍പ്പെടെ പ്രതിഷേധ നടപടികള്‍ സ്വീകരിക്കാനും ധാരണയായി.

ആഗസ്റ്റ് 7 മുതല്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നുവരുന്ന കെ.സി.ബി.സി. വാര്‍ഷിക ധ്യാനം 11-ന് രാവിലെ സമാപിച്ചു. സഭയും സമൂഹവുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ കെ.സി.ബി.സി. പ്രത്യേകയോഗം ചര്‍ച്ച ചെയ്തു.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago