പാതിരാവിലൊരു സൂര്യോദയം

വ്യക്തമായ ദിശാബോധം ഉണ്ടെങ്കിൽ, "തിരക്കഥ" തയ്യാറാക്കുമ്പോൾ യോജിച്ച ക്രമീകരണങ്ങൾ, നിയന്ത്രണങ്ങൾ, മാറ്റങ്ങൾ അനിവാര്യമാണ്...

രൂപതയിലെ അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് മുള്ളുവിള തിരുകുടുംബ ദേവാലയം. ആയിരത്തിലേറെ കുടുംബങ്ങൾ. കലാ-കായിക, സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ മികവ് പുലർത്തിയ ഒത്തിരി പേർക്ക് ജന്മം നൽകിയ ഇടവക. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെന്നപോലെ കലാരംഗങ്ങളിലും മക്കളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ. ഇടവകയുടെ വാർഷിക തിരുനാളിന് കൊടുക്കുന്ന പ്രാധാന്യം മതബോധന വാർഷികത്തിനും നൽകി വരാറുണ്ട്. മതബോധന വാർഷികത്തിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾ വിശുദ്ധ ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ളതായിരിക്കും. രൂപതാ ബൈബിൾ കലോത്സവത്തെ മുന്നിൽകണ്ടുകൊണ്ട് എടുത്ത തീരുമാനമാണ്. നാനാ ജാതി-മതസ്ഥർ ഉൾപ്പെട്ട ഒരു “ആർട്സ് ക്ലബ്” ഇടവകയിൽ പ്രവർത്തിക്കുന്നതിനാൽ അവരുടെ പ്രോത്സാഹനവും, സഹായസഹകരണങ്ങളും ഇളംതലമുറയ്ക്ക് ധാരാളം കിട്ടുന്നുണ്ട്.

വാർഷികത്തിന് മതബോധന ക്ലാസിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളുടെ നാടകത്തിന്റെ അനൗൺസ്മെന്റ് കേൾക്കുകയാണ്. “പാതിരാവിലൊരു സൂര്യോദയം” എന്ന നാടകം ഉടനെ ആരംഭിക്കുന്നതാണ്. ഈ ക്ലാസിൽ പഠിക്കുന്ന 21 കുട്ടികളും ഇതിലെ കഥാപാത്രങ്ങളാണ്. യേശുവിന്റെ തിരുപ്പിറവിയാണ് നാടകത്തിലെ ഇതിവൃത്തം. മറ്റൊരു പ്രത്യേകത, ഈ നാടകം സംവിധാനം ചെയ്യുന്നത് ഏഴാംക്ലാസിലെ അധ്യാപികയായ സിസ്റ്റർ ആൻമരിയയാണ്. ഓഡിറ്റോറിയത്തിൽ നിറഞ്ഞ കയ്യടി. നാടകം തുടങ്ങാനുള്ള ബെൽ മുഴങ്ങി. കർട്ടൻ ഉയർത്താതെ തന്നെ അവതരണഗാനം കേട്ടുതുടങ്ങി. സ്റ്റേജിനു മുകളിൽ ചുവന്ന പ്രകാശം… ഗാനം തീരുന്നതോടെ പ്രകാശം മങ്ങി… ഇരുൾ പരന്ന കിഴക്കു ഭാഗത്തുനിന്ന് അതാ അതിശയിപ്പിക്കുന്ന ഒരു “വാൽനക്ഷത്രം” ഒഴുകിവരുന്നു. കയ്യടി തുടരുകയാണ്… മൂന്ന് രംഗങ്ങൾ കഴിഞ്ഞു. വീണ്ടും അനൗൺസ്മെന്റ് – അടുത്ത രണ്ട് രംഗങ്ങളോടെ ഈ നാടകം ഇവിടെ പൂർണ്ണമാവുകയാണ്. ഇതിലെ കഥാപാത്രങ്ങളും, അഭിനയിച്ചവരും… പേരുകൾ പറഞ്ഞു പരിചയപ്പെടുത്തി.

