ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
നാല് സുവിശേഷങ്ങളും ചിത്രീകരിക്കുന്ന യേശുവിന്റെ അത്ഭുതമാണ് അപ്പം വർദ്ധിപ്പിക്കൽ. അതുകൊണ്ടുതന്നെ ഇതൊരു പ്രധാനപ്പെട്ട സംഭവമാണെന്ന് അനുമാനിക്കാവുന്നതാണ്. യോഹന്നാൻ സുവിശേഷകനെ സംബന്ധിച്ച് ഇതൊരു അത്ഭുതമല്ല, അടയാളമാണ്. യേശുവിന്റെ ദൈവികതയെ വ്യക്തമാക്കുന്നതിനായുള്ള സാഹിത്യ സങ്കേതം. ഉദ്ദേശം ഒന്നുമാത്രമാണ്; എല്ലാം വിശപ്പിനെയും ശമിപ്പിക്കുന്നവൻ ക്രിസ്തു മാത്രമാണ്. കാരണം അവനാണ് നിത്യജീവൻ.
പെസഹാത്തിരുനാൾ അടുത്തിരിക്കുന്നു. വസന്തകാലമാണത്. ഗുരുനാഥൻ മലമുകളിൽ നിന്ന് തന്നെ അനുഗമിക്കുന്ന ജനത്തെ വീക്ഷിക്കുകയാണ്. വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്ന ഇടമാണ് മല. അയ്യായിരത്തോളം ജനങ്ങൾ പുൽത്തകിടിയിൽ ഇരിക്കുന്നു. വിശന്നു വലഞ്ഞ അവരെ വെറുംകയ്യോടെ വിടാൻ അവൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ആ വിശപ്പിനു മുൻപിൽ ശിഷ്യന്മാർക്കുള്ളത് ഇരുനൂറു ദനാറയുടെ യുക്തിയാണ്. ആ യുക്തിക്ക് മുകളിലാണ് ഒരു കുട്ടി അഞ്ച് ബാർലി അപ്പവുമായി കടന്നുവരുന്നത്. ഉള്ളത് പങ്കുവയ്ക്കാൻ മനസ്സു കാണിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണവൻ. ആരും അവനോട് ആവശ്യപ്പെട്ടില്ല. എന്നിട്ടും ചെറുതെങ്കിലും അവൻ അത് പങ്കുവയ്ക്കുന്നു. അവന് സ്വയം ചോദിക്കാമായിരുന്നു ഈ അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് എന്താകാനെന്ന്. പക്ഷേ അവൻ അങ്ങനെ ചിന്തിക്കുന്നില്ല. അതെ, ചിലനേരങ്ങളിൽ ദൈവത്തിന്റെ മുന്നിലിരുന്ന് ഒത്തിരി ചിന്തിച്ചു കൂട്ടരുത്. കണ്ണുമടച്ച് നൽകി കൊള്ളണം. ഒന്നും നിനക്ക് നഷ്ടമാകില്ല. മറിച്ച് വലിയൊരത്ഭുതത്തിന് നിനക്ക് തിരികൊളുത്താൻ സാധിക്കും.
പങ്കുവയ്ക്കുക എന്നത് അതിജീവനത്തിന്റെ അജ്ഞേയമായ നിയമം മാത്രമല്ല, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തിന് അവസരം കൊടുക്കുന്നതുമാണ്. അപ്പം അഞ്ചെണ്ണമേയുള്ളങ്കിലും പങ്കുവച്ചപ്പോൾ അത് അയ്യായിരം കരങ്ങളിലെത്തുന്നു. പങ്കുവയ്ക്കാതെ പൂഴ്ത്തി വച്ചിരിക്കുന്ന ഒത്തിരി അപ്പങ്ങൾ ഇന്നു മണ്ണിലും മനുഷ്യമനസ്സിലുമുണ്ട്. സ്വരൂപിക്കാൻ അല്ലാതെ പങ്കുവയ്ക്കാൻ ആരും തുനിയുന്നില്ല എന്നതാണ് ഇന്നിന്റെ ദുരിതം. ആർദ്രത എന്ന സുവിശേഷത്തിന്റെ പുളിമാവ് പലരിലുമില്ല എന്നതാണ് ഇതിന് കാരണം. ഈ ആർദ്രത ആശയമായും പ്രചോദനമായും സ്വപ്നമായും പകർന്നു നൽകുകയെന്നതാണ് ക്രൈസ്തവ പ്രഘോഷണത്തിന്റെ പ്രഥമ ധർമ്മം. സമൃദ്ധിയുടെ സുവിശേഷം നമ്മൾ പ്രഘോഷിക്കുമ്പോൾ നഷ്ടമാകുന്നത് പങ്കുവയ്ക്കലിന്റെ ആർദ്രതയാണ്. മറക്കരുത്, ആർദ്രതയുള്ളയിടത്തെ അത്ഭുതങ്ങൾ സംഭവിക്കൂ.
വളരെ ലളിതമാണ് ഇത്തിരി കിട്ടിയതിനെ ഒത്തിരിയാക്കുന്ന ഗുരുനാഥന്റെ പ്രവർത്തനരീതി. ഇത്തിരിയോളമുള്ള ആ കുട്ടിയുടെ അപ്പത്തെ സ്വീകരിക്കാൻ കാണിക്കുന്ന മനസ്സാണ് അത്ഭുതത്തിന്റെ ആദ്യപടി. എന്നിട്ടവൻ അതിനെ പ്രതി ദൈവത്തിന് നന്ദിയർപ്പിക്കുന്നു. പിന്നീടത് ഭാഗിച്ചു കൊടുക്കുന്നു. ആദ്യമുണ്ടാകേണ്ടത് എളിമയോടെ സ്വീകരിക്കാനുള്ള മനസ്സാണ്. മുന്നിലുള്ള വലിയ ആവശ്യത്തിനു മുമ്പിൽ നഷ്ട ധൈര്യനായി നിൽക്കുന്നതിനേക്കാൾ നല്ലത് മുന്നിൽ വരുന്ന ചെറിയ നന്മകളെ സ്വീകരിക്കുവാനുള്ള എളിമയാണ്. എളിമയാണ് അത്ഭുതത്തിന്റെ ആദ്യ പടി. സ്വരൂപിക്കാനായി സ്വീകരിക്കുന്നവന് അത്ഭുതം പ്രവർത്തിക്കാൻ സാധിക്കില്ല. പക്ഷെ പകർന്നു നൽകാൻ സ്വീകരിക്കുന്നവനു അയ്യായിരങ്ങളെ പോറ്റാൻ സാധിക്കും. കാരണം അവൻ ദൈവത്തിന്റെ കരമാകുകയാണ്.
ശരിക്കും പറഞ്ഞാൽ സുവിശേഷം നമ്മോട് പറയുന്നത് അപ്പം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചല്ല, അപ്പം പങ്കുവയ്ക്കുന്നതിനെ കുറിച്ചാണ്. നമുക്കാർക്കും ഭക്ഷണ വിഭവങ്ങൾ ഒടുങ്ങാത്ത അക്ഷയപാത്രമൊന്നുമില്ല, പക്ഷെ ഇത്തിരിയോളമെ ഉള്ളെങ്കിലും അത് പങ്കുവയ്ക്കാനുള്ള മനസ്സ് നമുക്കെല്ലാവർക്കും ദൈവകൃപയാൽ ഉണ്ടെന്ന കാര്യം മറക്കരുത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.