വീണ്ടും പ്രകാശം ഇരുണ്ടു. മങ്ങിയ പ്രകാശത്തിൽ യൗസേപ്പും ഗർഭിണിയായ മറിയവും സത്രത്തിലെത്തി തലചായ്ക്കാൻ ഒരല്പം സ്ഥലം ചോദിക്കുകയാണ്. ഈ സമയത്താണ് സത്രം സൂക്ഷിപ്പുകാരൻ രംഗത്തെത്തുന്നത്. ഹാളിൽ കൈയടിയും ചിരിയും ഉയർന്നു. ചിലർ “കിരൺ ബോസ് കീ ജയ്” എന്ന് വിളിക്കാനും മറന്നില്ല (കിരൺ ബോസിന് “ഓട്ടിസം” എന്ന അസുഖം ചെറുപ്പത്തിൽ ഉണ്ടായിരുന്നു. ചികിത്സിച്ച് 90% ഭേദമായി, എങ്കിലും ശബ്ദത്തിന് 60% സ്ത്രീ സ്വരം. അമിതവണ്ണം, നടത്തത്തിനും ചില പ്രത്യേകതകളുണ്ടായിരുന്നു. ആരോടും ഇടപഴകുന്ന സ്വഭാവം…! പിന്നെ കോപം വന്നാൽ സ്ത്രീശബ്ദം മാറി പുരുഷ ശബ്ദത്തിൽ ഉറക്കെ സംസാരിക്കുന്ന പ്രകൃതം). സത്രത്തിൽ വലിയ തിരക്കാണ്. ഇവിടെ സ്ഥലമില്ല… നിങ്ങൾ മറ്റ് എവിടെയെങ്കിലും പോയി അന്വേഷിക്കൂ. യൗസേപ്പും മേരിയും അല്പം മുന്നോട്ടു നീങ്ങുമ്പോൾ (ഉറച്ച ശബ്ദത്തിൽ) ‘ഈ അവസ്ഥയിൽ നിങ്ങൾ മറ്റെങ്ങും പോകണ്ടാ… നിങ്ങൾക്ക് ഇന്ന് എന്റെ വീട്ടിൽ താമസിക്കാം. എന്റെ അമ്മയും ഗർഭിണിയാണ്’. (ഹാളിൽ കൂക്കുവിളി, അട്ടഹാസം, ചിരി, കൈയ്യടി… കർട്ടൻ വീണു). [അവസാന ഭാഗം പറഞ്ഞ സംഭാഷണം നാടകത്തിൽ ഉള്ളതല്ല. എന്നാൽ കിരൺ ബോസിന്റെ അമ്മ ഗർഭിണിയാണെന്നത് സത്യവുമായിരുന്നു].

വരികൾക്കിടയിലൂടെ വായിക്കുമ്പോൾ കിരൺ ബോസ് ലോകത്തോട് ചില സത്യങ്ങൾ വിളിച്ചു പറയുന്നില്ലേ? ആർദ്രതയും, സ്നേഹവും, കരുണയും, സൗഹൃദവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മിൽ ഒരു വീണ്ടുവിചാരമുണ്ടാക്കാൻ കിരൺ ബോസ് നമ്മെ ഓർമ്മപ്പെടുത്തുകയാണ്. നാമിന്നും ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ കാണാനാണ് ആഗ്രഹിക്കുന്നത്; ആയിരങ്ങൾ മുടക്കി പുൽക്കൂട് നാം അലങ്കരിക്കുന്നു. മാതൃത്വത്തെയും, സ്ത്രീത്വത്തെയും നാം ചവിട്ടിമെതിക്കുന്നു. പെൺകുഞ്ഞുങ്ങളുടെ ജീവൻപോലും പിച്ചിച്ചീന്തുന്ന ദുരവസ്ഥ! ഹൃദയം ഹൃദയത്തെ തൊട്ടറിയുന്ന ആർദ്രതയുള്ള മനസ്സിന്റെ ഉടമയായി മാറാനുള്ള ആഹ്വാനമാണ് കിരൺ ബോസിന്റെ നിഷ്ക്കളങ്കമായ വാക്കുകൾ ലോകത്തോട് പറയുന്നത്…! സ്വന്തം അമ്മ ഗർഭിണിയാണ്, അതിനാൽ ഗർഭിണിയായ മറിയത്തിന് സ്വന്തം വീട്ടിൽ ഇടം കൊടുക്കാനുള്ള മനസ്സ്…!

നമ്മുടെ ജീവിതവും യഥാർത്ഥത്തിൽ ഒരു നാടകമാണ്; ശുഭപര്യവസാനിയോ, ദുഃഖപര്യവസാനിയോ (Tragedy or Comedy) ആയിത്തീരാം. ജീവിതത്തിന് വ്യക്തമായ ദിശാബോധം ഉണ്ടെങ്കിൽ, “തിരക്കഥ” തയ്യാറാക്കുമ്പോൾ യോജിച്ച ക്രമീകരണങ്ങൾ, നിയന്ത്രണങ്ങൾ, മാറ്റങ്ങൾ അനിവാര്യമാണ്. യേശുവിന്റെ പിറവി മഹോത്സവം ആഘോഷിക്കാൻ നാം ആഗമന കാലത്തേക്ക് പ്രവേശിക്കുമ്പോൾ. യേശുവിനെ നമ്മുടെ ഭവനത്തിൽ സ്വീകരിക്കാൻ ഹൃദയപൂർവ്വം ഒരുങ്ങാം… പ്രാർത്ഥിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago